ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ മറികടന്നതായി യുഎന്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. ഈ വര്‍ഷം മധ്യത്തോടെ രാജ്യത്തെ ജനസംഖ്യ 142.86 കോടിയായി ഉയരുമെന്നും ചെെനയെ അപേക്ഷിച്ച് ഏകദേശം 29 ലക്ഷം കൂടുതലായിരിക്കുമെന്നുമാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. 2023 ഫെബ്രുവരി വരെ ലഭ്യമായ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള കണക്ക് പുറത്തുവന്നതോടെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രസ്താവനകളും പുറത്തിറങ്ങിയിട്ടുണ്ട്. അധിക ജനസംഖ്യ രാജ്യത്തിന്റെ വികസനത്തെ പിറകോട്ടടിപ്പിക്കുമെന്നാണ് വിയോജിക്കുന്നവരുടെ മതം. ജനസംഖ്യാവര്‍ധനയ്ക്ക് തടയിടേണ്ടത് അനിവാര്യമാണെന്ന് കേന്ദ്രം ഭരിക്കുന്ന ബിജെപിയും അവരുടെ ആശയനിര്‍മ്മാതാക്കളായ ആര്‍എസ്എസും കുറച്ചുകാലമായി പ്രചരിപ്പിക്കുന്നുണ്ട്. അവര്‍ ലക്ഷ്യമിടുന്നത് ന്യൂനപക്ഷ മതങ്ങളെ പ്രത്യേകിച്ച് മുസ്ലിം വിഭാഗത്തെയാണ്. രാജ്യത്ത് മുസ്ലിം ജനസംഖ്യ ക്രമാതീതമായി വര്‍ധിക്കുന്നുവെന്നാണവരുടെ പ്രചാരണം. ഹിന്ദു സ്ത്രീകള്‍ കൂടുതല്‍ കുട്ടികളെ പ്രസവിക്കണം എന്ന് കേന്ദ്രമന്ത്രിമാരുള്‍പ്പെടെ പരസ്യമായി ആഹ്വാനം ചെയ്തതുമാണ്. യഥാര്‍ത്ഥത്തില്‍ 140 കോടി പിന്നിട്ട ഇന്ത്യയിലെ ജനസംഖ്യ ഇവരുന്നയിക്കുന്നതുപോലെ അപകടകരമായ പ്രതിസന്ധിയാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്.
ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തിയാല്‍ രാജ്യത്തിന്റെ പുരോഗതിക്കും ലോകത്തിന്റെ തൊഴില്‍ശക്തിയിലും സാങ്കേതിക മേഖലയിലും മേധാവിത്തം പുലര്‍ത്താനുമുള്ള മാനവികശേഷിയാണ് രൂപപ്പെടുക. ‘ഇന്ത്യയിലെ 140 കോടി ജനങ്ങളെ 140 കോടി അവസരങ്ങളായി കാണണ’മെന്ന യുഎൻഎഫ്‌പിഎ ഇന്ത്യന്‍ പ്രതിനിധി ആൻഡ്രിയ വോജ്‌നാറിന്റെ പ്രസ്താവന ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. യുഎന്‍ റിപ്പോര്‍ട്ട് പുറത്തുവന്നയുടന്‍ ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെൻബിൻ നടത്തിയ പ്രസ്താവനയും ശ്രദ്ധേയമാണ്. ‘ആളെണ്ണത്തിൽ മാത്രമല്ല ഗുണനിലവാരം ആശ്രയിച്ചാണ് ജനസംഖ്യയുടെ നേട്ടം കണക്കാക്കുന്നത്’ എന്നാണദ്ദേഹം പറഞ്ഞത്. ചെെനയില്‍ തൊഴിൽ വൈദഗ്ധ്യമുള്ള 90 കോടി പേരുണ്ടെന്നും അത് രാജ്യത്തിന്റെ വികസനത്തിനുള്ള ശക്തിയാണെന്നും അദ്ദേഹം പറഞ്ഞു. അവരുടെ വിദ്യാഭ്യാസ ശരാശരി 10.5 ആണെന്നും വാങ് വെൻബിൻ പറഞ്ഞു. ചെെനയുടെ ഈ അഭിപ്രായം ഉള്‍ക്കൊള്ളുകയും ഇച്ഛാശക്തിയോടെ കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്യുകയും ചെയ്താല്‍ ഇന്ത്യക്ക് ലോകജേതാവാകാന്‍ കഴിയും. കാരണം ഇന്ത്യന്‍ ജനസംഖ്യയുടെ 25 ശതമാനം 0–14 വയസിനിടയിലുള്ളവരാണ്. 18 ശതമാനം പേര്‍ 10–19 വയസുള്ളവരും 26 ശതമാനം പേര്‍ 10–24 വയസുള്ളവരും 68 ശതമാനം 15–64 പ്രായമുള്ളവരുമാണ്. 65 വയസിന് മുകളില്‍ ഏഴു ശതമാനം പേര്‍ മാത്രമാണുള്ളത്. അതായത് തൊഴിലെടുക്കുന്ന പ്രായത്തിലുള്ളവരാണ് കൂടുതല്‍. അവരെ ഉപയോഗപ്പെടുത്താനുള്ള വിദഗ്ധവും ശാസ്ത്രീയവുമായ പദ്ധതികളാണ് വേണ്ടത്. 1950ൽ യുഎൻ ജനസംഖ്യാ വിവരം പുറത്തുവിടാൻ തുടങ്ങിയതിനുശേഷം ഇതാദ്യമായാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തുന്നത്.
