5 January 2026, Monday

വെനസ്വേലയിൽ നടക്കുന്നത് യുഎസ് ഭരണകൂട ഭീകരത

Janayugom Webdesk
January 5, 2026 5:00 am

വെനസ്വേലയിൽ യുഎസ് സേന കഴിഞ്ഞദിവസം നടത്തിയ വ്യാപക കടന്നാക്രമണവും ആ രാജ്യത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും അദ്ദേഹത്തിന്റെ പത്നിയെയും ബന്ദികളാക്കി തങ്ങളുടെ രാജ്യത്തേക്ക് കടത്തിക്കൊണ്ടുപോയ സംഭവവും സമസ്ത അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനവും അക്ഷന്തവ്യമായ ക്രിമിനൽ നടപടിയുമാണ്. അത് ട്രംപ് നേതൃത്വംനൽകുന്ന യുഎസ് സാമ്രാജ്യത്വ ഭരണകൂടം പാശ്ചാത്യ അർധഗോളത്തിൽ തങ്ങളുടെ സമഗ്രാധിപത്യം ഉറപ്പിക്കാനും നിലവിലുള്ള ആഗോള ബഹുധ്രുവ രാഷ്ട്രീയ, സാമ്പത്തിക, സൈനികക്രമത്തെ അട്ടിമറിക്കാനും ലക്ഷ്യംവച്ചുള്ള ഭ്രാന്തൻ നടപടിയുമാണ്. കഴിഞ്ഞ രണ്ടര പതിറ്റാണ്ടിലേറെയായി യുഎസ് സാമ്രാജ്യ ആധിപത്യത്തെ ചോദ്യംചെയ്ത് ദക്ഷിണ അമേരിക്കൻ ഭൂഖണ്ഡത്തിൽ വീശിയടിച്ച ‘പിങ്ക് ടൈഡ്’ എന്ന് വിശേഷിപ്പിക്കപ്പെട്ട ഇടതുപക്ഷ മുന്നേറ്റം, യുഎസിന്റേയും പാശ്ചാത്യ സ്വാധീനത്തിൽനിന്നും കുതറിമാറാനുള്ള ലാറ്റിനമേരിക്കൻ ജനതയുടെ ചെറുത്തുനില്പിനെയാണ് അടയാളപ്പെടുത്തുന്നത്. അത് യുഎസ് ഭരണകൂടത്തിനും അവരുടെ സാമ്രാജ്യത്വ സാമ്പത്തിക താല്പര്യങ്ങൾക്കും കനത്ത വെല്ലുവിളിയാണ് ഉയർത്തിയത്. അതിന്റെ മുന്നണിയിൽ നിലയുറപ്പിച്ച വെനസ്വേലയും അവിടത്തെ പുരോഗമന സോഷ്യലിസ്റ്റ് ഭരണകൂടവും യുഎസ് താല്പര്യങ്ങൾക്ക് കനത്ത പ്രതിബന്ധമാണ് സൃഷ്ടിച്ചിരുന്നത്. ലോകത്തെ പെട്രോളിയം നിക്ഷേപത്തിന്റെ 18% കേന്ദ്രീകരിച്ചിരിക്കുന്ന വെനസ്വേലയിൽനിന്നും യുഎസ് എണ്ണക്കുത്തകകൾ പുറത്താക്കപ്പെട്ടു. തങ്ങൾക്ക് നഷ്ടമായ ആ രാജ്യത്തിന്റെ എണ്ണ, ധാതുക്കൾ, പ്രകൃതിവിഭവങ്ങൾ എന്നിവ തിരിച്ചുപിടിക്കുക, അവ കൊള്ളയടിക്കാൻ യുഎസ്, പാശ്ചാത്യ ബഹുരാഷ്ട്ര കുത്തക കോർപറേറ്റുകൾക്ക് അവസരമൊരുക്കുക എന്ന ഉത്തരവാദിത്തമാണ് ട്രംപ് സ്വയം ഏറ്റെടുത്തിരിക്കുന്നത്. ദക്ഷിണ അമേരിക്കയിൽ തങ്ങളുടെ പിടി അയയുകയും ചൈന, റഷ്യ തുടങ്ങിയ ആഗോളശക്തികൾ പുതിയ രാഷ്ട്രീയമാറ്റത്തിന്റെ പശ്ചാത്തലത്തിൽ ആ മേഖലയിലേക്ക് കടന്നുവരുന്നത് തടയുക എന്നതും ട്രംപ് ഭരണകൂടം ലക്ഷ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
