11 January 2026, Sunday

സാമ്രാജ്യത്വം ലക്ഷ്യമിടുന്നതെന്ത്

Janayugom Webdesk
November 23, 2025 5:00 am

ബ്രിട്ടീഷ് കോളോണിയലിസത്തിനെതിരായ പോരാട്ടമുള്‍പ്പെടെ കരുത്തുറ്റ സാമ്രാജ്യത്വ വിരുദ്ധ പാരമ്പര്യമാണ് ഇന്ത്യ‌ക്കുള്ളത്. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യ ചേരിചേരാ നയത്തിലേക്ക് നീങ്ങി. സാമ്രാജ്യത്വ ശക്തികളിൽ നിന്ന് അകലം പാലിച്ചു. സോഷ്യലിസ്റ്റ് നിരകളുമായി സഖ്യത്തിലായി. മിശ്രിത സമ്പദ്‌വ്യവസ്ഥ പിന്തുടരാന്‍ ശ്രമിക്കുകയും ചെയ്തു. ബ്രിക്സിലെ ഇന്ത്യയുടെ നിലവിലെ പങ്കാളിത്തവും സാമ്രാജ്യത്വ വിരുദ്ധ ലക്ഷ്യങ്ങളുമായി കൂട്ടിച്ചേര്‍ക്കാനാകും. ബ്രിക്സിൽ നിന്ന് ചൈനയ്ക്ക് കൂടുതൽ നേട്ടമുണ്ടായിട്ടുണ്ട് എന്ന യാഥാര്‍ത്ഥ്യവും നിലനില്‍ക്കുന്നു. റഷ്യയുടെയും ചൈനയുടെയും സമീപകാല പ്രഖ്യാപനങ്ങൾ ഇക്കാര്യങ്ങള്‍ അടിവരയിടുന്നുമുണ്ട്. ഡോളറിനെ അന്താരാഷ്ട്ര കറൻസി സ്ഥാനത്തുനിന്നും മാറ്റിസ്ഥാപിക്കാനുള്ള ബ്രസീലിന്റെ തീരുമാനം യുഎസ് സാമ്രാജ്യത്വത്തിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ശക്തമായ സമ്പദ്‌വ്യവസ്ഥയുള്ള ചൈന ലോകത്തിലെ നിര്‍ണായക ഉല്പാദന കേന്ദ്രമാണ്. ഇതും അമേരിക്കയെ അലോസരപ്പെടുത്തുന്നതാണ്. മുൻ സോവിയറ്റ് യൂണിയനും ഇപ്പോള്‍ റഷ്യയും യുഎസ് ആധിപത്യത്തിനും താല്പര്യങ്ങൾക്കും എതിരായി നിലകൊള്ളുന്നു. അമേരിക്കന്‍ താന്‍പോരിമയെ ചെറുക്കുന്നു. തെക്കേ അമേരിക്കയില്‍ കടന്നുകയറിയുള്ള അമേരിക്കയുടെ നയങ്ങളും ആധിപത്യവും ബ്രസീലിനെ യുഎസ്എ വിരുദ്ധ ചേരിയില്‍ സ്ഥാപിച്ചിരിക്കുന്നു. മിശ്ര സമ്പദ്‌വ്യവസ്ഥയും,‍ വികസിത സാമ്രാജ്യത്വ രാജ്യങ്ങളില്‍ നിന്നുള്ള ധനസഹായവും സാങ്കേതികവിദ്യയും ആശ്രയിക്കുകയും ചെയ്യുന്ന ഇന്ത്യ‌ക്ക് ചൈനയുമായി ദീർഘകാല അതിർത്തിത്തർക്കമുണ്ട്. അതിനാൽ, ഇന്ത്യയെ പാട്ടിലാക്കാനുള്ള ഉന്നം എളുപ്പമെന്നാണ് യുഎസ് വിചാരം. 

