18 April 2025, Friday
KSFE Galaxy Chits Banner 2

സ്റ്റാർട്ടപ്പ് രംഗത്തെ കുതിപ്പ് ആഗോളതലത്തിലേക്ക്

Janayugom Webdesk
March 8, 2025 5:00 am

അടുത്തിടെയാണ് കേരളത്തിലെ സ്റ്റാർട്ടപ്പ് രംഗത്തെ മുന്നേറ്റം സംബന്ധിച്ച് രാഷ്ട്രീയ ചർച്ചകൾ ഉണ്ടായത്. കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂർ, വസ്തുതകളുടെ അടിസ്ഥാനത്തിൽ ഈ രംഗത്ത് കേരളം കുതിച്ചു മുന്നേറിയതായി ഒരു ലേഖനത്തിൽ പരാമർശിച്ചത് അദ്ദേഹത്തിന്റെ തന്നെ പാർട്ടിയിലെ കേരള നേതാക്കൾക്ക് ഇഷ്ടപ്പെടാതെ പോയതാണ് വിവാദത്തിന് കാരണമായത്. ശശി തരൂർ പറഞ്ഞ യാഥാർത്ഥ്യം കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് അംഗീകരിക്കാൻ സാധിക്കാത്തതിൽ അസ്വാഭാവികതയില്ല. എന്നാൽ അത് വസ്തുതയാണെന്നും കേരളത്തിലെ സ്റ്റാർട്ടപ്പ് രംഗം അന്താരാഷ്ട്ര അംഗീകാരം ലഭിച്ച് കുതിക്കുകയുമാണെന്ന് കഴിഞ്ഞദിവസം കേരള സ്റ്റാർട്ടപ്പ് മിഷൻ പ്രസിദ്ധീകരിച്ച അറിയിപ്പിൽ വ്യക്തമാക്കുന്നു. ഒമ്പത് വർഷമായി സംസ്ഥാനം ഭരിക്കുന്ന എൽഡിഎഫ് സർക്കാർ സ്റ്റാർട്ടപ്പ് രംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പദ്ധതികളാണ് നടപ്പിലാക്കിവരുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്റ്റാർട്ടപ്പുകൾ തുടങ്ങുന്നതിനായി ഇന്നൊവേഷൻ ആന്റ് എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് സെന്ററു (ഐഇഡിസി) കൾ പ്രവർത്തിക്കുന്നുണ്ട്. മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി) യുടെ സെന്റർ ഫോർ ബിറ്റ്സ് ആന്റ് ആറ്റംസ് സ്ഥാപിച്ച ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ ഫാബ് ലാബ് ഉൾപ്പെടെ 22 മിനി ഫാബ് ലാബുകൾ പ്രവർത്തിക്കുന്ന രാജ്യത്തെ ഏറ്റവും ഊർജസ്വലമായ മേക്കർ കമ്മ്യൂണിറ്റികളിലൊന്നായി കേരളം അറിയപ്പെടുന്നു. 

സ്റ്റാർട്ടപ്പുകൾക്ക് ആദ്യ രൂപമുണ്ടാക്കുന്നതിനായിട്ടുള്ള സൗകര്യം കൊച്ചിയിലുള്ള കേരള സ്റ്റാർട്ടപ്പ് മിഷന്റെ ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ്പ് കോംപ്ലക്സിൽ ലഭ്യവുമാണ്. നൂതനാശയങ്ങൾ നിർമ്മിക്കുന്നതിനും വാണിജ്യവൽക്കരിക്കുന്നതിനുമായി 15 ലക്ഷം രൂപ വരെ ഇന്നൊവേഷൻ ഗ്രാന്റായി ധനസഹായം നൽകുന്നു. കൂടാതെ റിസർച്ച് ഗ്രാന്റ്, പേറ്റന്റ് തിരിച്ചടവ് സ­ഹായം, വാടക സബ്സിഡി, സാങ്കേതിക കൈമാറ്റ സഹായങ്ങൾ എന്നിവ സ്റ്റാർട്ടപ്പിന്റെ വിവിധ ഘട്ടങ്ങളിൽ നൽകി വരുന്നുണ്ട്. ടെക്നോളജി സ്റ്റാർട്ടപ്പുകൾക്ക് 25 ലക്ഷം രൂപ വരെ ഈടില്ലാത്ത സീഡ് വായ്പകളും നൽകുന്നു. സ്റ്റാർട്ടപ്പ് ഇന്ത്യ പദ്ധതി മുഖേനയുള്ള സ്കീമിൽ 50 ലക്ഷം രൂപ വരെയുള്ള ധനസഹായം 103 സ്റ്റാർട്ടപ്പുകൾക്ക് നല്‍കുന്നുണ്ട്. സ്റ്റാർട്ടപ്പുകളിൽ നിക്ഷേപാവസരങ്ങൾ തുറന്നുകൊടുക്കുന്നതിനായി സെബിയുമായി ചേർ‌ന്ന് ഫണ്ട് ഓഫ് ഫ­ണ്ട്സ് പദ്ധതി നടപ്പിലാക്കി വരുന്നതിനാൽ ഓ­ഹരിയധിഷ്ഠിത ബാഹ്യനിക്ഷേപങ്ങളും ലഭിക്കുന്നു. കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് വിദേശ വിപണിയിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിന് തുടങ്ങിയ പദ്ധതിയാണ് സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി കേന്ദ്രങ്ങൾ. അന്താരാഷ്ട്ര തലത്തിൽ സ്റ്റാർട്ടപ്പുകൾക്ക് ബിസിനസ്, നിക്ഷേപ അവസരങ്ങൾ എന്നിവ നേടിക്കൊടുക്കുന്നതിന് നടത്തിവരുന്ന പദ്ധതിയാണ് ഇന്റർനാഷണൽ എക്സ്പോഷർ പ്രോഗ്രാം. ഈ വിധത്തിൽ സർക്കാർ കയ്യയച്ച് സഹായങ്ങളും പിന്തുണയും നൽകുന്നതിലൂടെയാണ് കേരളത്തിൽ സ്റ്റാർട്ടപ്പ് രംഗത്ത് കുതിപ്പുണ്ടായത്. അതിന്റെ ഫലമായിട്ടാണ് കേരളത്തിലെ സ്റ്റാർട്ടപ്പുകളുടെ എണ്ണം കേന്ദ്ര സർക്കാരിന്റെ കണക്കുകൾ പ്രകാരം 6,304 ആയിരിക്കുന്നത്. 2019ൽ പുതുതായി 594 സ്റ്റാർട്ടപ്പുകൾ രജിസ്റ്റർ ചെയ്തപ്പോൾ 2020ൽ 669, 2021ൽ 899 എന്നിങ്ങനെയായി ഉയർന്നു. 2022ൽ 1,069, 2023ൽ 1,294, 2024ൽ 1,128 എണ്ണം പുതിയ സ്റ്റാർട്ടപ്പുകളാണ് സംസ്ഥാനത്ത് ആംഭിച്ചത്. 

