19 December 2025, Friday

കേരള ഗവർണർ ഗവർണർ ജനറലല്ല

Janayugom Webdesk
December 17, 2025 5:00 am

കോളനിവാഴ്ചക്കാലത്തായിരുന്നു ഗവർണദോർമാരും ഗവർണർ ജനറൽമാരും പരിധികളില്ലാത്ത അധികാരം പ്രയോഗിച്ച് സർവാധികാരം കയ്യാളിയിരുന്നത്. കോളനിവാഴ്ച അവസാനിച്ചു, ജനാധിപത്യം സ്ഥാപിക്കപ്പെട്ടു. ഫെഡറൽ ജനാധിപത്യ സംവിധാനത്തിൽ സംസ്ഥാന ഭരണനിർവഹണത്തിന്റെ തലവനെന്ന നിലയ്ക്കാണ് ഗവർണർ നിയമിതനാകുന്നത്. മന്ത്രിസഭയുടെ ഉപദേശമനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടത്. എന്നാൽ ഗവർണർ സ്ഥാനം സ്വയം പരിഹാസ്യമാകുന്ന കാഴ്ചയാണ് കുറെക്കാലങ്ങളായി കാണാൻ കഴിയുന്നത്. കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് താല്പര്യമില്ലാത്ത സംസ്ഥാനങ്ങളെ ആവുന്നതിലപ്പുറം ദ്രോഹിക്കാൻ കെട്ടിയിറക്കിയിരിക്കുകയാണ് ഗവർണർമാരെ എന്ന് പറയാതിരിക്കാനാവില്ല. കേന്ദ്രസർക്കാരിന്റെ കങ്കാണികളായി നിയമിക്കപ്പെടുന്ന ഗവർണർമാർ എല്ലാവിധ ജനാധിപത്യപ്രക്രിയകളെ അവഗണിച്ചും അവഹേളിച്ചും തങ്ങളുടെ ദുഷ്ചെയ്തികൾ കേരളത്തിനും തെരഞ്ഞെടുത്ത സംസ്ഥാന ഭരണകൂടത്തിനും മേൽ അടിച്ചേല്പിക്കാൻ ശ്രമിക്കുകയാണ്. ഗവർണറുടെ ഔദ്യോഗികവസതി കേന്ദ്രീകരിച്ച് സംഘ്പരിവാർ കുഴലൂത്ത് സംഘം നടത്തുന്ന അപഹാസ്യ നടപടികൾക്ക് കണക്കില്ല. ഗവർണർ പദവി തന്നെ ആവശ്യമില്ലെന്ന പൊതുജനാഭിപ്രായം ശക്തമായിരിക്കുമ്പോഴാണ് സംസ്ഥാന സർക്കാരുമായുള്ള ഏറ്റുമുട്ടലുകൾ നിരന്തരം തുടരുന്നത്. അതിനിടെ സുപ്രീം കോടതിയുമായും കൊമ്പുകോർക്കാനിറങ്ങിയ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സ്വയം പരിഹാസ്യനായിക്കൊണ്ടിരിക്കുകയാണ് എന്ന് വിവരമുള്ള ആരെങ്കിലും പറഞ്ഞുകൊടുക്കുന്നത് നന്നായിരിക്കും. 

സർവകലാശാലകളുടെ ചാൻസലർ എന്ന പദവിയുപയോഗിച്ച് മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ നാടകങ്ങളുടെ തുടർച്ച തന്നെയാണ് രാജേന്ദ്ര വിശ്വനാഥ് അർലേക്കറും കാഴ്ചവയ്ക്കുന്നത്. വൈസ് ചാൻസലർ നിയമവുമായി ബന്ധപ്പെട്ട് കേരളത്തിലാകെ ക്രമസമാധാനനില പോലും തകരാറിലാക്കുന്നവിധം പെരുമാറിയ ആരിഫ് മുഹമ്മദ് ഖാന്റെ പിൻഗാമിയായി എത്തിയ അർലേക്കർ ഇപ്പോഴിതാ സുപ്രീം കോടതിയെ പോലും വെല്ലുവിളിക്കുകയാണ്. നിരന്തര തർക്കങ്ങൾക്കൊടുവിൽ വൈസ് ചാൻസലർ നിയമന പ്രശ്നം സുപ്രീം കോടതിക്ക് മുന്നിലെത്തുകയും ഗവർണറുടെ നിലപാടുകൾക്ക് വിരുദ്ധമായി കോടതി നിലപാട് സ്വീകരിക്കുകയും ചെയ്തതോടെയാണ് രാജ്യത്തെ പരമോന്നത കോടതിക്കെതിരെ ഗവർണർ വാളെടുത്തിരിക്കുന്നത്. 

