27 December 2024, Friday
KSFE Galaxy Chits Banner 2

വ്യാജ സർട്ടിഫിക്കറ്റ് വിവാദം സമഗ്രാന്വേഷണം വേണം

Janayugom Webdesk
June 21, 2023 5:00 am

ഒട്ടനവധി അംഗീകാരങ്ങളും വ്യത്യസ്തമായ സമീപനരീതികളുംകൊണ്ട് ദേശീയവും രാജ്യാന്തരവുമായി മുന്നിട്ടുനിൽക്കുന്ന വിദ്യാഭ്യാസരംഗമാണ് കേരളത്തിലേത്. പ്രാഥമികഘട്ടം മുതൽ ഉന്നതതലം വരെയുള്ള വിദ്യാഭ്യാസരംഗത്തിന്റെ മേന്മയെ കുറിച്ച് മൂന്നാഴ്ച മുമ്പാണ് ദേശീയതലത്തിലുള്ള ഒരു റിപ്പോർട്ട് പുറത്തുവന്നത്. രാജ്യത്ത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗണ്യമായ കൊഴിഞ്ഞുപോക്ക് സംഭവിക്കുമ്പോഴും കേരളം വേറിട്ടുനിൽക്കുന്നുവെന്നാണ് പ്രസ്തുത റിപ്പോർട്ട് വ്യക്തമാക്കിയത്. എന്നാൽ അത്തരം നേട്ടങ്ങളെയും അംഗീകാരങ്ങളെയും അപ്രസക്തമാക്കുന്ന ദൗർഭാഗ്യകരമായ സംഭവങ്ങളാണ് കഴിഞ്ഞ കുറച്ചുനാളുകളായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് നല്‍കി ജോലിയും ആൾമാറാട്ടം നടത്തി വിദ്യാർത്ഥി യൂണിയൻ ഭാരവാഹി സ്ഥാനവും നേടാന്‍ ശ്രമിച്ചതിന്റെ നാണക്കേടുണ്ടാക്കുന്ന വിവരങ്ങളും അതിന്റെ വിവാദങ്ങളും നിലനിൽക്കേയാണ് വ്യാജ സർട്ടിഫിക്കറ്റ് നല്‍കി ഉന്നത കോഴ്സിലേക്ക് പ്രവേശനം നേടിയ വിദ്യാർത്ഥിയെ കുറിച്ചുള്ള പുതിയ വിവാദമുണ്ടായിരിക്കുന്നത്. കായംകുളം എംഎസ്എം കോളജിൽ ഉന്നത പഠനത്തിന് നിഖിൽ തോമസ് എന്ന വിദ്യാർത്ഥി പ്രവേശനം നേടിയത് വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചാണെന്നതാണ് പുതിയ വിവാദത്തിന് നിദാനമായിരിക്കുന്നത്. ഞെട്ടിപ്പിക്കുന്നതും അതേസമയം ദുരൂഹവുമായ നിരവധി വിവരങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്നത്. കായംകുളം എംഎസ്എം കോളജിൽ ബിരുദ വിദ്യാർത്ഥിയായ ഒരാൾ അതേ കോളജിൽ ബിരുദാനന്തര ബിരുദത്തിന് പ്രവേശനം നേടുന്നത് കേരളത്തിന് പുറത്തുള്ള മറ്റൊരു കോളജിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ്. വിചിത്രമായ കാര്യം കായംകുളത്ത് പഠിച്ച അതേകാലയളവിലുള്ള സർട്ടിഫിക്കറ്റാണ് ഹാജരാക്കിയതെന്നതാണ്. ഒരു കോളജിൽ പഠിച്ച് പരീക്ഷയെഴുതി പരാജയപ്പെട്ട വിദ്യാർത്ഥി അതേ കാലയളവിൽ മറ്റൊരിടത്തു പഠിച്ച് പാസായെന്ന സർട്ടിഫിക്കറ്റ് അതേ കോളജിൽ ഹാജരാക്കുമ്പോൾ കണ്ടെത്താനാകാതെ പോയെങ്കിൽ അത് ഗുരുതരമായ വീഴ്ചയാണ്.

 


