1 February 2026, Sunday

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ: വർത്തമാന ലോകത്തിലെ പ്രസക്തി

Janayugom Webdesk
February 1, 2026 5:00 am

കാൾ മാർക്സും ഫ്രെഡറിക് ഏംഗൽസും ചേർന്ന് രചിച്ച ‘കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ’ 1848 ഫെബ്രുവരി 21ന് ലണ്ടനിൽ പ്രസിദ്ധീകരിക്കപ്പെട്ടു. കമ്മ്യൂണിസ്റ്റ് ലീഗിന്റെ നിർദേശപ്രകാരം തയ്യാറാക്കപ്പെട്ട ഈ കൃതി കമ്മ്യൂണിസത്തിന്റെ അടിസ്ഥാന പ്രമാണമായി. “സർവരാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ” എന്ന വിഖ്യാതമായ ആഹ്വാനത്തിലൂടെ, മുതലാളിത്തത്തെ തൂത്തെറിയാനും സ്വയം ഭരണത്തിന് വഴിയൊരുക്കാനും അധ്വാന വർഗത്തോടുള്ള ആഹ്വാനം ഇവിടെ ഉയർന്നു. വിപ്ലവത്തിന്റെ ശാസ്ത്രീയ രീതിശാസ്ത്രവും അത് നേടിയെടുക്കാനുള്ള വഴിയും മാനിഫെസ്റ്റോ മുന്നോട്ടുവച്ചു. വിപ്ലവകരമായ പുസ്തകങ്ങളിൽ ഏറ്റവും ഉന്നതമായ സ്ഥാനമാണ് മാനിഫെസ്റ്റോയ്ക്കുള്ളത്. പ്രസിദ്ധീകരിച്ച് 178 വർഷങ്ങൾ പിന്നിടുമ്പോഴും ലോകത്തിലെ മിക്ക ഭാഷകളിലും ഇത് നൂറുകണക്കിന് തവണ പുനഃപ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു. പ്രശംസിക്കപ്പെടുകയും നിന്ദിക്കപ്പെടുകയും നിരോധിക്കപ്പെടുകയും വികൃതമാക്കപ്പെടുകയും ചെയ്തു. ശാസ്ത്രീയ കാഴ്ചപ്പാടും വൈരുധ്യാത്മക സമീപനവുമുള്ള ഈ കൃതി എക്കാലവും പ്രസക്തമാണ്. “തത്വചിന്തകർ ലോകത്തെ പലവിധത്തിൽ വ്യാഖ്യാനിച്ചിട്ടേയുള്ളൂ; എന്നാൽ പ്രധാനം ലോകത്തെ മാറ്റിമറിക്കുക എന്നതാണ്” മാർക്സിന്റെ പ്രസിദ്ധമായ വചനം തന്നെയാണ് മാനിഫെസ്റ്റോയുടെ വഴികാട്ടി. 

