
കരീബിയൻ സമുദ്രത്തിൽ യുഎസ് സേന, വെനസ്വേലൻ എണ്ണയുമായി ബുധനാഴ്ച ഒരു ഓയിൽ ടാങ്കർ പിടിച്ചെടുത്തതോടെ തെക്കേ അമേരിക്കയിൽ ദശാബ്ദങ്ങൾ നീണ്ടുനിന്ന ഇടവേളയ്ക്ക് ശേഷം അമേരിക്കൻ സാമ്രാജ്യത്വം യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്. ‘മയക്കുമരുന്ന് ഭീകരതയ്ക്കെതിരായ പോരാട്ടത്തിന്റെ പേരിൽ വെനസ്വേലയിൽ ഭരണമാറ്റം അടിച്ചേല്പിക്കുകയെന്ന ലക്ഷ്യത്തോടെ ഏതാനും നാളുകളായി ട്രംപ് ഭരണകൂടം വെനസ്വേലയ്ക്കും പ്രസിഡന്റ് നിക്കോളസ് മഡുറോയ്ക്കും എതിരെ ആരംഭിച്ച യുദ്ധത്തെ പുതിയൊരു തലത്തിലേക്ക് ഉയർത്തിയിരിക്കുകയാണ് ട്രംപ് ഭരണകൂടത്തിന്റെ നടപടി.
ട്രംപിന്റെ റിപ്പബ്ലിക്കൻപാർട്ടിയിലേതടക്കം യുഎസ് രാഷ്ട്രീയത്തിലെ ഗണ്യമായ ഒരു വിഭാഗത്തിന്റെ എതിർപ്പുകളെ അവഗണിച്ചുകൊണ്ട് വെനസ്വേലൻ എണ്ണനീക്കത്തിൽ ഏർപ്പെട്ടിട്ടുള്ള മറ്റൊരു ആറ് ടാങ്കറുകളെക്കൂടി ട്രംപ് ഭരണകൂടം കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതായി പ്രഖ്യാപനം പുറത്തുവന്നിട്ടുണ്ട്. വെനസ്വേലൻ ഭൂപ്രദേശ ലക്ഷ്യങ്ങൾക്കുനേരെയും ആക്രമണം നടത്തുമെന്ന ഭീഷണിയും യുഎസ് ഭരണകൂടം ഇതിനകം ഉയർത്തിയിട്ടുണ്ട്. പ്രസിഡന്റ് മഡുറോയ്ക്കെതിരെ ഭീഷണിയും സമ്മർദവും വളർത്തി അദ്ദേഹത്തെ രാജ്യത്തുനിന്നും പലായനംചെയ്യാൻ നിർബന്ധിതനാക്കുക എന്നതാണ് ഇപ്പോൾ യുഎസ് ലക്ഷ്യംവയ്ക്കുന്നതെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. എന്നാൽ എണ്ണയുൾപ്പടെ വെനസ്വേലയുടെ പ്രകൃതിവിഭവങ്ങളും കഴിഞ്ഞ രണ്ട് ദശകത്തിലേറെയായി ആ രാജ്യത്ത് ഹുഗോ ഷാവേസും തുടർന്ന് മഡുറോയും നേതൃത്വം നൽകുന്ന ബൊളിവാരിയൻ സോഷ്യലിസ്റ്റ് പ്രസ്ഥാനവും കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന സാമൂഹ്യ നിർമ്മിതിക്ക് അന്ത്യംകുറിക്കുക എന്നതാണ് ട്രംപ് പ്രതിനിധാനംചെയ്യുന്ന സാമ്രാജ്യത്വ പ്രതിലോമ രാഷ്ട്രീയത്തിന്റെ അന്തിമ ലക്ഷ്യം. രണ്ട് പതിറ്റാണ്ടിലേറെയായി യുഎസിന്റെ സാമ്പത്തിക ഉപരോധത്തിന്റെ ഇരയാണ് വെനസ്വേല. എണ്ണ തന്നെയാണ് ആ രാജ്യത്തിന്റെ മുഖ്യ വരുമാനസ്രോതസ്. എണ്ണ മുമ്പെന്നത്തേക്കാളും ലോകരാഷ്ട്രീയ ഗതിവിഗതികളെ നിർണായകമായി സ്വാധീനിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സുപ്രധാന ഘടകമായി മാറിയിരിക്കുന്നുവെന്ന് സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങൾ വ്യക്തമാക്കുന്നുണ്ട്.
യുഎസടക്കം പാശ്ചാത്യ ഉപരോധത്തെ നേരിടുന്ന എണ്ണ, പ്രകൃതിവാതക ഉല്പാദക രാജ്യങ്ങളായ ഇറാൻ, റഷ്യ, വെനസ്വേല എന്നിവിടങ്ങളിൽനിന്നുള്ള അവയുടെ കയറ്റുമതി നിർണായക പ്രാധാന്യമുള്ള ആ ഇന്ധനങ്ങളുടെ അന്താരാഷ്ട്ര വിപണിവില നിയന്ത്രിക്കുന്നതിൽ സുപ്രധാന പങ്കാണ് നിർവഹിച്ചുവരുന്നത്. എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യയടക്കം പ്രമുഖ സമ്പദ്ഘടനകളാണ് പാശ്ചാത്യ ഉപരോധത്തിന്റെ യഥാർത്ഥ ഇരകളായി മാറുന്നത്. ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് അമ്പതുശതമാനം പിഴത്തീരുവ ഏർപ്പെടുത്തിയ യുഎസ് നടപടിയുടെ ഏകകാരണം അന്താരാഷ്ട്ര വിപണിവിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമായ റഷ്യയുടെ എണ്ണ ഇറക്കുമതിചെയ്യുന്നു എന്നതുമാത്രമാണ്. യുഎസ് സമ്മർദത്തിന് വഴങ്ങി വെനസ്വേലയിൽനിന്നും ഇറാനിൽനിന്നുമുള്ള എണ്ണ ഇറക്കുമതി ഗണ്യമായി വെട്ടിക്കുറയ്ക്കാനും ക്രമേണ അവസാനിപ്പിക്കാനും ഇന്ത്യ നിർബന്ധിതമായി. പുതിയ ഇന്ത്യ‑യുഎസ് വ്യാപാരക്കരാർ റഷ്യൻ എണ്ണയുടെ ഇറക്കുമതിയെ എങ്ങനെ കൂടുതൽ പ്രതികൂലമായി ബാധിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്. ഇപ്പോൾ യുഎസ് കരീബിയനിൽ പിടിച്ചെടുത്ത എണ്ണ ടാങ്കർ ക്യൂബയിലേക്കുള്ള എണ്ണയുമായുള്ള യാത്രയിലായിരുന്നു. കഴിഞ്ഞ 75 വർഷങ്ങളായി യുഎസിന്റെ സാമ്പത്തിക ഉപരോധത്തിന്റെ ഇരയാണ് ക്യൂബ.
