22 December 2024, Sunday
KSFE Galaxy Chits Banner 2

പരിസ്ഥിതിലോല മേഖലാ നിയമം ഇനിയൊട്ടും വൈകിക്കൂടാ

Janayugom Webdesk
August 5, 2024 5:00 am

കഴിഞ്ഞ വെള്ളിയാഴ്ച, ജൂലൈ 31ന്, കേന്ദ്രസര്‍ക്കാര്‍ പശ്ചിമഘട്ടത്തിലെ ഏതാണ്ട് 56,825 ചതുരശ്ര കിലോമീറ്റർ ഭൂപ്രദേശം പരിസ്ഥിതി ലോല മേഖല (ഇക്കോളജിക്കലി സെൻസിറ്റീവ് ഏരിയ‑ഇഎസ്എ) യായി പ്രഖ്യാപിച്ചുകൊണ്ടുള്ള പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു. ആറ് സംസ്ഥാനങ്ങളിലായി പടർന്നുകിടക്കുന്ന ഭൂപ്രദേശത്തെ ഇഎസ്എ ആയി പ്രഖ്യാപിച്ചുകൊണ്ടുള്ള വിജ്ഞാപനത്തിന് യാതൊരു പുതുമയുമില്ല. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ ഇത് ആറാം തവണയാണ് ഈ വിജ്ഞാപനം ആവർത്തിക്കപ്പെടുന്നത്. കേരളംകണ്ട ഏറ്റവും വലുതും ഭീകരവുമായ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും 24 മണിക്കൂർ തികയുംമുമ്പാണ് കേന്ദ്രത്തിന്റെ വിജ്ഞാപനം എന്നത് അവർ അവകാശപ്പെടുന്നതുപോലെ യാദൃച്ഛികമായിരിക്കാം. എന്നിരിക്കിലും കേരളത്തെയും രാജ്യത്തെയും നടുക്കിയ ദുരന്തത്തോടുള്ള കേന്ദ്ര സർക്കാരിന്റെ തിടുക്കപ്പെട്ടുള്ള പ്രതികരണമായി വിലയിരുത്തുന്നവരെ കുറ്റപ്പെടുത്താനാവില്ല. പ്രത്യേകിച്ചും ആഭ്യന്തരമന്ത്രി ‘മുന്നറിയിപ്പ് നൽകിയിട്ടും കരുതൽ നടപടികൾ സ്വീകരിക്കാൻ കേരളം തയ്യാറായില്ലെന്ന് ’ പാർലമെന്റിൽത്തന്നെ കുറ്റപ്പെടുത്താൻ ശ്രമിച്ച പശ്ചാത്തലത്തിൽ അത്തരം നിഗമനം അസ്ഥാനത്തല്ല. അമിത് ഷായുടെ ആ ആരോപണം അടിസ്ഥാനരഹിതം ആയിരുന്നുവെന്ന് ഇപ്പോൾ തെളിഞ്ഞിട്ടുമുണ്ട്. വയനാട്ടിൽ ഇപ്പോഴുണ്ടായ ദുരന്തത്തെപ്പറ്റി ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങളിൽനിന്നും മതിയായ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നില്ലെങ്കിലും പശ്ചിമഘട്ടത്തെപ്പറ്റി പഠിച്ച ശാസ്ത്രലോകം വരാൻപോകുന്ന ദുരന്തത്തെപ്പറ്റി മതിയായ മുന്നറിയിപ്പുകൾ നല്‍കിയിരുന്നുവെന്നത് ആർക്കും മായ്ക്കാനോ മറക്കാനോ അവഗണിക്കാനോ കഴിയാത്ത വസ്തുതയാണ്. 

