
യൂണിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മിഷന്റെ (യുജിസി) 2026ലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തുല്യത പ്രോത്സാഹിപ്പിക്കുന്ന നിയമം (പ്രൊമോഷൻ ഓഫ് ഇക്വിറ്റി ഇൻ ഹയർ എജ്യൂക്കേഷൻ ഇൻസ്റ്റിട്യൂഷൻ‑റെഗുലേഷൻ) സുപ്രീം കോടതി സ്റ്റേ ചെയ്തു. ജനുവരി 13 ഇതുസംബന്ധിച്ച വിജ്ഞാപനം ചെയ്ത ചട്ടങ്ങൾ ചോദ്യം ചെയ്തുകൊണ്ട് സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ട ഹർജികളെത്തുടർന്നാണ് പരമോന്നത കോടതിയുടെ നടപടി. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിവിവേചനത്തിനെതിരെ രൂപം നൽകിയ നിയമവും ചട്ടങ്ങളും ‘ദുരുപയോഗം ചെയ്യപ്പെടാനുള്ള’ സാധ്യത കണക്കിലെടുത്താണ് സുപ്രീം കോടതി നടപടി. നിയമം തങ്ങൾക്കെതിരെ വിവേചനപരമാണെന്ന് ആരോപിച്ച് ഉത്തരേന്ത്യയിലെ സവർണ നേതൃത്വം ബിജെപിക്കെതിരെ വ്യാപക പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഉത്തർപ്രദേശിലെ സവർണ ബിജെപി നേതാക്കളുടെ രാജിയും ഡൽഹിയിൽ യുജിസി ആസ്ഥാനത്തും വടക്കേ ഇന്ത്യയിലെ പ്രമുഖ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രതിഷേധ പ്രകടനങ്ങളും അരങ്ങേറിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് നിയമം സ്റ്റേ ചെയ്തുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് പുറത്തുവന്നത്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച് മുക്കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും ഉന്നതവിദ്യാഭ്യാസ സ്ഥപനങ്ങളടക്കം സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ജാതിവിവേചനം കൊടികുത്തിവാഴുന്നുവെന്നത് അനിഷേധ്യവും അപമാനകാരവുമായ യാഥാർത്ഥ്യമാണ്. 2016ൽ ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ ദളിത് ഗവേഷണ വിദ്യാർത്ഥി രോഹിത് വെമുലയും, 2019ൽ മുംബൈ ടോപിവാല നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഗോത്രവർഗ മുസ്ലിം ഡോക്ടർ പായൽ തട്‌വിയും കടുത്ത ജാതിവിവേചനത്തെത്തുടർന്ന് ആത്മഹത്യചെയ്ത സംഭവങ്ങൾ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലും ഉന്നതവിദ്യാഭ്യാസ രംഗത്തും വൻ കോളിളക്കങ്ങൾ സൃഷ്ടിച്ചിരുന്നു. രോഹിത് വെമുലയുടെയും പായൽ തട്‌വിയുടെയും അമ്മമാർ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിലനിൽക്കുന്ന ജാതിവിവേചനത്തിനും പീഡനങ്ങൾക്കുമെതിരെ പൊതുതാല്പര്യ ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ആ ഹർജിയിൽ 2025ൽ തീർപ്പുകല്പിച്ച ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്‌മല്യ ബാഗ്ചി എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ നിർദേശാനുസരണമാണ് യുജിസി പുതിയ നിയമവും ചട്ടങ്ങളും വിജ്ഞാപനം ചെയ്തത്.