വെനസ്വേലയുടെ എണ്ണ, പ്രകൃതിസമ്പത്തുകൾ യുഎസ് കുത്തകകൾക്കുവേണ്ടി തിരിച്ചുപിടിക്കുക എന്നത് ട്രംപ് തന്റെ രാഷ്ട്രീയ ദൗത്യമായി, ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴും, ഇപ്പോൾ വീണ്ടും പ്രസിഡന്റായി അധികാരമേറ്റപ്പോഴും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഈ ലക്ഷ്യത്തിനുവേണ്ടി പ്രവർത്തിക്കുമെന്ന വാഗ്ദാനത്തോടെ ട്രംപ് യുഎസ് എണ്ണക്കുത്തകകളിൽനിന്നും ഭീമമായ തുക കൈപ്പറ്റിയതായി ആ രാജ്യത്തെ മാധ്യമങ്ങൾ തന്നെ ആരോപിച്ചിരുന്നു. ‘പട്ടിയെ കൊല്ലണമെങ്കിൽ അതിനെ പേപ്പട്ടിയായി പ്രഖ്യാപിക്കുകയാണ് എളുപ്പമാർഗം’ എന്നർത്ഥം വരുന്ന ഒരു പ്രയോഗം ആംഗലഭാഷയിലുണ്ട്. ആ തന്ത്രമാണ് ട്രംപ് ഇപ്പോൾ പ്രയോഗിച്ചിരിക്കുന്നത്. തന്റെ ആദ്യ ഭരണകാലത്തുതന്നെ മഡുറോ ഒരു അന്തരാഷ്ട്ര മയക്കുമരുന്ന് സംഘത്തിന്റെ തലവനാണെന്ന് ട്രംപ് പ്രഖ്യാപിക്കുകയും തന്റെ ഭരണകൂടത്തിന്റെ സമ്പൂർണ നിയന്ത്രണത്തിലുള്ള നീതിന്യായ സംവിധാനത്തെക്കൊണ്ട് അത് അംഗീകരിപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ വീണ്ടും അധികാരം തിരിച്ചുകിട്ടിയതോടെ ആ ആഖ്യാനം പൊടിതട്ടിയെടുത്ത് പ്രയോഗിക്കുകയാണ് അയാൾ ചെയ്തിരിക്കുന്നത്. ലാറ്റിനമേരിക്കയിൽ ഇപ്പോൾ തെല്ല് ദുർബലമായിരിക്കുന്ന ഇടതുപക്ഷ മുൻകയ്യും, പതിറ്റാണ്ടുകളായി തുടരുന്ന പാശ്ചാത്യ സാമ്പത്തിക ഉപരോധം വെനസ്വേലയുടെ സമ്പദ്ഘടനയിൽ സൃഷ്ടിച്ചിട്ടുള്ള പ്രതിസന്ധികളും, മുതലെടുത്താണ് ലോകത്തെ ഏറ്റവുംവലിയ സൈനികശക്തിയെ ഉപയോഗിച്ച് താരതമ്യേന ദുർബലമായ ഒരു പരമാധികാര രാഷ്ട്രത്തിനുമേൽ യുഎസ് അതിക്രമത്തിന് മുതിർന്നത്. കഴിഞ്ഞ ദിവസം അരമണിക്കൂർമാത്രം നീണ്ട വെനസ്വേലയുടെ മേൽനടന്ന ആക്രമണത്തിന് 150ലധികം യുദ്ധവിമാനങ്ങളാണ് നിയോഗിക്കപ്പെട്ടത്. കഴിഞ്ഞ ഒരുമാസത്തിലധികമായി കരീബിയൻ കടലപ്പാടെ അവരുടെ നിയന്ത്രണത്തിലാണ്. ട്രംപ് ഭരണകൂടം ശീതയുദ്ധത്തിനുശേഷം ഒരിക്കൽക്കൂടി ദക്ഷിണ അമേരിക്കയ്ക്കെതിരെ തങ്ങളുടെ പഴയ ലോകപൊലീസ് കുപ്പായം എടുത്തണിഞ്ഞിരിക്കുന്നു. ഭരണമാറ്റമോ ജനാധിപത്യത്തിന്റെ പുനഃസ്ഥാപനമോ ഒന്നുമല്ല തന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിക്കാനും ട്രംപ് മടിക്കുന്നില്ല. തന്റെ ലക്ഷ്യം വെനസ്വേലയുടെയും ദക്ഷിണ അമേരിക്കയുടെയും മേലുള്ള യുഎസ് ആധിപത്യവും അവരുടെ എണ്ണയടക്കമുള്ള പ്രകൃതിസമ്പത്തിന്റെ കൊള്ളയുമാണെന്ന് ട്രംപ് അർത്ഥശങ്കക്കിടമില്ലാത്തവിധം വെളിപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു.