ആറ് സംസ്ഥാനങ്ങളിലും 44 ജില്ലകളിലും 142 താലൂക്കുകളിലുമായി വ്യാപിച്ചുകിടക്കുന്ന പശ്ചിമഘട്ട മലനിരകൾ ലോകത്തെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന എട്ട് ജൈവവൈവിധ്യ ‘ഹോട്ട്സ്പോട്ടു‘കളിൽ ഒന്നാണ്. ഇന്ത്യയിലെ വലിയൊരുവിഭാഗം ജനതയുടെ കുടിവെള്ളം, ഭക്ഷണം, കാലാവസ്ഥ, സാമ്പത്തിക നിലനില്പ് തുടങ്ങി ജീവിതവും ജീവനും പശ്ചിമഘട്ട ആവാസവ്യവസ്ഥയെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. ദൗർഭാഗ്യവശാൽ ജനങ്ങളും ഭരണകൂടങ്ങളടക്കം സാമൂഹിക, രാഷ്ട്രീയ സംവിധാനങ്ങളും അർഹിക്കുന്ന ഗൗരവത്തോടെ പശ്ചിമഘട്ട പരിസ്ഥിതി നേരിടുന്ന വെല്ലുവിളികളെ അവഗണിക്കുന്നതിന്റെ മകുടോദാഹരണമാണ് ഒരു പതിറ്റാണ്ടിലേറെയായി ഒരു തീരുമാനത്തിലും എത്തിച്ചേരാതെ ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഇഎസ്എ വിജ്ഞാപനം. വിജ്ഞാപനം വിഭാവനം ചെയ്യുന്നതുപോലെ പശ്ചിമഘട്ടത്തിലെ നിർദിഷ്ട മേഖലയെ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കുന്ന നിയമം പ്രാബല്യത്തിലായാൽ അവിടങ്ങളിലെ സാമ്പത്തിക പ്രവർത്തനങ്ങൾക്കുമേൽ കടുത്ത നിയന്ത്രണങ്ങൾ നിലവിൽവരും. പാറ ഖനനമടക്കം എല്ലാത്തരം ഖനനപ്രവർത്തനങ്ങൾ, വൻതോതിലുള്ള അടിസ്ഥാന സൗകര്യവികസനമടക്കം നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്കെല്ലാം കർശന നിയന്ത്രണം ആവശ്യമായി വരും. 2022 ജൂലൈയിൽ പുറപ്പെടുവിച്ച ഇഎസ്എ വിജ്ഞാപനം അനുസരിച്ച്‌ വയനാട് ജില്ലയിലെ മാനന്തവാടി, സുൽത്താൻബത്തേരി, വൈത്തിരി താലൂക്കുകളിലെ 13 വില്ലേജുകളടക്കം കേരളത്തിൽ മൊത്തം 9,994 ചതുരശ്ര കിലോമീറ്റർ ഭൂപ്രദേശം ഇഎസ്എ ആയി പ്രഖ്യാപിക്കപ്പെടും. ഇപ്പോൾ, ആറാമതായി പുറപ്പെടുവിച്ചിട്ടുള്ള വിജ്ഞാപനം പഴയതിന്റെ ആവർത്തനം മാത്രമാണെന്നതുകൊണ്ട് നിർദിഷ്ട ഭൂപ്രദേശത്തിൽ മാറ്റമില്ലെന്നാണ് മനസിലാവുന്നത്. ഇപ്പോഴത്തെ വിജ്ഞാപനം നിയമമാകുന്നതോടെ തോട്ടങ്ങളടക്കം അവിടങ്ങളിലെ കാർഷിക മേഖലയെയും നിയന്ത്രണങ്ങൾ കൂടാതെ മുളച്ചുപൊന്തുന്ന വിനോദസഞ്ചാര മേഖലയെയും അത് പ്രതികൂലമായി ബാധിക്കുമെന്ന്‌ ആശങ്ക നിലനിൽക്കുന്നു. അനിയന്ത്രിതമായ പാറഖനനം വയനാടിന്റെ പരിസ്ഥിതിയും ജൈവവൈവിധ്യവും നേരിടുന്ന മുഖ്യ വെല്ലുവിളികളിൽ ഒന്നാണ്. സമീപകാലത്ത് ഒട്ടൊക്കെ നിയന്ത്രണങ്ങൾ വന്നിട്ടുണ്ടെങ്കിലും ഇതിനോടകം പാറഖനനം പ്രകൃതിക്കേല്പിച്ച ആഘാതത്തെ മറികടന്ന് പരിസ്ഥിതിയുടെ പുനർനിർമ്മാണവും പരിരക്ഷയും പരിപോഷണവും ശ്രമകരമായ ദൗത്യവും സാമൂഹിക ജീവിതത്തിന്റെ പുനഃക്രമീകരണം ആവശ്യപ്പെടുന്ന വെല്ലുവിളിയുമാണ്. ഭൂപ്രദേശത്തിന്റെ ലോലാവസ്ഥ കണക്കിലെടുത്ത് ഊർജോല്പാദനം അടിസ്ഥാന ഗതാഗത ഉപരിഘടന തുടങ്ങിയ രംഗങ്ങളെ സംബന്ധിച്ച വികസന പദ്ധതികൾ പുനഃപരിശോധനയ്ക്ക് വിധേയമാക്കാതെ ഇഎസ്എ നിയമം പ്രാവർത്തികമാവില്ല. 

