15 January 2026, Thursday

Related news

January 15, 2026
January 14, 2026
January 13, 2026
January 12, 2026
January 11, 2026
January 10, 2026
January 9, 2026
January 8, 2026
January 7, 2026
January 6, 2026

സുപ്രീം കോടതി ഭരണഘടനാ ഉത്തരവാദിത്തം മറക്കുന്നു

Janayugom Webdesk
January 12, 2026 5:00 am

സ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻ വി അഞ്ജരിയാ എന്നിവർ ഉൾപ്പെട്ട സുപ്രീം കോടതി ബെഞ്ച് ജനുവരി അഞ്ചിന് ഉമർ ഖാലിദ്, ഷാർജീൽ ഇമാം തുടങ്ങി ഏഴുപേർ ഉൾപ്പെട്ട യുഎപിഎ കേസിലെ ജാമ്യഹർജിയിൽ പുറപ്പെടുവിച്ച ഉത്തരവ് നിയമ വൃത്തങ്ങളിലും പൊതുസംവാദത്തിലും സജീവമായി തുടരുകയാണ്. 2020 ഫെബ്രുവരിയിൽ, 54 പേരുടെ ജീവൻ അപഹരിക്കുകയും വ്യാപക നാശനഷ്ടങ്ങൾക്ക് ഇടവരുത്തുകയും ചെയ്ത, വടക്കുകിഴക്കൻ ഡൽഹിയിൽ അരങ്ങേറിയ വർഗീയ കലാപവുമായി ബന്ധപ്പെട്ട കുറ്റാരോപിതരുടെ ജാമ്യഹർജിയിലാണ് സുപ്രീം കോടതി തീർപ്പ് കല്പിച്ചത്. പ്രസ്തുത ഉത്തരവിനെ നിയമവൃത്തങ്ങളിൽ ഗണ്യമായ ഒരു വിഭാഗം, ജുഡീഷ്യൽ നിയന്ത്രണം എന്നതിലുപരി, കോടതിയുടെ ഭരണഘടനാപരമായ ഉത്തരവാദിത്ത്വത്തിൽ നിന്നുമുള്ള ഒഴിഞ്ഞുമാറൽ എന്നാണ് വിലയിരുത്തുന്നത്.

ഡൽഹി പൊലീസ് ചുമത്തിയ കേസിൽ ഉൾപ്പെട്ട, വിചാരണ കൂടാതെ അഞ്ചുവർഷത്തിലേറെയായി തടവിൽകഴിഞ്ഞുപോന്ന, ഏഴ് പ്രതികളാണ് അവസാന ആശ്രയമായ പരമോന്നതകോടതിയെ ജാമ്യത്തിനായി സമീപിച്ചിരുന്നത്. ഇവരിൽ ഷിഫാ ഉർ റഹ്‌മാൻ, മുഹമ്മദ് സലിം ഖാൻ, മീരാൻ ഹൈദർ, ഷദാബ് അഹമ്മദ്, ഗുൽഫിഷ ഫാത്തിമ എന്നിവർക്ക് കോടതി കർശനവ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചു. എന്നാൽ അതേ കുറ്റം ചുമത്തപ്പെട്ട ഷാർജിൽ ഇമാം, ഉമർ ഖാലിദ് എന്നിവർക്ക്, ഇരുവരും ആരോപിതമായ ഗൂഢാലോചനയുടെ ‘മുഖ്യ ആസൂത്രകരാ‘ണെന്ന ഡൽഹി പൊലീസിന്റെ വാദം അംഗീകരിച്ച്, ജാമ്യം നിഷേധിച്ചു. മാത്രമല്ല, ഇരുവർക്കും അടുത്ത ഒരുവർഷക്കാലത്തേക്ക് ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാനുള്ള അവസരവും നിഷേധിക്കപ്പെട്ടിരിക്കുകയാണ്.

