5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

November 1, 2024
October 30, 2024
October 29, 2024
October 28, 2024
October 27, 2024
October 23, 2024
October 21, 2024
October 19, 2024
October 18, 2024
October 14, 2024

സമ്പദ്ഘടനയുടെ വീഴ്ചയും പട്ടിണിയുടെ വാഴ്ചയും

Janayugom Webdesk
April 7, 2024 5:00 am

പട്ടിണിയാണ് രാജ്യത്തിന്റെ വർത്തമാനം. മുഖ്യ ഇരകളോ ബാലകരും. നിലനിൽപ്പിനായി അവർ സ്വയം ആശ്രയിക്കുകയും ബാല്യത്തിന്റെ ശേഷിയിൽ അതിജീവനത്തിനായി പരിശ്രമിക്കുകയും ചെയ്യുന്നു. ദീനമായ ജീവിതസാഹചര്യങ്ങൾക്ക് ആരാണ് ഉത്തരവാദി? നാഗരികതയ്ക്ക് പട്ടിണി അപമാനമാണ്. അസാധാരണമായ വിലക്കയറ്റവും തൊഴിലില്ലായ്മയും ജീവിതം ദുരിതപൂർണമാക്കിയിരിക്കുന്നു. തൊഴിലില്ലാത്ത യുവാക്കൾക്കിടയിൽ വർധിക്കുന്ന ആത്മഹത്യകളുടെ നിരക്ക് പേടിപ്പെടുത്തുന്നതാണ്. തൊഴിലില്ലായ്മ നിരക്ക് ആകാശത്തിന്റെ മേൽക്കൂരയെ സ്പർശിക്കുന്നു. പണപ്പെരുപ്പം ഓരോ ചുവട്ടടിയിലും പ്രകടം. മഹാമാന്ദ്യത്തിന്റെ നാളുകൾക്ക് ശേഷം ഇപ്പോൾ തൊഴിലില്ലായ്മ കടുത്ത യാഥാർത്ഥ്യമായി മുഖാമുഖം നിൽക്കുകയാണ്.
വിചിത്രമെന്ന് വിവരിക്കേണ്ടി വരുന്ന പലതും സംഭവിക്കുന്നു. 2023–2024ലെ ആദ്യ മൂന്ന് മാസങ്ങളിൽ രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയിൽ ശക്തമായ 8.4 ശതമാനം ജിഡിപി വളർച്ച വിലയിരുത്തി. കടുത്ത ശുഭാപ്തിവിശ്വാസികളെപ്പോലും അമ്പരിപ്പിക്കുന്നതായിരുന്നു ഈ അവലോകനം. തുടർന്ന് ഒട്ടേറെ ചോദ്യങ്ങൾ ഉയർന്നു. ലോക്‌നീതി സിഎസ്ഡിഎസ് യുവാക്കൾക്ക് ഇടയിൽ നടത്തിയ സർവേയിൽ ചില യാഥാർത്ഥ്യങ്ങൾ വെളിപ്പെട്ടു. സർവേയിൽ പങ്കാളികളായ ഏതാണ്ട് 80 ശതമാനം യുവജനതയും രാജ്യത്ത് തൊഴിലിനുള്ള സാധ്യത അസാധ്യമോ, നേരിയതോ, ബുദ്ധിമുട്ടേറിയതോ ആണ് എന്നായിരുന്നു രേഖപ്പെടുത്തിയത്. വളർച്ചയുടെ കണക്കുകൾ പ്രഖ്യാപിക്കുമ്പോൾ, അതിന് തൊഴിൽ വളർച്ചയുമായി യാതൊരു ബന്ധവുമില്ല എന്ന് വ്യക്തം. രാജ്യത്ത് യുവതയുടെ സംഖ്യ 63 ശതമാനമാണ്. തങ്ങളുടെ ജീവിതത്തിന്റെ പ്രധാന ഘട്ടത്തിലുള്ളവരും ശേഷിയുടെ ഏറ്റവും മികച്ചത് നൽകാൻ കഴിവുള്ളവരുമാണ് ഇവര്‍. ഈ വിഭാഗങ്ങൾ ഉല്പാദന പ്രക്രിയയിൽ ഉൾപ്പെടേണ്ടത് സാമ്പത്തികവളർച്ചയ്ക്ക് നിർണായകവുമാണ്. തൊഴിലില്ലായ്മ വളരുമ്പോൾ സാമ്പത്തിക വളർച്ച അസാധ്യമാണ്. യുവത്വം തൊഴിലന്വേഷകരാകുന്നതിനുപകരം തൊഴിൽ സ്രഷ്ടാക്കളാകാൻ സ്വപ്നം കാണണമെന്ന് വിശ്വസിപ്പിക്കുകയാണ് ഭരണകൂടം. നിലവിലുള്ള സാഹചര്യത്തിൽ പൊതുസമൂഹത്തിന് ഇത് തിരഞ്ഞെടുക്കാൻ ആവശ്യമായ മാർഗങ്ങളില്ല.

