
മാറ്റത്തിന്റെ തുടർച്ചയ്ക്ക് കൂടെ നിൽക്കാൻ ജനതയെ ആഹ്വാനം ചെയ്ത് എൽഡിഎഫ് വികസന സന്ദേശ ജാഥകൾ സമാപിക്കുകയാണ്. സര്‍ക്കാര്‍ നടപ്പാക്കിയ വികസന നേട്ടങ്ങള്‍ തൊട്ടറിഞ്ഞ ജനഹൃദയങ്ങളുടെ സ്പന്ദനത്തില്‍ നിന്ന് ആവേശത്തിന്റെ ഊര്‍ജം ഏറ്റുവാങ്ങിയാണ് ജാഥകള്‍ അവസാനഘട്ടത്തിലെത്തിയത്. കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി ക്യാപ്റ്റനായ മധ്യമേഖലാജാഥ ശനിയാഴ്ച സമാപിച്ചപ്പോള്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിച്ച തെക്കന്‍ മേഖലാജാഥ ഇന്നലെയാണ് പര്യടനം പൂര്‍ത്തിയാക്കിയത്. സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തില്‍ കാസര്‍കോട് നിന്ന് ആരംഭിച്ച വടക്കൻ മേഖലാ ജാഥ ആറ് ജില്ലകളിലൂടെ സഞ്ചരിച്ച് ഇന്ന് പാലക്കാട് ജില്ലയില്‍ സമാപിക്കും. ർഗീയകലാപങ്ങളില്ലാത്ത കേരളത്തിനും ജനക്ഷേമ പ്രവർത്തനങ്ങളുടെ തുടർച്ചയ്ക്കും എൽഡിഎഫ് സർക്കാർ സാധ്യമാക്കിയ മാറ്റങ്ങള്‍ക്ക് തുടർച്ച ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യമാണ് ജാഥകള്‍ ജനങ്ങളോട് പറഞ്ഞത്. ആശുപത്രികളുടെയും വിദ്യാലയങ്ങളുടെയും ദേശീയപാതയുടെയും മാറിയ ചിത്രവും ക്ഷേമപെൻഷനും ലൈഫ് പദ്ധതിയും സുരക്ഷിതമാക്കിയ അനേകലക്ഷം ജീവിതങ്ങളുടെ നേർച്ചിത്രവും അവതരിപ്പിക്കാന്‍ കഴിഞ്ഞു. ഫെബ്രുവരി ഒന്ന് മുതല്‍ രണ്ടാഴ്ചയോളം സംസ്ഥാനമൊട്ടാകെ സഞ്ചരിച്ച ജാഥകളെ സ്വീകരണകേന്ദ്രങ്ങളിൽ വന്‍ജനാവലിയാണ് വരവേറ്റത്. തൊഴിൽകേന്ദ്രങ്ങളിലും കവലകളിലും പതിനായിരങ്ങള്‍ ആവേശപൂർവം ജാഥകളെ സ്വീകരിച്ചാനയിച്ചത്, എൽഡിഎഫ് സർക്കാർ നടപ്പാക്കിയ വികസനത്തിനും ജനക്ഷേമത്തിനും കലർപ്പില്ലാത്ത പിന്തുണയുമായി കേരളം ഒപ്പം നില്‍ക്കുന്നുവെന്നതിന്റെ തെളിവാണ്.
കഴിഞ്ഞ 10 വർഷത്തിനിടയിൽ സമാനതകളില്ലാത്ത വികസനവും വളർച്ചയുമാണ് കേരളം നേടിയത്. 2000 രൂപ ക്ഷേമപെൻഷൻ നൽകുന്ന മറ്റൊരു സംസ്ഥാനവും രാജ്യത്തില്ല. സ്ത്രീ സുരക്ഷാ പെൻഷനും കണക്ട് ടു വർക്ക് സ്കോളർഷിപ്പുമായി 36 ലക്ഷത്തോളം പേർക്കാണ് ആശ്വാസമേകുന്നത്. അഞ്ച് ലക്ഷം കുടുംബങ്ങളുടെ വീട് എന്ന സ്വപ്നം സാക്ഷാത്ക്കരിച്ചു. കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലായിടത്തും ഒരുപോലെ നടപ്പാക്കിയ വികസനപദ്ധതികൾ അനുഭവിച്ചറിഞ്ഞ ജനം എല്‍ഡിഎഫ് നേതാക്കളെ ആവേശപൂര്‍വം സ്വീകരിക്കുകയായിരുന്നു. വികസന മുന്നേറ്റജാഥകളിലെ വമ്പിച്ച ജനപങ്കാളിത്തം പ്രതിപക്ഷമായ യുഡിഎഫിനെയും ബിജെപിയെയും ഒരുപോലെ വിറളിപിടിപ്പിച്ചിട്ടുണ്ട്. ഇത് തമസ്കരിക്കാനാണ് തുടക്കം മുതല്‍ വലിയ വിവാദ കോലാഹലത്തിന് പ്രതിപക്ഷം