6 January 2026, Tuesday

ആധാർ തിരിച്ചറിയൽ രേഖയാകുമ്പോള്‍

Janayugom Webdesk
September 9, 2025 5:00 am

ബിഹാറിൽ കരട് വോട്ടർ പട്ടികയിൽനിന്ന് പുറത്തായവർക്ക് തിരിച്ചറിയൽ രേഖയായി ആധാർ കാർഡ് സമർപ്പിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ച 11 രേഖകൾക്ക് പുറമെ 12-ാമത്തെ രേഖയായി ആധാറും പരിഗണിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷനോട് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്‌മല്യ ബാഗ്‌ചി എന്നിവരുടെ ബെഞ്ചിന്റെ നിര്‍ദേശം. ആധാർ, പൗരത്വത്തിനുള്ള തെളിവല്ലെങ്കിലും ഒരാളുടെ വിലാസം, തിരിച്ചറിയൽ രേഖ എന്ന നിലയിൽ പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. രാജ്യത്തെ പൗരന്മാര്‍ക്ക് തങ്ങളുടെ പേര് വോട്ടര്‍ പട്ടികയില്‍ ഉണ്ടെന്ന് ഉറപ്പുവരുത്താന്‍ അവകാശമുണ്ട്. എന്നാല്‍ വ്യാജമായി പൗരത്വം അവകാശപ്പെടുന്നവര്‍ക്ക് പട്ടികയില്‍ തുടരാന്‍ അവകാശമില്ല. അതുകൊണ്ട് വോട്ടർമാർ ഹാജരാക്കുന്ന ആധാർ കാർഡുകളുടെ ആധികാരികത പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷന് അവകാശമുണ്ട്. ബിഹാറിൽ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്താൻ ആധാർ പരിഗണിക്കണമെന്ന് ഓഗസ്റ്റ് 22നു തന്നെ സുപ്രീം കോടതി നിർദേശിച്ചിരുന്നെങ്കിലും കമ്മിഷന്‍ അംഗീകരിക്കുമോ എന്ന അവ്യക്തതയുണ്ടായിരുന്നു. അതിലാണ് പരമോന്നത നീതിപീഠം ഇപ്പോള്‍ വ്യക്തത വരുത്തിയിരിക്കുന്നത്. 

തെരഞ്ഞെടുപ്പ് കമ്മിഷൻ ജൂൺ 24ന് പുറത്തിറക്കിയ പട്ടികയിൽ 11 രേഖകള്‍ ഹാജരാക്കാമെന്നാണുള്ളത്. അതിൽ ആധാർ ഉൾപ്പെടുത്തിയിരുന്നില്ല. എന്യൂമറേഷൻ ഫോമുകൾ അപ്‌ലോഡ് ചെയ്യാനുള്ള ബൂത്തുതല ഉദ്യോഗസ്ഥരുടെ (ബിഎൽഒ) അപേക്ഷകളില്‍ 11 രേഖകൾ ഹാജരാക്കാനുള്ള സൗകര്യമുണ്ട്. ഒപ്പം ‘മറ്റ് രേഖകൾ’ എന്നൊരു സാധ്യതയുമുണ്ട്. അതുപയോഗിച്ച് ആധാർ കാർഡ് കൈവശമുള്ളവരുടെ അപേക്ഷകളും അപ്‌ലോഡ് ചെയ്യുന്നുണ്ടെന്നായിരുന്നു കമ്മിഷന്റെ വിശദീകരണം. അതേസമയം, ഫോമുകൾ പൂരിപ്പിക്കുന്നവരില്‍ നിന്ന് 11 രേഖകളിൽ ഏതെങ്കിലും ഒന്നുതന്നെ ശേഖരിച്ച് അപ്‌ലോഡ് ചെയ്യണമെന്നാണ് മുകളിൽ നിന്നുണ്ടായ നിർദേശം. രേഖയായി ആധാർ സമർപ്പിക്കുന്നവരുടെ അപേക്ഷ വാങ്ങിയിരുന്നെങ്കിലും വോട്ടർ പട്ടികയിൽ പേര് ചേർക്കുമോ എന്നതിൽ ഒരുറപ്പുമില്ലാത്ത ആശങ്കയിലായിരുന്നു ജനങ്ങൾ. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാരുടെ (ഇആർഒ) തീരുമാനം ഇക്കാര്യത്തിൽ നിർണായകമാണ്. ബിഹാറിലെ പട്ടികയിൽ നിന്ന് 65 ലക്ഷത്തോളം ആളുകളുടെ പേര് ഒഴിവാക്കപ്പെട്ടത് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകര്‍ കഴിഞ്ഞമാസം കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഒഴിവാക്കപ്പെട്ടവരുടെ പേരുവിവരം കാരണ സഹിതം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് അന്ന് കമ്മിഷനോട് കോടതി ആവശ്യപ്പെട്ടു. ഓരോ ജില്ലാ ഇലക്ടറൽ ഓഫിസറുടെയും വെബ്സൈറ്റിൽ (ജില്ലാ അടിസ്ഥാനത്തിൽ) പ്രസിദ്ധീകരിക്കണമെന്നും വിവരങ്ങൾ ബൂത്ത് അടിസ്ഥാനത്തിലായിരിക്കുകയും വോട്ടറുടെ ‘എപിക്’ നമ്പർ ഉപയോഗിച്ച് പരിശോധിക്കാന്‍ സാധിക്കുകയും വേണമെന്നും കോടതി പറഞ്ഞിരുന്നു. വോട്ടര്‍ പട്ടിക പരിഷ്കരണത്തിലെ ഗുരുതരമായ അപാകങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ വ്യക്തമായ ഉത്തരമില്ലാത്ത അവസ്ഥയിലായിരുന്നു അന്ന് കമ്മിഷന്‍. 

