
രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോഡി തുടങ്ങി ഭരണാധികാരികൾ മുതൽ ആർഎസ്എസ് സർസംഘ്ചാലക് അടക്കം സംഘ്പരിവാർ ഒന്നടങ്കം രാജ്യത്തെ ‘കോളനി മനോഭാവ’ത്തിൽനിന്നും വിമോചിപ്പിക്കാനുള്ള വിശുദ്ധ ദൗത്യത്തിലാണ് ഏർപ്പെട്ടിട്ടുള്ളതെന്ന് അവരുടെ സമീപകാല ഉച്ചസ്ഥായി പ്രഖ്യാപനങ്ങൾ എല്ലാംതന്നെ അർത്ഥശങ്കയ്ക്കിടമില്ലാത്തവിധം വ്യക്തമാക്കുന്നു. 1947ലെ ഇന്ത്യയുടെ സ്വാതന്ത്ര്യം അർത്ഥപൂർണമാകണമെങ്കിൽ ഈ അടിമ മനോഭാവത്തിൽ നിന്നും രാഷ്ട്രം മുക്തമാകണമെന്ന സംഘ്പരിവാറിന്റെ ദീർഘകാല സ്വപ്നസാക്ഷാത്കാരത്തിനുള്ള അവസരമാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള മോഡിഭരണത്തിലൂടെ കൈവന്നിരിക്കുന്നതെന്ന് അവർ ഉദ്ഘോഷിക്കുന്നു. ഈ നൂറ്റാണ്ടിന്റെ ആരംഭത്തിൽ അടൽബിഹാരി വാജ്പേയിയുടെ നേതൃത്വത്തിൽ ആരംഭിച്ച കോളനി മനോഭാവത്തില്‍നിന്നുമുള്ള വിമോചന പ്രക്രിയ കൂടുതൽ തീവ്രതയോടെ മുന്നോട്ടുപോകുന്നതായാണ് അവരുടെ അവകാശവാദം. ഇസ്ലാമിക അധിനിവേശത്തിന്റെ എട്ട് നൂറ്റാണ്ടുകളിലും തുടർന്ന് ബ്രിട്ടീഷ് കോളനിവാഴ്ചയടക്കമുള്ള രണ്ട് നൂറ്റാണ്ടുകാലത്തെ പാശ്ചാത്യ അധിനിവേശത്തിന്റെയും എല്ലാ അടയാളങ്ങളും പ്രതീകങ്ങളും തുടച്ചുനീക്കി ഇന്ത്യയുടെ പൗരാണിക സാംസ്കാരികത്തനിമ പുനഃസ്ഥാപിക്കാനുള്ള യത്നത്തിലാണ് തങ്ങൾ ഏർപ്പെട്ടിട്ടുള്ളതെന്ന് അവർ രാഷ്ട്രത്തെയും ജനതയെയും നിരന്തരം ഓർമ്മപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. അയോധ്യയിലെ ധ്വജാരോഹണ വേളയിലടക്കം പ്രധാനമന്ത്രിയും ഭരണഘടനാദിനത്തിൽ പഴയ പാർലമെന്റ് മന്ദിരത്തിലെ ‘സംവിധാൻ സദൻ’ എന്ന് പുനർനാമകരണം ചെയ്ത സെന്‍ട്രൽ ഹാളിൽ രാഷ്ട്രപതി നടത്തിയ പ്രസംഗത്തിലും ഈ കോളനി മനോഭാവ ഉച്ചാടന സന്ദേശം പ്രത്യേക പരാമർശ വിധേയമായി. രാജ്യത്തിന്റെ സുദീർഘവും ത്യാഗോജ്വലവും ധീരോദാത്തവുമായ സാമ്രാജ്യവിരുദ്ധ സ്വാതന്ത്ര്യസമരത്തിൽ യാതൊരു പങ്കും വഹിക്കാതെ, കിട്ടിയ അവസരങ്ങളിലെല്ലാം ആ പോരാട്ടത്തെ വഞ്ചിച്ച ചരിത്രം മാത്രം സ്വന്തമായുള്ള ഒരു പ്രസ്ഥാനത്തിന്റെ അനന്തരാവകാശികളാണ് ഇപ്പോൾ കോളനിമനോഭാവത്തിനെതിരായ പോരാട്ടത്തിന്റെ നായകസ്ഥാനത്ത് സ്വയം അവരോധിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്നതെന്നത് ചരിത്രത്തിന്റെ വിരോധാഭാസം എന്നല്ലാതെ മറ്റെങ്ങനെയാണ് വിശേഷിപ്പിക്കാനാകുക?