ആഗോളതലത്തിലും കേരളത്തിലെ സ്റ്റാർട്ടപ്പ് രംഗം ശ്രദ്ധയാകർഷിച്ചിരിക്കുന്നു എന്നതിന്റെ തെളിവാകുകയാണ് കേരള സ്റ്റാർട്ടപ്പ് മിഷനും ബൽജിയത്തിലെ ഹബ് ഡോട്ട് ബ്രസൽസും തമ്മിലുണ്ടാക്കിയിരിക്കുന്ന ഉടമ്പടി. ഇതിനകം തന്നെ കേരളത്തിലെ സ്റ്റാർട്ടപ്പ് രംഗം ലോകതലത്തിലും ഇതര സംസ്ഥാനങ്ങളില്‍ നിന്നും അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. അഫോഡബിൾ ടാലന്റിന്റെ പട്ടികയിൽ കേരളം ഏഷ്യയിൽ നാലാമതായി. 2018 മുതൽ മൂന്ന് വർഷം കേന്ദ്ര സർക്കാരിന്റെ മികച്ച പ്രകടനം നടത്തിയ പട്ടികയിലും 2022ൽ തമിഴ്‍നാടിനും കർണാടകയ്ക്കുമൊപ്പം സ്റ്റേറ്റ് റാങ്കിങ് ഫ്രെയിംവർക്കിൽ ബെസ്റ്റ് പെർഫോമറായും അംഗീകരിക്കപ്പെടുകയുണ്ടായി. കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന ചടങ്ങിലാണ് ബെൽജിയം രാജകുമാരി ആസ്ട്രിഡ് ഓഫ് ബെൽജിയത്തിന്റെ സാന്നിധ്യത്തിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ, ഹബ് ഡോട്ട് ബ്രസൽസുമായി ധാരണാപത്രം ഒപ്പുവച്ചത്. ധാരണയുടെ അടിസ്ഥാനത്തിൽ ബെൽജിയത്തിന്റെ തലസ്ഥാനമായ ബ്രസൽസിൽ കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട സ്റ്റാർട്ടപ്പുകൾക്കായി സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി സെന്റർ സ്ഥാപിക്കും. എല്ലാ സൗകര്യങ്ങളും ഇവിടെ ലഭിക്കുമെന്നാണ് ധാരണയായിട്ടുള്ളത്. ബെൽജിയത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പുകൾക്ക് കേരളത്തിലും സമാനമാതൃകയിൽ അവസരങ്ങളുണ്ടാകും. യൂറോപ്പിലെ പ്രമുഖ രാജ്യമായ ബെൽജിയവുമായുള്ള കരാർ ആ ഭൂഖണ്ഡത്തിലേക്കുള്ള കേരളത്തിലെ വാതായനമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഭൂഖണ്ഡത്തിലെ ഇതര രാജ്യങ്ങളുമായും സമാനമായി കരാറിലെത്തുന്നതിന് ഇത് അവസരമൊരുക്കും. കൂടാതെ ആഗോളതലത്തിലും കൂടുതൽ രാജ്യങ്ങളിലേക്ക് ചെ‌ന്നെത്തുന്നതിന് സാധിക്കുകയും ചെയ്യും. കേരളം എല്ലാ രംഗത്തുമെന്നതുപോലെ, എതിരാളികൾക്ക് പോലും സമ്മതിക്കേണ്ടിവന്ന വിധം സ്റ്റാർട്ടപ്പ് രംഗത്ത് കുതിച്ചു മുന്നേറുന്നുവെന്നതിന്റെ തെളിവാകുകയാണ് ബെൽജിയവുമായുള്ള ഈ കരാർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.