10 March 2026, Tuesday

ഇന്ത്യൻ ക്രിക്കറ്റിലെ സഞ്ജു യുഗം

Janayugom Webdesk
March 10, 2026 5:00 am

നീലവസന്തമായി ഒഴുകിയെത്തിയ ലക്ഷക്കണക്കിന് ആരാധകരെ സാക്ഷിയാക്കി ഇന്ത്യ വീണ്ടും ലോക ക്രിക്കറ്റിന്റെ നെറുകയിലെത്തി. അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ ന്യൂസിലാൻഡിനെ തകർത്തെറിഞ്ഞ് ഇന്ത്യ മൂന്നാം കിരീടം ഉയർത്തുമ്പോൾ അത് വെറുമൊരു വിജയമല്ല, മറിച്ച് ഇന്ത്യൻ ക്രിക്കറ്റിലെ ആധിപത്യത്തിന്റെ വിളംബരം കൂടിയായിരുന്നു. തുടർച്ചയായി രണ്ട് തവണ ടി20 ലോകകിരീടം നേടുന്ന ആദ്യ രാജ്യമെന്ന നേട്ടത്തിനൊപ്പം സ്വന്തം മണ്ണിൽ ലോകകപ്പ് ഉയർത്തുന്ന ആദ്യ ടീമെന്ന ബഹുമതിയും ഇന്ത്യയെ തേടിയെത്തി. ഇത് യുവനിരയുടെ കരുത്തിന്റെയും കൃത്യമായ ആസൂത്രണത്തിന്റെയും വിജയമാണ്.

സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള സംഘം അജയ്യരായ പടയായി മാറിയിരിക്കുന്നു. ഈ ലോകകപ്പ് ചരിത്രത്താളുകളിൽ അടയാളപ്പെടുത്തുക മലയാളി താരം സഞ്ജു സാംസണിന്റെ പേരിലായിരിക്കും. സ്ഥിരതയില്ലെന്ന വിമര്‍ശനങ്ങളെ പിച്ചിച്ചീന്തി സഞ്ജു സാംസൺ എന്ന ലോകോത്തര ബാറ്ററുടെ ഉദയത്തിന് ക്രിക്കറ്റ് ലോകം സാക്ഷിയായി. ഏറെക്കാലമായി ടീമിൽ ഇടം ലഭിക്കാതെയും, ലഭിച്ച അവസരങ്ങളിൽ സ്ഥിരതയില്ലെന്ന ആരോപണം നേരിട്ടും വലഞ്ഞ സഞ്ജുവിന്റെ ഉജ്വലമായ തിരിച്ചുവരവിനാണ് ടൂര്‍ണമെന്റ് സാക്ഷ്യം വഹിച്ചത്. ലോകകപ്പിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെടുമ്പോൾ അത് പ്രതിഭയ്ക്കുള്ള വൈകിയ വേളയിലെ അംഗീകാരം കൂടിയായി മാറുന്നു.

ഫൈനലിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് സഞ്ജുവിന്റെ ബാറ്റിങ് കരുത്താണ് തുണയായത്. 46 പന്തിൽ നിന്ന് 89 റൺസ് നേടിയ സഞ്ജുവിന്റെ പ്രകടനം കിവീസ് ബൗളർമാരുടെ ആത്മവിശ്വാസം തകർത്തു. അഭിഷേക് ശർമ്മയുടെയും ഇഷാൻ കിഷന്റെയും അർധസെഞ്ചുറികളും ഹാർദിക് പാണ്ഡ്യയുടെയും ശിവം ദുബെയുടെയും മിന്നൽ പ്രകടനങ്ങളും ചേർന്നപ്പോൾ ഇന്ത്യ 255 എന്ന ഹിമാലയൻ സ്കോർ പടുത്തുയർത്തി. മറുപടി ബാറ്റിങ്ങിൽ ജസ്പ്രീത് ബുംറയുടെയും അക്സർ പട്ടേലിന്റെയും കൃത്യതയാർന്ന ബൗളിങ്ങിന് മുന്നിൽ ന്യൂസിലാൻഡ് നിര തകർന്നടിഞ്ഞു. 159 റൺസിന് കിവീസിനെ പുറത്താക്കിയ ഇന്ത്യ 96 റൺസിന്റെ ചരിത്രവിജയമാണ് നേടിയത്.

