15 December 2025, Monday

ആഗോള അയ്യപ്പ സംഗമം അട്ടിമറിശ്രമം ദുരുപദിഷ്ടം, അപലപനീയം

Janayugom Webdesk
September 3, 2025 5:00 am

സെപ്റ്റംബർ 20ന് പമ്പയിൽ നടക്കുന്ന നിർദിഷ്ട ആഗോള അയ്യപ്പ സംഗമം കേരള രാഷ്ട്രീയത്തിലെ പുതിയ വിവാദ വിഷയമായി മാറിയിരിക്കുകയാണ്. തിരുവിതാംകൂർ ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന സംഗമത്തെ വിശ്വാസികളും അവിശ്വാസികളുമായി ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള തന്ത്രവും അവസരവുമാക്കി മാറ്റാനുള്ള കൊണ്ടുപിടിച്ചുള്ള ശ്രമങ്ങളാണ് വിവിധ കേന്ദ്രങ്ങളിൽ നടന്നുവരുന്നത്. പ്രതിവർഷം കോടാനുകോടി ഭക്തജനങ്ങൾ സന്ദർശിക്കുന്ന തീർത്ഥാടന കേന്ദ്രമാണ് ശബരിമല അയ്യപ്പക്ഷേത്രം. വർഷംതോറും അവിടേക്കെത്തുന്ന തീർത്ഥാടകരുടെ എണ്ണം വൻതോതിൽ വർധിച്ചുവരികയാണ്. അവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യം പമ്പയിലും സന്നിധാനത്തിലും മാത്രമല്ല സംസ്ഥാനത്തുടനീളം ഗണ്യമായി വർധിപ്പിക്കേണ്ടതുണ്ട്. ശബരിമല തീർത്ഥാടകർ കേരളത്തിൽ നിന്നുള്ളവർ മാത്രമല്ല. തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, ഗോവ, മഹാരാഷ്ട്ര തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നും പതിനായിരക്കണക്കിന് തീർത്ഥാടകരാണ് മണ്ഡല പൂജക്കാലത്തും മറ്റ് പ്രതിമാസ ദർശനവേളകളിലും അവിടേക്ക് ഒഴുകിയെത്തുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നും സിംഗപ്പൂർ, മലേഷ്യ തുടങ്ങി ദക്ഷിണേന്ത്യൻ വംശജർ ഏറെയുള്ള വിദേശ രാജ്യങ്ങളിൽനിന്നും ധാരാളം ഭക്തർ ശബരിമല തീർത്ഥാടനത്തിനായി എത്തുന്നതും പതിവായിരിക്കുന്നു. ഈ തീർത്ഥാടകർക്ക് സൗകര്യപൂർവം യാത്രചെയ്യുന്നതിനും ദർശനവും വഴിപാടുകളും നടത്തുന്നതിനും ആവശ്യമായ അടിസ്ഥാനസൗകര്യ വികസനം ദേവസ്വത്തിന്റെയും സംസ്ഥാന സർക്കാരിന്റെയും ഉത്തരവാദിത്തമാണ്. അക്കാര്യങ്ങളിൽ ദേവസ്വവും സർക്കാരും ഇതിനകം കൈക്കൊണ്ടിട്ടുള്ള നടപടികളും ഭാവി പദ്ധതികളും അറിയിക്കുന്നതിനും തീർത്ഥാടകരുടെയും ശബരിമല വികസനത്തിൽ താല്പര്യമുള്ളവരുടെയും അഭിപ്രായം ആരായുകയെന്നതും സംഗമത്തിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ശബരിമല വിമാനത്താവളം, റെയിൽവേ, അനുബന്ധ പ്രദേശങ്ങളുടെ വികസനം എന്നിവയും സംഗമത്തിന്റെ പരിഗണനാ വിഷയങ്ങളാവും. ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങളോ വിശ്വാസങ്ങളോ ഈ സംഗമത്തിന്റെ പരിഗണനാ വിഷയമേ അല്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡും കേരള സർക്കാരും അസന്നിഗ്ധമായി പ്രഖ്യാപിച്ചിട്ടുമുണ്ട്. വസ്തുത ഇതായിരിക്കെ ആഗോള അയ്യപ്പ സംഗമത്തെ വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള സംഘർഷമാക്കി മാറ്റാൻ നടത്തുന്ന ശ്രമങ്ങൾ ദുരുപദിഷ്ടവും അപലപനീയവുമാണ്. 

