22 December 2024, Sunday
KSFE Galaxy Chits Banner 2

കള്ളം പറഞ്ഞ് വോട്ട് തേടുന്നവര്‍

Janayugom Webdesk
April 22, 2024 5:00 am

2023ലെ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് കര്‍ണാടകയിലെ ഒരു യോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസംഗിച്ചത് ‘നിങ്ങളുടെ തൊട്ടടുത്തു കേരളമുണ്ട്, ഞാന്‍ കൂടുതല്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല’ എന്നാണ്. കേരളം സുരക്ഷിത സ്ഥാനമല്ലെന്നും കര്‍ണാടകയെ രക്ഷിക്കാന്‍ ബിജെപിയെ ജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളം തീവ്രവാദികളുടെ ആസ്ഥാനമാണ് എന്നു സൂചിപ്പിച്ചുകൊണ്ടുള്ള ആഭ്യന്തരമന്ത്രിയുടെ അവഹേളനത്തിനെതിരെ അന്ന് പ്രതിഷേധമുയരുകയും ചെയ്തു. അമിത്ഷാ മാത്രമല്ല സംഘ്പരിവാറിന്റെ പല നേതാക്കളും നിരന്തരം കേരളത്തെ അവഹേളിക്കുന്ന പ്രസംഗങ്ങളും പ്രസ്താവനകളും നടത്തിക്കൊണ്ടിരിക്കുകയാണ്. മാനവിക വികസന സൂചികകളിൽ തുടര്‍ച്ചയായി ഒന്നാം സ്ഥാനത്തുള്ള കേരളത്തെ സോമാലിയയോടുപമിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ്. അത് 2016ലായിരുന്നു. കേന്ദ്ര സർക്കാരിന്റെ കോര്‍പറേറ്റുവല്‍ക്കരണനയങ്ങൾക്ക് ബദലുയർത്തുന്നതിനും മതനിരപേക്ഷത സംരക്ഷിക്കുന്നതിനും രാജ്യത്തിന് മാതൃകയാകുന്ന നിലപാടാണ് കേരളം മുന്നോട്ടുവയ്ക്കുന്നത് എന്നതാണ് ബിജെപി നേതാക്കളുടെ കൊടിയ പകയ്ക്ക് സംസ്ഥാനം ഇരയാകുന്നതിന് കാരണം. സംഘ്പരിവാര്‍ നേതൃത്വത്തില്‍ കേരളവിരുദ്ധ സിനിമകൾ പോലും പടച്ചുവിടുന്ന സാഹചര്യവും നിലനില്‍ക്കുന്നു. ഇപ്പോഴിതാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നരേന്ദ്ര മോഡി, മലയാളികളെയും കേരളത്തെയും പച്ചനുണകള്‍ കൊണ്ട് തേജോവധം ചെയ്യുന്ന സ്ഥിതിയിലെത്തിയിരിക്കുന്നു. തെരഞ്ഞെടുപ്പ് പരസ്യമെന്ന പേരില്‍ നരേന്ദ്ര മോഡിയുടെ ചിത്രം സഹിതം കൊടുംനുണകളാണ് പ്രചരിപ്പിക്കുന്നത്. അതിനുപുറമേ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുമായി തങ്ങള്‍ക്ക് പ്രിയപ്പെട്ട ചിലമാധ്യമങ്ങളുടെ മുമ്പില്‍ ‘അഭിമുഖം’ എന്ന പേരിലും യാതൊരുളുപ്പുമില്ലാതെ കേരളത്തിനെതിരെ കള്ളം പറയുന്നു നരേന്ദ്ര മോഡി.
വിദ്യാഭ്യാസത്തിനും തൊഴിലിനും അവസരമില്ലാത്തതിനാലാണ് വിദ്യാർത്ഥികൾ കേരളം വിടുന്നതെന്നാണ് മോഡിയുടെ ചിത്രം സഹിതം നല്‍കിയ തെരഞ്ഞെടുപ്പ് പരസ്യത്തിലെ ആരോപണം. ലോകത്തെവിടെയും ഗുണമേന്മയുള്ള ജോലി സമ്പാദിക്കാൻ ശേഷിയുള്ള വിദ്യാഭ്യാസവും നൈപുണ്യവും നേടിയവരായതുകൊണ്ടാണിത് എന്ന വസ്തുതയാണ് നുണകൊണ്ട് മറയ്ക്കാൻ ശ്രമിക്കുന്നത്. കേന്ദ്ര സർക്കാർ ശമ്പളവും പെൻഷനും കൃത്യമായി നൽകുമ്പോള്‍ കേരളത്തിൽ മുടങ്ങുന്നുവെന്ന പച്ചക്കള്ളവും നിരത്തുന്നു. സംസ്ഥാനത്തെ ശമ്പളവും പെൻഷനും മുടക്കാൻ കേന്ദ്രം ശ്രമിച്ചിട്ടും കൃത്യമായ ധനമാനേജ്മെന്റിലൂടെ ഒരിക്കൽപ്പോലും അവ മുടങ്ങാതെ നല്‍കിയിട്ടുണ്ട്. കോവിഡ് കാലത്ത് ശമ്പളവും പെൻഷനും കൃത്യമായി നൽകിയ ഏക സംസ്ഥാനമാണ് കേരളമെന്ന കാര്യവും മോഡിക്കറിയാം. രാജ്യത്താകെ നടന്ന പിഎസ്‌സി നിയമനങ്ങളിൽ 42 ശതമാനവും ഉണ്ടായത് മൊത്തം ജനസംഖ്യയില്‍ മൂന്നു ശതമാനം മാത്രമുള്ള കേരളത്തിലാണെന്ന് കേന്ദ്രസർക്കാർ തന്നെ പാർലമെന്റിൽ മറുപടി നൽകിയിട്ടുണ്ട്. 62 ലക്ഷം പേർക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകാൻ മാസം 900 കോടിയോളം രൂപയാണ് കേരളം ചെലവഴിക്കുന്നത്. എട്ട് വർഷത്തിനിടെ അഞ്ച് ലക്ഷത്തോളം വീടുകള്‍ നിർമ്മിച്ചു നൽകാൻ 20,000 കോടിയിലേറെയാണ് കേരളം ചെലവഴിച്ചത്. ഭരണനിർവഹണം, പദ്ധതി നടത്തിപ്പ്, സാമൂഹ്യക്ഷേമം, വികസനം ഉൾപ്പടെയുള്ള കാര്യങ്ങളിൽ വിവിധ കേന്ദ്രസർക്കാർ ഏജൻസികളിൽനിന്നും കഴിഞ്ഞവർഷം 24 പുരസ്കാരങ്ങൾ നേടിയ സംസ്ഥാനമാണ് കേരളം. ഇന്ത്യയിൽ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം കേരളമാണെന്ന് സെന്റർ ഫോർ മീഡിയാ സ്റ്റഡീസും ട്രാൻസ്പെരൻസി ഇന്റർനാഷണലും ലോക്കൽ സർക്കിൾസും ചേർന്ന് നടത്തിയ ഇന്ത്യാ കറപ്ഷൻ സർവേ അംഗീകരിച്ചിട്ടുള്ളതാണ്.