 


ഇതുകൂടി വായിക്കൂ: ചരിത്രത്തെ തമസ്കരിക്കുന്ന പാഠപുസ്തക തിരുത്തല്‍


തൊഴിൽ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം ആരാണ് വഹിക്കുക എന്ന ചോദ്യം ഉയർന്നുവരുന്നു. സർക്കാരോ അതോ സംരംഭകരോ? സാമ്പത്തിക വളർച്ചയുടെ സ്വഭാവവും വിഭവങ്ങളും നിർണയിക്കുന്നതിൽ രണ്ട് കൂട്ടർക്കും അതിന്റേതായ അവസരങ്ങളും സൗകര്യങ്ങളും ഉണ്ട്. അതുകൊണ്ടാണ് ഭയാനകമായ വർത്തമാന സാഹചര്യത്തിന് ഉത്തരവാദി കേന്ദ്രഭരണകൂടമെന്ന് ഭൂരിപക്ഷജനത കരുതുന്നത്. വർത്തമാന ദുരവസ്ഥകൾക്ക് ഉത്തരവാദി കേന്ദ്രസർക്കാരാണെന്ന് ഓരോ ആറിൽ ഒരാളെങ്കിലും കരുതുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. അവരെ സംബന്ധിച്ചിടത്തോളം ഭരണത്തിൽ സർക്കാർ പൂർണമായി പരാജയപ്പെട്ടു. തൊഴിലവസരങ്ങളൊന്നും ഭരണകൂട ഇടപെടലിലൂടെ വന്നിട്ടുമില്ല. വോട്ടിങ് മുൻഗണനകളെ കരുതുമ്പോൾ തൊഴിലില്ലായ്മ ഒന്നാമതാണ്. പണപ്പെരുപ്പമോ ഇതര പരിഗണനകളോ പിന്നാക്കം തള്ളപ്പെടുന്നു. 2023ന്റെ നാലാം പാദത്തിൽ ഇന്ത്യയുടെ നഗര തൊഴിലവസരങ്ങൾ 6.5 ശതമാനമായി കുറഞ്ഞു. 2018 ജൂണിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. ഐഎൽഒ റിപ്പോർട്ട് അനുസരിച്ച്, രാജ്യത്തെ യുവാക്കൾ, പ്രത്യേകിച്ച് അവർ വിദ്യാസമ്പന്നരെങ്കിൽ തൊഴിലില്ലാത്തവരാകാൻ സാധ്യതയുണ്ട്. ലോക്കൽ സർക്കിൾസ് സർവീസ് നടത്തിയ സർവേ അനുസരിച്ച്, സമ്പദ്‌വ്യവസ്ഥയിൽ സംഭവിക്കാനിടയുള്ള പിന്നാക്കാവസ്ഥയിൽ പ്രകടമായ ഉൾക്കാഴ്ചകൾ നൽകിയിട്ടുണ്ട്. ബിരുദധാരികളായ യുവാക്കളിൽ തൊഴിലില്ലായ്മ 29.1 ശതമാനമാണെന്ന് ഐഎൽഒ റിപ്പോർട്ട് അടിവരയിടുന്നുണ്ട്. ഇത് നിരക്ഷരരായ വ്യക്തികളുടെ തൊഴിലില്ലായ്മ നിരക്കിന്റെ 3.4 ശതമാനത്തെക്കാൾ ഒമ്പത് മടങ്ങാണ്. കൂടാതെ, സെക്കൻഡറി വിദ്യാഭ്യാസമുള്ള യുവാക്കളിൽ തൊഴിലില്ലായ്മ നിരക്ക് ആറിരട്ടി ഉയർന്ന് 18.4 ശതമാനമായിരിക്കുന്നു. ഐഎൽഒ ചൂണ്ടിക്കാട്ടുന്നതു പോലെ ഉന്നതവിദ്യാഭ്യാസമുള്ള യുവാക്കളാണ് വിദ്യാഭ്യാസമില്ലാത്തവരെക്കാൾ കൂടുതൽ തൊഴിൽരഹിതരാകാൻ സാധ്യതയുള്ളവർ. പുതിയ ഔദ്യോഗിക കണക്കുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ തൊഴിൽ വിപണിയിലെ സമീപകാല പ്രവണതകൾ പരിശോധിക്കുമ്പോൾ കോവിഡ് ‑19 മഹാമാരിയുടെ ഫലമെന്നപോലെ ചില മേഖലകളിൽ പുരോഗതി പറയുന്നു. ഗ്രാമീണ മേഖലയിലെ കാർഷിക തൊഴിൽ വർധന കാരണം സ്ത്രീതൊഴിലാളികളിലെ തൊഴിലില്ലായ്മ നിരക്കിൽ 2019 ന് ശേഷം നേരിയ പുരോഗതി ചൂണ്ടിക്കാട്ടുന്നു. രാജ്യത്തുടനീളം പ്രയോഗിച്ച പുതിയ തൊഴിൽ സാഹചര്യ സൂചിക പോയ ദശകത്തിൽ മികച്ച പ്രവണത വെളിപ്പെടുത്തിയിരുന്നു, എന്നാൽ കേന്ദ്രത്തിന്റെ നയചട്ടക്കൂട് ഇപ്പോൾ അതിനെ പ്രതികൂലമായി ബാധിച്ചു.