ഇപ്പോഴത്തെ വിജ്ഞാപനത്തിൽ നിർദേശിക്കുന്ന ഇഎസ്എയുടെ വ്യാപ്തി 2011ൽ പ്രൊഫ. മാധവ് ഗാഡ്ഗിൽ നേതൃത്വം നൽകിയ കമ്മിറ്റി നിർദേശിച്ച ഭൂപ്രദേശത്തിന്റെ പകുതിയിൽ താഴെമാത്രം വരുന്നതാണ്. മുൻ ഐഎസ്ആർഒ ചെയർമാൻ കെ കസ്തൂരിരംഗൻ അധ്യക്ഷനായി നിയോഗിക്കപ്പെട്ട രണ്ടാമത് കമ്മിറ്റി ബന്ധപ്പെട്ടവരുടെ പരാതികളും അഭിപ്രായങ്ങളും മാനിച്ചാണ് ഇപ്പോഴത്തെ റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. മേഖലയിലെ സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങൾകൂടി കണക്കിലെടുത്ത് പ്രസ്തുത റിപ്പോർട്ടിൽ ആവശ്യമായ ഭേദഗതികൾ നിർദേശിക്കാൻ മൂന്നാമത് ഒരു കമ്മിറ്റി കൂടി 2002ൽ നിയോഗിക്കപ്പെട്ടിട്ടുണ്ടെങ്കിലും അതിന്റെ റിപ്പോർട്ട് ഇനിയും സമർപ്പിക്കപ്പെട്ടിട്ടില്ല. വ്യക്തികളുടെയും സമൂഹത്തിന്റെയും നിക്ഷിപ്ത സാമ്പത്തിക താല്പര്യങ്ങളും വികസന വ്യാമോഹങ്ങളുമാണ് അതിലോലമായ പശ്ചിമഘട്ട പരിസ്ഥിതിയുടെ അതിവേഗത ആർജിച്ചുകഴിഞ്ഞ തകർച്ചയെ തടയാനുള്ള ശ്രമങ്ങൾക്ക് വിഘാതമാകുന്നത്. ഇപ്പോഴത്തെ വയനാട് ദുരന്തത്തെപ്പറ്റിയുള്ള ചർച്ചകളിൽ മുന്നറിയിപ്പ് സംവിധാനങ്ങളുടെ അപര്യാപ്തത വലിയ വീഴ്ചയായി ഉയർത്തിക്കാട്ടാൻ പല കോണുകളിൽനിന്നും ശ്രമങ്ങൾ നടന്നു, തുടർന്ന് നടക്കുന്നുമുണ്ട്. മുന്നറിയിപ്പ് സംവിധാനങ്ങളുടെ പ്രാധാന്യം ഒട്ടും കുറച്ചുകാണാതെ നാം തിരിച്ചറിയേണ്ട, അംഗീകരിക്കേണ്ട വസ്തുതയുണ്ട്. ഫലപ്രദമായ മുന്നറിയിപ്പ് വിലപ്പെട്ട ജീവൻ രക്ഷിക്കാൻ സഹായകമാവും. എന്നാൽ അവയ്ക്ക് വിനാശകാരികളായ പ്രകൃതി ദുരന്തങ്ങളെ തടഞ്ഞുനിർത്താനാവില്ല. പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കാനുള്ള മാർഗം പ്രകൃതിയുമായി താദാത്മ്യം പ്രാപിക്കുകയും മനുഷ്യൻ പ്രകൃതിക്കേല്പിച്ച മുറിവുകളുണക്കി അതിനെ പരിപോഷിപ്പിക്കുകയും മാത്രമാണ്. പ്രകൃതി ദുരന്തങ്ങളുടെ പാതയിൽനിന്നും ഒഴിഞ്ഞിരിക്കലാണ് സുരക്ഷിതമെന്ന് തിരിച്ചറിഞ്ഞ് പരിസ്ഥിതിലോല മേഖലാ നിയമമടക്കമുള്ള നടപടികൾ കാലവിളംബം കൂടാതെ നടപ്പാക്കാൻ വയനാട് ദുരന്തം പ്രേരകമാവണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.