ഉരുൾപൊട്ടിയൊഴുകിയെത്തിയ മുണ്ടക്കെ — ചൂരല്‍മല ദുരന്തം നേരിട്ട് ബാധിക്കുകയും കേട്ടും കണ്ടുമറിഞ്ഞ് മനസുലയ്ക്കുകയും ചെയ്ത മുഴുവൻ മനുഷ്യരുടെയും ഹൃദയത്തിലേക്ക് കുളിർമഴ പെയ്യിക്കുന്ന പ്രഖ്യാപനമായിരുന്നു കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗാനന്തരമുണ്ടായത്. ജൂലൈ 31ന് അർധരാത്രി ഉരുൾ കൊണ്ടുപോയ നാടിന്റെ പുനർനിർമ്മാണത്തിനുള്ള ബൃഹത്തും അതേസമയം ദ്രുതവേഗത്തിൽ പൂർത്തിയാക്കാനുദ്ദേശിച്ചുള്ളതുമായ പദ്ധതിക്കാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. കേരളമെന്ന സംസ്ഥാനത്തിന്റെ വ്യതിരിക്തതയെയും ഇച്ഛാശക്തിയെയും വിളിച്ചോതുന്നതായിരുന്നു സര്‍ക്കാര്‍ രൂപകല്പന ചെയ്തിരിക്കുന്ന ടൗൺഷിപ്പ് പദ്ധതി. ദുരന്തം നടന്ന് നാലാംദിനം, എൽഡിഎഫ് സർക്കാർ ആ ഇച്ഛാശക്തിയുടെ പ്രതിഫലനമായി പുനരധിവാസത്തിന് ടൗൺഷിപ്പ് പണിയുമെന്ന് പ്രഖ്യാപിച്ചിരുന്നതാണ്. ദുരന്തഭൂമിക്കടിയിൽ നിന്ന് അവസാന മനുഷ്യനെയും തിരിച്ചെടുക്കാനുള്ള രക്ഷാപ്രവർത്തനങ്ങൾ അവിടെ നടന്നുകൊണ്ടിരിക്കെ, കേരളസർക്കാർ ഓഗസ്റ്റ് നാലിനാണ് ആ ലക്ഷ്യം പ്രഖ്യാപിച്ചത്. ഇതിനായുള്ള ധന, വസ്തു വിഭവങ്ങൾ എവിടെനിന്നു ലഭിക്കുമെന്നും യാഥാർത്ഥ്യമാകുമോ എന്നുമൊക്കെയുള്ള സംശയങ്ങൾ അന്ന് പലരുടെയും നെറ്റി ചുളിപ്പിച്ചിരുന്നു. എങ്കിലും ദുരിതാശ്വാസ പ്രവർത്തനത്തോടൊപ്പംതന്നെ പുനരധിവാസത്തിനുള്ള മുന്നൊരുക്കങ്ങളും സമാന്തരമായി സർക്കാർ നടത്തി. അതുകൊണ്ടാണ് കേവലം അഞ്ചുമാസം കൊണ്ട് ഇത്രയും ബൃഹത്തായൊരു പദ്ധതിയുടെ രൂപരേഖ തയ്യാറാക്കാനും നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് പോകാനുമുള്ള സാഹചര്യമൊരുങ്ങിയത്.
വെല്ലുവിളികൾ പലത് മുന്നിലുണ്ടായിരുന്നുവെങ്കിലും മലയാളികളുടെ കൂട്ടായ്മയും സഹായ സന്നദ്ധതയും ഒപ്പമുണ്ടാകുമെന്ന ഇച്ഛാശക്തി തന്നെയാണ് ഈയൊരു പദ്ധതി പ്രാവർത്തികമാക്കുന്നതിന് സർക്കാരിനെ പ്രചോദിപ്പിക്കുന്നത്. ഭരണഘടനയനുസരിച്ച് ഫെഡറൽ സംവിധാനം നിലവിലുള്ള ഒരു രാജ്യത്ത് പ്രധാനമായും സഹായിക്കേണ്ട കേന്ദ്ര ഭരണാധികാരികൾ കണക്കുകളുടെ കളികളിൽ വ്യാപൃതരായി, കൈമലർത്തി നിൽക്കുമ്പോൾ ജനപിന്തുണയുടെ കരുത്തിൽ മുന്നോട്ടുപോകുന്നതിന് സാധിക്കുമെന്ന് മുൻകാല അനുഭവങ്ങൾ തെളിവായുണ്ട്. 2004ൽ സുനാമി തുടച്ചെടുത്ത തീരപ്രദേശങ്ങളിലും 2018ലെ മഹാപ്രളയത്തിന്റെ വേളയിലും കേരളം അത് തെളിയിച്ചതാണ്. ലോകത്തെ പല കോണുകളിൽ നിന്ന് സഹായം കുത്തിയൊഴുകുകയും കേരളീയർ കയ്യയച്ച് സഹായിക്കുകകയും ചെയ്തപ്പോൾ രക്ഷാ, പുനരധിവാസ പ്രവർത്തനങ്ങളുടെ മഹാഗാഥകൾ സംസ്ഥാനം തീർത്തുവച്ചു. സുനാമിക്കാലത്ത് യുഎൻ, ജപ്പാൻ സഹായമുൾപ്പെടെ ലഭിക്കുന്ന സാഹചര്യമുണ്ടായിരുന്നു. മഹാപ്രളയ ദുരന്തകാലത്ത് മതിയായ കേന്ദ്ര സഹായം ലഭിച്ചില്ലെന്നുമാത്രമല്ല, ബിജെപി സർക്കാർ വിദേശസഹായം ലഭിക്കുന്നതിന് തടയിടുകയും ചെയ്തു. എങ്കിലും കടമെടുത്തും അകത്തും പുറത്തുമുള്ള വ്യക്തികളും സംഘടനകളും നൽകിയ പിന്തുണയുടെ പിൻബലത്തിലും പ്രളയ ദുരന്തത്തിൽ നിന്ന് നാം കരകയറിത്തുടങ്ങി.