ഇന്ത്യ ഭരിക്കുന്നത് സ്വാതന്ത്ര്യസമര ചരിത്രമില്ലാത്ത, പോരാട്ട പാരമ്പര്യങ്ങളൊന്നുമില്ലാത്ത ബിജെപി സഖ്യമാണ്. അതിന്റെ മാതൃസംഘടനയായ ആർ‌എസ്‌എസ് എല്ലായ്പോഴും സോഷ്യലിസത്തിന് എതിരും അമേരിക്കയെ അനുകൂലിക്കുന്നവരുമാണ്. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടവുമായി അവർക്ക് യാതൊരു ബന്ധവുമില്ല. ഇന്ത്യയുടെ ചേരിചേരാ നയങ്ങളെ എക്കാലവും അവര്‍ വിമർശിച്ചിരുന്നു. ബിജെപിയും ആർ‌എസ്‌എസും ഉൾപ്പെടുന്ന ഭരണകക്ഷി, വരേണ്യ വർഗത്തിന്റെയും സനാതന ധര്‍മ്മം വിവക്ഷിക്കുന്ന ഉന്നത ജാതിയുടെയും പിന്തുണയെ ആശ്രയിക്കുന്നു. ഇവര്‍ അമേരിക്കയെ സ്നേഹിക്കുന്നു. ഇത്തരം ചിന്താധാരകളെ ചേര്‍ത്താല്‍ ചൈനയെ നേരിടാൻ ഇന്ത്യൻ ഭരണകൂടത്തെ സ്വാധീനിക്കാനാകുമെന്ന് അമേരിക്കന്‍ ഭരണാധികാരികൾക്ക് ബോധ്യമുണ്ട്. എച്ച്എൽബി, വിദ്യാർത്ഥി വിസകളില്‍ ഫീസ് കുത്തനെ ഉയര്‍ത്തിയും താരിഫ് വർധിപ്പിച്ച് തങ്ങള്‍ക്ക് അനുകൂലമായ കരാറുകളും സാഹചര്യങ്ങളും ഒരുക്കാന്‍ അവർ ഇന്ത്യൻ ഭരണവർഗത്തിന്മേൽ സമ്മർദം ചെലുത്തുന്നു. ഇന്ത്യൻ വിപണി അമേരിക്കയ്ക്ക് ആവശ്യമാണെങ്കിലും വിദ്യാര്‍ത്ഥികളും സാങ്കേതിക പരിജ്ഞാനം ഉള്ളവരും യുഎസ്എയിലേക്ക് കുടിയേറാൻ ഇത്തരം വഴികള്‍ തേടുന്നത് അമേരിക്ക ഉപയോഗിക്കുന്നു. യുഎസ് ഭരണകൂടം ഇന്ത്യാ വിരുദ്ധ നിലപാട് തുടരുമ്പോഴും രാജ്യത്തിന്റെ പ്രധാനമന്ത്രി മൗനം പാലിക്കുന്നു. യുഎസ്എയുമായി ഉടൻതന്നെ അനുകൂലമായ ഒരു വ്യാപാര കരാർ ഒപ്പിടുമെന്ന് വാണിജ്യ മന്ത്രാലയം ഉറപ്പ് നൽകുന്നു. അമേരിക്കൻ പ്രസിഡന്റും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. സോയാബീൻ, ചോളം, പാലുല്പന്നങ്ങൾ എന്നിവ യുഎസ്എയിൽ നിന്ന് ഇറക്കുമതി ചെയ്യും. ഇതാകട്ടെ രാജ്യത്തെ കർഷകരെ പ്രതികൂലമായി ബാധിക്കും. യുഎസ് സമ്മർദത്തില്‍ കയറ്റുമതി നികുതികളില്‍ നടപ്പാക്കിയ ഏറ്റക്കുറച്ചിലുകള്‍ രാജ്യത്തെ പരുത്തി കർഷകരെ പ്രതികൂലമായി ബാധിക്കുന്നു. ചൈനയുടെ ഉയർച്ച അമേരിക്കയുമായി ശക്തമായ ബന്ധം ആവശ്യപ്പെടുന്നു. അമേരിക്കയാകട്ടെ ഇന്ത്യയുമായുള്ള സാമ്പത്തിക ഇടപാടുകളില്‍ സ്വന്തം താല്പര്യങ്ങൾക്കുമാത്രം മുൻഗണന നൽകുന്നു. ഇന്ത്യൻ താല്പര്യങ്ങൾ സംരക്ഷിക്കുന്ന ഒരു വിദേശനയത്തിന്റെ അനിവാര്യത ഇത്തരം സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 

