4 January 2025, Saturday
KSFE Galaxy Chits Banner 2

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ: നവയുഗാരംഭം

Janayugom Webdesk
April 9, 2023 5:00 am

രാജ്യം പവിത്രമെന്ന് കരുതിയിരുന്ന സർവതും വെല്ലുവിളികൾ നേരിടുന്നു. നമ്മുടെ ഭരണഘടനാ മൂല്യങ്ങൾ, വൈവിധ്യമാർന്ന സംസ്കാരം, സമൂഹത്തിൽ ആഴത്തിൽ വേരാഴ്ത്തിയ അതിന്റെ സകല വശ്യതയും പരസ്പരസ്നേഹവും കരുതലും ഇപ്പോൾ കരിനിഴലിലാണ്. ശക്തമായ ഒരു പൊതുമേഖലയിലൂടെ ജനാധിപത്യപരമായി കെട്ടിപ്പടുത്ത രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ഇന്നലെകളുടെ വസന്തസ്മരണ മാത്രമായി മാറിയിരിക്കുന്നു. സ്വതന്ത്രമായി ജീവിക്കാനും പ്രവർത്തിക്കാനും അഭിപ്രായം പറയാനുമുള്ള അവകാശങ്ങളും നിഷേധിക്കപ്പടുന്നു. ഒടുവിൽ സർക്കാരിനെ തെരഞ്ഞെടുക്കാനുള്ള അവകാശംപോലും കുതിരക്കച്ചവടത്തിലൂടെ മാറ്റി മറിക്കുന്നു. പാർലമെന്റിൽ ബില്ലുകൾ ചർച്ച കൂടാതെ പാസാക്കുന്നു. പ്രതിപക്ഷത്തെ നിശബ്ദരാക്കാനാണ് ശ്രമം. സ്വാതന്ത്ര്യത്തിനു ശേഷം, സോഷ്യലിസ്റ്റ്, പരമാധികാര, മതേതര റിപ്പബ്ലിക്കായുള്ള ജനാധിപത്യ രാഷ്ട്രത്തിനാണ് അടിത്തറപാകിയത്. എല്ലാ പൗരന്മാർക്കും നീതിയും സമത്വവും സ്വാതന്ത്ര്യവും ഉറപ്പാക്കുമെന്നും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും നിലനിർത്തുമെന്നും സാഹോദര്യം വളർത്തുമെന്നും ഉറപ്പുനൽകി. ജനാധിപത്യത്തിന്റെ സുഗമമായ പ്രവർത്തനത്തിന് നിയമനിർമ്മാണ സഭകളും ഭരണനിർവഹണസമിതികളും, നീതിന്യായ കോടതികളും ക്രമീകരിച്ചു. മാധ്യമങ്ങളും തനതായ ഉത്തരവാദിത്തം ഏറ്റെടുത്തു. ജനാധിപത്യത്തിന്റെ ശക്തി ഓരോ സംവിധാനത്തിന്റെ ബലത്തെയും അവ പരസ്പരം പൂരകമാകുന്നതിനെയും ആശ്രയിച്ചു.
സ്വാതന്ത്ര്യാനന്തരം എഴുപത്തിയഞ്ച് വർഷം പിന്നിടുമ്പോൾ ഗുരുതരമായ അടിസ്ഥാന മാറ്റങ്ങൾ രാജ്യം നേരിടുന്നു. വർത്തമാന രാജ്യം നെഞ്ചേറ്റുന്ന മുതലാളിത്തം അതിന്റെ കടുത്ത പ്രതിസന്ധിയിലാഴുകയാണ്.