ഇത് 2021ലെ ഒരു സമാന കേസിൽ സുപ്രീം കോടതി മൂന്നംഗ ബെഞ്ചിന്റെ വിധിക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ‘മതിയായ വിചാരണാ പുരോഗതികൂടാതെ ദീർഘകാലം കുറ്റാരോപിതനെ തടവിൽ സൂക്ഷിക്കുന്നത് ഭരണഘടനാ ഇടപെടൽ ക്ഷണിച്ചുവരുത്തുന്നു’, എന്നതായിരുന്നു ആ വിധിയുടെ വിലയിരുത്തൽ. ഒരു കുറ്റകൃത്യത്തിന് നിഷ്കർഷിക്കുന്ന ശിക്ഷാകാലാവധിയുടെ ഗണ്യമായ ഭാഗവും വിചാരണയുടെ അഭാവത്തിൽ തടവിൽ കഴിയേണ്ടിവരുന്ന കുറ്റവാളിയുടെ കാര്യത്തിൽ, നിയമാനുസൃത ജാമ്യവ്യവസ്ഥയുടെ കാഠിന്യത്തിൽ, മൃദുസമീപനം വേണ്ടിവരുമെന്ന് ഭരണഘടനാ കോടതി വ്യക്തമാക്കിയിരുന്നു. പരമോന്നത കോടതിയുടെ സുവ്യക്തമായ ആ നിലപാടാണ് ഇപ്പോഴത്തെ വിധിയിലൂടെ നിഷേധിക്കപ്പെട്ടിരിക്കുന്നത്.

ഡൽഹി കലാപത്തിനു പിന്നിലെ വിപുലമായ ഗൂഢാലോചനയിൽ ജാമ്യം നിഷേധിക്കപ്പെട്ടവർ ഉൾപ്പെട്ടതായാണ് ഡൽഹി പൊലീസ് ആരോപിക്കുന്നത്. സംരക്ഷിത സാക്ഷികൾ നൽകിയതായി പറയപ്പെടുന്ന തെളിവുകൾ മുദ്രവച്ച കവറുകളിൽ കോടതിയുടെ പക്കലാണ് ഉള്ളത്. അവ പ്രതികളുടെ അഭിഭാഷകർക്ക് പ്രാപ്യമല്ല. ആ തെളിവുകൾ വാട്സ്ആപ്പ് സന്ദേശങ്ങളുടെ രൂപത്തിലുള്ളതും ആധികാരികത ഉറപ്പുവരുത്തേണ്ടവയുമാണ്. ഇത്തരം ഇലക്ട്രോണിക് തെളിവുകൾ കുറ്റാരോപിതരുടെ ഉപകരണങ്ങളിൽ വിന്യസിപ്പിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ മടിക്കില്ലെന്നതിന് തെളിവുകൾ നമുക്കുമുന്നിലുണ്ട്. ഭീമാ കൊറേഗാവ് കേസിൽ കുറ്റാരോപിതരായവരുടെ കമ്പ്യൂട്ടറുകളിൽ ഇത്തരം തെളിവുകൾ പുറത്തുനിന്നും സ്ഥാപിക്കപ്പെട്ടതായി സ്വതന്ത്ര അന്വേഷണത്തിൽ തെളിയിക്കപ്പെട്ടിരുന്നു. ആ കേസിൽ കുറ്റാരോപിതനായ റോണാ വിൽസന്റെ കമ്പ്യൂട്ടറിൽ പ്രധാനമന്ത്രിയെ വധിക്കാൻ ഗൂഢാലോചന നടന്നതായി തെളിവുകൾ ‘മാൽവേർ’ ഉപയോഗിച്ച് സ്ഥാപിച്ചതായി വിദഗ്ധർ കണ്ടെത്തിയിരുന്നു. ഭീമാ കൊറേഗാവിലാകട്ടെ, വടക്കുകിഴക്കൻ ഡൽഹി കലാപകേസിലാവട്ടെ പൊലീസിനോ അന്വേഷണ ഏജൻസികൾക്കോ വർഷങ്ങൾ നീണ്ട അന്വേഷണങ്ങൾക്കുശേഷവും രാജ്യദ്രോഹ പ്രവർത്തനം, തീവ്രവാദം, ഗൂഢാലോചന തുടങ്ങി അവർ ആരോപിക്കുന്ന കുറ്റകൃത്യങ്ങൾ യാതൊന്നും കണ്ടെത്താനോ തെളിയിക്കാനോ ആയിട്ടില്ല.

