
ഇന്ത്യ‑പാകിസ്ഥാൻ സംഘർഷത്തിന് വിരാമമിടാൻ താനും വൈസ്‌പ്രസിഡന്റ് ജെ ഡി വാൻസും സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോയും ശക്തമായ ഇടപെടൽ നടത്തിയെന്നും ഇരു രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം വെടിനിർത്തലിലേക്ക് നയിക്കുന്നതിൽ നിർണായകമായെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിച്ച് അവകാശപ്പെടുകയുണ്ടായി. ഇപ്പോഴിതാ പശ്ചിമേഷ്യയിലെ ത്രിരാഷ്ട്ര പര്യടനത്തിൽ യുഎസ് നയതന്ത്രത്തിൽ പ്രസിഡന്റ് ട്രംപിന്റെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും ബിസിനസ് താല്പര്യങ്ങൾ രാഷ്ട്രതാല്പര്യങ്ങളെക്കാൾ എത്രത്തോളം പ്രാധാന്യം കൈവരിച്ചിരിക്കുന്നുവെന്ന് യുഎസ്, ആഗോളമാധ്യമങ്ങൾ വസ്തുതകൾ നിരത്തി ചൂണ്ടിക്കാണിക്കുന്നു. പ്രസിഡന്റ് അടക്കം ഉന്നത ഭരണഘടനാപദവികൾ വഹിക്കുന്നവർ നടത്തുന്ന സ്വകാര്യ ബിസിനസ് ഇടപാടുകൾ രാഷ്ട്രതാല്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും ഭരണഘടനാ വ്യവസ്ഥയെയും കീഴ്‌വഴക്കങ്ങളെയും കാറ്റില്‍പ്പറത്തിക്കൊണ്ടാണെന്നും മാധ്യമങ്ങളും വിദഗ്ധരും വിലയിരുത്തുന്നു. സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തർ എന്നീ മൂന്ന് പേർഷ്യൻ ഗൾഫ് രാഷ്ട്രങ്ങളാണ് ട്രംപിന്റെ നടപ്പ് സന്ദർശന പട്ടികയിലുള്ളത്. ഫ്രാൻസിസ് പാപ്പയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ വത്തിക്കാനിലേക്ക് യാത്രചെയ്തതൊഴിച്ചാൽ രണ്ടാംതവണ പ്രസിഡന്റായി അധികാരമേറ്റശേഷം ട്രംപ് നടത്തുന്ന പ്രഥമ ഔദ്യോഗിക വിദേശ സന്ദർശനമാണിത്. ആദ്യതവണ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍, റിയൽഎസ്റ്റേറ്റ് ബിസിനസിൽ ഏർപ്പെട്ടിട്ടുള്ള ട്രംപ് പ്രസിഡന്റ് പദവി ഏറ്റെടുക്കുന്നതിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. തന്റെ ബിസിനസ് സ്ഥാപനമായ ‘ട്രംപ് ഓർഗനൈസേഷന്റെ’ തലപ്പത്ത് ആൺമക്കളെ പ്രതിഷ്ഠിച്ചാണ് അദ്ദേഹം വിമർശനങ്ങളെ നേരിട്ടത്. എന്നാൽ, ഇപ്പോൾ ട്രംപിന്റെ സന്ദർശനത്തിന് മുന്നോടിയായി അതേ രാജ്യങ്ങൾ സന്ദർശിച്ച ട്രംപിന്റെ മക്കൾ സഹസ്രകോടി ഡോളർ ബിസിനസ് ഇടപാടുകളിലാണ് ഏർപ്പെട്ടിരിക്കുന്നതെന്ന് മാധ്യമങ്ങൾ വിശദാംശങ്ങളോടുകൂടിയ റിപ്പോർട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നു. ത്രിരാഷ്ട്ര സന്ദർശനത്തിന് പുറപ്പെടുന്നതിന് തൊട്ടുമുമ്പ്, തിങ്കളാഴ്ച, 4,000 കോടി ഡോളർ വിലമതിക്കുന്ന ഒരു ബോയിങ് 747–8 ആഡംബരവിമാനം ഖത്തറിന്റെ ഉപഹാരമായി സ്വീകരിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഈ വിമാനമായിരിക്കും ഇനിമുതൽ താൻ ഔദ്യോഗിക യാത്രകൾക്ക് ഉപയോഗിക്കുന്ന എയർഫോഴ്സ്-വൺ എന്നും അദ്ദേഹം അറിയിച്ചു. അത്തരം ഉപഹാരങ്ങൾ സ്വീകരിക്കുന്നത് നിഷിദ്ധവും കോൺഗ്രസിന്റെ അംഗീകാരം ആവശ്യമുള്ളതുമാണെന്നിരിക്കെയാണ് ഇത്. മാത്രമല്ല പ്രസിഡന്റ് കാലാവധി പൂർത്തിയായാൽ പ്രസ്തുത വിമാനം അദ്ദേഹത്തിന്റെ പ്രസിഡൻഷ്യൽ ലൈബ്രറി ഫൗണ്ടേഷന്റെ ഭാഗമാകുമെന്നും ട്രംപ് പ്രഖ്യാപിക്കുന്നു.