ഇതുകൂടി വായിക്കു; വളരുന്ന ഇന്ത്യയും തളരുന്ന ജനതയും


ഡിജിറ്റൽ സാങ്കേതികത മുന്നേറിയതിന്റെ ഫലമായി ഇത്തരം പരിശോധനകൾ വളരെയധികം സാധ്യതകൾ തുറന്നിടുന്ന കാലത്താണ് നാമുള്ളത്. അത് മാറ്റിവച്ച് പ്രാഥമിക പരിശോധനയിൽ പോലും കണ്ടെത്താവുന്നതാണ് ഇത്തരമൊരു പിശക്. ഇവിടെയാണ് ദുരൂഹത വർധിക്കുന്നത്. അതുകൊണ്ടുതന്നെ പരസ്പരം പഴിചാരി രക്ഷപ്പെടാവുന്ന കൃത്യവിലോപമല്ല നടന്നതെന്ന് ഒറ്റനോട്ടത്തിൽതന്നെ മനസിലാക്കാവുന്നതാണ്. നേരത്തെയെന്നതുപോലെ ഈ സംഭവത്തിലും എസ്എഫ്ഐ എന്ന പ്രമുഖ വിദ്യാർത്ഥി സംഘടനയുടെ സജീവ പ്രവർത്തകനാണ് കുറ്റാരോപിതനായിട്ടുള്ളത് എന്നതുകൊണ്ട് വലതുപക്ഷ മാധ്യമങ്ങൾ ഇത് വല്ലാതെ ആഘോഷിക്കുന്നുണ്ട്. അത് തികച്ചും നിക്ഷിപ്ത താല്പര്യങ്ങളുടെ പുറത്താണെന്ന് വ്യക്തമാണ്. കെഎസ്‌യു ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനാ നേതാക്കളുടെയും പ്രവർത്തകരുടെയും വ്യാജസർട്ടിഫിക്കറ്റ് വാർത്തകളും പുറത്തുവരുന്നുണ്ട്. അവയ്ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കാതെ ചില കേസുകൾക്ക് അമിത പ്രാധാന്യം നല്‍കുന്നത് സത്യസന്ധമല്ലെന്ന് വ്യക്തവുമാണ്. അതുകൊണ്ട് ഇപ്പോഴുണ്ടായ സംഭവങ്ങൾ ലളിതമാകുന്നില്ല. ഇത്തരം വ്യാജന്മാർക്ക് പൂർണമായും പടിക്കുപുറത്താണ് സ്ഥാനമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുവാൻ ബന്ധപ്പെട്ടവർക്ക് സാധ്യമാകുന്നില്ലെന്നത് വലിയ പ്രശ്നമാണ്. ഇപ്പോഴത്തെ വിഷയമുണ്ടായപ്പോഴും ആദ്യം അത്തരം ഒരു നിലപാടാണ് സ്വീകരിച്ചതെന്ന് നാം കണ്ടു.


ഇതുകൂടി വായിക്കു; കാമ്പസുകളിലെ കലഹങ്ങൾ എന്തിനാകണം


 

പിന്നീട് കേരള സർവകലാശാല വിസി വ്യാജസർട്ടിഫിക്കറ്റെന്ന കാര്യത്തിൽ സ്ഥിരീകരണം നടത്തിയതിനുശേഷമാണ് വിദ്യാർത്ഥിയെ തള്ളിപ്പറയുന്നതും സംഘടനയില്‍ നിന്നും കോളജിൽ നിന്നും പുറത്താക്കുന്നതുൾപ്പെടെയുള്ള നടപടികളുണ്ടാകുന്നതും. ഈ വിഷയം വ്യത്യസ്തമായ നിരവധി മാനങ്ങളുള്ളതാണ്. ഒന്ന് ഒരു വിദ്യാർത്ഥി നടത്തിയ കുറ്റകൃത്യം. രണ്ട് പ്രസ്തുത കുറ്റകൃത്യം തിരിച്ചറിയുന്നതിനുള്ള പ്രാഥമികമായ പരിശോധനകൾ പോലും എവിടെയും നടന്നില്ല എന്നുള്ളത്. മറ്റൊന്ന് സംസ്ഥാനത്തിന് പുറത്ത് പ്രവർത്തിക്കുന്ന കോളജുകളുടെയും സർവകലാശാലകളുടെയും പേരിൽ നടക്കുന്ന തട്ടിപ്പുകളും വ്യാജ വിദ്യാഭ്യാസത്തിന് സൗകര്യം നല്‍കുന്ന മാഫിയകളുടെ ഇടപെടലും. ഏകസംഘടനാ വാദവും അതിന്റെ ഭാഗമായുള്ള ജനാധിപത്യ ധ്വംസനങ്ങളും കോളജുകളിൽ സമഗ്രാധിപത്യം നിലനിർത്തുന്നതിന് ഏത് കുത്സിത മാർഗങ്ങളും അവലംബിക്കാമെന്ന സ്വയംബോധ്യവും നമ്മുടെ പല കാമ്പസുകളിലും നിലവിലുണ്ടെന്നതും യാഥാർത്ഥ്യമാണ്. അങ്ങനെയുള്ള സ്ഥാപനങ്ങളിൽ ഇത്തരം കുത്സിത പ്രവൃത്തികളോട് തല്പരരായവർ കാമ്പസുകളിലെ സംഘടനാശക്തി നോക്കി ചേക്കേറുന്നു. അതോടെ അവരുടെ കുറ്റകൃത്യങ്ങളെ മൂടിവയ്ക്കുകയോ സംരക്ഷിക്കുകയോ ചെയ്യേണ്ട ഉത്തരവാദിത്തം പ്രസ്തുത സംഘടനകളുടേതാവുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിൽ കാമ്പസുകളിലെ ജനാധിപത്യവൽക്കരണത്തെ സംബന്ധിച്ച സജീവ സംവാദത്തിന് ഈ സംഭവങ്ങൾ വഴിയൊരുക്കണം. നിയതമായ മാർഗത്തിലൂടെയും സമിതികളെ നിയോഗിച്ചും കേരള സർവകലാശാലയും പരാതികളുടെ അടിസ്ഥാനത്തിൽ പൊലീസും ഇക്കാര്യത്തിൽ അന്വേഷണം നടത്തുന്നുണ്ട്. അത് സ്വാഗതാർഹമാണെങ്കിലും ആഴ്ചകൾക്ക് മുമ്പുണ്ടായ വിവാദങ്ങളിലെ അന്വേഷണങ്ങളെക്കുറിച്ച് സംശയങ്ങളുയർന്നിട്ടുണ്ട്. അതുകൊണ്ട് പല മാനങ്ങൾ കൈവരിക്കപ്പെട്ടതിനാലും അന്തർ സംസ്ഥാന തലത്തിലുള്ള ഇടപാടുകളെ കുറിച്ച് ആരോപണങ്ങൾ ഉയർന്നിരിക്കുന്നതിനാലും അതെല്ലാം പരിഗണിച്ചുള്ള സമഗ്രമായ അന്വേഷണം നടത്തേണ്ടതുണ്ട്.

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.