കേന്ദ്രത്തില്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ കേരളത്തിലെ റെയില്‍വേ വികസനത്തോട് കാണിക്കുന്ന കടുത്ത അവഗണനയ്ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അത് പതിന്മടങ്ങ് ശക്തിയാേടെ തുടരുന്നു. കഴിഞ്ഞ കേന്ദ്ര ബജറ്റിൽ റെയിൽവേക്ക് 2,52,000 കോടി വകയിരുത്തിയപ്പോള്‍ കേരളത്തിനു നീക്കിവച്ചത് കേവലം 2744 കോടി മാത്രമാണ്. അതിൽത്തന്നെ തുറവൂർ–അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കലിന് നീക്കിവച്ച 500 കോടി, എസ്റ്റിമേറ്റിന് റെയിൽവേ അനുമതി നൽകിയിട്ടില്ലാത്തതിനാൽ ചെലവഴിക്കാനാകാത്തതുമായിരുന്നു. ഫലത്തിൽ 2244 കോടിയേ കേരളത്തിനുണ്ടായുള്ളൂ. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് വാരിക്കോരി പണം നൽകുന്ന സ്ഥാനത്തായിരുന്നു ക്രൂരമായ ഈ അവഗണന. കേരളത്തെ തകര്‍ക്കാനുള്ള ഏറ്റവും പുതിയ നയമായി കേന്ദ്രം സ്വീകരിച്ചിരിക്കുന്നത് പാലക്കാട് ഡിവിഷന്‍ ഇല്ലാതാക്കാനുള്ള നീക്കമാണ്. മംഗളുരു, കോഴിക്കോട്, പാലക്കാട്, ഷൊര്‍ണൂര്‍ ഉള്‍പ്പെടെ വലിയ വരുമാനവും ചരിത്രവുമുള്ള സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്ന പാലക്കാട് ഡിവിഷന്‍ ഇല്ലാതാക്കുന്നത് കര്‍ണാടകയിലെ ബിജെപി ലോബികള്‍ക്ക് വേണ്ടിയാണ്. മംഗളൂരു ഉൾപ്പെടുത്തി പുതിയ ഡിവിഷനോ, പാലക്കാടുനിന്ന് മറ്റൊരു ഡിവിഷനിലേക്ക് മംഗളൂരുവിനെ പറിച്ചുമാറ്റാനോ ലക്ഷ്യംവച്ചുകൊണ്ടുള്ള നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത് കർണാടകത്തിൽനിന്നുള്ള കേന്ദ്ര റെയിൽവേ സഹമന്ത്രി വി സോമണ്ണയും. ബുധനാഴ്ച മംഗളൂരുവിൽ കേന്ദ്രമന്ത്രിയുടെ നേതൃത്വത്തില്‍ ചേർന്ന യോഗം അതിനുള്ള നിർദേശം നൽകിയെന്നാണ് റിപ്പോര്‍ട്ട്. മംഗളൂരു മേഖലയ്ക്കായി ഏക റെയിൽവേ സോൺ ഭരണത്തിനുള്ള പദ്ധതി ആസൂത്രണം ചെയ്ത് രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി നിദേശം നല്‍കിട്ടുണ്ട്. ദക്ഷിണ, ദക്ഷിണ‑പശ്ചിമ റെയിൽവേ, കൊങ്കൺ റെയിൽവേ കോർപ്പറേഷൻ എന്നിങ്ങനെ മൂന്ന് സോണുകളുടെ കീഴിലായതിനാൽ മംഗളൂരു മേഖലയുടെ റെയിൽവേ വികസനം തടസപ്പെടുകയാണെന്ന് ബിജെപി എംപി ബ്രിജേഷ് ചൗട്ട ഉന്നയിച്ചു.
