
ബിജെപി അധികാരത്തിലെത്തിയതിനുശേഷം വ്യാപകമായതാണ് ഗവർണർമാരുടെ അമിതാധികാര പ്രവണത. സംസ്ഥാനത്ത് ഓഫിസും ഭവനവുമുള്ള കേന്ദ്രസർക്കാരിന്റെ പാവകളായാണ് ഗവർണർമാർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ സമ്മതിദായകർ തെരഞ്ഞെടുക്കുന്ന നിയമസഭകൾ പാസാക്കുന്ന ബില്ലുകൾ അംഗീകരിക്കാതെ അനിശ്ചിതമായി തടഞ്ഞുവയ്ക്കുന്ന പ്രവണത വർധിച്ചതും ഇക്കാലത്തായിരുന്നു. ഇത് നിരവധി നിയമ പോരാട്ടങ്ങൾക്കാണ് വഴിവച്ചത്. അത്തരം നിയമവ്യവഹാരത്തിന്റെ തുടർച്ചയായാണ് തമിഴ്‌നാട്, കേരളം ഉൾപ്പെടെ പ്രതിപക്ഷ ഭരണമുള്ള സംസ്ഥാന സർക്കാരുകൾക്ക് സുപ്രീം കോടതിയെ സമീപിക്കേണ്ടി വന്നത്. ബില്ലുകളുടെ അംഗീകാരത്തിനുവേണ്ടി മാത്രമല്ല, ഫെഡറൽ തത്വങ്ങൾ ലംഘിച്ചുകൊണ്ട് തടഞ്ഞുവച്ച കേന്ദ്രവിഹിതം വാങ്ങിയെടുക്കുന്നതിന് പോലും സംസ്ഥാനങ്ങൾക്ക് കോടതികളെ സമീപിക്കേണ്ടിവരുന്നു. ബില്ലുകൾ അംഗീകരിക്കാത്ത ഗവർണറുടെ നടപടിക്കെതിരെ തമിഴ്‌നാട് സമർപ്പിച്ച ഹർജിയിൽ വിധി പറഞ്ഞുകൊണ്ട് വളരെ സുപ്രധാനവും ഭരണഘടനാമൂല്യങ്ങളും ജനാധിപത്യ തത്വങ്ങളും ഉയർത്തിപ്പിടിച്ച വിധിയാണ് കഴിഞ്ഞ ഏപ്രിൽ എട്ടിന് സുപ്രീം കോടതിയിൽ നിന്നുണ്ടായത്. നിയമസഭകൾ പാസാക്കുന്ന ബില്ലുകൾ വർഷങ്ങളോളം തടഞ്ഞുവച്ച് തീരുമാനമെടുക്കാതെയും തിരിച്ചയച്ചും രാഷ്ട്രപതിക്കയച്ചും വൈകിപ്പിക്കുന്ന ഗവണർമാരുടെ നടപടിക്കെതിരായിരുന്നു പ്രസ്തുത വിധി. തമിഴ്‌നാട് പാസാക്കി ഗവർണർക്ക് നൽകുകയും അദ്ദേഹം രാഷ്ട്രപതിക്കയയ്ക്കുകയും ചെയ്ത നടപടി റദ്ദാക്കിയ സുപ്രീം കോടതിയിലെ രണ്ടംഗ ബെഞ്ച് 10 ബില്ലുകൾ അംഗീകരിച്ചുള്ള അസാധാരണ തീരുമാനവും കൈക്കൊണ്ടിരുന്നു. നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർക്കും രാഷ്ട്രപതിക്കും മൂന്നുമാസത്തെ സമയപരിധിയും നിശ്ചയിച്ചിരുന്നു.
ഇതിനെതിരെ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ മുൻനിർത്തിയുള്ള നിയമവ്യവഹാരത്തിനാണ് കേന്ദ്രസർക്കാർ സന്നദ്ധമായത്. വിധിയിൽ ഉയർത്തിയിരിക്കുന്ന വിഷയങ്ങളില്‍ വിശദീകരണം തേടി രാഷ്ട്രപതി സുപ്രീം കോടതിക്ക് റഫറൻസ് നൽകുകയായിരുന്നു. 14 കാര്യങ്ങൾക്കുള്ള വിശദീകരണമാണ് തേടിയത്. അതിനുള്ള മറുപടി നൽകുന്നതിനായി ബന്ധപ്പെട്ട കക്ഷികളിൽ നിന്ന് വിശദമായ വാദം കേട്ട പരമോന്നത കോടതി കഴിഞ്ഞ ദിവസം അതുസംബന്ധിച്ച വിശദീകരണം നൽകിയിരിക്കുകയാണ്. ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് നിലപാട് വ്യക്തമാക്കിയത്. ഏപ്രിൽ ഒമ്പതിലെ വിധി പ്രസ്താവവുമായി താരതമ്യം ചെയ്യുമ്പോൾ ആശങ്കാജനകമെങ്കിലും ഗവർണർമാർ അനന്തമായി ബില്ലുകൾ തടഞ്ഞുവയ്ക്കുന്നതുസംബന്ധിച്ച നിർദേശങ്ങൾ ആശ്വാസകരമാണ്. ബില്ലുകളിൽ സമയപരിധി നിശ്ചയിക്കാനാകില്ലെന്നാണ് വിധിയിലുള്ളതെങ്കിലും ഗവർണർമാർക്ക് അനിശ്ചിതമായി തടഞ്ഞുവയ്ക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബിൽ അംഗീകരിക്കുക, നിയമസഭയ്ക്ക് തിരിച്ചയയ്ക്കുക, അല്ലെങ്കിൽ രാഷ്ട്രപതിക്ക് അയയ്ക്കുക എന്നിവയാണ് ഗവർണർ ചെയ്യേണ്ടത്. അനിശ്ചിതമായി തടഞ്ഞുവച്ചാൽ കോടതിക്ക് ഇടപെടാമെന്നും പറഞ്ഞിട്ടുണ്ട്. മതിയായ സമയം എത്രയാണെന്ന് നിശ്ചയിച്ചിട്ടില്ലെന്നതിനാൽ ഇക്കാര്യത്തിൽ അവ്യക്തതയുണ്ട്. നീതിന്യായ വ്യവസ്ഥയെ മാനിക്കുന്നതിന് ഗവർണർ തയ്യാറാകുകയാണെങ്കിൽ ഈ പ്രശ്നം അവിടെ അവസാനിക്കേണ്ടതാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ കേന്ദ്രസർക്കാരിന്റെ പാവകളായ ഗവർണർമാരിൽ നിന്ന് അത് പ്രതീക്ഷിക്കാനാകില്ല. എന്നുമാത്രമല്ല, നിയമസഭ പാസാക്കി അയയ്ക്കുന്ന ബില്ലുകൾ അംഗീകരിക്കുന്നതിന് ഗവർണറുടെ ഉത്തരവാദിത്തമെന്ന നിലയിൽ നിർദേശിക്കപ്പെട്ട മൂന്ന് കാര്യങ്ങളിൽ അവസാനത്തേതായ രാഷ്ട്രപതിക്ക് അയയ്ക്കുക എന്ന പ്രവണത വർധിക്കുവാനും ഇടയുണ്ട്. ഇവിടെയും തീർപ്പ് കല്പിക്കുന്നതിന് സമയം നിശ്ചയിക്കാനാകില്ലെന്ന തീരുമാനം ബില്ലുകളുടെ അംഗീകാരം വൈകിപ്പിക്കുന്നതിനും ജനപ്രതിനിധിസഭകളുടെ അധികാരം തടയപ്പെടുന്നതിനും ഇടയാക്കും. ഇതെല്ലാംകൊണ്ട് ഗവർണർമാർക്കെതിരായ നിയമപോരാട്ടം തുടരേണ്ടിവരുമെന്ന സൂചനയാണ് രാഷ്ട്രപതിയുടെ റഫറൻസിനുള്ള സുപ്രീം കോടതിയുടെ മറുപടി നൽകുന്നത്.
ജനങ്ങൾ വോട്ടുചെയ്ത് തെരഞ്ഞെടുക്കുന്ന നിയമനിർമ്മാണ സഭകൾക്കാണോ അതല്ല കേന്ദ്രസർക്കാരിന്റെ ഇംഗിതപ്രകാരം നിർദേശിക്കപ്പെട്ട്, രാഷ്ട്രപതി നിയമിക്കുന്ന ഗവർണർ പദവിക്കാണോ ബില്ലുകൾ അംഗീകരിക്കുന്നതിനുള്ള പരമാധികാരമെന്ന ചോദ്യം പിന്നെയും അവശേഷിക്കുകയാണ്. അതാത് കാലത്ത് കേന്ദ്രഭരണം നടത്തുന്നവരുടെ ഉപകരണമായും തങ്ങളുടെ രാഷ്ട്രീയ ബോധ്യങ്ങളോടെയും പ്രവർത്തിക്കുന്ന ഗവർണർമാരുടെ അമിതാധികാര പ്രവണത തടയുന്നതായിരുന്നു ഏപ്രിൽ മാസത്തെ രണ്ടംഗ ബെഞ്ചിന്റെ വിധി. അത് കേന്ദ്രസർക്കാരിന്റെ നടപടികൾക്കേറ്റ തിരിച്ചടിയായിരുന്നു. അതുകൊണ്ടുതന്നെയാണ് രാഷ്ട്രപതിയെ മുൻനിർത്തി കേന്ദ്രസർക്കാർ റഫറൻസിനായി സുപ്രീം കോടതിയെ സമീപിച്ചത്. നിയമവ്യവഹാരങ്ങൾക്കുള്ള വാതിൽ അടച്ചിട്ടില്ലെങ്കിലും പ്രശ്നത്തിന് അന്തിമ തീർപ്പ് കല്പിക്കപ്പെട്ടില്ലെന്നത് ആശങ്കാജനകമാണ്. പ്രത്യേകിച്ച് ബിജെപി — ആർഎസ്എസ് നേതൃത്വത്തിലുള്ള സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലിരിക്കുമ്പോൾ. ഗവർണർമാർ ബില്ലുകൾക്കുമേൽ അനന്തമായി അടയിരിക്കരുതെന്ന് പറഞ്ഞിട്ടുണ്ടെന്നത് ആശ്വാസകരമാണെങ്കിലും ആദ്യവിധിയെ പൂർണമായും നിരാകരിച്ചുകൊണ്ട് അവ്യക്തവും അതേസമയം ആശയക്കുഴപ്പത്തിനിടയാക്കുന്നതുമായ നിലപാടുകളാണ് അഞ്ചംഗ ബെഞ്ച് പ്രഖ്യാപിച്ചിട്ടുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.