23 February 2026, Monday

എഐ ഇംപാക്ട് ഉച്ചകോടിയിലും അമേരിക്കന്‍ വിധേയത്വം

Janayugom Webdesk
February 24, 2026 5:00 am

ന്ത്യയുടെ സാങ്കേതിക നേട്ടങ്ങള്‍ ലോകത്തിന് മുന്നിൽ തെളിയിക്കാന്‍ സുവര്‍ണാവസരമാകേണ്ടിയിരുന്ന ഡല്‍ഹി ആഗോള എഐ ഇംപാക്ട് ഉച്ചകോടി, യുഎസ് വിധേയത്വത്തിനുള്ള വേദിയായോ എന്ന് സംശയമുയരുന്നു. രാജ്യത്തെ സംബന്ധിച്ച് ചരിത്രമുഹൂർത്തം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വിശേഷിപ്പിച്ച ഉച്ചകോടി, വിവാദങ്ങള്‍കൊണ്ടും സംഘാടനത്തിലെ പിഴവുകള്‍ മൂലവും അതിഥിരാജ്യങ്ങൾക്ക് മുന്നിൽ പരിഹാസ്യമായിത്തീര്‍ന്ന വാർത്തകള്‍ വിദേശ മാധ്യമങ്ങളിലുള്‍പ്പെടെ പ്രചരിച്ചു. അതിന്റെ ചൂടാറും മുമ്പാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ആഗോള വിതരണ ശൃംഖല നിയന്ത്രിക്കാൻ അമേരിക്ക രൂപീകരിച്ച ‘പാക്സ് സിലിക്ക’ സഖ്യത്തില്‍ ഇന്ത്യ പങ്കാളിയാകുന്നത് യുഎസിന് അടിയറവ് പറച്ചിലാണ് എന്ന വിദഗ്ധരുടെ വിലയിരുത്തലുണ്ടാകുന്നത്. എഐ അധിഷ്ഠിത ലോകത്തിന് ഏറ്റവുമധികം ബൗദ്ധിക ശേഷി സംഭാവന ചെയ്യുന്ന രാജ്യമാണ് നമ്മുടേത്. എന്നാല്‍ ഭരണകൂടത്തിന് അതിന്റെ പ്രധാന്യം തിരിച്ചറിയാൻ കഴിഞ്ഞില്ല എന്നാണ് പരാതികള്‍ തെളിയിച്ചത്. അഞ്ച് ദിവസം നീണ്ടുനിന്ന ഉച്ചകോടി നമ്മുടെ രാജ്യത്തിന്റെ എഐ നയം എന്താണെന്ന ചോദ്യത്തിന് പോലും ഉത്തരമില്ലാതെയാണ് അവസാനിച്ചത്. 

ക്ഷണിക്കപ്പെട്ട പ്രതിനിധികളെ സുഗമമായി അകത്തു കടത്താൻ കഴിഞ്ഞില്ല എന്നതായിരുന്നു ആദ്യപ്രതിസന്ധി. രണ്ടാം ദിവസമായപ്പോൾ ഇന്ത്യൻ ലേബലുമായി രംഗത്തെത്തിയ ചൈനീസ് റോബോട്ടായിരുന്നു നാണക്കേടുണ്ടാക്കിയത്. അതീവ സുരക്ഷാ മേഖലയില്‍ ഒരു മോഷണക്കേസും ഉണ്ടായി. നിയോ സാപ്പിയന്‍സ് എന്ന സ്റ്റാർട്ടപ്പിന്റെ സ്ഥാപകൻ ധനഞ്ജയ് യാദവാണ് തങ്ങളുടെ കമ്പനിയുടെ ഉല്പന്നങ്ങൾ, വിഐപി സുരക്ഷയുള്ള വേദിയില്‍ നിന്ന് നഷ്ടപ്പെട്ടുവെന്ന് എക്സില്‍ കുറിച്ചത്. ഇന്ത്യയിൽ വികസിപ്പിച്ചതെന്ന രീതിയിൽ റോബാേട്ടിക് നായയെ അവതരിപ്പിച്ചത് ഉത്തര്‍പ്രദേശിലെ ഗൽഗോട്ടിയാസ് സർവകലാശാലയാണ്. ഇത് ചെെനീസ് നിര്‍മ്മിതമാണെന്ന് കണ്ടെത്തിയ സമൂഹമാധ്യമങ്ങള്‍ വലിയതോതില്‍ പരിഹാസമുയര്‍ത്തി. പ്ലാസ്റ്റിക് ഫിലിമിൽ പൊതിഞ്ഞ് റബ്ബർ ബാന്റുകൾ കൊണ്ട് ബ­ന്ധിച്ച തെർമോക്കോള്‍ കൊണ്ടുള്ള ഡ്രോ­ൺ മോഡലും ഇതേ സർവകലാശാല പ്രദർശിപ്പിച്ചു. ഇ­തും മുഖ്യധാരാ — സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത് രാജ്യത്തെ നാണം കെടുത്തി. 100 രാജ്യങ്ങൾ പങ്കെടുക്കും എന്നായിരുന്നു അവകാശ വാദമെങ്കിലും 85 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് ഡല്‍ഹി ഉച്ചകോടിയില്‍ പ­ങ്കെടുത്തത്. ഒട്ടേറെ വൻകിട ഐടി കമ്പനികളുടെ പ്രതിനിധികളും ബിസിനസ് ഗ്രൂപ്പുകളും വ­ന്നെ­ങ്കിലും പ്രതീക്ഷയോടെ അ­വതരിപ്പിച്ച ചിലര്‍, കാരണം പോലും കാണിക്കാതെ മുങ്ങിയതും പരിപാടിയുടെ ശോഭ കെടുത്തി. ഒരു പ്രത്യേക സെ­ഷന്‍ തന്നെ അനുവദിച്ചിരുന്ന മെെക്രോ സോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേ­റ്റ്സ് പങ്കെടുത്തില്ല. എപ്‌സ്റ്റീൻ ഫയലുകളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതിക്കൂട്ടിൽ നിൽക്കുന്നതുകൊണ്ടാണ് ഗേ­റ്റ്സ് പങ്കെടുക്കാതിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. എന്‍വിഡിയ സിഇഒ ജെൻസൻ ഹുവാങ് കാരണം വ്യക്തമാക്കാതെയാണ് പരിപാടി റദ്ദാക്കിയത്. എഐ ചിപ് മേഖലയിലെ പ്രധാന ശക്തിയാണ് എന്‍വിഡിയ. പരിപാടി റദ്ദാക്കിയതിന് വിശദീകരണം ആവശ്യപ്പെടുക പോലും ചെയ്തില്ല സംഘാടകര്‍. പക്ഷേ പ്രാദേശിക ടെക് കമ്പനികളുമായി ചേർന്ന് ഇന്ത്യയില്‍ എഐ സംവിധാനങ്ങൾ ഒരുക്കാനുള്ള കരാർ ഇതേ കമ്പനി ഉച്ചകോടിയിൽ നേടിയെടുക്കുകയും ചെയ്തു.

