
ഇന്നലെ അന്തരിച്ച വിഖ്യാത പരിസ്ഥിതി ശാസ്ത്രജ്ഞനും ഈ രംഗത്തെ ഏറ്റവും ശ്രദ്ധേയ വ്യക്തിത്വത്തിന്റെ ഉടമയുമായ മാധവ് ധനഞ്ജയ് ഗാഡ്ഗിൽ സ്വതന്ത്ര ഇന്ത്യയുടെ പാരിസ്ഥിതിക നയരൂപീകരണത്തിന്റെ മുഖ്യശില്പി കൂടി ആയിരുന്നു. സാമ്പത്തികശാസ്ത്ര വിദഗ്ധനായ ധനഞ്ജയ് രാമചന്ദ്ര ഗാഡ്ഗിലിന്റെയും പ്രമീളയുടെയും പുത്രനായി ജനിച്ച മാധവ് യുക്തിചിന്തയുടെയും ശാസ്ത്രവീക്ഷണത്തിന്റെയും അന്തരീക്ഷത്തിലാണ് വളർന്നത്. നാസ്തികനായ രാമചന്ദ്ര ഗാഡ്ഗിൽ തന്റെ മക്കൾക്ക് ജാതിചിഹ്നമായ പൂണൂൽച്ചടങ്ങ് നടത്താൻപോലും തയ്യാറായിരുന്നില്ല എന്നത് ബാലനായ മാധവ് വളർന്നുവന്ന സ്വതന്ത്രവും യുക്തിഭദ്രവുമായ അന്തരീക്ഷത്തെയാണ് അടയാളപ്പെടുത്തുന്നത്. പരിസ്ഥിതി ശാസ്ത്രജ്ഞനും പരിസ്ഥിതി പ്രവർത്തകനുമായുള്ള മാധവ് ഗാഡ്ഗിലിന്റെ വളർച്ചയും വികാസപരിണാമവും കേവലം യാദൃച്ഛികമായ ഒന്നല്ലെന്നും മറിച്ച് സൂക്ഷ്മതയോടെയുള്ള തെരഞ്ഞെടുപ്പിന്റെയും ആഴത്തിലുള്ള പഠനത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധതയുടെയും ഫലമാണെന്ന് അദ്ദേഹത്തിന്റെ വിദ്യാഭ്യാസത്തിന്റെയും ജീവിതവൃത്തിയുടെ തെരഞ്ഞെടുപ്പിനെയും നിരീക്ഷിക്കുന്ന ഏതൊരാൾക്കും ബോധ്യപ്പെടും. അത് പ്രകൃതിയോടും സമൂഹത്തോടും സർവോപരി താൻ ജീവിക്കുന്ന ജൈവമണ്ഡലത്തോടുമുള്ള വിട്ടുവീഴ്ചയില്ലാത്ത അർപ്പണബോധത്തിൽ നിന്നും ഉരുവംകൊണ്ടതാണെന്നും വ്യക്തമാക്കുന്ന സുതാര്യവും അകളങ്കിതവുമായ കർമ്മരേഖ അവശേഷിപ്പിച്ചാണ് ഗാഡ്ഗിൽ വിടപറയുന്നത്. രാജ്യവും ലോകവും അന്ധമായി പിന്തുടരുന്ന വികസനപാതയിൽ പതിയിരിക്കുന്ന അപകടങ്ങളെപ്പറ്റിയും ദുരന്തങ്ങളെപ്പറ്റിയും അദ്ദേഹം നൽകിയ മുന്നറിയിപ്പുകൾ ഏറെയും അവഗണിക്കപ്പെട്ടുവെങ്കിലും അവയേൽപ്പിക്കുന്ന ആഘാതങ്ങൾക്ക് സ്വയവും അവ അവഗണിച്ചവർക്കുതന്നെയും തങ്ങളുടെ ജീവിതകാലത്തുതന്നെ അനുഭവിച്ചറിയാനായി എന്നത് ആ മുന്നറിയിപ്പുകൾക്ക് പ്രവചനതുല്യമായ പരിവേഷം നല്കിയെന്നതും അനിഷേധ്യമായ വസ്തുതയാണ്.