നാല് വിക്കറ്റുകൾ വീഴ്ത്തിയ ബുംറ ഫൈനലിലെ താരമായി തിളങ്ങി. ഈ ടൂർണമെന്റിൽ സഞ്ജു സാംസൺ സൃഷ്ടിച്ച റെ­ക്കോ‍ഡുകളും അവിശ്വസനീയമാണ്. വിരാട് കോലി 2014ൽ സ്ഥാപിച്ച 319 റൺസ് എന്ന റെ­ക്കോഡ് പഴങ്കഥയാക്കിയ സഞ്ജു 321 റൺസ് അടിച്ചുകൂട്ടി. അഞ്ച് ഇന്നിങ്സുകളിൽ നിന്ന് 80.25 എന്ന ശരാശരിയും 199.37 എന്ന പ്രഹരശേഷിയും സഞ്ജുവിന്റെ ബാറ്റിങ് മികവ് വിളിച്ചോതുന്നു. ടൂർണമെന്റിലുടനീളം പറത്തിയ 24 സിക്സറുകൾ പുതിയൊരു റെ­ക്കോ­ഡായി മാറി.

ന്യൂസിലാൻഡിനെതിരെ നേ­ടിയ 89 റൺസ്, ഒരു ടി20 ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണ്. ഷാഹിദ് അഫ്രീദി, വിരാട് കോലി എന്നിവർക്കു ശേഷം സെമി ഫൈനലിലും ഫൈനലിലും അർധസെഞ്ചുറി നേടുന്ന ലോകത്തെ മൂന്നാമത്തെ താരമായും കേരളത്തിന്റെ സ­ഞ്ജു മാറി. മഹേല ജയവർധനെയ്ക്ക് ശേഷം ലോകകപ്പിൽ തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ 80ന് മുകളിൽ റൺസ് നേടുന്ന രണ്ടാമത്തെ താരമെന്ന ബഹുമതിയും ഇതോടൊപ്പം സ്വന്തമാക്കി.

അഭിഷേക് ശർമ്മയുമായി ചേർന്നുള്ള 98 റൺസിന്റെ കൂട്ടുകെട്ട് ഒരു ടി20 ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ടായും മാറി. പഴയകാല ക്രിക്കറ്റിലെ ക്ലാസിക് ശൈലിയും ആധുനിക ടി20യിലെ കരുത്തും സഞ്ജുവിന്റെ ബാറ്റിങ്ങില്‍ ഒത്തുചേരുന്നു. എന്നാൽ കരിയറിന്റെ തുടക്കത്തിൽ ഈ ശൈലിക്കൊപ്പം സ്ഥിരതയില്ലായ്മ സഞ്ജുവിനെ വേട്ടയാടിയിരുന്നു. 2023 പകുതി വരെ കളിച്ച 23 ഇന്നിങ്സുകളിൽ നിന്ന് ഒരേയൊരു അർധസെഞ്ചുറി മാത്രമാണ് നേടാനായത്.

എന്നാൽ 2024 അവസാനത്തോടെ തുടർച്ചയായ സെഞ്ചുറികൾ നേടി സഞ്ജു തന്റെ പ്രതിഭ തെളിയിച്ചു. എന്നിട്ടും ഈ ലോകകപ്പിന് തൊട്ടുമുമ്പ് നടന്ന ന്യൂസിലാൻഡ് പരമ്പരയിൽ പരാജയപ്പെട്ടതോടെ അദ്ദേഹം വീണ്ടും വിമര്‍ശനങ്ങളുടെ നടുവിലായി. ഗ്രൂപ്പ് ഘട്ടത്തിൽ ടീമിന് പുറത്തായിരുന്ന സഞ്ജു, സൂപ്പര്‍ എട്ട് മത്സരങ്ങളില്‍ ടീമിലെത്തുകയും ഇന്ത്യന്‍ മധ്യനിരയുടെ നട്ടെല്ലായി മാറുകയും ചെയ്തത് ചലച്ചിത്രത്തിലെന്ന പോലെ നാടകീയമാണ്. വർഷങ്ങളോളം നേരിട്ട അവഗണനകൾക്കും വിമർശനങ്ങൾക്കും മൈതാനത്ത് ബാറ്റുകൊണ്ട് മറുപടി നൽകി. തന്നെ വിശ്വസിച്ചവരെ ഒട്ടും നിരാശപ്പെടുത്തിയില്ല.

സെമി ഫൈനലിലും ഫൈനലിലും സഞ്ജുവിന്റെ സാന്നിധ്യമില്ലായിരുന്നെങ്കിൽ ഇന്ത്യക്ക് കിരീടം സ്വപ്നം കാണാൻ പോലുമാകില്ലായിരുന്നു. വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട്, ന്യൂസിലാൻഡ് എന്നിവർക്കെതിരെ മൂന്നുമത്സരത്തിലും സെഞ്ചുറിക്ക് തൊട്ടടുത്തെത്തി പുറത്തായെങ്കിലും, ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച സഞ്ജുവിന്റെ ഇന്നിങ്സുകൾക്ക് നൂറ് റൺസിനെക്കാൾ തിളക്കമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.