20 January 2026, Tuesday

കൊടുംചൂഷണത്തിന്റെ കൊള്ളത്താവളങ്ങൾ

Janayugom Webdesk
January 16, 2026 5:00 am

ദേശീയപാത നിർമ്മാണപ്രവർത്തനങ്ങൾ സംസ്ഥാനത്ത് മുക്കാൽഭാഗം മാത്രമേ പൂർത്തിയായിട്ടുള്ളൂ. പ്രഖ്യാപിച്ച സമയപരിധികളൊക്കെ കഴിഞ്ഞിട്ടും പലയിടങ്ങളിലും നിർമ്മാണം പാതിവഴിയിൽ പോലുമെത്തിയിട്ടില്ല. വടക്കൻ കേരളത്തിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിർമ്മാണപ്രവർത്തനം പൂർത്തിയാകാനുണ്ട്. മലപ്പുറം ജില്ലയിൽ കൂരിയാട് തകർന്നഭാഗം ഒഴികെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. തെക്കൻ കേരളത്തിലും പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഭാഗികമായി പൂർത്തിയായ മേഖലകളിൽ ടോൾ പിരിവ് ആരംഭിച്ചിരിക്കുകയാണ് നിര്‍മ്മാണക്കമ്പനി. ഇതിനെതിരെ അതിശക്തമായ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ വൻ പ്രതിഷേധസമരങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കാത്തതിനും അനുവദനീയ ദൂരപരിധി ലംഘിച്ച് അന്യായ ടോൾ ഈടാക്കുന്നതിനുമെതിരെയാണ് ജനകീയ പ്രതിഷേധങ്ങൾ. തലശേരി-മാഹി ബൈപാസിലാണ് ടോൾ പിരിവ് ആദ്യം ആരംഭിച്ചത്. നിർമ്മാണം പൂർത്തീകരിക്കാത്ത ടോൾ പിരിവിനെതിരെ അതിശക്തമായ പ്രതിഷേധം നാട്ടുകാർ ഉയർത്തി. നിർമ്മാണം പൂർത്തിയാകുന്നതുവരെ ടോൾ പിരിവ് നിർത്തണമെന്ന് സിപിഐ അടക്കമുള്ള രാഷ്ട്രീയകക്ഷികളും ആവശ്യപ്പെട്ടിരുന്നു. സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം പി സന്തോഷ് കുമാർ എംപി പാർലമെന്റിൽ ഉന്നയിക്കുകയും കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നിധിൻ ഗഡ്കരിക്ക് കത്ത് നൽകുകയും ചെയ്തിരുന്നു. അശാസ്ത്രീയ റോഡ് നിർമ്മാണം മൂലം ഒട്ടേറെ അപകടങ്ങളുണ്ടാവുകയും നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്ത മേഖല കൂടിയാണ് തലശേരി-മാഹി ബൈപാസ്. 

കാസർകോട് കുമ്പള ആരിക്കാടി ടോൾ ഗേറ്റിൽ ദിവസങ്ങളായി സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. എല്ലാ രാഷ്ട്രീയകക്ഷികളും ബഹുജനസംഘടനകളും ആരിക്കാടിയിലെ ടോൾ പിരിവിനെതിരെ രംഗത്തുണ്ട്. നിലവിൽ 22 കിലോമീറ്റർ ദൂരത്തിനിടെ രണ്ട് ടോൾ പ്ലാസകളാണ് കാസർകോട് ജില്ലയിൽ തുറന്നിരിക്കുന്നത്. തലപ്പാടി ടോൾ പ്ലാസയ്ക്ക് പുറമെയാണ് കുമ്പള ആരിക്കാടിയിലും പിരിവ് ആരംഭിച്ചിരിക്കുന്നത്. 60 കിലോമീറ്റർ ദൂരപരിധിയിലാണ് ടോൾപ്ലാസകൾ വേണ്ടതെന്നാണ് നിബന്ധന. എന്നാൽ പ്രത്യേക സാഹചര്യങ്ങളിൽ ഇതില്‍ മാറ്റം വരുത്തുന്നതിന് തടസമില്ലെന്നാണ് ആരിക്കാടി ടോൾ പ്ലാസ തുറന്നതിൽ ദേശീയപാതാ അതോറി‌ട്ടി ന്യായം പറയുന്നത്. കാസർകോടുനിന്ന് മംഗളൂരുവിലേക്കും തിരിച്ചും യാത്ര ചെയ്യാനുള്ള 22 കിലോമീറ്ററിനുള്ളിൽ രണ്ടിടത്ത് ടോള്‍ നൽകണം. ദേശീയപാതാ അതോറി‌ട്ടിയുടെ അ നീതിക്കെതിരെ ശ ക്തമായ പ്രതിഷേധം നില്‍ക്കുന്നതിനിടെയാണ് ടോൾ പിരിവ് തുടങ്ങിയതും അത് സംഘർഷാവസ്ഥയിൽ എ ത്തിയതും. നിലവിലെ സ്ഥിതിയിൽ കാസർകോട് നിന്ന് മംഗളൂരുവിലേക്ക് പോകണമെങ്കിൽ ഫാസ്റ്റ് ടാഗ് വഴി സ്വകാര്യവാഹനത്തിന് ആരിക്കാടിയിൽ ഒരുവശത്തേക്ക് 85 രൂപയും തലപ്പാടിയിൽ 55 രൂപയുമായി 140 രൂപ നൽകണം. ഫാസ്റ്റ് ടാഗ് ഇല്ലാതെ തുകയായി നൽകുമ്പോൾ ഇത് 280 രൂപയായും യുപിഐ വഴിയാണെങ്കിൽ 175 രൂപയായും ഉയരും. മടക്കയാത്രയ്ക്ക് കൂടി ഒന്നിച്ചാണ് ടോൾ അടയ്ക്കുന്നതെങ്കിൽ 210 രൂപ നൽകണം. കുമ്പളയിൽനിന്ന് 40 കിലോ മീറ്റർ മാത്രം അകലെയുള്ള മംഗളൂരുവിലേക്ക് പോകാനാണ് ഇത്രയും തുക ടോൾ നൽകേണ്ടിവരുന്നത്. 