പുതിയ പാർലമെന്റ് മന്ദിരം പണിത് അതിന്റെ കേന്ദ്രസ്ഥാനത്ത് ചെങ്കോൽ സ്ഥാപിച്ചതുകൊണ്ടോ, അയോധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചതുകൊണ്ടോ, സംസ്ഥാനങ്ങളുടെയും നഗരങ്ങളുടെയും നിരത്തുകളുടെയും പേരുമാറ്റം കൊണ്ടോ ചരിത്രവും പാഠപുസ്തകങ്ങളും മാറ്റിയെഴുതിയതുകൊണ്ടോ ശാസ്ത്രപഠനത്തിന്റെ സ്ഥാനത്ത് കപടശാസ്ത്രങ്ങളെയും കെട്ടുകഥകളേയും പ്രതിഷ്ഠിച്ചതുകൊണ്ടോ ഉച്ചാടനം ചെയ്യാവുന്ന ഒന്നല്ല അടിമ, കോളനി മനോഭാവങ്ങൾ. പാശ്ചാത്യ കോളനി ഭരണകൂടങ്ങളടക്കം രാജ്യത്ത് സഹസ്രാബ്ദങ്ങളായി നിലനിന്നുപോന്ന സ്വേച്ഛാധിപത്യ ഭരണകൂടങ്ങളുടെ സ്ഥാനത്ത് ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പുനൽകുന്ന ജനാധിപത്യ സമൂഹത്തിന്റെ നിർമ്മാണവും അവരുടെ തെരഞ്ഞെടുക്കപ്പെട്ട പ്രാതിനിധ്യ ഭരണകൂടവും എന്നതായിരുന്നു കോളനിവിരുദ്ധ സ്വാതന്ത്ര്യസമരത്തിന്റെ അന്തഃസത്ത. സ്വാതന്ത്ര്യാനന്തര ഇന്ത്യ ആ ലക്ഷ്യത്തിലേക്ക്, ഏറെ പരിമിതികളും പിന്നോട്ടടികളും ഉണ്ടായിരുന്നെങ്കിലും, ഗണ്യമായ മുന്നേറ്റം നടത്തുകയുണ്ടായി. ഇന്ന് നാം ഉദ്ഘോഷിക്കുന്ന ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രം എന്ന ബഹുമതി ആ മുന്നേറ്റത്തെയാണ് നിസംശയം അടയാളപ്പെടുത്തുന്നത്. അതിൽ ബിജെപിക്കോ സംഘ്പരിവാറിനോ മോഡിക്കോ യാതൊരു പങ്കുമില്ലെന്നത് അനിഷേധ്യമായ യാഥാർത്ഥ്യം മാത്രം. ആ വസ്തുതകളെ, ചരിത്രത്തെ, അപ്പാടെ തമസ്കരിക്കാനും തങ്ങളുടേതായ ഒരു ആഖ്യാനവും ചരിത്രവ്യാഖ്യാനവും സൃഷ്ടിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് മോഡിയും സംഘ്പരിവാർ ഒട്ടാകെയും ഏർപ്പെട്ടിട്ടുള്ള ഇപ്പോഴത്തെ ‘കോളനി മനോഭാവ’ ഉച്ചാടന യത്നം. അധിനിവേശങ്ങളുടെയും കോളനിവാഴ്ചയുടെയും ചരിത്രം ജനതകളുടെ സ്വാതന്ത്ര്യനിഷേധത്തിന്റെയും ഭരണകേന്ദ്രീകരണത്തിന്റെയും ചരിത്രമാണ്. നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഒരു ദശകത്തിലേറെയായി രാജ്യത്ത് അരങ്ങേറുന്നത് കോളനിഭരണത്തിന് സമാനമായ ജനാധിപത്യവിരുദ്ധതയുടെയും സ്വേച്ഛാധിപത്യത്തിന്റെയും വിളയാട്ടമല്ലാതെ മറ്റെന്താണ്? ജനപ്രാതിനിധ്യ ഭരണത്തിന്റെ പരമോന്നത വേദിയാവേണ്ട പാർലമെന്റും മന്ത്രിസഭയും ഭരണഘടനാസ്ഥാപനങ്ങളും പരിഹാസ്യമായ നോക്കുകുത്തികളായി മോഡിഭരണത്തിൽ മാറിയിരിക്കുന്നു.
കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി ഇന്ത്യയുടെ പാർലമെന്റ്, ജനതയെ സംബന്ധിക്കുന്ന, ബാധിക്കുന്ന, ഒരുവിഷയത്തിലും അർത്ഥപൂർണമായ യാതൊരു ചർച്ചയ്ക്കും വേദിയായിട്ടില്ല. രാജ്യത്തെ ജനസംഖ്യയിൽ മഹാഭൂരിപക്ഷത്തെയും പ്രതിനിധാനം ചെയ്യുന്ന കർഷകരുടെയും തൊഴിലാളികളുടെയും താല്പര്യം ഹനിക്കുന്ന നിയമങ്ങൾ ഒന്നുംതന്നെ പാർലമെന്റിൽ ചർച്ചചെയ്യപ്പെട്ടിട്ടില്ല. രാഷ്ട്രത്തിന്റെ സമ്പദ്ഘടനയിൽ ഗുരുതര പ്രത്യാഘാതം സൃഷ്ടിച്ച നോട്ടുനിരോധനം, ലോകത്ത് ഏറ്റവുമധികം മനുഷ്യജീവൻ അപഹരിച്ച കോവിഡ് മഹാമാരിക്കാലത്തെ ദേശീയ അടച്ചുപൂട്ടൽ തുടങ്ങി നിർണായക തീരുമാനങ്ങൾപോലും സ്വന്തം മന്ത്രിസഭയിലെങ്കിലും ചർച്ചചെയ്യാതെ പ്രഖ്യാപിച്ച മറ്റൊരു സ്വേച്ഛാധിപതി 21-ാം നൂറ്റാണ്ടിൽ അപൂർവമാണ്. രാജ്യത്തിന്റെ ഭരണഘടനയെയും ഫെഡറൽ സംവിധാനത്തെയും സുപ്രീം കോടതി, തെരഞ്ഞെടുപ്പ് കമ്മിഷൻ തുടങ്ങി സമസ്ത ഭരണഘടനാസ്ഥാപനങ്ങളെയും ‘തെരഞ്ഞെടുപ്പ് സമഗ്രാധിപത്യ’ത്തിന് കീഴിൽ കൊണ്ടുവന്ന ഫാസിസ്റ്റ് സ്വേച്ഛാധിപത്യത്തിനാണ് രാജ്യം സാക്ഷ്യംവഹിക്കുന്നത്. അതിനുള്ള വഴിയൊരുക്കുന്ന ആശയവും ആയുധവുമായി ഹിന്ദുത്വ രാഷ്ട്രീയം മോഡിഭരണത്തിൽ മാറിയിരിക്കുന്നു. കോളനി അടിമത്തത്തിൽനിന്നും ഹിന്ദുത്വ സ്വേച്ഛാധിപത്യത്തിന്റെ ഇരുട്ടിലേക്കാണ് ഇന്ത്യ കൂപ്പുകുത്തിയിരിക്കുന്നത്. ആ യാഥാർത്ഥ്യത്തെ മറച്ചുവയ്ക്കലാണ് കോളനിമനോഭാവ ആഖ്യാനത്തിന്റെ യഥാർത്ഥ ലക്ഷ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.