ശ്രമിച്ചത്. ശബരിമല സ്വർണക്കൊള്ളയിലെ എസ്ഐടി അന്വേഷണത്തിനെതിരെയായിരുന്നു ആദ്യം. അന്വേഷണത്തിൽ ഹൈക്കോടതി സംതൃപ്തി രേഖപ്പെടുത്തിയതോടെ അയ്യപ്പസംഗമത്തെ വിവാദമാക്കാനായി ശ്രമം. ഉണ്ണിക്കൃഷ്ണൻ പോറ്റിയും യുഡിഎഫ് കൺവീനറും തമ്മിലുള്ള അടുത്ത ബന്ധത്തിന്റെ തെളിവുകളും കോൺഗ്രസ് നേതാവ് അജയ് തറയിൽ അംഗമായ ബോർഡ് പുതിയ കൊടിമരം നിർമ്മിച്ചതിൽ വൻവെട്ടിപ്പ് നടത്തിയതും പ്രതിസന്ധിയിലാക്കിയപ്പോഴാണ് യുഡിഎഫിനെ രക്ഷിക്കാന്‍ അയ്യപ്പസംഗമ കണക്കുമായി മാധ്യമങ്ങൾ രംഗത്തുവന്നത്. 2025 നവംബറില്‍ ഹൈക്കോടതി അംഗീകരിച്ച ‘എസ്റ്റിമേറ്റ്’ വച്ചായിരുന്നു ചെലവ് കണക്കെന്ന രീതിയിലുള്ള കുപ്രചാരണം. സ്കൂള്‍ തുറക്കും മുമ്പേ പാഠപുസ്തകങ്ങളും യൂണിഫോമും കുട്ടികള്‍ക്ക് നല്‍കുന്നതിനെ പോലും പരിഹസിച്ച് രമേശ് ചെന്നിത്തലയെപ്പോലെ മുതിര്‍ന്ന നേതാക്കള്‍ രംഗത്തുവന്നതില്‍ നിന്നുതന്നെ പ്രതിപക്ഷത്തിന്റെ പരാജയഭീതി എത്രമാത്രമുണ്ടെന്ന് ഊഹിക്കാവുന്നതാണ്.
പാഠപുസ്തകം നേരത്തേ അച്ചടിക്കുന്നത് വലിയ അപരാധമാണെന്ന അഭിപ്രായമാണോ യുഡിഎഫിനെന്ന് വ്യക്തമാക്കാന്‍ വടക്കന്‍ മേഖല ജാഥാ ലീഡര്‍ കൂടിയായ സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷത്തിന് മറുപടിയുണ്ടായില്ല. തങ്ങളുടെ വ്യാമോഹങ്ങൾ കടപുഴകിവീഴും എന്നറിയാവുന്നതിനാലാണ് പ്രതിപക്ഷനേതാവ് ഉൾപ്പെടെയുള്ളവർ കള്ളപ്രചാരണം നടത്തുന്നതെന്നും കേരളത്തിന്റെ ഭാവി എൽഡിഎഫിൽ ഭദ്രമാണെന്ന് ജനങ്ങൾക്കറിയാമെന്ന് സ്വീകരണ കേന്ദ്രങ്ങളില്‍ നിന്ന് ഉറപ്പായെന്നും തെക്കൻ മേഖലാ വികസനമുന്നേറ്റ ക്യാപ്റ്റനും സിപിഐ സംസ്ഥാന സെക്രട്ടറിയുമായ ബിനോയ് വിശ്വം പറയുന്നു. പ്രതിസന്ധികളിൽ തളരാതെ ചേർത്തുപിടിച്ച സർക്കാരിനോടുള്ള സ്നേഹമാണ് എങ്ങും അലയടിച്ചത്. ഭരണത്തുടർച്ചയെന്ന നാടിന്റെ ആഗ്രഹം ജനപങ്കാളിത്തത്തിൽ പ്രകടമായെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. വിവാദങ്ങൾക്ക് പിന്നാലെയല്ല, വികസനത്തിനൊപ്പമാണ് എൽഡിഎഫും കേരളവുമെന്ന് ജാഥകളിലെ ജനപങ്കാളിത്തം തെളിയിച്ചതായി മധ്യമേഖലാജാഥ നയിച്ച എന്ന് ജോസ് കെ മാണി എംപി പറഞ്ഞു. പ്രതിപക്ഷ എംഎൽഎമാരുടെ മണ്ഡലങ്ങളിലെല്ലാം ജാഥയ്ക്ക് വൻ വരവേല്പ് ലഭിച്ചത് ആത്മവിശ്വാസം വർധിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. വിവാദങ്ങളെയും വിതണ്ഡവാദങ്ങളെയും അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്ന ജനം എല്‍ഡിഎഫിലാണ് പ്രതീക്ഷയര്‍പ്പിക്കുന്നത് എന്ന് ഉറപ്പിക്കുന്നതായി വികസന മുന്നേറ്റ ജാഥകള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.