18 October 2024, Friday
KSFE Galaxy Chits Banner 2

തൊഴിലില്ലായ്മ,വിലക്കയറ്റം; നുണകൾക്ക് മീതെ യാഥാർത്ഥ്യങ്ങൾ

Janayugom Webdesk
July 18, 2024 5:00 am

ജൂലൈ 13 ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി മുംബൈയിൽ ഒരു പരിപാടിയിൽ കഴിഞ്ഞ നാല് വർഷത്തിനിടെ എട്ടുകോടി തൊഴിലവസരങ്ങൾ സൃഷ്ടിച്ചു എന്ന് അവകാശപ്പെടുകയുണ്ടായി. സമ്പദ്ഘടന ശക്തിപ്പെടുകയാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർബിഐ)യും ഇടയ്ക്കിടെ ഓർമ്മപ്പെടുത്താറുണ്ട്. പക്ഷേ സര്‍ക്കാര്‍ കണക്കുകളിൽ മാത്രമല്ലാതെ ജീവിതത്തിന്റെ പച്ചയായ യാഥാർത്ഥ്യങ്ങളുമായി ഇത് ഒരിക്കലും പൊരുത്തപ്പെടുന്നില്ലെന്ന് വ്യക്തമാക്കുന്ന പല കണക്കുകളും അനുബന്ധമായി നമ്മുടെ മുന്നിൽ വന്നുനിൽക്കുന്നുണ്ട്. തൊഴിലില്ലായ്മയുടെ കാര്യം തന്നെയെടുക്കുക. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രധാന പ്രചരണ വിഷയങ്ങളിൽ ഒന്നായിരുന്നു തൊഴിലില്ലായ്മ. അപ്പോൾപ്പോലും ഇതുപോലൊരു തൊഴിൽസൃഷ്ടിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോ ബിജെപി നേതാക്കളോ കൃത്യമായ കണക്കുകളുടെ പിൻബലത്തിൽ വ്യക്തമാക്കിയിരുന്നില്ലെന്നത് നമ്മുടെ ബോധ്യമാണ്. എന്നിട്ടും വീണ്ടും അധികാരത്തിലെത്തി ഒരുമാസം പിന്നിടുമ്പോൾ മോഡി അങ്ങനെയൊരവകാശവാദം ഉന്നയിക്കുന്നത് ആർബിഐ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ്. 2023–24 സാമ്പത്തിക വർഷത്തിൽ 4.7 കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടുവെന്നാണ് ആർബിഐയുടെ അവകാശവാദം. കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കുകളാണ് ആർബിഐ പുറത്തുവിട്ടത്. മുൻ സാമ്പത്തിക വർഷത്തെക്കാൾ തൊഴിൽ വളർച്ചാ നിരക്ക് ആറ് ശതമാനമായി ഉയർന്നുവെന്നും 3.2 ശതമാനത്തിന്റെ വളർച്ചയാണെന്നുമാണ് റിപ്പോർട്ടിലുള്ളത്. എന്നാൽ ശതമാനത്തിന്റെ നിരക്കിലല്ലാതെ കൃത്യമായ എണ്ണമുള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ അവതരിപ്പിക്കപ്പെട്ടില്ലെന്ന് മനസിലാക്കണം. ഏതെല്ലാം മേഖലയിലാണ് തൊഴിൽ സൃഷ്ടിക്കപ്പെട്ടത്, ഏതൊക്കെ തരത്തിലുള്ള തൊഴിലുകളാണ് രൂപപ്പെട്ടത് എന്നിവ വിശദീകരിക്കാതെ അവ്യക്തമാണ് പ്രസ്തുത കണക്കുകൾ. 

