5 December 2025, Friday

Related news

December 5, 2025
December 3, 2025
December 2, 2025
December 1, 2025
November 30, 2025
November 29, 2025
November 28, 2025
November 27, 2025
November 26, 2025
November 25, 2025

ചെങ്കോട്ടയ്ക്ക് സമീപത്തെ സ്ഫോടനം വസ്തുനിഷ്ഠ അന്വേഷണം നടത്തണം

Janayugom Webdesk
November 12, 2025 5:00 am

രാജ്യത്തെയാകെ ഞെട്ടിച്ച സംഭവമാണ് തിങ്കളാഴ്ച വൈകിട്ട് രാജ്യ തലസ്ഥാനത്തുണ്ടായ, 13 പേരുടെ ജീവഹാനിക്കും നിരവധി പേർക്ക് പരിക്കേൽക്കുന്നതിനുമിടയാക്കിയ സ്ഫോടനം. തലസ്ഥാനത്തെ ഏറ്റവുമധികം ജനത്തിരക്കേറിയ പ്രദേശത്താണ് സ്ഫോടനമുണ്ടായത് എന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ഏറെ ജനത്തിരക്കേറിയ ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഗേറ്റ് നമ്പർ ഒന്നിലാണ് കാർ പൊട്ടിത്തെറിച്ച് സ്ഫോടനം നടന്നത്. സമീപത്തുണ്ടായിരുന്ന വാഹനങ്ങളും കത്തിയമർന്നു. വൈകുന്നേരം 6.52നാണ് സ്ഫോടനം നടന്നത്. ഔദ്യോഗിക കണക്കനുസരിച്ച് ഒമ്പത് മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. അതിശക്തമായ സ്ഫോടനമാണ് ഉണ്ടായതെന്നാണ് ദൃശ്യങ്ങളും ദൃക്സാക്ഷികളും വ്യക്തമാക്കിയതെങ്കിലും തീവ്രവാദി ആക്രമണമായി കാണേണ്ടതില്ലെന്നായിരുന്നു സംഭവം നടന്നയുടൻ അധികൃതരുടെ ആദ്യ വിശദീകരണം. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറി സാധ്യതകളാണ് ഇതിന് ഉപോൽബലകമായി പറഞ്ഞത്. രാജ്യത്തിന്റെയും ലോകത്തിന്റെയും വിവിധ ഭാഗങ്ങളിൽ നിന്ന് ജനങ്ങൾ എത്തിച്ചേരുന്ന ചെങ്കോട്ടയ്ക്ക് തൊട്ടടുത്ത മെട്രോ സ്റ്റേഷന് സമീപത്താണ് സ്ഫോടനമുണ്ടായത്. അതുകൊണ്ടുതന്നെ വൻതോതിലുള്ള നാശം വിതയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ഫോടനം ആസൂത്രണം ചെയ്തതെന്ന് അനുമാനിക്കാവുന്നതാണ്. അത്യന്തം സുരക്ഷാ സജ്ജീകരണങ്ങൾ ഉണ്ടാകേണ്ട ചെങ്കോട്ടയ്ക്ക് സമീപമാണ് സംഭവമുണ്ടായിരിക്കുന്നത് എന്നത് ഡൽഹി പൊലീസിന്റെ രാജ്യതലസ്ഥാനത്തെ പഴുതടച്ച സുരക്ഷയെന്ന അവകാശവാദങ്ങളെയും സംശയത്തിന്റെ നിഴലിലാക്കുന്നു. മാത്രവുമല്ല ഇതിന് മുമ്പ് നടന്ന സംഭവങ്ങളിൽ കൈക്കൊണ്ട സമീപനങ്ങൾ അവകാശവാദങ്ങൾക്കപ്പുറം അലംഭാവത്തെയാണ് വെളിപ്പെടുത്തുന്നത്. 

