
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചതോടെ കേരളത്തിന്റെ രാഷ്ട്രീയരംഗം കൊഴുപ്പിക്കാൻ, കഴിഞ്ഞ കുറച്ചുകാലമായുള്ള പതിവുപോലെ, ഇക്കുറിയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) രംഗപ്രവേശം ചെയ്തിരിക്കുന്നു. കേരള സർക്കാരിന്റെ അടിസ്ഥാന സൗകര്യവികസന പദ്ധതികളുടെ മുഖ്യ ധനസ്രോതസായ കേരളാ ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) വിദേശ നാണ്യ പരിപാലന നിയമം (ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് — ഫെമ), റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദേശങ്ങൾ എന്നിവ മറികടന്നതായി ആരോപിച്ചുള്ള കാരണം കാണിക്കൽ നോട്ടീസുമായാണ് ഇത്തവണ ഇഡിയുടെ രംഗപ്രവേശം. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി ടി എം തോമസ് ഐസക്, കിഫ്ബിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ കെ എം ഏബ്രഹാം എന്നിവർക്ക് ലഭിച്ച ഇഡി നോട്ടീസ്, മാധ്യമങ്ങളിൽ മുഖ്യസ്ഥാനം പിടിക്കുകയും യുഡിഎഫ്, ബിജെപി പ്രതിപക്ഷ വൃത്തങ്ങൾ അത് കൊണ്ടാടുകയും ചെയ്യുക സ്വാഭാവികം. അതുതന്നെയാണ് ഇഡിയുടെയും, അവരുടെ കഴുത്തിലെ ചങ്ങലയുടെ മറുതലയിലുള്ള മോഡി ഭരണകൂടത്തിന്റെയും ആത്യന്തിക ലക്ഷ്യമെന്ന് അനുഭവം സാക്ഷ്യപ്പെടുത്തുന്നു. ഇതിനു മുമ്പ് 2020ലെ തദ്ദേശ തെരഞ്ഞെടുപ്പ്, 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ്, തുടർന്ന് 2024ൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളകളിലും സമാനമായ നാടകങ്ങൾ അരങ്ങേറിയിരുന്നു. അന്ന് സംഭവിക്കാത്ത തരത്തിലുള്ള എന്തെങ്കിലും പ്രത്യാഘാതങ്ങൾ ഇപ്പോഴുണ്ടാകുമെന്ന് നോട്ടീസിന്റെ ഉപജ്ഞാതാക്കൾ പോലും പ്രതീക്ഷിക്കുന്നില്ല. തങ്ങളുടെ യജമാനന്മാർക്കു വേണ്ടി വെളളം കലക്കുകയെന്ന ദൗത്യത്തിലാണ് ഇഡി ഏർപ്പെട്ടിട്ടുള്ളത്. പ്രഥമ കുടുംബമടക്കം തങ്ങളുടെ നേതൃത്വമൊന്നാകെ മോഡി ഭരണത്തിൽ ഇഡിയുടെയും ഇതര കേന്ദ്ര അന്വേഷണ ഏജൻസികളുടെയും നിരന്തര വിദ്രോഹങ്ങളുടെ ഇരകളാണെന്ന യാഥാർത്ഥ്യം മറന്നുകൊണ്ടാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം ബിജെപിക്കൊപ്പം മോഡി സർക്കാരിന്റെ ഈ പൊറാട്ടുനാടകത്തിന്റെ ആസ്വാദകരായി സ്വയം പരിഹാസ്യരായി മാറുന്നത്.
ഇഡിയുടെ കാരണംകാണിക്കൽ നോട്ടീസെന്ന രാഷ്ട്രീയ പ്രഹസനത്തിന്റെ വിശദാംശങ്ങളിലേക്ക് ഇവിടെ കടക്കേണ്ടതില്ല. അതിന്റെ ആവർത്തന വിരസതയും അന്തഃസാരശൂന്യതയും രാഷ്ട്രീയ തിമിരം ബാധിച്ചിട്ടില്ലാത്ത കേരളത്തിലെയും രാജ്യത്തെയും പൊതുസമൂഹം ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കലും വിദേശനാണ്യ നിയമങ്ങളുടെ ലംഘനവും തടയുന്നതിനുവേണ്ടിയുള്ള അന്വേഷണ, പ്രതിരോധ സംവിധാനമാണ് ഭരണകൂട വിധേയത്വത്തിലൂടെയും കാര്യക്ഷമതാ രാഹിത്യത്തിലൂടെയും പരിഹാസ്യമായി മാറിയത്. ഇഡിയെ നിയന്ത്രിക്കുന്ന ഭരണകൂടവും അതിന്റെ ചുമതല വഹിക്കുന്ന കേന്ദ്ര മന്ത്രാലയവും ഇക്കഴിഞ്ഞദിവസം പുറത്തുവിട്ട വസ്തുതകൾതന്നെ ഇത് സാക്ഷ്യപ്പെടുത്തുന്നു. മുൻ ബിജെപി നേതാവും എംപിയും കേന്ദ്രമന്ത്രിയും