
ഇരുപത്തിമൂന്നാമത് ഇന്ത്യ‑റഷ്യ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഇന്ന് ഇന്ത്യയിൽ എത്തുകയാണ്. ഒരു പതിവ് നയതന്ത്ര സംഭവം എന്നതിലുപരി ഇന്ത്യയും റഷ്യയും മാത്രമല്ല സുപ്രധാന ലോകതലസ്ഥാനങ്ങൾ ഉച്ചകോടിക്ക് നല്കുന്ന പ്രാധാന്യം വ്യക്തമാക്കുകയാണ് പുടിൻ സന്ദർശനത്തിന് മുന്നോടിയായി ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി എന്നീ രാഷ്ട്രങ്ങളുടെ ഇന്ത്യയിലെ നയതന്ത്ര മേധാവികൾ സംയുക്തമായി പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ‘ടൈംസ് ഓഫ് ഇന്ത്യ’യിൽ എഴുതിയ എഡിറ്റ് പേജ് ലേഖനവും തുടർന്ന് അതേ പത്രത്തിൽ റഷ്യയുടെ അംബാസിഡർ നടത്തിയ പ്രതികരണവും. റഷ്യ ഒരുവശത്തും, ഉക്രെയ്ൻ, നാറ്റോ സഖ്യത്തിന്റെ പിന്തുണയോടെയും പങ്കാളിത്തത്തോടെയും തുടർന്നുവരുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള വാദപ്രതിവാദമായി തോന്നാമെങ്കിലും ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിലുള്ള പശ്ചിമയൂറോപ്യൻ ശക്തികളുടെ ഇടപെടലിന്റെ മാനങ്ങൾ മറ്റുചിലതാണെന്ന് വ്യക്തം. ഏഴുപതിറ്റാണ്ടിലേറെ ദൈർഘ്യമുളള ഇന്ത്യ റഷ്യൻ സൗഹൃദ, സഹകരണ ബന്ധത്തോട് പാശ്ചാത്യ മുതലാളിത്തലോകത്തിനുള്ള അസഹിഷ്ണുത ആഗോള നയതന്ത്രരംഗത്തെ പുത്തൻ പ്രതിഭാസമല്ല. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കുശേഷവും പരസ്പരാശ്രയത്വത്തിലും സൗഹൃദത്തിലും നങ്കൂരമുറപ്പിച്ച ആ ബന്ധം കാലാതിവർത്തിയായി മുന്നേറുന്നത് പാശ്ചാത്യ ശക്തികളുടെ ലോകവീക്ഷണത്തിനും ഭൗമരാഷ്ട്രീയ കണക്കുകൂട്ടലുകൾക്കും വിരുദ്ധമാണെന്നത് അവരെ അസ്വസ്ഥമാക്കുക തികച്ചും സ്വാഭാവികം മാത്രം. നിലവിലുള്ള ആഗോള രാഷ്ട്രീയ സാമ്പത്തിക സൈനിക നയതന്ത്ര ആഖ്യാനത്തിൽ നിർണായക പങ്കും സ്ഥാനവും വഹിക്കുന്ന രണ്ടുരാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിൽ ആചാരപരമായ ചുവപ്പുപരവതാനി സ്വീകരണത്തിനും നയതന്ത്രപരമായ ഉപചാരക്രമങ്ങൾക്കും അപ്പുറം ലോകത്തെ നിർണായകപ്രാധാന്യമുള്ള ഒരു ഭൗമമേഖലയുടെ ഭാവി രാഷ്ട്രീയ, സൈനിക, സാമ്പത്തിക ഗതിവിഗതികളിൽ ഇന്ത്യ, റഷ്യ ഉച്ചകോടിയുടെ പ്രസക്തി പാശ്ചാത്യശക്തികൾ മാത്രമല്ല ലോകംമുഴുവൻ ഉറ്റുനോക്കുന്നുവെന്നത് ശ്രദ്ധേയമായ വസ്തുതയാണ്.