ജനസംഖ്യാപരമായ വസ്തുതകൾ പരിഗണിക്കുമ്പോഴും അഭ്യസ്തവിദ്യരായ യുവാക്കളുടെ എണ്ണത്തിന് ആനുപാതികമായി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നില്ല. ജോലിയുടെ ഗുണനിലവാരം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും തിരിച്ചറിയണം. തൊഴിൽ വിപണിയിലെ അസമത്വങ്ങൾ പരിഹരിക്കേണ്ടത് രാജ്യത്തിന്റെ സാമ്പത്തിക കരുത്തിന് അത്യന്താപേക്ഷിതമാണ്. നൈപുണ്യങ്ങൾ ശക്തിപ്പെടുത്തുകയും സജീവമായ തൊഴിൽ വിപണി നയങ്ങൾ രൂപപ്പെടുത്തുകയും വേണം. ലേബർ ഫോഴ്സ് പാർട്ടിസിപ്പേഷൻ റേറ്റ് (എൽഎഫ്‌പിആർ), വർക്കർ പോപ്പുലേഷൻ റേഷ്യോ (ഡബ്ല്യുപിആർ), തൊഴിലില്ലായ്മ നിരക്ക് (യുആർ) എന്നിവ 2018 വരെ ദീർഘകാല തകർച്ച കാണിച്ചുവെങ്കിലും പിന്നീട് പുരോഗതി ഉണ്ടായതായി പഠനം പറയുന്നു. ആനുകാലിക ദുരിതത്തോടെയാണ് പുരോഗതി ഉണ്ടായതെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. കർഷകത്തൊഴിലാളികളുടെ കൂടിയേറ്റം ഈ മാറ്റത്തെ ബാധിച്ച ഒരു ഘടകമാണ്. നഗരവൽക്കരണത്തിന്റെ വേഗതയ്ക്കൊപ്പം മെച്ചപ്പെട്ട വേതനം, തൊഴിലവസരങ്ങൾ, വ്യവസായങ്ങൾ, സേവനങ്ങൾ എന്നിവയ്ക്കുള്ള മോഹമായിരുന്നു മാറ്റത്തിന് കാരണം. ഇന്ത്യയെപ്പോലുള്ള ഒരു കമ്പോള സമ്പദ്‌വ്യവസ്ഥയിൽ, മെച്ചപ്പെട്ട അവസരങ്ങൾക്കായുള്ള ആളുകളുടെ നീക്കം അനിവാര്യമാണ്. ഭക്ഷ്യധാന്യ ഉല്പാദനം ഉയർന്ന തോതിലെന്ന് ആവർത്തിക്കുന്നുണ്ട് ഭരണകൂടം. ഇങ്ങനെയാണെങ്കിൽ പിന്നെന്തുകൊണ്ടാണ് ജനങ്ങൾക്ക് ആവശ്യത്തിന് ഭക്ഷണം കിട്ടാത്തത്. കാർഷിക മേഖല പോലും ഭീഷണി നേരിടുകയാണ്. ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ അനുസരിച്ച്, ഭൂമി സംസ്ഥാന സർക്കാരിന്റെ പരിധിയിലാണ്. വിള വികസന പരിപാടികളിൽ സംസ്ഥാനങ്ങളെ കേന്ദ്രം സഹായിക്കണം. എന്നാൽ കേന്ദ്രം സ്വന്തം താല്പര്യങ്ങൾക്കായി ഭൂമി ഏറ്റെടുക്കുന്ന തിരക്കിലാണ്. അവരുടെ കയ്യിലുള്ള ഭൂമി മൂലധനമായി മാറിക്കൊണ്ടിരിക്കുന്നു.

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.