ഇപ്പോൾ പശ്ചിമ ബംഗാളിലെ അസൻസോൾ മണ്ഡലത്തെ ലോക്‌സഭയിൽ പ്രതിനിധികരിക്കുന്ന തൃണമൂൽ എംപിയുമായ ശത്രുഘ്നൻ സിൻഹയുടെ ഒരു ചോദ്യത്തിന് യൂണിയൻ ധനമന്ത്രാലയത്തിലെ ഇളമുറ മന്ത്രി പങ്കജ് ചൗധരി നൽകിയ മറുപടി മേല്പറഞ്ഞ വസ്തുതകളുടെ സ്വയം സംസാരിക്കുന്ന സാക്ഷ്യപത്രമാണ്. നരേന്ദ്ര മോഡി അധികാരത്തിലേറിയ 2014 ജൂൺ മുതൽ ഈ വർഷം ഒക്ടോബർ വരെയുള്ള 11 വർഷ കാലയളവിൽ കള്ളപ്പണം വെളുപ്പിക്കൽ നിയമനുസരിച്ച് (പ്രിവൻഷൻ ഓഫ് മണി ലോണ്ടറിങ് ആക്ട് — പിഎംഎൽഎ) രജിസ്റ്റർചെയ്ത 6,312 കേസുകളിൽ ശിക്ഷിക്കപ്പെട്ടത് കേവലം 120 മാത്രമാണ്. 2019ന് ശേഷം കുറ്റകൃത്യം തെളിയിക്കാനാവാതെ 93 കേസുകളിൽ അന്വേഷണം അവസാനിപ്പിക്കുകയുണ്ടായി. പിഎംഎൽഎ നിയമം നിലവിൽ വന്ന 2005 ജൂലൈ ഒന്ന് മുതൽ 2019 ജൂലൈ 19 വരെ ആരോപണങ്ങൾ തെളിയിക്കാനാവാതെ അവസാനിപ്പിച്ച 1,185 കേസുകൾക്ക് പുറമെയാണ് ഇത്. 2019ന് മുമ്പ് രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളുടെ എണ്ണം ഒരിക്കലും 200 കവിഞ്ഞിരുന്നില്ല. തുടർന്നങ്ങോട്ട് കേസുകളുടെ മലവെള്ളപ്പാച്ചിൽ തന്നെ ഉണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു. മോഡി ഭരണത്തിൽ പിഎംഎൽഎ നിയമം 2019ൽ ഭേദഗതിചെയ്ത് കുറ്റാരോപിതർ തങ്ങളുടെ നിരപരാധിത്വം തെളിയിക്കണമെന്ന കർക്കശ വ്യവസ്ഥകൂടി ഉൾപ്പെടുത്തി. രാഷ്ട്രീയ പ്രതിയോഗികളെ ലക്ഷ്യംവച്ചുള്ള ഈ ഭേദഗതി 2022ൽ സുപ്രീം കോടതി ശരിവച്ചിരുന്നുവെങ്കിലും ഇപ്പോൾ ഒരു മൂന്നംഗ ബെഞ്ച് ഈ വിവാദ വ്യവസ്ഥ പുനഃപരിശോധിച്ചുവരികയാണ്. കേന്ദ്രസർക്കാർ തന്നെ ലോക്‌സഭയിൽ നൽകിയ ഈ വിവരങ്ങൾ വിവാദ നിയമം ജനാധിപത്യ ഭരണനിർവഹണ തത്വങ്ങൾക്കും സ്വാഭാവിക നീതിക്കുതന്നെയും എത്രത്തോളം വിരുദ്ധവും പ്രതിലോമകരവുമാണെന്ന് വ്യക്തമാക്കുന്നു.
കിഫ്ബി രാജ്യത്തെ നിയമങ്ങൾക്കും റിസർവ് ബാങ്കിന്റെ വ്യവസ്ഥകൾക്കും അനുമതിക്കും വിധേയമായി സംസ്ഥാനത്തിന്റെ വികസനലക്ഷ്യങ്ങൾക്കുള്ള ധനവിഭവ സമാഹരണത്തിനും അവയുടെ കാര്യക്ഷമമായ നടത്തിപ്പിനും വേണ്ടി ആവിഷ്കരിക്കപ്പെട്ട സംവിധാനമാണ്. ആ ദൗത്യം സ്തുത്യർഹമായി നിർവഹിക്കപ്പെടുന്നുവെന്നത് കക്ഷിരാഷ്ട്രീയത്തിന് അതീതമായി കേരളത്തിനാകെ അനുഭവവേദ്യവുമാണ്. ഇഡിയുടെ അന്വേഷണ, നോട്ടീസ് പരമ്പര ഭീഷണികൾക്കോ കിഫ്ബിയെയോ അതിനെ നയിക്കുന്ന എൽഡിഎഫ് സർക്കാരിനെയോ തടയാനാവില്ല. ബിജെപി സർക്കാരിന്റെ ഭീഷണികളെ അതിജീവിച്ച് മുന്നേറാനുള്ള രാഷ്ട്രീയ കരുത്തും ആർജവവും എൽഡിഎഫ് സർക്കാരിനും കേരളജനതയ്ക്കുമുണ്ട്. കഴിഞ്ഞ ഒരു ദശകമായി അധികാരത്തിന് പുറത്ത് കേരളത്തിന്റെ രാഷ്ട്രീയ പുറമ്പോക്കിൽ കഴിഞ്ഞുകൂടേണ്ടി വന്ന കോൺഗ്രസിന്റെ ഇച്ഛാഭംഗമാണ് ദേശീയതലത്തിൽ തങ്ങളുടെ രാഷ്ട്രീയ അന്തകരായി മാറിയ ബിജെപിയുമായി ഇവിടെ കൈകോർക്കാൻ അവരെ നിർബന്ധിതരാക്കുന്നത്. അത് കേരളത്തിലെ അവശേഷിക്കുന്ന കോൺഗ്രസിന്റെ അന്യംനിൽക്കലിലേക്കായിരിക്കും നയിക്കുകയെന്ന് വിവേകം നശിച്ചിട്ടില്ലാത്ത കോൺഗ്രസുകാർ തിരിച്ചറിയുമെന്ന് പ്രതീക്ഷിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.