രണ്ട് സുഹൃദ് രാഷ്ട്രങ്ങളുടെ സമുന്നത ഭരണാധികാരികൾ നടത്തുന്ന പതിവ് സന്ദർശനവും കൂടിക്കാഴ്ചയും എന്നതിലുപരി ആഗോള ഊർജ പ്രവാഹം, പ്രതിരോധക്രമം, ഏഷ്യയുടെ ഭാവി സുരക്ഷാ ക്രമം എന്നിവയെ സംബന്ധിക്കുന്ന നിർണായക തീരുമാനങ്ങൾക്കും കരാറുകൾക്കും ഉച്ചകോടി വേദിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അവ ഇരുരാജ്യങ്ങളെയും മാത്രമല്ല ഭൗമരാഷ്ട്രീയത്തെയും ആഗോളസാമ്പത്തിക ക്രമത്തെയും പ്രതിരോധ ബലതന്ത്രത്തെയും ഊർജവിപണിയെയും നിർണായകമായി സ്വാധീനിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പാശ്ചാത്യ ഉപരോധത്തെ നേരിടുന്ന റഷ്യയുടെ പ്രാഥമിക എണ്ണ, പ്രകൃതിവാതക വിപണി ഏഷ്യയാണ്. ചൈന കഴിഞ്ഞാൽ അവരുടെ ഏറ്റവും വലിയതും വളരുന്നതുമായ എണ്ണവിപണിയാണ് ഇന്ത്യ. ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ എണ്ണ ഉപഭോക്താവും ഇറക്കുമതി വിപണിയുമായ ഇന്ത്യയ്ക്ക് വിലക്കിഴിവിൽ ലഭിക്കുന്ന എണ്ണ സാമ്പത്തിക നിലനില്പിൽ നിർണായകവും ലോകവിപണിവില നിർണയത്തിൽ സുപ്രധാനവുമാണ്. ഇരുരാജ്യങ്ങളും തങ്ങളുടെ ഉഭയകക്ഷി വ്യാപാരത്തിൽ വൻ കുതിപ്പാണ് വിഭാവനംചെയ്യുന്നത്. അന്താരാഷ്ട്ര വ്യാപാരത്തിൽ ഡോളറിനുള്ള ആധിപത്യം ഇന്ത്യ‑റഷ്യ വ്യാപാരത്തിൽ വെല്ലുവിളിക്കപ്പെടും. പാശ്ചാത്യ ലോകത്തിന് ഇന്ത്യപോലെ ഒരു വിപണിയെ അവഗണിച്ച് മുന്നോട്ടുപോകാനാവില്ലെന്നിരിക്കെ യാഥാർത്ഥ്യം അംഗീകരിക്കുകയെ അവർക്കുമുന്നിൽ വഴിയുള്ളു. ഇന്ത്യൻ പ്രതിരോധമേഖലയിൽ റഷ്യയുടെ സാന്നിധ്യം ഏതാണ്ട് 60–70% വരുമെന്നാണ് കണക്കാക്കുന്നത്. അവ പൊടുന്നനെ പകരംവയ്ക്കുക അസാധ്യമാണെന്ന് മാത്രമല്ല, കര, വ്യോമ, നാവിക പ്രതിരോധ ഉപകരണങ്ങൾ സാങ്കേതികവിദ്യയുടെ പിന്തുണയോടെ ഇവിടെത്തന്നെ നിർമ്മിക്കുന്നവയാണെന്നതും ശ്രദ്ധേയമാണ്. ഇന്ത്യയ്ക്ക് തങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾ വാഗ്ദാനംചെയ്യുന്ന ഒരു രാഷ്ട്രവും അവയുടെ സാങ്കേതികവിദ്യാ കൈമാറ്റത്തിനോ അവയുടെ സംയുക്ത നിർമ്മാണത്തിനോ സന്നദ്ധമല്ലെന്നത് ഈ രംഗത്തെ റഷ്യയുടെ പങ്കാളിത്തം തന്ത്രപ്രധാനമാക്കിമാറ്റുന്നു.
ഇന്ത്യയുടെ ആഭ്യന്തരരാഷ്ട്രീയത്തിന്റെ പ്രതിഫലനം മേഖലയുടെ ഭൗമരാഷ്ട്രീയത്തിൽ പ്രകടമാണ്. ഇന്ത്യക്ക് ചൈനയടക്കം അയൽരാജ്യങ്ങളുമായി പ്രശാന്തതയുടേതായ ഒരു അന്തരീക്ഷമല്ല നിലനില്‍ക്കുന്നതെന്നത് അവഗണിക്കാനാവാത്ത ഒരു യാഥാർത്ഥ്യമാണ്. ഈ മേഖലയിൽ ചുവടുറപ്പിക്കാൻ യുഎസ് നടത്തുന്ന തീവ്രയത്നവും അവഗണിക്കാവുന്നതല്ല. ശീതയുദ്ധാനന്തരം റഷ്യയും ചൈനയും വളർത്തിയെടുത്ത മെച്ചപ്പെട്ട സൗഹൃദ, സഹകരണ അന്തരീക്ഷവും മേഖലയിലെ പാകിസ്ഥാനടക്കം രാജ്യങ്ങളുമായുള്ള അവരുടെ നയതന്ത്ര, സഹകരണബന്ധങ്ങളും മേഖലയിൽ സമാധാനാന്തരീക്ഷം നിലനിർത്തുന്നതിൽ സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ന് ആരംഭിക്കുന്ന റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ സന്ദർശനവും നാളെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി നടക്കുന്ന ഉച്ചകോടിയും രാജ്യത്തിന്റെ സാമ്പത്തിക, രാഷ്ട്രീയ, പ്രതിരോധരംഗങ്ങളിൽ നിർണായകമായ ഒരു ചുവടുവയ്പ്പിന് വഴിതുറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.