13 January 2026, Tuesday

Related news

January 13, 2026
January 12, 2026
January 11, 2026
January 10, 2026
January 9, 2026
January 8, 2026
January 7, 2026
January 6, 2026
January 5, 2026
January 4, 2026

സ്വാഗതാര്‍ഹം ഈ തിരുത്തല്‍

Janayugom Webdesk
December 31, 2025 5:00 am

തെറ്റുകള്‍ മനുഷ്യസഹജമെന്നതുപോലെ തിരുത്തലും മനുഷ്യര്‍ക്ക് മാത്രം സവിശേഷമായുള്ള വിവേചനശേഷിയില്‍ നിന്നുണ്ടാകുന്നതാണ്. വ്യക്തിയായാലും സംഘടനയായാലും സ്ഥാപനമായാലും തെറ്റുതിരുത്തല്‍ വലിയ ആത്മവിശ്വാസമുണ്ടെങ്കില്‍ മാത്രം സാധ്യമാകുന്ന പ്രക്രിയയാണ്. കഴിഞ്ഞദിവസം ഇന്ത്യയുടെ പരമോന്നത നീതിപീഠത്തില്‍ നിന്നുണ്ടായ സ്വയം തിരുത്തല്‍, രാഷ്ട്രത്തിന്റെ നീതിബോധത്തിന് മികച്ച പ്രതീക്ഷ നല്‍കുന്നു. ആരവല്ലി മലനിരകളിലെ ഖനനവുമായി ബന്ധപ്പെട്ട് സ്വന്തം നിലപാട് തിരുത്താന്‍ സുപ്രീം കോടതി തയ്യാറായതാണ് ഒന്ന്. മറ്റൊന്ന് ഉന്നാവോ ബലാത്സംഗ കേസിൽ മുൻ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗാറിന്റെ ജീവപര്യന്തം തടവ് റദ്ദാക്കി ജാമ്യം അനുവദിച്ച ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തത്. ഉന്നാവോ കേസിലെ ജാമ്യം തടഞ്ഞുകൊണ്ട് കോടതി നടത്തിയ നിരീക്ഷണവും ഏറെ അര്‍ത്ഥവത്താണ്. ‘ഉത്തരവ് പുറപ്പെടുവിച്ച ഹൈക്കോടതി ജഡ്ജിമാർ മികച്ചവരാണെങ്കിലും നാമെല്ലാവരും തെറ്റുകൾ വരുത്താൻ സാധ്യതയുണ്ടെന്നാ‘ണ് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയത്. സെൻഗാറിന്റെ ശിക്ഷ റദ്ദാക്കിയ ഡിസംബർ 23ലെ ഹൈക്കോടതി ഉത്തരവിനെതിരെ സിബിഐ സമർപ്പിച്ച ഹർജി, ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, അഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് പരിഗണിച്ചത്. ഉന്നാവോയിലെ സാഹചര്യം ഗുരുതരമെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ട് കൂടുതൽ വാദത്തിലേക്ക് കടക്കാമെന്ന് അറിയിക്കുകയും അതിജീവിതയ്ക്ക് നിയമസഹായം ഉറപ്പാക്കണമെന്ന് നിർദേശിക്കുകയും ചെയ്തു. “ഒരു കോടതിക്കെതിരെയും ഞാൻ ആരോപണങ്ങൾ ഉന്നയിക്കുന്നില്ല. എല്ലാ കോടതികളെയും ഞാൻ വിശ്വസിക്കുന്നു, പക്ഷേ സുപ്രീം കോടതി എനിക്ക് നീതി നൽകി, അത് തുടരുമെന്ന് വിശ്വാസമുണ്ട്” എന്നാണ് അതിജീവിത പ്രത്യാശ പ്രകടിപ്പിച്ചത്.