പ്രതിവർഷം കോടിക്കണക്കിന് ഭക്തജനങ്ങൾ ഒഴുകിയെത്തുന്ന ശബരിമല തീർത്ഥാടനം കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിൽ പ്രധാനപ്പെട്ട വെല്ലുവിളികളിൽ ഒന്നാണ്. ശബരിമല തീർത്ഥാടനം കേരളത്തിന്റെ സമ്പദ്ഘടനയിലേക്ക് നൽകുന്ന സംഭാവന ഉത്തരവാദിത്തമുള്ള ഒരു സർക്കാരിനും, അതിന്റെ തലപ്പത്ത് വിശ്വാസികളോ അവിശ്വാസികളോ ആരുമായിക്കൊള്ളട്ടെ, അവഗണിക്കാവുന്ന വിഷയവുമല്ല. കാര്യക്ഷമമായ യാത്രാ സൗകര്യങ്ങൾ ഉൾപ്പെടെ ആവശ്യമായ സംവിധാനങ്ങളും മതിയായ ആസൂത്രണവും കൂടാതെ വലിയ ജനസഞ്ചയങ്ങൾ ഒഴുകിയെത്തുന്ന തീർത്ഥാടന കേന്ദ്രങ്ങളിൽ ഉണ്ടാവുന്ന വൻ ദുരന്തങ്ങൾക്ക് ശബരിമലയും ‘മഹാകുംഭ’വുമടക്കം നിരവധി സാക്ഷ്യങ്ങൾ നമുക്ക് മുന്നിലുണ്ട്. അത്തരം സംഭവങ്ങളുടെ ആവർത്തനം അരുതെന്ന് ശഠിക്കുക ഏതൊരു സർക്കാരിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്തമാണ്. ഇവിടെയാണ് ആഗോള ശ്രദ്ധയാകർഷിക്കുന്ന തീർത്ഥാടനകേന്ദ്രം എന്നനിലയിൽ നിർദിഷ്ട ശബരി റെയിലും വിമാനത്താവളവും അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളായി മാറുന്നത്. ഇക്കാര്യത്തിൽ ‘വിശ്വാസികളാൽ നയിക്കപ്പെടുന്ന’ കേന്ദ്രസർക്കാർ കേരളത്തോട് കടുത്ത അവഗണനയാണ് തുടരുന്നത്. ശബരിമല തീർത്ഥാടനം കേരളത്തിന്റെ മാത്രം വിഷയമല്ല. അതുകൊണ്ടുതന്നെ കേരളീയർ കഴിഞ്ഞാൽ ഏറ്റവുമധികം തീർത്ഥാടകരെ ശബരിമലയിലേക്കെത്തിക്കുന്ന തമിഴ്‌നാട്ടിലെ സർക്കാരിന്റെയും ഇതര അയൽസംസ്ഥാനങ്ങളുടെയും ഏറ്റവും ഉയർന്നതലത്തിലുള്ള പ്രാധിനിധ്യം സംഗമത്തിൽ ഉണ്ടാവണമെന്ന് ആതിഥേയർ ആഗ്രഹിക്കുക സ്വാഭാവികം മാത്രം. അതിൽ വിശ്വാസ, അവിശ്വാസ സംഘർഷം കണ്ടെത്താൻ ശ്രമിക്കുന്നവരാണ് വിലകുറഞ്ഞ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നത്. തീർത്ഥാടകർക്ക് ആവശ്യമായ അടിസ്ഥാനസൗകര്യ വികസനത്തെപ്പറ്റി ചിന്തിക്കുന്നതിന് പകരം അതിൽ വിഭജനരാഷ്ട്രീയം കണ്ടെത്താൻ ശ്രമിക്കുന്നവരുടെ മനോഭാവം ‘മകൻ മരിച്ചാലും മരുമകളുടെ കണ്ണീർ’ കാണാൻ ആഗ്രഹിക്കുന്ന അമ്മായിയമ്മയുടേതാണ്. അത്തരക്കാർ യഥാർത്ഥത്തിൽ വിശ്വാസികളായ തീർത്ഥാടകരുടെ ദുരിതവും അതുവഴി ഭരണവിരുദ്ധ വികാരവും സൃഷ്ടിക്കാമെന്ന് വ്യാമോഹിക്കുന്നവരാണ്. അവർ ശബരിമലയുടെയും കേരളത്തിന്റെയും വികാസത്തേയും സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയെയുമാണ് തടസപ്പെടുത്താൻ ശ്രമിക്കുന്നത്. 

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നിസംശയം ഒരു മതനിരപേക്ഷ സർക്കാരാണ്. അത് കേരളത്തിലെ മുഴുവൻ മതവിശ്വാസികളുടെയും ഒരുമതത്തിലും വിശ്വസിക്കാത്തവരുടെയും സർക്കാരാണ്. ഭേദവ്യത്യാസങ്ങൾ കൂടാതെ അവരുടെയെല്ലാം ന്യായമായ ഉത്തമതാല്പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കാൻ എൽഡിഎഫ് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അത് ആരാധനാലയങ്ങൾ തകർക്കുകയും തൽസ്ഥാനത്ത് മറ്റൊന്ന് പടുത്തുയർത്തി ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ വോട്ടുബാങ്കുകൾ സൃഷ്ടിക്കുന്ന പ്രതിലോമ രാഷ്ട്രീയത്തിന് എതിരാണ്. വർഗീയവും ജാതീയവുമായ കലാപങ്ങളും ആൾക്കൂട്ട കൊലപാതകങ്ങളും വിദ്വേഷരാഷ്ട്രീയവും കേരളത്തിന്റെ അതിർത്തി കടന്നെത്താൻ അത് ഒരു കാരണവശാലും അനുവദിക്കില്ല. എൽഡിഎഫ് സർക്കാരിന്റെ ലക്ഷ്യം, വിശ്വാസികൾക്കും അവിശ്വാസികൾക്കും ഒരുപോലെ അവരുടെ എല്ലാ പൗരാവകാശങ്ങളും സംരക്ഷിക്കപ്പെടുന്ന, വികസിത കേരളമാണ്. അതുതന്നെയാണ് ആഗോള അയ്യപ്പ സംഗമത്തിലൂടെ കേരളം ലക്ഷ്യംവയ്ക്കുന്നതും. ശബരിമലയെ ആഗോള പ്രാധാന്യമുള്ള ഒരു തീർത്ഥാടന കേന്ദ്രമാക്കി മാറ്റുകയെന്നതാണ് സംഗമത്തിന്റെ ലക്ഷ്യം. അതിനെ വിവാദകലുഷിതവും സംഘർഷഭരിതവുമാക്കി മാറ്റാൻ ശ്രമിക്കുന്നവർ ആ ലക്ഷ്യത്തെത്തന്നെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. 

Kerala State - Students Savings Scheme

TOP NEWS

December 15, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.