ലോകം ഞെട്ടിയ, രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്ന് വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലുണ്ടായപ്പോൾ കേന്ദ്രത്തിൽ നിന്ന് നാം ചിലതെങ്കിലും പ്രതീക്ഷിച്ചിരുന്നു. സമാനമായ ദുരന്തം സ്വന്തം സംസ്ഥാനത്തുണ്ടായപ്പോൾ അതിൽ രക്ഷാപ്രവർത്തകനായതിന്റെ ഓർമ്മകൾ ഉൾപ്പുളകത്തോടെ ഓർമ്മിച്ചെടുക്കുന്ന നരേന്ദ്ര മോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്നത് പ്രതീക്ഷ വർധിപ്പിക്കുക സ്വാഭാവികം. എന്നാല്‍ അഞ്ചുമാസം പിന്നിട്ടിട്ടും കേന്ദ്ര സഹായമുണ്ടായില്ല. കണക്കുകളും പ്രസ്താവനകളുമായി രംഗത്തുവന്നു എന്നുമാത്രമല്ല, ആഗോള സംഘടനകളുടെ സഹായമഭ്യർത്ഥിക്കുന്നതിനുള്ള അവസരവും ഇല്ലാതാക്കി. അതായിരുന്നു അതിതീവ്ര ദുരന്ത പ്രഖ്യാപനം വൈകിയതിലൂടെ സംഭവിച്ചത്. കേന്ദ്രത്തിൽ നിന്ന് ചില സഹായങ്ങൾ കിട്ടുമെന്ന് പ്രതീക്ഷിക്കുകയും, അതിനായി ശ്രമിക്കുകയും വിവാദങ്ങൾക്കും വ്യാജ പ്രചരണങ്ങൾക്കും കെട്ടുകഥകൾക്കും കൃത്യമായ മറുപടി നൽകുകയും ചെയ്യുന്നതിനിടയിൽത്തന്നെ വ്യക്തമായ കർമ്മപദ്ധതികൾ ആവിഷ്കരിക്കുകയായിരുന്നു സംസ്ഥാന സർക്കാർ. അതാണ് കഴിഞ്ഞ ദിവസം ജനങ്ങള്‍ക്ക് മുമ്പാകെ അവതരിപ്പിച്ച പുനരധിവാസ പദ്ധതിയിലൂടെ വെളിപ്പെടുന്നത്. ആയിരക്കണക്കിന് കോടികൾ ചെലവ് വരുന്നതാണ് പദ്ധതി. രണ്ട് എസ്റ്റേറ്റുകളിലായി 107ലധികം ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള വില തന്നെ വരും എത്രയോ കോടികൾ.
രണ്ട് ടൗൺഷിപ്പുകൾ, അതിൽ 1,000 ചതുരശ്ര അടി വിസ്തീർണമുള്ള വീടുകൾ. വിനോദ സൗകര്യങ്ങൾ, മാർക്കറ്റ്, ആരോഗ്യ കേന്ദ്രം, വിദ്യാലയം, അങ്കണവാടികൾ, കളിസ്ഥലം, വൈദ്യുതി, കുടിവെള്ള, ശുചിത്വ സംവിധാനങ്ങൾ എന്നിവയെല്ലാം ഒരുക്കും. ഉപജീവനത്തിനുള്ള സംവിധാനങ്ങൾ വേറെയും. സംസ്ഥാന സർക്കാരിന് മാത്രം കഴിയുന്നതല്ല ഇവയെന്നറിയുന്ന മലയാളികളും സംഘടനകളും അകമഴിഞ്ഞ സഹായ വാഗ്ദാനങ്ങളുമായി കൂടെയുണ്ടാകുമെന്ന ഉറപ്പു നല്‍കിയിട്ടുണ്ട്. വിഭവസമാഹരണത്തിനുള്ള എല്ലാ മാർഗങ്ങളും തേടുന്നതിനും സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുമുണ്ട്. അങ്ങനെ തകർന്നുപോയൊരു നാടിനെ പുനഃസൃഷ്ടിക്കുന്നതിനുള്ള മഹായത്നത്തിനാണ് കേരള സർക്കാർ തുനിഞ്ഞിറങ്ങുന്നത്. തീർച്ചയായും കേരളത്തിന് ഈ യത്നത്തിൽ വിജയിക്കുവാൻ കഴിയുമെന്നതിൽ സംശയമില്ല. ഉയിർത്തെഴുന്നേല്പിന്റെ പുതിയ പാഠമാണ് വയനാട്ടിലെ രണ്ട് പ്രദേശങ്ങളിൽ പണിയുന്ന നഗര സമുച്ചയത്തിലൂടെ കേരളം എഴുതിച്ചേർക്കാൻ പോകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.