ഇതുകൂടി വായിക്കു; ഭരണപക്ഷം സ്തംഭിപ്പിച്ച പാര്‍ലമെന്റ് സമ്മേളനം


1848‑ൽ കാൾ മാർക്സും ഫ്രെഡറിക് ഏംഗൽസും ചേർന്ന് പ്രസിദ്ധീകരിച്ച കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ ഇത് വ്യക്തമാക്കിയിട്ടുണ്ട്. മുതലാളിത്തം ജന്മിത്വത്തിന്റെ ഇടം വരിച്ചുതുടങ്ങിയ നൂറ്റി എഴുപത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പായിരുന്നു അത്. ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിൽ പ്രധാന സാമ്പത്തിക പ്രക്രിയകൾ കയ്യടക്കിയ കാലഘട്ടം കൂടിയായിരുന്നു അത്. കൊളോണിയൽ ശക്തികളാണ് മുതലാളിത്തത്തിന് പശ്ചാത്തലമൊരുക്കിയത്. വ്യാവസായികവൽക്കരണത്തെ തുടർന്ന് രൂപപ്പെട്ട തൊഴിലാളിവർഗവും ബൂർഷ്വാസിയും കളം നിറഞ്ഞു. കൊളോണിയൽ മുതലാളിത്തം രാജ്യം ഭരിച്ചു. ഈ കാലഘട്ടത്തെക്കുറിച്ചും വർഗസമരത്തിന്റെ വഴികളെക്കുറിച്ചും ഫ്രെഡറിക് ഏംഗൽസ് 1883‑ൽ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ജർമ്മൻ പതിപ്പിന്റെ ആമുഖത്തിൽ എഴുതി. എല്ലാ ചരിത്രവും വർഗസമരത്തിന്റെ ചരിത്രമാണ്, സാമൂഹ്യവികസനത്തിന്റെ വിവിധ ഘട്ടങ്ങളിൽ ചൂഷിതരും ചൂഷകരും തമ്മിലുള്ള, അധീശ‑ആധിപത്യ വർഗങ്ങൾ തമ്മിലുള്ള പോരാട്ടങ്ങളുടെ ചരിത്രമാണ്. പക്ഷെ ഈ സമരം, സമൂഹത്തെ മുഴുവൻ ചൂഷണത്തിൽ നിന്ന് മോചിപ്പിക്കാതെ, ചൂഷിതരും അടിച്ചമർത്തപ്പെട്ടവരുമായ തൊഴിലാളിവർഗത്തെ തന്നെ ചൂഷണം ചെയ്യുകയും അടിച്ചമർത്തുകയും ചെയ്യുന്നു. ഈ ബൂർഷ്വാസിയിൽ സ്വയം മോചിതരാകാൻ കഴിയാത്ത ഒരു ഘട്ടത്തിലെത്തിയിരിക്കുന്നു. മുക്തിതേടിയുള്ള പരിശ്രമങ്ങളിൽ, അടിച്ചമർത്തൽ, വർഗസമരങ്ങൾ അനിവാര്യമായ അടിസ്ഥാന ചിന്തകൾ മാർക്സിൽ മാത്രമടങ്ങിയതാണ്. മുതലാളിത്ത ഭരണാധികാരികൾക്കെതിരെ സമൂഹത്തെ മുഴുവൻ പ്രതിനിധീകരിക്കുന്ന ജനാധിപത്യത്തിന്റെ ഘട്ടം മാർക്സ് ദൃശ്യവല്‍ക്കരിക്കുന്നു. മഹാനായ ലെനിൻ തൊഴിലാളിവർഗത്തെ വിപ്ലവത്തിലേക്ക് നയിക്കുകയും ഒക്ടോബർ വിപ്ലവത്തിൽ അത് സാക്ഷാത്ക്കരിക്കുകയും ചെയ്തു. അതിനുമുമ്പ് ഫെബ്രുവരിയിൽ സറിന്റെ വാഴ്ച അവസാനിപ്പിച്ചു. മെൻഷെവിക് നേതാവായ കെറൻസ്കി അധികാരം നേടി. പിന്നീട് ബോൾഷെവിക്കുകളെ നിർണായക വിജയത്തിൽ ലെനിൻ നയിച്ചു.