 


ഇതുകൂടി വായിക്കൂ: പ്രകടന പത്രികകള്‍ പരിഗണിക്കേണ്ടത് പൊതുജനാരോഗ്യം


ഭരണത്തിലിരിക്കെ 10 വർഷത്തിനിടെ ഒരു പത്രസമ്മേളനം പോലും നടത്താൻ തയ്യാറാകാതിരുന്ന മോഡി കഴിഞ്ഞദിവസം മലയാളത്തിലെ കുത്തകമാധ്യമങ്ങളില്‍ ചിലതിന്റെ മാത്രം പ്രതിനിധികളെ വിളിച്ചിരുത്തി നടത്തിയ ‘പ്രഭാഷണ’വും അടിമുടി കേരള വിരുദ്ധമാണ്. മുൻനിശ്ചയിച്ച ചോദ്യങ്ങളും ഫോട്ടോ ഷൂട്ടും റെഡിമെയ്ഡ് ഉത്തരങ്ങളുമായിട്ടും അഭിമുഖം എന്ന പേരിലാണ് വിധേയമാധ്യമങ്ങള്‍ അത് സംപ്രേഷണം ചെയ്തത്. 14-ാം ധനകാര്യ കമ്മിഷൻ കാലയളവില്‍ സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര നികുതി വിഹിതം കേന്ദ്ര നികുതി വരുമാനത്തിന്റെ 42 ശതമാനമാക്കിയത് ബിജെപി സർക്കാരിന്റെ നേട്ടമാണെന്നുള്‍പ്പെടെ കേരളത്തെ അപമാനിക്കുന്നതും അല്ലാത്തതുമായ പൊളിവാക്കുകൾ മോഡിയില്‍ നിന്ന് കേള്‍ക്കുമ്പോള്‍ അതിനെ നേരിടാനാകാതെ, വ്യാജപ്രചാരണത്തിന് കൂട്ടുനില്‍ക്കേണ്ടിവരുന്നതിലെ ജാള്യത മുന്നിലിരിക്കുന്ന മാധ്യമപ്രവര്‍ത്തകരില്‍ കാണാമായിരുന്നു. 2014ൽ പ്രധാനമന്ത്രിയായയുടന്‍ സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം വെട്ടിക്കുറയ്ക്കാൻ നരേന്ദ്ര മോഡി ധനകാര്യ കമ്മിഷനുമേൽ സമ്മർദം ചെലുത്തിയെന്ന് പറഞ്ഞത് നിതി ആയോഗ് സിഇഒ ബി വി ആർ സുബ്രഹ്മണ്യമാണ്. അതൊന്നും ചൂണ്ടിക്കാട്ടാന്‍ തിരക്കഥയനുസരിച്ചുള്ള അഭിമുഖനാടകത്തിലെ ‘സഹനടീനടന്മാ‘ര്‍ക്ക് ശബ്ദമില്ലാതെ പോയി. കേരളത്തെയും മലയാളിയെയും ഇത്രയൊക്കെ അപമാനിച്ചിട്ടും അതിനെതിരെ ഒരുവാക്ക് പോലും യുഡിഎഫ് നേതൃത്വത്തില്‍ നിന്നുണ്ടായില്ല എന്നതും ശ്രദ്ധേയമാണ്. ‘നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ’ എന്നാണ് ബിജെപിയുടെ പരസ്യവാചകം. ഏതായാലും കേരളത്തിലെ ജനങ്ങൾ കൃത്യമായി ചിന്തിച്ചിട്ടുണ്ട്, അവരെല്ലാം മനസിലാക്കിയിട്ടുമുണ്ട് എന്ന് മോഡിസംഘവും പരോക്ഷ പിന്തുണ നല്‍കുന്നവരും തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ തിരിച്ചറിയും.

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.