21 January 2026, Wednesday

നീതിപീഠങ്ങൾ ഭരണകൂടത്തിന്റെ പകർത്തിയെഴുത്തുകാരാകുമ്പോൾ

Janayugom Webdesk
September 4, 2025 5:00 am

വഹർലാൽ നെഹ്രു സർവ്വകലാശാലയിലെ ഗവേഷണവിദ്യർത്ഥികളും ആക്ടിവിസ്റ്റുകളുമായ ഉമർ ഖാലിദ്, ഷർജിൽ ഇമാം എന്നിവരടക്കം 2020ലെ ‘ഡൽഹി കലാപക്കേസിൽ’ പ്രതികളായ ഒമ്പതുപേരുടെ ജാമ്യാപേക്ഷ സെപ്റ്റംബർ രണ്ടിന് ചൊവ്വാഴ്ച ഡൽഹി ഹൈക്കോടതി നിരസിച്ചു. കഴിഞ്ഞ അഞ്ചുവർഷമായി യുഎപിഎ ചുമത്തി പല കാരണങ്ങളാൽ വിചാരണ കൂടാതെ തടവിൽ കഴിയുന്നവരുടെ ജാമ്യാപേക്ഷയാണ് നിരസിക്കപ്പെട്ടിരിക്കുന്നത്. വിവിധ കോടതികളിൽ നേരിടേണ്ടിവന്ന ജാമ്യ നിരാസ പരമ്പരയുടെ ഏറ്റവും പുതിയ അധ്യായമാണ് ഡൽഹി ഹൈക്കോടതിയിൽ ആവർത്തിക്കപ്പെട്ടത്. കുപ്രസിദ്ധ കലാപക്കേസിൽ വിചാരണ എപ്പോൾ ആരംഭിക്കുമെന്നതിൽ യാതൊരു വ്യക്തതയും ഇല്ലാതിരിക്കെ കുറ്റാരോപിതരായ യുവാക്കളുടെ കാരാഗൃഹവാസം അനന്തമായി തുടരാനാണ് സാധ്യത. യുഎപിഎ കേസുകളിൽ ദേശീയ സുരക്ഷിതത്വവും വ്യക്തിസ്വാതന്ത്ര്യവും തമ്മിലുള്ള സന്തുലനം, കേസുകൾ കാലതാമസം കൂടാതെ വിചാരണക്കെടുക്കേണ്ടതിന്റെ ആവശ്യകത എന്നിവ സംബന്ധിച്ച സുപ്രീം കോടതിയുടെ നിലപാടുകൾക്ക് വിരുദ്ധമാണ് ഹൈക്കോടതിയും കീഴ്‌ക്കോടതികളും അവലംബിക്കുന്നത് എന്നത് ഖേദകരവും അപലപനീയവുമായ യാഥാർത്ഥ്യമാണ്. ഡൽഹി കലാപക്കേസിൽ പൊലീസ് കുറ്റപത്രം ചുമത്തിയ അനവധിപേരുടെ പേരിലുള്ള കേസുകൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിയാത്ത സാഹചര്യത്തിൽ കുറ്റാരോപിതരിൽ ഏറെപ്പേരെയും വിചാരണക്കോടതികൾ വെറുതെ വിടുകയുണ്ടായി. അവരിൽ ഭരണകക്ഷിയിൽ പെട്ട പലരും പിന്നീട് തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ജനപ്രതിനിധികളും മന്ത്രിമാർ വരെയും ആയിട്ടുണ്ട്. വസ്തുത ഇതായിരിക്കെയാണ് ഒരു പ്രത്യേക മതവിഭാഗ നാമധാരികളായ ഒൻപതുപേർ വിചാരണ കൂടാതെ തടവിൽ തുടരേണ്ടി വരുന്നത്. ഇത് ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയെപ്പറ്റിയും അതിന്റെ നിഷ്പക്ഷതയെപ്പറ്റിയും ജനങ്ങളിൽ കടുത്ത ആശങ്ക ജനിപ്പിക്കുന്നതിൽ അവരെ കുറ്റപ്പെടുത്താനാവില്ല. 