ഇന്ത്യൻ പരിസ്ഥിതി ശാസ്ത്ര ശാഖയുടെ കുലപതി എന്ന് നിസംശയം വിശേഷിപ്പിക്കാവുന്ന ഗാഡ്ഗിലിന്റെ ദീർഘവീക്ഷണത്തിന്റെ നിദർശനമാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ 1983ൽ സ്ഥാപിതമായ പരിസ്ഥിതി ശാസ്ത്രകേന്ദ്രം (സെന്റർ ഫോർ എക്കളോജിക്കൽ സയൻസസ്). രാജ്യത്തെ ഏതെങ്കിലും ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഇത്തരമൊരു കേന്ദ്രം സ്ഥാപിതമാകുന്നത്, ഒരു പക്ഷെ, അത് ആദ്യമായിരുന്നു. ഇന്ന് പ്രാഥമിക തലം മുതൽ ഉന്നതവിദ്യാഭ്യാസം വരെ വിദ്യാർത്ഥികൾ ഏറെ കാംക്ഷിക്കുന്ന പഠനപദ്ധതികളിൽ ഒന്നായി പരിസ്ഥിതിശാസ്ത്രം മാറിയിട്ടുണ്ടെങ്കിൽ അതിന്റെ ബഹുമതിക്ക് പ്രഥമസ്ഥാനീയൻ മറ്റാരുമല്ല. അദ്ദേഹം മുൻകയ്യെടുത്ത് സ്ഥാപിച്ച ആ കേന്ദ്രം തന്നെയാണ് പരിസ്ഥിതി ഗവേഷണം, ജൈവ സംരക്ഷണ ശാസ്ത്രം, പരിസ്ഥിതി നയരൂപീകരണം എന്നീ പഠന മേഖലകളിലെ അഗ്രിമസ്ഥാനം അലങ്കരിക്കുന്നത്. മനുഷ്യ‑പരിസ്ഥിതിശാസ്ത്രം, ജൈവവൈവിധ്യ സംരക്ഷണം, ഇന്ത്യൻ സമൂഹവും അതിന്റെ സ്വാഭാവിക പരിസ്ഥിതിയും തുടങ്ങി വൈവിധ്യമാർന്ന മേഖലകളെ അദ്ദേഹത്തിന്റെ അക്കാദമിക ധിഷണ പഠനവിധേയമാക്കി. കേവല അക്കാദമിക വ്യായാമത്തിലുപരി തന്റെ പഠന-ഗവേഷണ പ്രവർത്തനങ്ങളുടെ കേന്ദ്രസ്ഥാനത്ത് ഇന്ത്യയിലെ ഏറ്റവും സാധാരണക്കാരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ജനവിഭാഗങ്ങളെയും അവരുടെ നിലനില്പിന് ആധാരമായ പരിസ്ഥിതിയെയും ജൈവ വൈവിധ്യത്തെയും ആ ജനതകളുടെ പരമ്പരാഗത വിജ്ഞാന വ്യവസ്ഥയെയും പ്രതിഷ്ഠിക്കുന്നതിലും അവയുടെ ദീർഘകാല നിലനില്പ് ഉറപ്പുവരുത്തുന്നതിലും ഊന്നൽ നൽകി എന്നതാണ് ഗാഡ്ഗിലിലെ ശാസ്ത്രജ്ഞനെയും പരിസ്ഥിതിപ്രവർത്തകനെയും വേറിട്ടുനിർത്തുന്നത്. മനുഷ്യ സാന്നിധ്യത്തെ പരിസ്ഥിതിവിരുദ്ധമായി കാണുന്നതിനുപകരം മനുഷ്യനും പ്രകൃതിയും പരസ്പരപൂരകങ്ങളാണെന്ന കാഴ്ചപ്പാടാണ് പരിസ്ഥിതി ശാസ്ത്രത്തിലും പ്രവർത്തനത്തിലും അദ്ദേഹം മുന്നോട്ട് വയ്ക്കാൻ ശ്രമിച്ചത്.