ബിഹാറിലെ വോട്ടർ പട്ടിക ക്രമക്കേട്, മഹാരാഷ്ട്രയിലെ ഉള്‍പ്പെടെ വോട്ട് മോഷണം തുടങ്ങിയ വിവാദങ്ങളിലൂടെ ജനങ്ങൾക്കിടയിൽ തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യത ഇടിയുന്നതായി സർവേ ഫലവും കഴിഞ്ഞദിവസം പുറത്തുവന്നു. സെന്റർ ഫോർ ദി സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റീസിന്റെ ലോക്‌നീതി പ്രോഗ്രാം 2019നും 2025നും ഇടയിൽ നടത്തിയ പോസ്റ്റ്-പോൾ സർവേയിലാണ് കണ്ടെത്തൽ. ബിജെപി തുടർച്ചയായി അധികാരത്തിലെത്തുന്ന മധ്യപ്രദേശിലാണ് ഏറ്റവും കൂടുതൽ ഇടിവ്. 2019ല്‍ 57% പേർ ഉയർന്ന വിശ്വാസ്യത രേഖപ്പെടുത്തിയിരുന്നത് 17 ശതമാനമായി കുറഞ്ഞു. ഉത്തർ പ്രദേശിൽ 56ല്‍ നിന്ന് 21% ആയും കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. വോട്ട് മോഷണവും കൂട്ടത്തോടെ ഒഴിവാക്കലും കടുത്തവിമര്‍ശനങ്ങള്‍ക്കും വ്യാപകമായ ചര്‍ച്ചകള്‍ക്കും വഴിവച്ചിരിക്കെത്തന്നെ ബിഹാർ മാതൃകയിൽ രാജ്യവ്യാപകമായി വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണ പ്രക്രിയ നടത്താനുള്ള നീക്കത്തിലാണ് കമ്മിഷൻ. ഇതിനായി സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് ഇലക്ടറൽ ഓഫിസർമാരുടെ യോഗം 10ന് ചേരും. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ ചുമതലയേറ്റതിനുശേഷം നടക്കുന്ന സിഇഒമാരുടെ മൂന്നാമത്തെ യോഗമാണിത്. ‘വോട്ട് ചോരി’ ആരോപണം നിലനിൽക്കുന്ന സമയത്ത് അതിനെ അവഗണിച്ച് കമ്മിഷന്‍ മുന്നോട്ട് പോകുന്നത് കേന്ദ്ര ഭരണകൂടത്തിന്റെ താല്പര്യസംരക്ഷണത്തിനാണെന്ന് വ്യക്തം. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കേരളം, തമിഴ്‌നാട്, അസം, ബംഗാള്‍, പുതുച്ചേരി എന്നിവിടങ്ങളില്‍ വോട്ടര്‍ പട്ടിക പരിഷ്കരണം നടത്തണമെന്ന സുപ്രീം കോടതിയിലെ ഹര്‍ജിയും ഇതിന്റെ തെളിവാണ്. ബിജെപി നേതാവ് അശ്വനി കുമാര്‍ ഉപാധ്യായയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത് എന്നതില്‍ നിന്നുതന്നെ ബിജെപി ഭരണകൂടത്തിന്റെയും അവരുടെ കളിപ്പാവയാകുന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെയും നിലപാട് വ്യക്തമാകുന്നു. ബിഹാര്‍ പട്ടികയില്‍ സുപ്രീം കോടതിയുടെ ഇപ്പോഴത്തെ നിര്‍ദേശം കേന്ദ്ര ഭരണകൂടം അംഗീകരിക്കുമെന്നും ഇതുവരെയുള്ള അവരുടെ നിലപാട് വച്ച് വിശ്വസിക്കാന്‍ കഴിയില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.