1 April 2025, Tuesday
KSFE Galaxy Chits Banner 2

സംസ്ഥാനങ്ങളെ സമ്മർദത്തിലാക്കുന്ന നികുതിവിഹിത വിഭജന നിർദേശം

Janayugom Webdesk
March 1, 2025 5:00 am

കേന്ദ്ര നികുതിവരുമാനത്തിൽനിന്നും സംസ്ഥാനങ്ങൾക്കുള്ള വിഹിതം ഒരു ശതമാനം വെട്ടിക്കുറയ്ക്കാനുള്ള 16-ാമത് ഫൈനാൻസ് കമ്മിഷന്റെ ശുപാർശ ഇപ്പോൾത്തന്നെ വഷളായ കേന്ദ്ര സംസ്ഥാന ബന്ധങ്ങളെ കൂടുതൽ സമ്മർദത്തിലാക്കും. സംഘ്പരിവാർ പക്ഷപാതിയെന്ന് പരക്കെ അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധൻ, അരവിന്ദ് പനഗരിയ അധ്യക്ഷനായുള്ള കമ്മിഷൻ കേന്ദ്ര നികുതിവരുമാനത്തിൽ നിന്നുള്ള സംസ്ഥാനങ്ങളുടെ വിഹിതം ഇപ്പോഴത്തെ 41 ശതമാനത്തിൽനിന്നും 40 ആയി കുറയ്ക്കണമെന്ന നിര്‍ദേശത്തോടെ ഒക്ടോബർ അവസാനം യൂണിയൻ കാബിനറ്റിന്റെ പരിഗണനയ്ക്കായി സമർപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കാബിനറ്റ് നിർദേശം അംഗീകരിച്ചാൽ, അടുത്ത സാമ്പത്തിക വർഷം മുതൽ സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര നികുതിവിഹിതത്തിൽ ഒരുശതമാനം, അതായത് 35,000 കോടി രൂപയുടെ കുറവ് വരുമെന്നാണ് കണക്കാക്കുന്നത്. ഇത് സംസ്ഥാനങ്ങളെ കൂടുതൽ സാമ്പത്തിക ഞെരുക്കത്തിലേക്ക് തള്ളിവിടും. സാമ്പത്തിക മാന്ദ്യത്തെത്തുടർന്ന് കേന്ദ്ര സർക്കാരിന്റെ ചെലവിനങ്ങളിലുണ്ടായ വർധനവിന്റെ പേരിലാണ് സംസ്ഥാന വിഹിതത്തിൽ കുറവുവരുത്താനുള്ള തീരുമാനമെന്നാണ് വ്യാഖ്യാനിക്കപ്പെടുന്നത്. 1980ൽ 20 ശതമാനമായിരുന്ന സംസ്ഥാന വിഹിതമാണ് ക്രമാനുഗതമായി ഉയർത്തി ഇപ്പോൾ 41ൽ എത്തിനിൽക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ ചെലവിനങ്ങളുടെ 60 ശതമാനത്തിലേറെയും ചെലവിടുന്നത് സംസ്ഥാനങ്ങളാണ്. ചരക്ക് സേവന നികുതി (ജിഎസ്‌ടി) സമ്പ്രദായം നിലവിൽ വന്നതോടെ സംസ്ഥാനങ്ങൾക്ക് വരുമാനം ഉയർത്താനുള്ള സാധ്യതകൾ നിഷേധിക്കപ്പെട്ടിരുന്നു. ജിഎസ്‌ടിക്ക് പുറമെ കേന്ദ്രം സമാഹരിക്കുന്ന സെസുകൾ, സർചാർജുകൾ എ­ന്നിവ വഴി സമാഹരിക്കുന്ന തുക സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കേണ്ടതില്ല. അതാകട്ടെ മൊത്ത കേ­ന്ദ്ര നികുതിവരുമാനത്തിന്റെ 15 ശതമാനത്തിൽ ഏറെയാണ്. ജിഎസ്‌ടി നിലവിൽ വരുംമുമ്പ് ഈ ഇനത്തിൽ കേന്ദ്രത്തിന്റെ റവന്യു ഒ‌മ്പത് മുതൽ 12 ശതമാനം വരെ മാത്രമായിരുന്നു. ഇത്തരത്തി­ൽ വരുമാനത്തിലുണ്ടാകുന്ന കുറവ് സംസ്ഥാനങ്ങളുടെ ക്ഷേമപദ്ധതികളെയാണ് പ്രതികൂലമായി ബാധിക്കുക. ഇതിന് പുറമെയാണ് സംസ്ഥാനങ്ങളുടെ വായ്പാപരിധിയിൽ കേന്ദ്രം ഏർപ്പെടുത്തിയിട്ടുള്ള കർക്കശ നിയന്ത്രണങ്ങൾ. 