മാധവ് ഗാഡ്ഗിൽ ഒരുപക്ഷെ രാജ്യവ്യാപകമായി ശ്രദ്ധിക്കപ്പെട്ടത് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നിയോഗിക്കപ്പെട്ട ‘പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധസമിതി‘യുടെയും അത് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിച്ച, ഗാഡ്ഗിൽ റിപ്പോർട്ട് എന്ന് പരക്കെ അറിയപ്പെട്ട, റിപ്പോർട്ടിന്റെയും പേരിലായിരിക്കും. പരിസ്ഥിതി ദുർബല മേഖല എന്ന നിലയിൽ പശ്ചിമഘട്ടം ഒരു ജൈവ വൈവിധ്യ തപ്തബിന്ദുവാണെന്ന് ആ റിപ്പോർട്ട് യുക്തിഭദ്രമായും ശാസ്ത്രീയ പഠനങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ സ്ഥാപിക്കുന്നു. ഖനനം, ക്വാറിയിങ്, വൻകിട അണക്കെട്ടുകൾ, വ്യാവസായിക മലിനീകരണം എന്നിവ കർശനമായി നിയന്ത്രിച്ച് ഈ ദുർബല പർവ്വത പാരിസ്ഥിതിക സംവിധാനത്തെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത, റിപ്പോർട്ട് മുന്നോട്ടുവച്ചിരുന്നു. അത് സർക്കാർ സംവിധാനങ്ങളടക്കം നിക്ഷിപ്ത വികസനവാദത്തെ ഒന്നാകെ പ്രകോപിപ്പിച്ചു. റിപ്പോർട്ട് നടപ്പാക്കുന്നത് വികസനത്തെയും സാമ്പത്തിക വളർച്ചയെയും തടയുമെന്ന വാദഗതികളുമായി അവർ പ്രതിരോധമുയർത്തി. റിപ്പോർട്ട് നടപ്പാക്കുന്നതിൽ ബന്ധപ്പെട്ട ജനവിഭാഗങ്ങൾക്കുള്ള മുഖ്യപങ്ക് സംബന്ധിച്ച അതിലെ ശുപാർശകൾ ബോധപൂർവം തമസ്കരിക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്തു. മാറ്റിവയ്ക്കപ്പെട്ട ഗാഡ്ഗിൽ റിപ്പോർട്ടിന്റെ സ്ഥാനത്ത് കസ്തൂരിരംഗൻ കമ്മിറ്റിയുടെ റിപ്പോർട്ട് അംഗീകരിക്കപ്പെട്ടു. തുടർന്ന് കേരളത്തിലും മഹാരാഷ്ട്രയിലുമടക്കം പശ്ചിമഘട്ട മലനിരകളിൽ ഉണ്ടായ പ്രകൃതി ദുരന്തങ്ങളും ജീവനാശവും സാമ്പത്തിക നാശനഷ്ടങ്ങളും സമീപകാല ചരിത്രത്തിന്റെ ഭാഗമാണ്. ആ ദുരന്ത മുന്നറിയിപ്പ്, പ്രതിവിധികൾ ഒന്നുംകൂടാതെ പശ്ചിമഘട്ട ചക്രവാളത്തിൽ ഇപ്പോഴും നിഴൽ വിരിച്ച് നിൽക്കുന്നു. മാധവ് ഗാഡ്ഗിൽ വിടവാങ്ങിയെങ്കിലും അദ്ദേഹത്തിന്റെ ജീവിതവും സംഭാവനകളും ഒരു മുന്നറിയിപ്പായി, ഓർമ്മപ്പെടുത്തലായി നമുക്കുമുന്നിൽ മായാതെ നിലനിൽക്കുകതന്നെ ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.