അതേസമയം ഔദ്യോഗിക ഏജൻസികൾ ഉൾപ്പെടെ പുറത്തുവിട്ട കണക്കുകളിൽ തൊഴിലില്ലായ്മ വർധിച്ചുവെന്ന് മാത്രമല്ല, തൊഴിലുള്ളവർ തൊഴിൽരഹിതരായി എന്ന് സമ്മതിക്കുകയാണ്. കേന്ദ്ര സർക്കാരിന് കീഴിലുള്ള നാഷണൽ സാമ്പിൾ സർവേ ഓഫിസി (എൻഎസ്എസ് ഒ) ന്റെ പുതിയ റിപ്പോർട്ടനുസരിച്ച് രാജ്യത്ത് ഏഴ് വർഷത്തിനിടെ അസംഘടിത മേഖലയിൽ 30 ലക്ഷം തൊഴിലവസരങ്ങൾ ഇല്ലാതായി. കോവിഡനന്തരം 2021മുതൽ 2023 വരെയുള്ള കാലയളവിൽ കർണാടകയിൽ 13 ലക്ഷം തൊഴിലുകളാണ് നഷ്ടമായത്. തമിഴ്‌നാട് 12, ഉത്തർപ്രദേശ് 7.91, ആന്ധ്രാപ്രദേശ് 6.77, അസം 4.94, തെലങ്കാന 3.34 ലക്ഷം വീതം തൊഴിൽ നഷ്ടമുണ്ടായി. എൻഎസ്എസ്ഒ റിപ്പോർട്ട് പ്രകാരം ഈ രണ്ട് വർഷങ്ങളിൽ പുതിയതായി ജോലി ലഭിച്ച കണക്ക് ഒരുകോടി പോലും തികയുന്നില്ലെന്ന വൈരുധ്യവുമുണ്ട്. പിന്നെ ഏത് കണക്കുകളെ അടിസ്ഥാനമാക്കിയാണ് മോഡി ഈ അവകാശവാദം ഉന്നയിക്കുന്നത് എന്ന് വ്യക്തമല്ല. സർക്കാരിതര ഏജൻസികൾ പുറത്തുവിടുന്ന കണക്കുകളാകട്ടെ ഈ അവകാശവാദങ്ങളുമായി പൊരുത്തപ്പെടുന്നേയില്ല. തൊഴിലില്ലായ്മ സംബന്ധിച്ച് ദയനീയമായ ചിത്രങ്ങളാണ് അവർ പുറത്തുവിടുന്നത്. സിറ്റിഗ്രൂപ്പ് നടത്തിയ പഠനത്തിൽ പറയുന്നത് പ്രതിവർഷം 80–90 ലക്ഷം തൊഴിലവസരങ്ങൾ മാത്രമേ ഇന്ത്യയിൽ എല്ലാ രംഗത്തുമായി സൃഷ്ടിക്കപ്പെടുന്നുള്ളൂ എന്നാണ്. ഔദ്യോഗിക കണക്കുകളിൽ രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 3.2 ശതമാനമാണെങ്കിലും യഥാർത്ഥ നിരക്ക് 9.2 ശതമാനമാണെന്ന് സ്വകാര്യ ഗവേഷണ സ്ഥാപനമായ സെന്റർ ഫോർ മോണിറ്ററിങ് ഇക്കണോമി റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ മേയ് മാസത്തെ തൊഴിലില്ലായ്മാ നിരക്കാണിത്. 

സമ്പദ്ഘടനയുടെ വളർച്ചയുടെ കൂടെ പരിഗണിക്കേണ്ടതാണ് രാജ്യത്തെ പണപ്പെരുപ്പം. വളർച്ച സാധാരണക്കാരന് നേരിട്ട് അനുഭവപ്പെടുന്നത് പണപ്പെരുപ്പത്തോതിന്റെ അടിസ്ഥാനത്തിലാണ്. പണപ്പെരുപ്പം കുറയുമ്പോഴാണ് സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെടുക. പക്ഷേ കഴിഞ്ഞ മാസത്തെ പണപ്പെരുപ്പത്തിന്റെ ഔദ്യോഗിക കണക്കുകൾ നിരാശപ്പെടുത്തുന്നുവെന്ന് മാത്രമല്ല, മോഡിയുടെയും ആർബിഐയുടെയും അവകാശവാദങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് സ്ഥാപിക്കുന്നതിന് മതിയായ തെളിവുമാകുന്നു. മൊത്തവില പണപ്പെരുപ്പം തുടർച്ചയായി നാലാം മാസവും ചില്ലറവില പണപ്പെരുപ്പം തുടർച്ചയായ മാസങ്ങളിലും വർധന രേഖപ്പെടുത്തി. വാണിജ്യ‑വ്യവസായ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം മൊത്തവില പണപ്പെരുപ്പം ജൂണിൽ ഒന്നേകാൽ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ 3.36 ശതമാനം രേഖപ്പെടുത്തി. സാധാരണക്കാരുടെ ഭക്ഷ്യവിഭവങ്ങളിൽ പ്രമുഖമായ പച്ചക്കറിയുൾപ്പെടെ ഭക്ഷ്യോല്പന്നങ്ങളുടെ വിലക്കയറ്റം രൂക്ഷമാണ്. മൊത്തവില അടിസ്ഥാനത്തിൽ ജൂണിൽ ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം 10.87 ശതമാനവും പച്ചക്കറി 38.76 ശതമാനവും രേഖപ്പെടുത്തി. കേന്ദ്ര സ്ഥിതിവിവരക്കണക്ക് മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം ചില്ലറവില പണപ്പെരുപ്പവും ജൂണിൽ 5.08 ശതമാനമാണ്. മേയിൽ ഇത് 4.8 ശതമാനമായിരുന്നു. ഭക്ഷ്യോല്പന്നങ്ങളുടെ ചില്ലറവില ജൂണിൽ 9.55 ശതമാനം ഉയർന്നിരുന്നു. വിലക്കയറ്റം എത്രത്തോളം രൂക്ഷമാണെന്നും അധികൃതരുടെ അവകാശവാദങ്ങൾക്കുമീതെയാണ് രാജ്യത്തെ ജീവിത യാഥാർത്ഥ്യങ്ങളെന്നും ഈ കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.