തെരഞ്ഞെടുപ്പ് വിജയം ലക്ഷ്യമാക്കി രാഷ്ട്രീയപാർട്ടികൾ പ്രഖ്യാപിക്കുന്ന സൗജന്യങ്ങൾക്ക് കടിഞ്ഞാണിടുന്നതിന്റെ പേരിലാണ് സംസ്ഥാനങ്ങളുടെ നികുതിവിഹിതം കുറയ്ക്കുന്നതെന്ന ആഖ്യാനമാണ് കേന്ദ്രം മുന്നോട്ടുവയ്ക്കാൻ ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ ബിജെപി മറ്റെല്ലാ രാഷ്ട്രീയപാർട്ടികളുമായി മത്സരത്തിലാണ് ഏർപ്പെട്ടിരിക്കുന്നതെന്ന വസ്തുത നിലനിൽക്കെയാണ് പ്രതിപക്ഷ പാർട്ടികളുടെമേൽ മേല്‍ക്കൈ നേടാനുള്ള കേന്ദ്രത്തിന്റെ നീക്കം. അധികാരം നിലനിർത്തുന്നതിനും തെരഞ്ഞെടുപ്പിൽ തങ്ങളുടെ വിജയം ഉറപ്പാക്കുന്നതിനും ബജറ്റിലുൾപ്പെടുത്തിയും അതിനുപുറത്തുമായി തങ്ങളുടെ നിക്ഷിപ്ത രാഷ്ട്രീയതാല്പര്യങ്ങൾക്ക് അനുസൃതമായി പദ്ധതികൾക്കും അല്ലാതെയും ആയിരക്കണക്കിന് കോടി രൂപയുടെ സൗജന്യങ്ങൾ യഥേഷ്ടം പ്രഖ്യാപിക്കുന്ന മോഡി ഭരണകൂടം പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാന സർക്കാരുകളെ ലക്ഷ്യംവച്ചാണ് സംസ്ഥാനങ്ങളുടെ വിഹിതത്തിൽ കൈവയ്ക്കാന്‍ ശ്രമിക്കുന്നത്. നിലവിലുള്ള 41 ശതമാനത്തിൽ നിന്നും സംസ്ഥാനങ്ങളുടെ നികുതിവിഹിതം 50 ശതമാനമായി ഉയർത്തണമെന്ന ആവശ്യം കേരളമടക്കം ഫൈനാൻസ് കമ്മിഷൻ മുമ്പാകെ ഉന്നയിച്ചിരുന്നു. അക്കൂട്ടത്തിൽ പ്രധാനമന്ത്രി മോഡിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെ ബിജെപി സർക്കാരും ഉൾപ്പെടുന്നുണ്ട്. ക്ഷേമ പ്രവർത്തനങ്ങൾക്കായി സംസ്ഥാനങ്ങൾ നീക്കിവയ്ക്കുന്ന തുകയിൽ ദീർഘദൃഷ്ടിയും ജാഗ്രതയും വേണമെന്നാണ് വാദമെങ്കിൽ കേന്ദ്ര ഗ്രാന്റുകളിൽ ന്യായമായ നിബന്ധനകളും നിയന്ത്രണങ്ങളും നിഷ്കർഷിക്കാവുന്നതേയുള്ളൂ. 

സൗജന്യങ്ങൾ എന്നാരോപിച്ച് ക്ഷേമപദ്ധതികളെ തടസപ്പെടുത്താനുള്ള മോഡി സർക്കാരിന്റെ നീക്കം അധാർമ്മികവും ഭരണഘടനാ വിരുദ്ധവുമാണ്. 2021–22 സാമ്പത്തിക വർഷത്തിൽ 11,800 ലക്ഷം കോടി രൂപയായിരുന്ന സംസ്ഥാനങ്ങളുടെ റവന്യു കമ്മി 2025–26ലെ ബജറ്റ് നിർദേശപ്രകാരം 1,37,000 കോടിയായി ചുരുങ്ങുമെന്നാണ് കണക്കാക്കുന്നത്. വസ്തുത ഇതായിരിക്കെ സംസ്ഥാനങ്ങൾക്ക് ലഭ്യമാകേണ്ട നികുതിവിഹിതം വെട്ടിക്കുറയ്ക്കുന്നത് സാമ്പത്തിക ഫെഡറലിസമെന്ന ലക്ഷ്യത്തിന്റെ കടയ്ക്കൽ കോടാലി വയ്ക്കാനുള്ള മോഡി സർക്കാരിന്റെ കുത്സിത ശ്രമങ്ങളുടെ ഭാഗമാണ്.
സാമ്പത്തികവും രാഷ്ട്രീയവുമായ എല്ലാ അധികാരങ്ങളും യൂണിയൻ ഗവൺമെന്റിൽ കേന്ദ്രീകരിക്കുകവഴി ഇന്ത്യയുടെ ഏകഛത്രാധിപധിയായി സ്വയം അവരോധിക്കാനുള്ള ശ്രമമാണ് ബിജെപി-സംഘ്പരിവാർ‑കോർപറേറ്റ് കൂട്ടുകെട്ടുവഴി മോഡി പയറ്റുന്നത്. അത് ഭരണഘടന രാജ്യത്തിനും ജനങ്ങൾക്കും ഉറപ്പുനൽകുന്ന ഫെഡറൽ ജനാധിപത്യ മൂല്യങ്ങൾക്ക് വിരുദ്ധവും ആത്യന്തികമായി ഫാസിസ്റ്റ് സ്വേച്ഛാധിപത്യത്തിലേക്കുള്ള വഴിതുറക്കലുമാണ്. രാജ്യത്ത് ജനാധിപത്യവും സാമ്പത്തിക ഫെഡറലിസവും സന്തുലിത വികസനവും ബഹുസ്വരതയും ഉറപ്പുവരുത്താൻ മോഡി സർക്കാർ ഉയർത്തുന്ന വെല്ലുവിളികൾക്കെതിരെ സംസ്ഥാനങ്ങളുടെയും ജനതകളുടെയും വിശാലവും ഏകോപിതവുമായ ചെറുത്തുനില്പ് അനിവാര്യമായിരിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.