ബിജെപി അധികാരമേറ്റതിനുശേഷം ഇസ്രയേലുമായുള്ള ഇന്ത്യയുടെ പ്രതിരോധബന്ധം ശക്തിപ്പെടുത്തി. ഇന്ത്യയിൽ നിന്നുള്ള പ്രതിരോധ ഉല്പന്നങ്ങൾ ഉപയോഗിച്ച് ഇസ്രയേൽ സൈന്യം ഗാസയെ ആക്രമിക്കുന്നു. രാജ്യത്തിന്റെ പ്രതിരോധ വ്യവസായത്തിന്റെ സ്വകാര്യവൽക്കരണവും പ്രതിരോധ കയറ്റുമതിയിലെ വർധനവും സാമ്രാജ്യത്വ രാജ്യങ്ങളുടെ സൈനിക വ്യാവസായിക സംവിധാനങ്ങളുടെ ഭാഗമാകുന്ന യാഥാര്‍ത്ഥ്യമാണിത് വെളിപ്പെടുത്തുന്നത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പ്രതിരോധ കയറ്റുമതി 27,000 കോടി രൂപയിലെത്തിയെന്ന് ആവര്‍ത്തിക്കുന്നുണ്ട്. ഇതാകട്ടെ സമാധാനപ്രിയരായ ഒരു രാജ്യമെന്ന പ്രതിച്ഛായയെ നശിപ്പിക്കുന്നു. ഫാസിസ്റ്റ് ഭരണാധികാരികൾ പിന്തുടരുന്ന അതിദേശീയതയ്ക്ക് ഇത്തരം സൈനികവൽക്കരണം അനുയോജ്യമാണ്. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഫേസ്ബുക്ക് തുടങ്ങിയ ബഹുരാഷ്ട്ര സ്ഥാപനങ്ങളെ ആശ്രയിക്കുന്നത് നിശ്ചയമായും വെല്ലുവിളിയാണ്. രാജ്യം തദ്ദേശീയ സാങ്കേതികവിദ്യ വികസിപ്പിക്കേണ്ടതുണ്ട്. അല്ലെങ്കില്‍, പരസ്പരബന്ധിതമായ വര്‍ത്തമാന ലോകത്തില്‍ രാജ്യത്തിന്റെ പരമാധികാരം വിട്ടുവീഴ്ച ചെയ്യേണ്ടിവരും. രാജ്യത്തിന്റെ സ്വതന്ത്ര വിദേശനയത്തെ ബാധിക്കുകയും ചെയ്യും. ചരിത്രപരമായ കാരണങ്ങളാൽ രാജ്യത്തിന്റെ പ്രതിരോധം മുൻ സോവിയറ്റ്, നിലവിലുള്ള റഷ്യൻ സാങ്കേതികവിദ്യകളെ ആശ്രയിച്ചിരിക്കുന്നു. ഇന്ത്യ ഒരു വലിയ പ്രതിരോധ വിപണിയാണ്. അമേരിക്കയും മറ്റ് സാമ്രാജ്യത്വ ശക്തികളും ഇതില്‍ അവരുടെ പങ്ക് ആഗ്രഹിക്കുന്നു. അതിനാൽ, റഷ്യയുമായുള്ള ബന്ധങ്ങളില്‍ ഉലച്ചില്‍ ലക്ഷ്യമിടുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യം നിലനിർത്താൻ ഭരണകൂടം സമർത്ഥമായും കൗശലത്തോടെയും സഞ്ചരിക്കണം. ഷാങ്ഹായ് സഹകരണ യോഗത്തിനായി ചൈന സന്ദർശിക്കാനുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സമീപകാല നീക്കം യുഎസ് സമ്മർദത്തെ ചെറുക്കുന്നതിനുള്ള ശരിയായ നീക്കമായിരുന്നു. റഷ്യ, ചൈന, തുടങ്ങി ബ്രിക്സ് രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും ബലപ്പെടുത്തുന്നതിനും കൂടുതൽ ശ്രമങ്ങൾ അനിവാര്യമാണ്. അമേരിക്ക ഉള്‍പ്പെടയുള്ള വികസിത രാജ്യങ്ങളുമായും ഇന്ത്യ ഒരു ഏറ്റുമുട്ടൽ മനോഭാവത്തിലാണ് എന്ന് ഇത് അർത്ഥമാക്കുന്നുമില്ല. എന്നാല്‍ പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ കാലത്തേതുപോലെ രാജ്യത്തിന്റെ വിദേശനയം സന്തുലിതമായിരിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.