അതിനോട് യോജിക്കുന്നതായും മൂന്ന് സോൺ മേധാവികളും ചേർന്ന് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് ശുപാർശ നൽകുമെന്നുമാണ് കേന്ദ്ര മന്ത്രി യോഗത്തില്‍ പറഞ്ഞത്. മംഗളൂരു, കോയ മ്പത്തൂർ ഡിവിഷനുകൾ രൂപീകരിക്കാനാണ് പദ്ധതിയിടുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 2007ൽ പാലക്കാട് ഡിവിഷനെ വിഭജിച്ചാണ് സേലം ഡിവിഷൻ രൂപീകരിച്ചത്. മംഗളൂരു ഡിവിഷൻ രൂപീകരിക്കുകയോ ഈ മേഖല കേരളത്തിന് പുറത്തുള്ള മറ്റൊരു ഡിവിഷനിലേക്ക് മാറ്റുകയോ ചെയ്യുന്നതിന് ഔദ്യോഗിക നടപടികൾ തുടങ്ങിയ വിവരം രണ്ടുമാസം മുമ്പ് പുറത്തായപ്പോള്‍ കേരളം ശക്തമായി പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് പാലക്കാട് ഡിവിഷൻ പൂട്ടുന്നുവെന്ന വാർത്ത കെട്ടിച്ചമച്ചതാണെന്നും അങ്ങനെയൊരു നീക്കമില്ലെന്നും ദക്ഷിണ റെയിൽവേ പ്രസ്താവനയിറക്കി. എന്നാല്‍ കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തില്‍ സൗത്ത് വെസ്റ്റേൺ റെയില്‍വേ ജനറൽ മാനേജർ അരവിന്ദ് ശ്രീവാസ്തവ, കൊങ്കൺ റെയിൽവേ സിഎംഡി സന്തോഷ് കുമാർ ഝാ എന്നിവരോടൊപ്പം ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ എൻ സിങ്ങും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ റെയില്‍വേയുടേത് ഗൂഢനീക്കമാണെന്നും നിഷേധക്കുറിപ്പ് കണ്ണില്‍പ്പൊടിയിടലാണെന്നും വ്യക്തമാകുന്നു. പാലക്കാടുനിന്ന് 588 കിലോമീറ്റര്‍ പാത കൂട്ടിച്ചേർത്ത് സേലം ഡിവിഷൻ രൂപീകരിക്കാൻ ശ്രമം നടക്കുമ്പോഴും അതുസംബന്ധിച്ച വാർത്തകൾ ആദ്യം റെയിൽവെ കേന്ദ്രങ്ങൾ നിഷേധിച്ചിരുന്നു. താമസിയാതെ ഡിവിഷൻ പ്രഖ്യാപനം വരികയും ചെയ്തു.
യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും മെച്ചപ്പെട്ട പ്രവര്‍ത്തനമാണ് പാലക്കാട് ഡിവിഷന്‍ കാഴ്ചവയ്ക്കുന്നത്. ഭരണപരമായ പുനഃസംഘടനയ്ക്കെന്ന പേരില്‍ നടക്കുന്ന പുതിയ ഡിവിഷന്‍ രൂപീകരണം ലക്ഷക്കണക്കിന് യാത്രക്കാരെ ദോഷകരമായി ബാധിക്കുക മാത്രമല്ല, കേരളത്തിന്റെ റെയില്‍വേ വികസനം തീര്‍ത്തും ഇല്ലാതാവുകയും ചെയ്യും. പുതിയ വണ്ടികള്‍ അനുവദിക്കാതെയും നിലവിലുള്ളവയുടെ എണ്ണം കുറച്ചും കേരളത്തിന്റെ വരുമാനം കുറയ്ക്കാനുള്ള ഇടപെടല്‍ റെയില്‍വേ നേരത്തേ തുടങ്ങിയിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായി വരുമാന നഷ്ടം കാണിച്ച് പാലക്കാട് ഡിവിഷന്‍ ഇല്ലാതാക്കുന്നതോടെ കേരളത്തില്‍ ഒരു ഡിവിഷന്‍ മാത്രമായി ചുരുങ്ങും. 1956ല്‍ രൂപീകരിച്ച ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമേറിയ ഡിവിഷനുകളില്‍ ഒന്നാണ് പാലക്കാട് റെയില്‍വേ ഡിവിഷന്‍. ഏറ്റവും കൂടുതല്‍ ചരക്കുനീക്കം നടക്കുന്ന മംഗളൂരുവിലെ പനമ്പൂര്‍ തുറമുഖം പാലക്കാടിന്റെ പ്രധാന വരുമാന സ്രോതസാണ്. മംഗളൂരു ഡിവിഷന്‍ യാഥാര്‍ത്ഥ്യമായാല്‍ ഈ തുറമുഖം ഉള്‍പ്പെടെ ഒട്ടേറെ നഷ്ടങ്ങളുണ്ടാവുകയും സംസ്ഥാനത്തെ വികസനപദ്ധതികളെ സാരമായി ബാധിക്കുകയും ചെയ്യും. ഡിവിഷന്‍ വിഭജന നീക്കം അനുവദിക്കില്ലെന്ന് കേരളത്തില്‍ റെയില്‍വേയുടെ ചുമതല വഹിക്കുന്ന മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ ഇക്കാര്യത്തിലുണ്ടാകുമെന്ന് വിശ്വസിക്കാം. അതുമാത്രം മതിയാകില്ല. നാടിന്റെ വികസനപാത കൊട്ടിയടയ്ക്കുന്നതിനെതിരെ കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാരും എംപിമാരും ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്താന്‍ തയ്യാറാകണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.