കുറ്റാരോപിതരുടെ പൗരാവകാശങ്ങളും, അടിസ്ഥാന മനുഷ്യാവകാശങ്ങളും നിഷേധിക്കുകയും അവരെ എക്കാലത്തേക്കും തുറുങ്കിലടച്ച് ഇഞ്ചിഞ്ചായി മരണത്തിലേക്ക് തള്ളിവിടുകയുമെന്നതിനപ്പുറം മറ്റൊന്നും ഭരണകൂടത്തിന്റെയും അവരുടെ പിണിയാളുകളായി പ്രവർത്തിക്കുന്ന പൊലീസിന്റെയും അന്വേഷണ ഏജൻസികളുടെയും ലക്ഷ്യമല്ലെന്ന് വ്യക്തം. ഡൽഹി കലാപത്തിന് ആഹ്വാനം ചെയ്തവരും അതിന് നേതൃത്വം നൽകിയവരും ഭരണകൂട സംരക്ഷണയിൽ യഥേഷ്ടം വിഹരിക്കുമ്പോഴാണ് ഇത്. അതിൽ യുപി മുഖ്യമന്ത്രിയും ലോക്‌സഭാംഗവും ഡൽഹി മന്ത്രിസഭാംഗങ്ങളും ഉൾപ്പെടുന്നുവെന്നത് നമ്മുടെ ജനാധിപത്യത്തിന്റെയും നീതിന്യായവ്യവസ്ഥയുടെയും പരിഹാസ്യാവസ്ഥയാണ് തുറന്നുകാട്ടുന്നത്.

ഉമർ ഖാലിദ്, ഷാർജീൽ ഇമാം എന്നിവർക്ക് ജാമ്യം നിഷേധിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് ഉയർത്തുന്ന ധാർമ്മികവും നിയമപരവുമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഭരണകൂടം വിസമ്മതിക്കുക സ്വാഭാവികം മാത്രം. എന്നാൽ, ഇന്ത്യയുടെ ജനാധിപത്യ പൊതുസമൂഹത്തിന് ഈ കൊടിയ നീതിനിഷേധം കണ്ടില്ലെന്നുനടിച്ച് എത്രദൂരം മുന്നോട്ടുപോകാനാവും? ഇത് ഒരു പ്രത്യേക സമുദായത്തിൽപ്പെട്ട രണ്ട് ചെറുപ്പക്കാരുടെ പ്രശ്നമല്ല. മറിച്ച്, ചോദ്യങ്ങൾ ചോദിക്കാനും വിയോജിപ്പ് രേഖപ്പെടുത്താനും മടിക്കാത്ത, ഭയപ്പെടാത്ത, ഓരോ ഇന്ത്യൻ പൗരനെയും കാത്തിരിക്കുന്ന വെല്ലുവിളിയും ഭീഷണിയുമാണ്. രാജ്യത്തിന്റെ നിലനില്പിനുനേരെ ഭീഷണിയുയർത്തുന്ന ആരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണം. എന്നാൽ, നിയമപ്രക്രിയ അനന്തമായി നീട്ടിക്കൊണ്ടുപോകുകയെന്നത് നീതിയുടെ നിഷേധമാണ്. പൗരാവകാശങ്ങളുടെ ലംഘനമാണ്. അതിന് അറിഞ്ഞോ അറിയാതെയോ നീതിപീഠം തന്നെ കൂട്ടുനിൽക്കുകയോ ഒത്താശചെയ്യുകയോ അത്തരം ഒരു പ്രതീതി ജനമനസുകളിൽ സൃഷ്ടിക്കുകയോ ചെയ്യുന്നത് രാഷ്ട്രത്തിന്റെ കെട്ടുറപ്പിനുനേരെ ഉയരുന്ന വെല്ലിവിളിയാണ്.

Kerala State - Students Savings Scheme

TOP NEWS

January 15, 2026
January 15, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.