2018–2023 കാലയളവിൽ ഐഐടി, ഐഐഎം, എൻഐടി തുടങ്ങിയവയടക്കം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ദളിത്, ആദിവാസി, ബഹുജൻ സമുദായങ്ങളിൽപ്പെട്ട 98 വിദ്യാർത്ഥികൾ ജാതിവിവേചനത്തിന്റെ ഇരകളായി ആത്മഹത്യ ചെയ്തതായി കേന്ദ്രസർക്കാർ രാജ്യസഭയിൽ വെളിപ്പെടുത്തിയിരുന്നു. 2014–2021 കാലയളവിൽ കേന്ദ്രസർക്കാർ യൂണിവേഴ്സിറ്റികളിൽ ആത്മഹത്യചെയ്ത 122 വിദ്യാർത്ഥികളിൽ 68 പേർ, (55%) പട്ടികജാതി, പട്ടികവർഗ, മറ്റു പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളായിരുന്നുവെന്ന് സർക്കാർ ഒരു ചോദ്യത്തിന് മറുപടിയായി ലോക്‌സഭയെ അറിയിച്ചിരുന്നു. ഈ വസ്തുതകൾ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നേരിടുന്ന വിവേചനത്തിലേക്കും പീഡനങ്ങളിലേക്കുമാണ് വിരൽചൂണ്ടുന്നത്. അത്തരം സമൂഹങ്ങളിൽ നിന്നുവരുന്ന വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തുല്യതയും സുരക്ഷയും ഉറപ്പുവരുത്തുന്നതിന് ലക്ഷ്യം വച്ചുള്ള നിയമവും ചട്ടങ്ങളുമാണ് ഇപ്പോൾ പരമോന്നത കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. സ്റ്റേ നിലവിൽ വന്നതോടെ നിലനിന്നിരുന്ന 2012ലെ റെഗുലേഷൻ തുടരുമെന്ന് കോടതി നിർദേശിക്കുന്നുണ്ട്. എന്നാൽ, 2012ലെ നിയമം ഫലപ്രദമല്ലെന്ന സുപ്രീം കോടതിയുടെതന്നെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമത്തിനും ചട്ടങ്ങൾക്കും രൂപംനൽകിയതെന്ന വസ്തുത വിസ്മരിക്കപ്പെട്ടുകൂടാ. 2026ലെ മാർഗനിർദേശങ്ങൾ ‘സമൂഹത്തെ ഭിന്നിപ്പിക്കാൻ പര്യാപ്തമാണെന്ന’ കോടതിയുടെ വിലയിരുത്തൽ ജാതിയടിസ്ഥാനത്തിൽ സമൂഹത്തിൽ നിലനിൽക്കുന്ന രൂക്ഷമായ ഭിന്നതകളെയും വിവേചനത്തെയും കോടതി എങ്ങിനെയാണ് നോക്കിക്കാണുന്നതെന്ന ചോദ്യം ഉയർത്തുന്നു. 2026ലെ നിയമവും ചട്ടവും വിവേചനപരവും ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളതുമാണെന്ന് ആരോപിക്കുന്ന സവർണ വിഭാഗങ്ങൾ തന്നെയാണ് അനവധിപേരുടെ ആത്മഹത്യയിലേക്ക് നയിച്ച ജാതിവിവേചനത്തിന്റെ പ്രയോക്താക്കളെന്നത് അവ ജുഡീഷ്യൽ പുനഃപരിശോധനക്ക് വിധേയമാക്കുന്ന കോടതി വിസ്മരിച്ചുകൂട.
2026ലെ നിയമവും ചട്ടങ്ങളും മറ്റേതുനിയമവുമെന്നതുപോലെ ദുരുപയോഗം ചെയ്യപ്പെടാമെന്ന സവർണ വിഭാഗങ്ങളുടെ ആശങ്ക ആ നിയമത്തെ അപ്രസക്തമാക്കുന്നില്ല. രാജ്യത്തെ മറ്റുപല നിയമങ്ങളും എന്നതുപോലെ ഈ നിയമവും നിരപരാധികൾക്കെതിരെ ദുരുപയോഗം ചെയ്യപ്പെട്ടേക്കാം. സത്യസന്ധരായ പൊതുപ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കുമെതിരെ അഴിമതിനിരോധന നിയമം, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ നിയമങ്ങൾ ഭരണകൂടം തന്നെ ദുരുപയോഗം ചെയ്യുന്നത് അസാധാരണമല്ലാത്ത അന്തരീക്ഷത്തിലാണ് നാം ജീവിക്കുന്നത്. അതുകൊണ്ട്, അത്തരം നിയമങ്ങൾ അപ്പാടെ റദ്ദാക്കാൻ സർക്കാരിനോ കോടതിക്കോ കഴിയില്ലല്ലോ. പ്രശ്നം ദുരുപയോഗം തടയലും അതിക്രമങ്ങൾ അവസാനിപ്പിക്കലുമാണ്. അതിനുള്ള ശരിയായ വഴികണ്ടെത്താൻ പരമോന്നത കോടതിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുക. എന്നാൽ ജാതിയുടെ പേരിൽ നടക്കുന്ന വിവേചനവും അതിക്രമങ്ങളും ആഴത്തിൽ വേരോട്ടമുള്ള സാമൂഹിക തിന്മയാണ്. അതിന് പരിഹാരം ജാതിയുടെ സമ്പൂർണ ഉന്മൂലനമാണ്. അത് നിയമംമൂലം മാത്രം കൈവരിക്കാവുന്ന ഒന്നല്ല. സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ ഒരു പ്രക്രിയയാണ്. ജാതിയുടെയും മതത്തിന്റെയും പേരിൽ അധികാരം കയ്യാളുന്ന ഭരണകൂടത്തിന് കൈവരിക്കാവുന്ന ലക്ഷ്യമല്ല അത്. ബ്രാഹ്മണ്യ മേധാവിത്വത്തിലും സനാതന ധർമ്മത്തിലും തീവ്ര ഹിന്ദുത്വആശയങ്ങളിലും നങ്കൂരമിട്ടിരിക്കുന്ന ബിജെപി-ആർഎസ്എസ്-സംഘ്പരിവാർ ശക്തികളിൽനിന്നും രാജ്യത്തെയും ജനങ്ങളെയും വിമോചിപ്പിക്കുക വഴിയെ ആ ലക്ഷ്യം സാധ്യമാകു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.