കഴിഞ്ഞ ഏപ്രിൽ 22ന് കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണമാണ് അടുത്തിടെയുണ്ടായതിൽ ഏറ്റവും ഞെട്ടലും ജീവഹാനിയുമുണ്ടാക്കിയത്. പാകിസ്ഥാനിൽ നിന്നുള്ള ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് കണ്ടെത്തി അതിന് ഓപ്പറേഷൻ സിന്ദൂറിലൂടെ കനത്ത തിരിച്ചടി നൽകി. അക്കാര്യം ലോകരാഷ്ട്രങ്ങളെ ബോധ്യപ്പെടുത്തുന്നതിന് സംയുക്ത സംഘങ്ങളെ അയയ്ക്കുകയും ചെയ്തിരുന്നു. ഇത്തരം നടപടികളിലെല്ലാം രാജ്യമാകെ കേ­ന്ദ്ര സർക്കാരിനൊപ്പം നിലകൊണ്ടുവെങ്കിലും നേട്ടങ്ങളെല്ലാം തങ്ങളുടെ സ്വന്തമാക്കുന്നതിനുള്ള സങ്കുചിത ശ്രമങ്ങളും കേന്ദ്ര ഭരണ രാഷ്ട്രീയ കക്ഷിയിൽ നിന്നുണ്ടായി. എ­ന്നാൽ സംഭവത്തിൽ നേരിട്ട് പങ്കാളികളായ ഭീകരരെ ഇതുവരെ കണ്ടെത്താനായില്ലെന്നത് ന­മ്മെയെല്ലാം പ്രയാസപ്പെടുത്തുന്നതാണ്. യഥാർത്ഥ കുറ്റവാളികൾ ഇപ്പോഴും കാണാമറയത്താണ്. സംഭവത്തിൽ കുറ്റപത്രം സമർപ്പിക്കുന്നതുപോലും വൈകുകയുമാണ്. പഹ­ൽഗാം കൂട്ടക്കൊലയിലേക്ക് നയിച്ചത് ഗുരുതരമായ സുരക്ഷാ വീഴ്ചയുടെ ഫലമാണെന്നത് ആരോപണം മാത്രമല്ലെന്ന് തെളിയുകയും ചെയ്തതാണ്. സുരക്ഷാവീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ജമ്മു കശ്മീർ ലഫ്റ്റ്നന്റ് മനോജ് സിൻഹ പറഞ്ഞിരുന്നതുമാണ്. പക്ഷേ ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും പ്രതികരണം ഉണ്ടായില്ല. 2020 ഫെബ്രുവരിയിൽ തലസ്ഥാനത്തുണ്ടായ കലാപത്തിന്റെ കാര്യവും വ്യത്യസ്തമല്ല. അഞ്ചുവർഷം പിന്നിട്ടിട്ടും ആ സംഭവത്തിലെ കേസ് സംബന്ധിച്ച് അന്തിമ തീർപ്പുണ്ടായിട്ടില്ല. എന്നുമാത്രമല്ല കേസന്വേഷണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഡൽഹി പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ എത്രയോ തവണ വിവിധ കോടതികളുടെ രൂക്ഷ വിമർശനത്തിനുമിടയാക്കിയതാണ്. പൗരത്വ വിരുദ്ധ സമരത്തെ തകർക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ബോധപൂർവം സൃഷ്ടിക്കപ്പെട്ടതായിരുന്നു ഡൽഹി കലാപമെന്ന ആരോപണവും പരിഗണിക്കപ്പെട്ടില്ല. എന്നുമാത്രമല്ല ഡൽഹി കലാപത്തിലേക്ക് നയിച്ച കാരണമായി ഉന്നയിക്കപ്പെട്ട പ്രകോപന പ്രസംഗം നടത്തിയ ബിജെപി നേതാവ് കപിൽ മിശ്രയ്ക്കെതിരെ എന്തെങ്കിലും നടപടിയെടുക്കാൻ അധികൃതർ സന്നദ്ധമായതുമില്ല. മിശ്രയ്ക്കെതിരെ കേസെടുക്കണമെന്ന കീഴ്‌ക്കോടതി വിധി അപ്പീൽ നൽകി റദ്ദാക്കുന്ന സമീപനവുമുണ്ടായി. 

ആദ്യ നിഗമനത്തിൽ നിന്ന് വ്യത്യസ്തമായി ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം കഴിഞ്ഞ ദിവസം നടന്നത് ഭീകര ബന്ധമുള്ള സംഭവമാണെന്ന് ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട്. സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച വ്യക്തികളെയും അവരുടെ ബന്ധങ്ങളും സംബന്ധിച്ച സൂചനകളും പുറത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഡൽഹിയിലുണ്ടായ കാർ ബോംബ് സ്ഫോടനവും ജീവഹാനിയും നാശനഷ്ടങ്ങളും സംബന്ധിച്ച യഥാർത്ഥ വസ്തുതകളും കുറ്റവാളികളെയും പുറത്തുകൊണ്ടുവരുന്നതിന് സമഗ്രവും സുതാര്യവും സമയബന്ധിതവുമായ അന്വേഷണവും തുടർനടപടികളും ഉണ്ടാകേണ്ടതുണ്ട്. എൻഐഎ അന്വേഷണം ഇതിന് പര്യാപ്തമാണെന്ന് തോന്നുന്നില്ല. ചെങ്കോട്ട പോലുള്ള സുപ്രധാന കേന്ദ്രത്തിലാണ് ഈ സംഭവമുണ്ടായതെന്ന ഗൗരവത്തോടെയുള്ള അന്വേഷണവും തുടർനടപടികളുമാണ് കേന്ദ്ര സർക്കാരിൽ നിന്നുണ്ടാകേണ്ടത്. ഇത്രയും സുരക്ഷാ പ്രാധാന്യമുള്ള സ്ഥലത്ത് ഭീകരർക്ക് സ്ഫോടകവസ്തുക്കളുമായി എത്തുന്നതിന് സാധിച്ചതിന് പിന്നിൽ സുരക്ഷാ വീഴ്ചയുണ്ടായോ എന്നും കണ്ടെത്തേണ്ടതുണ്ട്. അതിന് വാചാടോപങ്ങൾക്കും അവകാശവാദങ്ങൾക്കുമപ്പുറം വസ്തുനിഷ്ഠവും സമഗ്രവുമായ അന്വേഷണമാണ് ആവശ്യമായിട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.