ജനനനിരക്ക് കുറഞ്ഞതാണ് ചൈനയെ പിന്നോട്ടടിപ്പിച്ചത്. ഇത് യുവതയുടെ എണ്ണത്തില്‍ കുറവുണ്ടാക്കുകയും തൊഴിൽരംഗത്തെ ബാധിക്കുകയും ചെയ്യുമെന്ന ആശങ്കയെ തുടര്‍ന്ന് ജനനനിരക്ക് കൂട്ടാനുള്ള പദ്ധതികൾ ചൈനീസ് ഭരണകൂടം നടപ്പാക്കിവരികയാണിപ്പോള്‍. എന്നാല്‍ രാജ്യത്ത് ജനസംഖ്യ നിയന്ത്രണം ഏർപ്പെടുത്തണമെന്നും, ഇതിനായി കേന്ദ്രസർക്കാർ പുതിയ നയം രൂപീകരിക്കണമെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ഇക്കഴിഞ്ഞ വിജയദശമി ദിനത്തിലും ആഹ്വാനം ചെയ്തിട്ടുണ്ട്. രാജ്യത്തെ മുസ്ലിങ്ങളുടെ അംഗസംഖ്യ നാൾക്കുനാൾ വർധിച്ചുവരുന്നുവെന്നും ഈ നില തുടർന്നാൽ 2035ഓടെ, ഇന്ത്യ മുസ്ലിം ഭൂരിപക്ഷ സമുദായമായി മാറുമെന്നുമാണ് സംഘ്പരിവാര്‍ പ്രചരണം. യുഎസിലെ വാഷിങ്ടണ്‍ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്യൂ റിസർച്ച് സെന്റർ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നത് ഇന്ത്യയുടെ ജനസംഖ്യക്ക് പറയത്തക്ക മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല എന്നാണ്. 1951ലെ സെൻസസ് പ്രകാരം 36.1 കോടി ആയിരുന്ന ജനസംഖ്യ 2011ൽ 120 കോടി കടന്നു.
ഈ കാലഘട്ടത്തിൽ എല്ലാ മതങ്ങളിൽപ്പെട്ടവരുടെയും എണ്ണം വർധിച്ചു. ഹിന്ദുക്കളുടെ എണ്ണം 30.4 കോടിയിൽ നിന്ന് 96.6 കോടിയായും മുസ്ലിങ്ങള്‍ 3.5ൽ നിന്ന് 17.2 കോടിയായും ക്രിസ്ത്യാനികള്‍ 80 ലക്ഷത്തിൽ നിന്ന് 2.8 കോടിയായും വർധിച്ചു. 1951ലെ ഇന്ത്യയിലെ പ്രത്യുല്പാദനത്തോത് 5.9 ആയിരുന്നത് 1992ല്‍ 3.4 ആയി കുറഞ്ഞു. ഇപ്പോഴത് 2.2 ആണ്. വിവിധ മതങ്ങൾക്കിടയിലെ ജനസംഖ്യാ അനുപാതം നിശ്ചയിക്കുന്നത് അതതു മതങ്ങളിലെ പ്രത്യുല്പാദനത്തോതാണ്. രാജ്യത്തെ ഹിന്ദു വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പട്ടികവിഭാഗക്കാരുടെ എണ്ണം 1991ലെ സെൻസസ് പ്രകാരം 6.7 കോടിയായിരുന്നത് 2021ല്‍ 10.43 കോടിയായി ഉയർന്നു. മൊത്തം ജനസംഖ്യയുടെ 8.6 ശതമാനമാണിത്. മോഹന്‍ ഭാഗവതിന്റെ ഹിന്ദു നിര്‍വചനത്തില്‍ പെടാത്ത വിഭാഗമാണിവര്‍. ഇന്ത്യയിൽ ദാരിദ്ര്യവും തൊഴിലില്ലായ്മയും അസമത്വവും നാൾക്കുനാൾ വർധിച്ചുവരികയാണെന്നത് യാഥാര്‍ത്ഥ്യമാണ്. അത് ഭരണകൂടത്തിന്റെ നയവെെകല്യത്തിന്റെ ഫലമാണ്. വേണ്ടത് രാജ്യത്തെ ജനതയെയും അവരുടെ വെെവിധ്യങ്ങളെയും ഉള്‍ക്കൊണ്ടുകൊണ്ടുള്ള വികസന പദ്ധതികളാണ്. മികച്ച വിദ്യാഭ്യാസ സൗകര്യം, സാങ്കേതിക പുരോഗതി, തൊഴില്‍ നെെപുണി എന്നിവയുണ്ടാക്കണം. കെട്ടുകഥകളിലേക്കും അന്ധവിശ്വാസത്തിലേക്കും ജനതയെ പിന്‍നടത്തുന്നവര്‍ ഭരണത്തില്‍ തുടര്‍ന്നാല്‍ ജനസംഖ്യ വെറും എണ്ണമായി അവസാനിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.