1848ൽ യൂറോപ്പ് മുഴുവൻ കലുഷിതമായിരുന്ന കാലത്താണ് മാനിഫെസ്റ്റോ എഴുതപ്പെട്ടത്. ഫ്രാൻസിൽ ലൂയി ഫിലിപ്പ് രാജാവിനെതിരെ ജനരോഷം പുകയുകയായിരുന്നു. ഓസ്ട്രോഹംഗേറിയൻ സാമ്രാജ്യത്തിനെതിരെയുള്ള ദേശീയ പ്രക്ഷോഭങ്ങളും ജർമ്മൻ ഇറ്റാലിയൻ സംസ്ഥാനങ്ങളിലെ ഏകീകരണത്തിനായുള്ള ആവശ്യങ്ങളും ശക്തമായിരുന്നു. 1789ൽ ഉയർന്നുവന്ന മുതലാളിത്തവർഗം ഫ്യൂഡൽ ഭരണത്തെ അട്ടിമറിച്ചു. കർഷകരും തൊഴിലാളിവർഗവും ഈ വിപ്ലവത്തിൽ അണിചേർന്നു. ഇതോടെ മുതലാളിത്ത ഉല്പാദന രീതികൾക്ക് വളരാൻ അവസരമൊരുങ്ങിയെങ്കിലും അതിനോടൊപ്പം തന്നെ മുതലാളിത്ത ആഭ്യന്തര വൈരുധ്യങ്ങളും വെളിപ്പെട്ടുതുടങ്ങി. ഫ്രഞ്ച് വിപ്ലവം തൊഴിലാളിവർഗ ബോധത്തിനും വ്യാവസായിക വർഗസമരങ്ങൾക്കും അടിത്തറയിട്ടു. മുൻകാല വിപ്ലവാനുഭവങ്ങളിൽ നിന്നും മുന്നേറ്റങ്ങളിൽ നിന്നും ആ കാലഘട്ടത്തെ വ്യത്യസ്തമാക്കിയത് 1840കളുടെ അവസാനത്തിൽ തൊഴിലാളിവർഗം ഒരു രാഷ്ട്രീയ ശക്തിയായി രൂപപ്പെട്ടതാണ്. യൂറോപ്പിലുടനീളം രഹസ്യ വിപ്ലവ സംഘടനകൾ രൂപപ്പെട്ടു. സെന്റ് സൈമൺ, ഫൂരിയർ തുടങ്ങിയ സോഷ്യലിസ്റ്റുകളിൽ നിന്നും ഫിലിപ്പ് ബ്യൂണറോട്ടി, ഗ്രക്കസ് ബാബേഫ് തുടങ്ങിയ തീവ്ര ഇടതുപക്ഷ നേതാക്കളിൽ നിന്നും പലരും പ്രചോദനം ഉൾക്കൊണ്ടു. ലൂയി അഗസ്റ്റെ ബ്ലാങ്കിയെപ്പോലെയുള്ള പോരാളികൾ ഫ്രാൻസിൽ സായുധ സംഘങ്ങൾ രൂപീകരിക്കാൻ ശ്രമിച്ചു. അത്തരത്തിലൊരു സംഘടനയായ ‘ലീഗ് ഓഫ് ദി ജസ്റ്റ്’ അഗസ്റ്റെ ബ്ലാങ്കിയുടെ അനുയായികൾക്കൊപ്പം 1839ൽ പാരിസിൽ ഒരു കലാപത്തിൽ പങ്കാളികളായി. എന്നാൽ 1847ൽ ‘ലീഗ് ഓഫ് ദി ജസ്റ്റ് ‘മാർക്സിന്റെയും ഏംഗൽസിന്റെയും നിർദേശപ്രകാരം ‘കമ്മ്യൂണിസ്റ്റ് ലീഗ്‘എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. ഈ സംഘടനയാണ് ഒരു പാർട്ടി പരിപാടി തയ്യാറാക്കാൻ അവരെ ചുമതലപ്പെടുത്തിയത്. അങ്ങനെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പുറത്തുവന്നു. 

മുൻകാല വിപ്ലവകാരികളുടെ സങ്കല്പലോകത്തെ (ഉട്ടോപ്യൻ) സോഷ്യലിസത്തിന് പകരമായി മാർക്സും ഏംഗൽസും ശാസ്ത്രീയ സോഷ്യലിസം വികസിപ്പിച്ചെടുത്തു. സമൂഹം മാറുന്നതിന്റെ നിയമങ്ങൾ അവർ കണ്ടെത്തി. സാമൂഹിക മാറ്റത്തിന് കരുത്തുള്ള വർഗം വ്യാവസായിക തൊഴിലാളിവർഗമാണെന്ന് മാനിഫെസ്റ്റോ ആദ്യമായി പ്രഖ്യാപിച്ചു. ജർമ്മൻ ചിന്തകനായ ഹേഗലിന്റെ വൈരുധ്യാത്മക രീതിയെ ഭൗതികവാദവുമായി കൂട്ടിച്ചേർത്ത് അവർ ചരിത്രപരമായ ഭൗതികവാദം രൂപപ്പെടുത്തി. “ഇതുവരെയുള്ള സമൂഹത്തിന്റെ ചരിത്രം വർഗസമരങ്ങളുടെ ചരിത്രമാണ്” എന്ന വാക്കുകളിലൂടെ മനുഷ്യചരിത്രത്തെ അവർ വിശകലനം ചെയ്തു. മുതലാളിത്തത്തിന് കീഴിൽ സ്വന്തം മോചനത്തിന് മാത്രമല്ല, മനുഷ്യരാശിയുടെ മുഴുവൻ മോചനത്തിനും പ്രാപ്തിയുള്ള ഏക വർഗം തൊഴിലാളിവർഗമാണെന്ന് അവർ സ്ഥാപിച്ചു. മാനിഫെസ്റ്റോ അന്താരാഷ്ട്ര തൊഴിലാളി സംഘടനകളുടെ രൂപീകരണത്തിന് പ്രചോദനമായി. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഇന്റർനാഷണൽ വർക്കേഴ്സ് അസോസിയേഷന് (ഒന്നാം ഇന്റർനാഷണൽ) പ്രചോദനം നൽകുകയും ജർമ്മനിയിലും ഫ്രാൻസിലും ബഹുജന സോഷ്യലിസ്റ്റ് പാർട്ടികൾ സ്ഥാപിക്കുകയും ചെയ്തു. 20-ാം നൂറ്റാണ്ടിൽ അതിന്റെ വ്യാപ്തി വർധിച്ചു. വി ഐ ലെനിന്റെ നേതൃത്വത്തിലുള്ള ബോൾഷെവിക് പാർട്ടിയുടെ കൈകളിലൂടെ സാധ്യമായ റഷ്യൻ വിപ്ലവം കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ഉല്പന്നമായി. റഷ്യൻ വിപ്ലവം മാനിഫെസ്റ്റോയുടെ ആശയങ്ങളുടെ പ്രായോഗിക രൂപമായി മാറി. ലെനിൻ മാനിഫെസ്റ്റോയെ അടിസ്ഥാനമാക്കി രണ്ട് പ്രധാന കാര്യങ്ങൾ പ്രാവർത്തികമാക്കി. 