നാളിതുവരെ വെനസ്വേലക്കെതിരെ യുഎസ് നടത്തിവന്ന സൈനികനടപടികളൊന്നിലും ട്രംപ് ആരോപിക്കുന്ന വൻതോതിലുള്ള മയക്കുമരുന്നുകടത്ത് തെളിയിക്കാവുന്ന യാതൊന്നും ലോകത്തിനുമുന്നിൽ വയ്ക്കാൻ യുഎസിന് കഴിഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ട്രംപ് ആരോപിക്കുന്നതുപോലെ വെനസ്വേല ഒരു മയക്കുമരുന്ന് ഉല്പാദക രാഷ്ട്രമോ അതിന്റെ കടത്ത്താവളമോ അല്ലെന്ന് പല പ്രമുഖ യുഎസ്, ആഗോള മാധ്യമങ്ങളും സാക്ഷ്യപ്പെടുത്തുന്നു. ഇറാഖിനും, ലിബിയയുമടക്കം യുഎസ് സൈനിക നടപടികൾ സ്വീകരിക്കുകയും നിരപരാധികളെ കൂട്ടക്കൊലക്കിരയാക്കുകയും ചെയ്തപ്പോഴൊന്നും അതിന് കാരണമായി ഉന്നയിച്ച ആരോപണങ്ങൾ ഒന്നുപോലും തെളിയിക്കാൻ ഈ സാമ്രാജ്യത്വ അക്രമി ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. ആ ചരിത്രദുരന്തങ്ങളുടെ പരിഹാസ്യമായ ആവർത്തനത്തിനാണ് ലോകം ഒരിക്കൽക്കൂടി സാക്ഷ്യംവഹിക്കുന്നത്. വെനസ്വേലക്കെതിരായ യുഎസ് അതിക്രമങ്ങളോടുള്ള പ്രതികരണം, പ്രത്യേകിച്ചും തീവ്ര വലതുപക്ഷ, തീവ്ര ദേശീയ രാഷ്ട്രീയശക്തികൾ ഭരിക്കുന്ന രാജ്യങ്ങളുടെ പ്രതികരണം, വിധേയത്വത്തിന്റെ അടക്കിപ്പിടിച്ച ശബ്ദങ്ങളാണെന്നത് നാം ജീവിക്കുന്ന കാലത്തിന്റെയും അതിന്റെ രാഷ്ട്രീയത്തിന്റെയും ദയനീയ ചിത്രമാണ് കാഴ്ചവയ്ക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാസമിതി ജനുവരി അഞ്ചിന് അടിയന്തരയോഗം വിളിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിയമങ്ങളെയും രാഷ്ട്രീയ സംവിധാനങ്ങളെയും മാനിക്കാത്ത ട്രംപ് ഭരണകൂടത്തിനെതിരെ യുഎന്നിന് എന്തുചെയ്യാൻ കഴിയുമെന്നത് ലോകജനതയെ അസ്വസ്ഥമാക്കുന്നു. ഇന്ത്യൻ ഭരണകൂടത്തിന്റെ പ്രതികരണവും നിർവികാരമാണെന്നത് ആരെയും അത്ഭുതപ്പെടുത്തുന്നില്ല. സാമ്രാജ്യത്വത്തിനും അടിമത്തത്തിനും എതിരായ ധീരോദാത്തമായ പോരാട്ടത്തിന്റെ പാരമ്പര്യമുള്ള ഒരുജനതയെ നയിക്കുന്ന ഭരണകൂടത്തിന്റേതാണ് ഈ നിസംഗത. ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിനുനേരെ നടന്ന ഭരണകൂട ഭീകരതയേയും തെമ്മാടിത്തത്തെയും അപലപിക്കാൻപോലും തന്റേടം നശിച്ച ഇന്ത്യൻ ഭരണകൂടം രാജ്യത്തെ ലോകത്തിനുമുന്നിൽ ലജ്ജിതരും അപമാനിതരുമാക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.