ട്രംപ് ലോകത്തിലെ ഏറ്റവും കരുത്തുറ്റ സാമ്പത്തിക, സൈനിക, രാഷ്ട്ര ശക്തിയുടെ അധിപൻ എന്നനിലയിൽ തന്റെ പദവിയും അധികാരവും ഇതര രാഷ്ട്രങ്ങളും ബിസിനസ് സാമ്രാജ്യങ്ങളുമായുള്ള ഇടപാടുകൾക്കായി (ഡീൽ മേക്കിങ്) ഉപയോഗിക്കാൻ മടിക്കില്ലെന്ന് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യ — പാകിസ്ഥാൻ വെടിനിർത്തലിലും താൻ അത്തരം ബിസിനസ് ഡീൽ ആണ് നടത്തിയതെന്നും അദ്ദേഹം ഭംഗ്യന്തരേണ പറഞ്ഞുവയ്ക്കുന്നുമുണ്ട്. പ്രസിഡന്റ് ട്രംപിന്റെ ത്രിരാഷ്ട്ര പര്യടനത്തിന് മുന്നോടിയായി ട്രംപ് ഓർഗനൈസേഷൻ ആ രാജ്യങ്ങളിൽ നടത്തിയ ഡീലുകളുടെ വിശദമായ പട്ടിക തന്നെ പ്രമുഖ യുഎസ്, ആഗോള മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ രണ്ട് വമ്പൻ റിയൽഎസ്റ്റേറ്റ് പദ്ധതികൾ, ജിദ്ദയിൽ ഒരു ട്രംപ് ടവർ, അയൽരാജ്യമായ ഒമാനിൽ ആഡംബര ഗോൾഫ് കോഴ്സും ട്രംപ് ഇന്റർനാഷണൽ ഹോട്ടലും ആ രാജ്യങ്ങളിലെയും ആഗോള നിക്ഷേപകരുടെയും പങ്കാളിത്തത്തോടെ സമീപഭാവിയിൽ ഉയർന്നുവരും. യുഎഇയിലെ ഏറ്റവും വലിയ നഗരവും ആഗോള വാണിജ്യകേന്ദ്രവുമായ ദുബായിൽ 80 നിലകളുള്ള ട്രംപ് ടവറിന്റെ നിർമ്മാണം ഇക്കൊല്ലംതന്നെ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അബുദാബിയിൽ ട്രംപ് കുടുംബത്തിന്റെ ക്രിപ്റ്റോ കറൻസി സ്ഥാപനം ‘വേൾഡ് ലിബർട്ടി ഫിനാൻഷ്യൽ’ 200 കോടി ഡോളർ പങ്കാളികളുമായിച്ചേർന്ന് നിക്ഷേപിച്ച് വൻ ഊഹക്കച്ചവടത്തിനാണ് പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. ഇവ ട്രംപിന്റെ ആഗോള ബിസിനസ് സാമ്രാജ്യ വിപുലീകരണമെന്ന മഞ്ഞുമലയുടെ ശിഖരം മാത്രമാണ്. ഇവയൊന്നും ട്രംപ് പര്യടനത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നവയല്ല. പ്രഖ്യാപിത ലക്ഷ്യം എണ്ണസമ്പന്നമായ ഗൾഫ് രാഷ്ട്രങ്ങളിൽനിന്നും യുഎസിലേക്ക് നിക്ഷേപം ആകർഷിക്കുക എന്നതാണ്. എണ്ണയെ മാത്രം ആശ്രയിക്കാതെ തങ്ങളുടെ സാമ്പത്തിക അടിത്തറയും വരുമാന സ്രോതസുകളും വിപുലീകരിക്കാൻ ലക്ഷ്യമിടുന്ന ഗൾഫ് രാഷ്ട്രങ്ങൾ ഒരുപക്ഷെ അത്തരം കച്ചവട പങ്കാളിത്തങ്ങൾക്ക് മുതിർന്നേക്കും. ഇസ്രയേൽ — പലസ്തീൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പലസ്തീൻ ജനതയുടെ മൗലിക പ്രശ്നപരിഹാരത്തെക്കാൾ തങ്ങളുടെ നിലനില്പും സാമ്പത്തിക വളർച്ചയുമാണ് മേഖലയിലെ രാഷ്ട്രങ്ങളുടെ ഭൗമരാഷ്ട്രീയ മുൻഗണന എന്ന് വിലയിരുത്തുന്നതിലും തെറ്റില്ല.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ത്രിരാഷ്ട്ര ഗൾഫ് സന്ദർശനവും ലോക രാഷ്ട്രീയത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളും കഴിഞ്ഞ അര നൂറ്റാണ്ടായി ആഗോള രാഷ്ട്രീയ, സാമ്പത്തിക രംഗങ്ങളിൽ ആധിപത്യം പുലർത്തിപ്പോന്നിരുന്ന സാമ്രാജ്യത്വ സൈദ്ധാന്തിക പരിപ്രേക്ഷ്യത്തിന്റെ അസ്തമനത്തിലേക്കാണോ വിരൽചൂണ്ടുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആഗോളീകരണം, ഉദാരീകരണം, സ്വകാര്യവല്‍ക്കരണം തുടങ്ങിയവയുടെയും അതുവഴി സമ്പത്തിന്റെ കിനിഞ്ഞിറങ്ങൽ (ട്രിക്കിൾ ഡൗൺ) എന്നലക്ഷ്യവും പരാജയമടയുന്നുവെന്ന വസ്തുതയിലേക്കാണ് രാഷ്ട്രീയ പ്രക്രിയയുടെമേൽ മൂലധനം നേരിട്ട് ആധിപത്യം ഉറപ്പിക്കുന്ന ഇപ്പോഴത്തെ പ്രവണതയെ വിലയിരുത്തേണ്ടത്. അത് യുഎസിനെ മാത്രം ബാധിക്കുന്ന ഒറ്റപ്പെട്ട പ്രവണതയല്ല എന്ന് ചിന്തിക്കാൻ ഇന്ത്യയടക്കം നിരവധി രാജ്യങ്ങളിലെ അനുഭവം നമ്മെ പ്രേരിപ്പിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.