കോഴിക്കോട് ജില്ലയിൽ വെങ്ങളം-രാമനാട്ടുകര റീച്ചിൽ പന്തീരാങ്കാവ് കുടത്തുംപാറയിൽ സ്ഥാപിച്ച ഒളവണ്ണ ടോൾ പ്ലാസയിലും അതിശക്തമായ പ്രതിഷേധമാണ് നിലവിലുള്ളത്. ജില്ലയിൽ ഈ റീച്ചിൽ മാത്രമാണ് നിർമ്മാണം പൂർത്തിയായത്. വെങ്ങളം മുതൽ കണ്ണൂർ ജില്ലയുടെ തുടക്കം വരെയുള്ള സ്ഥലത്ത് നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നതേയുള്ളൂ. ഇവിടെയും തിരക്കിട്ട് ടോൾ പിരിവിന് തുടക്കമിട്ടതോടെയാണ് നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയത്. കുറഞ്ഞ ദൂരം സഞ്ചരിക്കാൻ വൻതുക ടോൾ നൽകേണ്ട അവസ്ഥയ്ക്കെതിരെ ജനങ്ങള്‍ ജീവനക്കാരെ തടയുകയും ഗേറ്റ് ബലമായി തുറന്ന് വാഹനങ്ങൾ കടത്തിവിടുകയും ചെയ്തത് വലിയ സംഘർഷത്തിന് കാരണമായി. ഈ റീച്ചിന് 28 കിലോമീറ്റർ ദൂരം മാത്രമാണുള്ളത്. കാറിന് ഒരു വശത്തേക്ക് മാത്രം 130 രൂപയാണ് ടോൾ. പലയിടങ്ങളിലും നിർമ്മാണപ്രവർത്തനങ്ങൾ ഇനിയും പൂർത്തിയാകാനുണ്ട്. പ്രതിഷേധം ശക്തമാകുകയും പരാതികൾ ഉയരുകയും ചെയ്തതോടെ കോഴിക്കോട് മുൻസിഫ് കോടതി അഭിഭാഷക കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്. നിർമ്മാണം പൂർത്തിയാക്കുകയും ടോൾ പ്ലാസകൾക്ക് നിശ്ചയിച്ചിരിക്കുന്ന ദൂരപരിധി കൃത്യമായി നടപ്പിലാക്കുകയും ന്യായമായ ടോൾ ഈടാക്കുകയും ചെയ്യുന്നതുവരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് തന്നെയാണ് ആരിക്കാടിയിലെയും പന്തീരാങ്കാവിലെയും സമരക്കാർ വ്യക്തമാക്കുന്നത്. ജനങ്ങളുടെ സുഗമമായ യാത്രയ്ക്ക് വേണ്ടി നിർമ്മിക്കപ്പെട്ട ദേശീയപാതകൾ ടോൾ കൊള്ളയുടെ താവളങ്ങളാക്കി മാറ്റുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നുവരേണ്ടതുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.