അന്താരാഷ്ട്ര സഹകരണവും ബഹുതല പങ്കാളിത്തവും ശക്തിപ്പെടുത്തുക, ദേശീയ പരമാധികാരത്തെ ബഹുമാനിക്കുക, സുതാര്യവും വിശ്വസനീയവുമായ ചട്ടക്കൂടുകളിലൂടെ എഐ വികസിപ്പിക്കുക എന്ന പ്രധാന പ്രമേയത്താടെയാണ് ഡല്‍ഹി ഉച്ചകോടിക്ക് ശനിയാഴ്ച സമാപനമായത്. എന്നാല്‍ പാക്സ് സിലിക്ക (Pax Sil­i­ca) കരാർ ഒപ്പുവച്ചതാണ് ഉച്ചകോടിയുടെ നേട്ടമായി സമാപന ദിവസം ഉയർത്തിക്കാണിക്കപ്പെട്ടത്. യഥാർത്ഥത്തിൽ അമേരിക്കയ്ക്ക് അപൂർവധാതുക്കളുടെ ലഭ്യത ഉറപ്പാക്കാനുള്ള കരാറാണിത്. ആഗോള സാങ്കേതികവിദ്യാ രംഗത്തും വിതരണ ശൃംഖലയിലും നിലനില്‍ക്കുന്ന ചൈനയുടെ ആധിപത്യം മറികടക്കാന്‍ അമേരിക്കയുടെ നേതൃത്വത്തിൽ രൂപീകരിച്ചതാണ് പാക്സ് സിലിക്ക സഖ്യം. എഐ ഇംപാക്ട് ഉച്ചകോടിയുടെ മറവില്‍ ഇന്ത്യയെ കരാറില്‍ ഒപ്പിടുവിക്കുകയെന്ന അമേരിക്കന്‍ തന്ത്രം വിജയിക്കുകയായിരുന്നുവെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ, നെതർലൻഡ്‌സ്, യുകെ, ഇസ്രയേൽ, യുഎഇ, ഓസ്ട്രേലിയ തുടങ്ങിയവയാണ് സഖ്യത്തിലെ പ്രധാന അംഗരാജ്യങ്ങൾ. അമേരിക്കന്‍ ചിപ്പുകളും എഐ എല്‍എല്‍എമ്മുകളും അംഗരാജ്യങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന് യുഎസ് വാണിജ്യകാര്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി ജേക്കബ് ഹെല്‍ബെര്‍ഗ് നടത്തിയ പ്രഖ്യാപനം ഈ പശ്ചാത്തലത്തില്‍ ശ്രദ്ധേയമാണ്. സ്വന്തമായി എഐ പ്ലാറ്റ്‌ഫോമുകൾ വികസിപ്പിക്കുന്നതിന് പകരം അമേരിക്കൻ കമ്പനികളുടെ നിര്‍ദേശങ്ങൾ അനുസരിക്കേണ്ടി വന്നാല്‍ തദ്ദേശീയമായി എഐ വികസിപ്പിക്കാനുള്ള ഇന്ത്യയുടെ ലക്ഷ്യം നടപ്പാകില്ല. ദേശീയ സുരക്ഷ, പ്രതിരോധം, ബാങ്കിങ് എന്നിവയിൽ വിദേശ ആശ്രിതത്വം കുറയ്ക്കേണ്ടത് വളരെ പ്രധാനമാണ്. രാജ്യത്തെ പൗരന്മാരുടെ ഡാറ്റ രാജ്യത്തിനകത്തുതന്നെ സൂക്ഷിക്കുകയും നിയമപരമായി സംരക്ഷിക്കുകയും വേണം. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധത്തിൽ ഇന്ത്യ യുഎസ് പക്ഷം ചേരുന്നത് നയതന്ത്ര ബന്ധങ്ങളെ ബാധിച്ചേക്കാമെന്ന മുന്നറിയിപ്പും തള്ളിക്കളയേണ്ടതല്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.