ഇതുകൂടി വായിക്കു; ചുവന്ന നക്ഷത്രത്തിന്റെ ഓര്‍മ്മ


വ്യാവസായിക വിപ്ലവത്തിന്റെയും ആധുനികതയുടെ തുടക്കത്തിന്റെയും ഫലമായി ഉല്പാദനശക്തികളുടെ വൻ വളർച്ചയുണ്ടായി. ബൂർഷ്വാസിയുടെ പരിണാമവും സംഭവിച്ചു. ആധുനിക ഉല്പാദന വ്യവസ്ഥകൾക്കെതിരായ ഉല്പാദന ശക്തികളുടെ ചരിത്രം അമിത ഉല്പാദനവുമായി ചേർന്നിരിക്കുന്നു. ഇതിന് അവർ കണ്ടെത്തിയ പരിഹാരം ഉല്പാദന ശക്തികളുടെ നാശവും പുതിയ വിപണികൾക്കായുള്ള അന്വേഷണവുമാണ്. പക്ഷേ, ഫ്യൂഡലിസത്തെ പരാജയപ്പെടുത്താൻ ബൂർഷ്വാസി ഉപയോഗിച്ച ആയുധങ്ങൾ അവർക്കു തന്നെ വിന തീർത്തു. ചരിത്രത്തിന്റെ ഇത്തരം വിരോധാഭാസം കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ മഹത്തുക്കൾ അടയാളപ്പെടുത്തിയിട്ടുണ്ട്. ജനാധിപത്യം ആവശ്യപ്പെടുന്നവരിൽ തൊഴിലാളികൾ തനിച്ചായിരുന്നില്ല. ചെറുകിട‑ഇടത്തരം ഉല്പാദകരും ഉണ്ടായിരുന്നു. ഭരണ മുതലാളിത്ത വർഗവുമായി മത്സരങ്ങളിൽ ഏർപ്പെടുന്നതിന് ഇത് ഇടയാക്കി. മുതലാളിത്തം ആത്യന്തികമായി ധന മൂലധനത്തിൽ കേന്ദ്രീകരിച്ചു. ചെറുകിട ഇടത്തരം സംരംഭങ്ങളെ അകറ്റുന്നതിൽ വിജയംതേടി. തൊഴിലവസരങ്ങൾ നാമമാത്രമായി. ഫലമോ തൊഴിൽരഹിതരുടെ എണ്ണം പെരുകി. ബാങ്കുകളും ബാങ്കിങ് മേഖലയെ ആശ്രയിച്ചിരുന്ന വ്യവസായങ്ങളും സംരംഭങ്ങളും ധനമൂലധനതാല്പര്യങ്ങൾക്കായി തങ്ങളുടെ സംവിധാനങ്ങളെ ക്രമീകരിച്ചു. നിക്ഷേപങ്ങൾ കുറച്ചു, ഓഹരി വ്യാപാരങ്ങളിൽ മുഴുകി. ഇത് ആഗോളതലത്തിൽ കടുത്ത പ്രതിസന്ധിക്കിടയാക്കി. നവീന സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിൽ സമൂഹത്തെ മുഴുവൻ ഉൾക്കൊള്ളുന്ന ശാസ്ത്രത്തിന്റെ പ്രചാരണം പ്രാവർത്തികമാകണം. രണ്ട് നൂറ്റാണ്ടുകൾക്ക് മുമ്പ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഇത് പ്രവചിച്ചിരുന്നു. പിന്നീട് ലെനിനിലൂടെ ഇക്കാര്യങ്ങൾ യാഥാർത്ഥ്യമായി. അടിസ്ഥാന പരിവർത്തനങ്ങളുടെ സൂചന നൽകുന്നു. ശാസ്ത്ര സാങ്കേതിക പുരോഗതി അനാവരണം ചെയ്യപ്പെടുന്നതാണ് വർത്തമാനം. ഇത് കാലഭേദത്തിനനുസരിച്ചുള്ള ശക്തമായ വ്യാഖ്യാനങ്ങൾ ആവശ്യപ്പെടുന്നു.

TOP NEWS

January 4, 2025
January 4, 2025
January 4, 2025
January 4, 2025
January 4, 2025
January 4, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.