പൗരത്വ ഭേദഗതി നിയമം (സിഎഎ), ദേശിയ പൗരത്വ രജിസ്റ്റർ (എൻസിആർ) എന്നിവയുടെ പശ്ചാത്തലത്തിലാണ് ഡൽഹി കലാപം പൊട്ടിപ്പുറപ്പെട്ടത്. 53 പേർ, അതിൽ മൂന്നിൽ രണ്ട് മുസ്ലിങ്ങളടക്കം, കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും വൻതോതിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്ത സംഭവത്തിൽ കാര്യക്ഷമമായ അന്വേഷണം നടത്താനും കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരുന്നതിലും കേന്ദ്രസർക്കാരും അവർ നിയന്ത്രിക്കുന്ന ഡൽഹി പൊലീസും സമ്പൂർണ പരാജയമായിരുന്നു. അതിന്റെ മുഖ്യകാരണം കുറ്റവാളികളെ പിടികൂടി നിയമത്തിനുമുന്നിൽ എത്തിക്കുക എന്നതിനേക്കാളുപരി ഒരു പ്രത്യേക മതവിഭാഗത്തെ പ്രതിക്കൂട്ടിലാക്കുക എന്ന മുൻവിധിയോടെയുള്ള സർക്കാരിന്റെയും പൊലീസിന്റെയും സമീപനം ആയിരുന്നു. സ്വന്തം പാർട്ടിയിലും ആശയപരിവാരത്തിലും പെട്ട കുറ്റവാളികളെ രക്ഷിക്കുക എന്നതായിരുന്നു ഭരണകൂട ലക്ഷ്യം. മറ്റ് വിവിധ കേന്ദ്രസർക്കാർ ഏജൻസികളെപ്പോലെ ഡൽഹി പൊലീസും യജമാന ശബ്ദത്തിന്റെ പ്രതിധ്വനികളായി മാറിയെന്നത് ആരെയും അത്ഭുതപ്പെടുത്തുന്നുണ്ടാവില്ല. അഞ്ച് വർഷത്തിലേറെയായി വിചാരണ കൂടാതെ തടവിൽകഴിയുന്ന ഉമർ ഖാലിദ് അടക്കം ഒൻപതുപേരുടെ കഥയും വ്യത്യസ്തമല്ല. ഇന്ത്യൻ ശിക്ഷാനിയമം, നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം, പൊതുസ്വത്ത് നശിപ്പിക്കൽ നിരോധന നിയമം, ആയുധ നിയമം എന്നിവ ഉൾപ്പെടുത്തി 2020ൽ ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ ഒരു എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. 3,000 പേജുള്ള കുറ്റപത്രത്തിനൊപ്പം 30,000 പേജ് ഇലക്ട്രോണിക് തെളിവുകളും പൊലീസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. 58 സാക്ഷികളിൽ നിരവധി ‘സംരക്ഷിത’ സാക്ഷികളും ഉൾപ്പെടുന്നു. സംരക്ഷിത സാക്ഷികൾ ആരെന്ന് അറിയാൻ പ്രതിഭാഗത്തിന് കഴിയില്ലെന്നത് ഭാവിയിൽ നടന്നേക്കാവുന്ന വിചാരണയെ ദുരൂഹമാക്കുന്നതായി നിയമവൃത്തങ്ങൾ പറയുന്നു. കുറ്റപത്രത്തിലെ ഈ നിഗൂഢത തന്നെ നീണ്ടുപോകുന്ന വിചാരണയുടെ പശ്ചാത്തലത്തിൽ കുറ്റാരോപിതർക്ക് ജാമ്യം അനുവദിക്കാൻ മതിയായ സാധൂകരണമാകും. എന്നാൽ പ്രോസിക്യൂഷന്റെ വാദങ്ങളുടെ പകർത്തിയെഴുത്തുകാരായി നീതിപീഠം മാറുകയാണ്. 

പ്രതികൾക്കെതിരെ ഗൂഢാലോചന, ആയുധസമാഹരണം, കലാപത്തിന് ആഹ്വാനം നൽകൽ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ആരോപിക്കപ്പെട്ടിട്ടുള്ളത്. അവ തെളിയിക്കാൻ ‘സംരക്ഷിത’ സാക്ഷിമൊഴികളും ചില വാട്സ്ആപ് ഗ്രൂപ്പുകളിൽ പ്രതികളിൽ ചിലർ അംഗങ്ങളായിരുന്നുവെന്നതും ഒഴികെ യാതൊന്നും കുറ്റപത്രം പറയുന്നില്ല. വസ്തുത ഇതായിരിക്കെ പ്രതികൾക്ക് ജാമ്യം നൽകുകയും അവർ വിചാരണയെ നേരിടുകയെന്നതും മാത്രമാണ് നിയമാനുസൃതമായ നടപടിക്രമം. അതിനുപകരം പ്രതികളെ അനന്തമായി തടവിൽവയ്ക്കുക എന്നത് മനുഷ്യാവകാശങ്ങളുടെ ലംഘനവും വിചാരണയും ശിക്ഷാവിധിയും കൂടാതെയുള്ള നീതിന്യായസംവിധാന ബാഹ്യമായ ശിക്ഷയുമാണ്. രാഷ്ട്രീയ പ്രതിയോഗികളെയും ഭിന്നാഭിപ്രായക്കാരെയും തടവിലാക്കുകയും ശിക്ഷിക്കുകയും ചെയ്യുന്ന ഭരണകൂട ഭീകരതയ്ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. ഡൽഹി പ്രൊഫസർ ജി എൻ സായിബാബ മുതൽ ഫാദർ സ്റ്റാൻസ്വാമി വരെ എണ്ണമറ്റ യുഎപിഎ തടവുകാരുടെ കാര്യത്തിൽ ഈ ഭരണകൂട ഭീകരത നാം കാണുകയുണ്ടായി. ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസം നഷ്ടപെട്ടിട്ടില്ലാത്ത പൗരന്മാർ ഇപ്പോൾ പ്രതീക്ഷ വച്ചുപുലർത്തുന്നത് സുപ്രീം കോടതിയുടെ വിവേകത്തിലും നീതിബോധത്തിലുമാണ്. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.