സർവകലാശാല നിയമനങ്ങളാണ് ഗവർണർ സംസ്ഥാന സർക്കാരിനെതിരെയുള്ള പോരിന് പ്രധാന ആയുധമാക്കുന്നത്. സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങളുടെയും വൈസ് ചാൻസലർമാരുടെയും നിയമനങ്ങൾ, സംസ്ഥാന സർക്കാരിന്റെ അഭിപ്രായങ്ങൾ മുഖവിലയ്ക്കെടുക്കാതെ ബിജെപിക്കും ആർഎസ്എസിനും താല്പര്യമുള്ളവരെ ഏകപക്ഷീയമായി പരിഗണിക്കുകയും ചൊല്പടിക്ക് നിൽക്കുന്നവരെ നിയമിക്കുക വഴി ഉന്നതവിദ്യാഭ്യാസമേഖലയെ അക്ഷരാർത്ഥത്തിൽ അനിശ്ചിതത്വത്തിലാക്കി തകർക്കാനുമാണ് ലോക്‌ഭവനിൽ നിന്നുള്ള തീരുമാനങ്ങളെന്ന കാര്യത്തിൽ സംശയമില്ല. ജനാധിപത്യമൂല്യങ്ങളെയും സാമാന്യമര്യാദകളെയും കാറ്റിൽപ്പറത്തിയും സർക്കാരുമായുള്ള സമവായ ചർച്ചകൾക്ക് പുല്ലുവില നൽകിയും മുന്നോട്ടുപോകുന്ന ഗവർണർക്കുള്ള തിരിച്ചടിയായിരുന്നു സുപ്രീം കോടതിയിൽ നിന്നുണ്ടായത്. അതിനെതിരെയാണ് പരമോന്നത കോടതിക്കെതിരെ പരസ്യമായി ഗവർണർ ഉറഞ്ഞുതുള്ളുന്നത്. 

കേരള ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ വൈസ് ചാൻസലറായി ആരെ നിയമിക്കണമെന്ന് ധാരണയാകാത്ത സാഹചര്യത്തിലാണ് സുപ്രീം കോടതി, ഇരു സർവകലാശാലകളിലേക്കും ചുരുക്കപ്പട്ടിക തയ്യാറാക്കിയ ജസ്റ്റിസ് സുധാംശു ധൂലിയ സമിതിയോട് വിസി സ്ഥാനത്തേക്കുള്ള പേരുകൾ മുൻഗണനാക്രമത്തിൽ നൽകാൻ നിർദേശിച്ചത്. ജസ്റ്റിസുമാരായ ജെ ബി പർഡിവാല, കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് നിർദേശം മുന്നോട്ടുവച്ചത്. ഇതിനെതിരെ എന്തിനാണ് സെർച്ച് കമ്മിറ്റിയെ കോടതി നിയമിക്കുന്നതെന്ന വാദമാണ് ഗവർണർ ഉയർത്തിയത്. വിസിമാരെ നിയമിക്കാനുള്ള അധികാരം ചാൻസലർക്കാണെന്നും മറ്റുള്ളവരുടെ ചുമതലകൾ കോടതി ഏറ്റെടുക്കുന്നത് ശരിയല്ലെന്നുമാണ് ഗവർണർ പ്രതികരിച്ചത്. നിയമം പാലിക്കാൻ കോടതിക്ക് പറയാമെന്നും എന്നാല്‍ നിങ്ങളുടെ ജോലി ഞങ്ങൾ ചെയ്തോളാമെന്ന് പറയരുതെന്നും ഓരോരുത്തരുടെയും ചുമതലകളെ കോടതി ബഹുമാനിക്കണമെന്നും നാളെ തെരഞ്ഞെടുപ്പ് കമ്മിഷനോടും കോടതി ഇങ്ങനെ പറഞ്ഞേക്കാം എന്നുമൊക്കെയാണ് അര്‍ലേക്കറുടെ വിലാപം. മുഖ്യമന്ത്രി, ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിട്ട് പോലും നിലപാടിൽ അയവുവരുത്താൻ അർലേക്കർ തയ്യാറാകാതെ വന്നതോടെ ഈ തർക്കത്തിലെ രാഷ്ട്രീയം സുപ്രീം കോടതിക്ക് ബോധ്യപ്പെട്ടതിനാലാണ് പ്രശ്നപരിഹാരത്തിനായി സെർച്ച് കമ്മിറ്റിക്ക് നിർദേശം നൽകിയത്.

എന്നാൽ കടുംപിടിത്തം അവസാനിപ്പിച്ച് ഭരണത്തലവനെന്ന നിലയ്ക്ക് സംസ്ഥാനത്തിന് ഗുണകരമാകുന്ന തീരുമാനമെടുക്കാതെ സുപ്രീം കോടതിയെ വെല്ലുവിളിക്കാനും വിമർശിക്കാനുമാണ് അർലേക്കറുടെ ശ്രമം. ഗവർണർ സ്ഥാനം പരമാധികാരത്തിന്റെ അങ്ങേയറ്റത്തുള്ളതാണെന്ന ധാർഷ്ട്യം അർലേക്കർ അവസാനിപ്പിക്കുക തന്നെ വേണം. ബിജെപി രാജിന് കീഴിലല്ല കേരളത്തിലെ സർക്കാർ എന്ന് ഓർമ്മിക്കുന്നതും നല്ലതാണ്. 

Kerala State - Students Savings Scheme

TOP NEWS

December 19, 2025
December 19, 2025
December 19, 2025
December 19, 2025
December 19, 2025
December 19, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.