യുഎസ് നടപടി ലക്ഷ്യംവയ്ക്കുന്നത് കേവലം വെനസ്വേലയെ മാത്രമല്ല ക്യൂബയടക്കം രാഷ്ട്രീയ പ്രതിയോഗികളെയും ഇന്ത്യയടക്കം ഉയർന്നുവരുന്ന പുത്തൻ സാമ്പത്തിക ശക്തികളെയുമാണ്. വെനസ്വേലൻ എണ്ണയുടെ ഏറ്റവുംവലിയ ഗുണഭോക്താവ് ലോകത്തെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാഷ്ട്രമായ ചൈനയാണ്. ലോക വ്യാപാര, സാമ്പത്തിക മത്സരത്തിലെ ഏറ്റവും വലിയ പ്രതിയോഗികളാണ് യുഎസും ചൈനയും. വ്യാവസായിക വിപ്ലവത്തിന്റെ ഏറ്റവും പുതിയ ഘട്ടങ്ങളുടെ നിലനില്പിനും പുരോഗതിക്കും അനിവാര്യമായ അപൂർവലോഹങ്ങളുടെയും മറ്റ് അസംസ്കൃത വസ്തുക്കളുടെ കലവറയും അമേരിക്കൻ ഉല്പന്നങ്ങളുടെ വിപണിയും നിക്ഷേപ ലക്ഷ്യങ്ങളിൽ ഒന്നുമായ ചൈനയോട് നേരിട്ടുള്ള ഏറ്റുമുട്ടലിന് പകരം ഊർജസ്രോതസുകൾ തടയുക എന്ന തന്ത്രത്തിന്റെ ഭാഗംകൂടിയാണ് ‘കരീബിയൻ കടൽക്കൊള്ള’യുടെ പിന്നിൽ പ്രവർത്തിക്കുന്നതെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
കഴിഞ്ഞ പതിമൂന്ന് വർഷങ്ങളായി തുടരുന്ന നിക്കോളസ് മഡുറോയുടെ ഭരണത്തെക്കുറിച്ച് ട്രംപും യുഎസ് ഭരണകൂടവും ഉയർത്തുന്ന വിമർശനങ്ങൾ ലോകത്തെവിടെയുമുള്ള, തങ്ങളിൽനിന്ന് വ്യത്യസ്തവും വിഭിന്നവുമായ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക കാഴ്ചപ്പാടുകൾ പിന്തുടരുന്ന രാഷ്ട്രങ്ങളോടും സമൂഹങ്ങളോടുമുള്ള അവരുടെ പൊതുസമീപനത്തിന്റെ തുടർച്ച മാത്രമാണ്. ഒരു ജനതയെ ആര് ഭരിക്കണമെന്നും എങ്ങിനെ ഭരിക്കണമെന്നും നിർണയിക്കാനുള്ള സമ്പൂർണ അവകാശവും അധികാരവും ആ ജനതയുടേത് മാത്രമാണ്. തങ്ങളുടെ മാതൃക മറ്റെല്ലാവരും പിന്തുടരണമെന്ന് ആഗ്രഹിക്കാനും ആ ആശയങ്ങൾ പ്രചരിപ്പിക്കാനും ഓരോ രാഷ്ട്രങ്ങൾക്കും അവകാശമുണ്ട്. എന്നാൽ അത് മറ്റുള്ളവരുടെമേൽ അടിച്ചേൽപിക്കാൻ ശ്രമിക്കുന്നത് അവരുടെ ആഭ്യന്തര ജീവിതത്തിലുള്ള കടന്നുകയറ്റമാണ്. മയക്കുമരുന്ന് ഭീകരത, സ്വേച്ഛാധിപത്യം തുടങ്ങി പേരുകളില്‍ യുഎസും ട്രംപും നടത്തുന്ന രാഷ്ട്രീയവും സൈനികവുമായ ഇടപെടലുകളും യുദ്ധസന്നാഹങ്ങളും കാലഹരണപ്പെട്ട സാമ്രാജ്യത്വ സാമ്പത്തിക വ്യാമോഹങ്ങളുടെ ഉല്പന്നമാണ്. അതുകൊണ്ടുതന്നെയാണ് അമേരിക്കൻ ജനതയടക്കം ലോക ജനതയുടെ ഗണ്യമായ ഒരു വിഭാഗം ട്രംപിന്റെ സാമ്രാജ്യത്വ സാഹസികതയെ ‘കരീബിയൻ കടൽക്കൊള്ള’യെന്ന് അപലപിക്കാൻ മുന്നോട്ടുവരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.