ആരവല്ലി മലനിരകളുടെ നിർവചനം മാറ്റിയതിനെത്തുടര്‍ന്ന് ഉയർന്ന ആശങ്കയ്ക്ക് താൽക്കാലിക വിരാമമിട്ടുകൊണ്ടാണ് തിങ്കളാഴ്ച സുപ്രീം കോടതിയുടെ ഇടപെടലുണ്ടായത്. നവംബർ 20ന് ഇതേ കോടതി അംഗീകരിച്ച റിപ്പോര്‍ട്ട് പുനഃപരിശോധനയ്ക്ക് വിധേയമാക്കാന്‍ നീതിപീഠം സ്വമേധയാ തീരുമാനിക്കുകയായിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച സമിതിയുടെ ശു­പാർശയനുസരിച്ച് അന്നത്തെ ചീഫ് ജസ്റ്റിസ് ബി ആർ ഗവായി അധ്യക്ഷനായ ബെഞ്ചാണ് പു­തിയ നിർവചനം അംഗീകരിച്ചത്. പിന്നാലെ പ­രിസ്ഥിതി സംഘടനകളടക്കം ശക്തമായ പ്രതിഷേധം ഉയര്‍ത്തിയതോടെ കോടതി സ്വയമേവ ഹര്‍ജി പരിഗണിക്കുകയായിരുന്നു. മുൻ സമിതിയുടെ ശുപാർശകളുണ്ടാക്കുന്ന പാരിസ്ഥിതികാഘാതം പഠിക്കാൻ പു­തിയ വിദഗ്ധ ഉന്നതാധികാര സമിതി രൂപീകരിക്കാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ അവധിക്കാല ബെഞ്ച് ഉത്തരവിട്ടു. 100 മീറ്ററില്‍ അധികം ഉയരമുള്ള കുന്നുകളെ മാത്രമേ ആരവല്ലി മലനിരകളായി കണക്കാക്കാനാകൂ എന്നും അതില്‍ താഴെയുള്ളിടത്ത് ഖനനം നടത്താമെന്നുമായിരുന്നു നേരത്തെ അംഗീകരിച്ച റിപ്പോര്‍ട്ട്. അതനുസരിച്ച് ആരവല്ലിയുടെ 90% ഭാഗവും നിർവചനപരിധിക്ക് പുറത്താകും. ഈ ആശങ്ക വസ്തുതാപരമായും ശാസ്ത്രീയമായും ശരിയാണോ എന്ന് നിർണയിക്കാനാണ് പുതിയ സമിതിയെ നിയോഗിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സമിതിയുടെ റിപ്പോർട്ട് നൽകുന്നതുവരെ ആരവല്ലിയിൽ തുടർനടപടികൾ പാടില്ല. മലനിരകളുടെ ഘടനയും പരിസ്ഥിതിയും തകരരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹർജി അടുത്തമാസം 21ന് വീണ്ടും പരിഗണിക്കും. നിയമനിർമ്മാണത്തിലെ പിഴവുകൾക്കും എക്സിക്യൂട്ടീവ് ആക്രമണങ്ങൾക്കുമെതിരായ ഒരു വസ്തുതാ പരിശാേധനാ പ്രക്രിയയാണ് ജുഡീഷ്യൽ അവലോകനം. ജനാധിപത്യത്തിൽ കോടതികളുടെ പങ്ക് മിക്കപ്പോഴും ഭൂരിപക്ഷ വിരുദ്ധമായിരിക്കാനുമിടയുണ്ട്. എങ്കിലും വ്യക്തിസ്വാതന്ത്ര്യം അപകടത്തിലാകുമ്പോൾ ജനങ്ങളുടെ അന്തിമ ആശ്രയം നീതിന്യായ സംവിധാനം മാത്രമാണ്. ഭരണഘടനാപരമായും സാമൂഹികമായും പ്രാധാന്യമുള്ള നിരവധി വിധിന്യായങ്ങള്‍ നമ്മുടെ കോടതികളില്‍ നിന്നുണ്ടായിട്ടുണ്ട്. ചില വിധികള്‍ പ്രതിലോമകരമായിട്ടുണ്ട് എന്നതും വാസ്തവം. അത്തരം ചില ഉത്തരവുകളെ കോടതികള്‍ മുമ്പും തിരുത്തിയിട്ടുണ്ട്. ചിലത് കീഴ്‌ക്കോടതികളെ തിരുത്തുകയായിരുന്നെങ്കില്‍ മറ്റു ചിലത് സ്വയം തിരുത്തലായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സുപ്രീം കോടതിയില്‍ നിന്നുണ്ടായ നിര്‍ണായക വിധികള്‍ പലതും ജനാധിപത്യ സംവിധാനത്തില്‍ അലോസരമുണ്ടാക്കുന്നതാണ് എന്നതും വിസ്മരിക്കാവുന്നതല്ല. രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിക്കാനാകില്ല, എല്ലാ സ്വകാര്യ സ്വത്തുക്കളും സമൂഹത്തിന്റെ ഭൗതിക വിഭവങ്ങളായി കണക്കാക്കാനാവില്ല, വഖഫ് ഭേദഗതി നിയമം തുടങ്ങിയ വിധികള്‍ ജനാധിപത്യത്തിന് ചേര്‍ന്നതാണോ എന്ന ചോദ്യം നിയമവൃത്തങ്ങള്‍ തന്നെ ഉയര്‍ത്തിയിരുന്നു. അങ്ങനെയൊരു സാഹചര്യത്തിലാണ് ഉന്നത നീതിപീഠത്തില്‍ നിന്ന് സ്വയംതിരുത്തല്‍ ഉണ്ടാകുന്നത് എന്നത് ശുഭോദര്‍ക്കമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.