മുതലാളിത്തത്തിന്റെ ഉന്നത ഘട്ടമായ സാമ്രാജ്യത്വത്തെ അദ്ദേഹം വിശകലനം ചെയ്തു. കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങളെയും ദേശീയ സ്വാതന്ത്ര്യ സമരങ്ങളെയും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി കണ്ട് തൊഴിലാളിവർഗ വിപ്ലവവുമായി ബന്ധിപ്പിച്ചു. കൊളോണിയൽ വിരുദ്ധ ദേശീയ സ്വാതന്ത്ര്യ സമരങ്ങളെ ദേശീയ വിമോചന വിപ്ലവങ്ങളുമായി ബന്ധപ്പെടുത്തി സാമ്രാജ്യത്വവുമായി മുഖാമുഖമായി നിലകൊണ്ടു. ബൂർഷ്വാ ജനാധിപത്യ വിപ്ലവങ്ങളിൽ സജീവമായി പങ്കെടുക്കാൻ കമ്മ്യൂണിസ്റ്റുകാരോട് ആഹ്വാനം ചെയ്തു. അങ്ങനെ കൊളോണിയലിസത്തിനെതിരെയും സ്വാതന്ത്ര്യത്തിനുമായി പോരാടുന്ന അടിച്ചമർത്തപ്പെട്ട ജനങ്ങൾക്കുള്ള ഒരു പരിപാടിയായി മാനിഫെസ്റ്റോ മാറി. അത് ആത്യന്തികമായി സോഷ്യലിസത്തിന്റെ രൂപങ്ങളിലേക്ക് നയിച്ചു. ശാസ്ത്രസാങ്കേതികവിദ്യകളും വിവരസാങ്കേതിക വിപ്ലവവും പുതിയൊരു തൊഴിലാളിവർഗത്തെ സൃഷ്ടിച്ചിരിക്കുന്ന 21-ാം നൂറ്റാണ്ടിലും മാനിഫെസ്റ്റോ ആവേശം നൽകുന്നു. സാഹചര്യങ്ങളും രീതികളും മാറിയെങ്കിലും അടിസ്ഥാനപരമായ രീതിശാസ്ത്രവും പ്രചോദനവും പഴയതുപോലെ തന്നെ തുടരുന്നു. മറ്റ് ജനാധിപത്യ ശക്തികളുമായി ചേർന്ന് ഘട്ടംഘട്ടമായി സമൂഹത്തെ എങ്ങനെ ജനാധിപത്യപരമായ ദിശയിലേക്ക് മാറ്റാമെന്ന് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ നമ്മെ പഠിപ്പിക്കുന്നു. 

Kerala State - Students Savings Scheme

TOP NEWS

February 1, 2026
February 1, 2026
February 1, 2026
February 1, 2026
February 1, 2026
February 1, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.