22 December 2024, Sunday
KSFE Galaxy Chits Banner 2

വന്ദേഭാരത് കേരളത്തിലെത്തുമ്പോള്‍

Janayugom Webdesk
April 15, 2023 5:00 am

സംസ്ഥാനത്തിന് വന്ദേഭാരത് തീവണ്ടി അനുവദിച്ചത് ബിജെപിയും കേന്ദ്ര സര്‍ക്കാരും വലിയ ആഘോഷമാക്കിയിരിക്കുകയാണ്. തിരുവനന്തപുരം — കണ്ണൂര്‍ റൂട്ടില്‍ വന്ദേഭാരത് ഓടുമെന്നാണ് വാര്‍ത്തകള്‍. ഇന്ത്യന്‍ റെയില്‍വേയുടെ വികസന പാതയില്‍ സുപ്രധാനമായ ചുവടുവയ്പാണ് വന്ദേഭാരത് തീവണ്ടികള്‍ എന്നതില്‍ സംശയമില്ല. 1990കളില്‍ തന്നെ രാജ്യത്തെ മെയിന്‍ ലൈന്‍ ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ് (മെമു) സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിലുള്ള തീവണ്ടികളുടെ നിര്‍മ്മാണം ആരംഭിച്ചിരുന്നു. ഇത്തരത്തില്‍ നിര്‍മ്മിക്കപ്പെട്ട മെമു തീവണ്ടികള്‍ 25 വര്‍ഷത്തോളമായി രാജ്യത്ത് സര്‍വീസ് നടത്തി വരുന്നുണ്ട്. ഇത് പ്രധാനമായും നഗരകേന്ദ്രീകൃതമായും ഇരുനഗരങ്ങളെ ബന്ധിപ്പിച്ച് ഹ്രസ്വദൂരത്തേയ്ക്കും സര്‍വീസ് നടത്തുന്ന വിധത്തിലുള്ളതായിരുന്നു. ആദ്യഘട്ടങ്ങളില്‍ നിര്‍മ്മിക്കപ്പെട്ട മെമുവിന്റെ പരിഷ്കരിച്ച രൂപകല്പനയായാണ് ഇപ്പോഴത്തെ ദീര്‍ഘദൂര — അതിവേഗ തീവണ്ടികള്‍ നിര്‍മ്മിച്ചത്. 2018ല്‍ മെമുവിന്റെ പരിഷ്കരിച്ച ഈ യാത്രാ സംവിധാനത്തിന് ട്രെയിന്‍ 18 എന്ന പേരാണ് ആദ്യഘട്ടത്തില്‍ നല്കിയിരുന്നത്. പിന്നീട് 2019ല്‍ വന്ദേ ഭാരത് എന്ന് പുനര്‍ നാമകരണം ചെയ്യുകയായിരുന്നു. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗത്തില്‍ ഓടുന്നതിന് സാധ്യമാണ് വന്ദേഭാരത് എങ്കിലും നമ്മുടെ പാതകളുടെ പോരായ്മകള്‍ കാരണം ആ വേഗത ആര്‍ജ്ജിക്കുന്നതിന് ഇതുവരെ സാധിച്ചിട്ടില്ല. അത് വളരെ വലിയ പോരായ്മയാണ്. ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്ന വന്ദേഭാരത് എക്സ്പ്രസുകളുടെ വേഗത പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.

 


ഇതുകൂടി വായിക്കു; മുംബൈയും മണിപ്പൂരും ഓര്‍മ്മപ്പെടുത്തുന്നത്


ആദ്യ വന്ദേഭാരത് ഓടിത്തുടങ്ങിയത് 2019 ഫെബ്രുവരി 15നായിരുന്നു. 771 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ഡല്‍ഹി — വാരാണസി റൂട്ടിലായിരുന്നു ഇതിന്റെ ഓട്ടം. 771 കിലോ മീറ്റര്‍ ഓട്ടത്തിന് എട്ടു മണിക്കൂര്‍ വേണ്ടിവരുന്നുണ്ട്. അതനുസരിച്ച് മണിക്കൂറില്‍ നൂറു കിലോമീറ്ററില്‍ താഴെയാണ് വേഗത. ഡല്‍ഹി — വൈഷ്ണോദേവി മാതാ കട്ര രണ്ടാം വന്ദേഭാരത് തീവണ്ടി 2019 ഒക്ടോബറില്‍ ഓട്ടം തുടങ്ങി. 655 കിലോ മീറ്റര്‍ ഓടിയെത്തുന്നതിന് എട്ടു മണിക്കൂറും ഗാന്ധി നഗര്‍ — മുംബൈ വന്ദേഭാരത് 520 കിലോ മീറ്റര്‍ ഓടിയെത്തുന്നതിന് 6.20 മണിക്കൂറും സമയമെടുക്കുന്നുണ്ട്. ഡല്‍ഹിയില്‍ നിന്ന് അണ്ടൗറയിലേയ്ക്കുള്ള 415 കിലോമീറ്ററില്‍ 5.25, മൈസൂരു — ചെന്നൈ സെന്‍ട്രല്‍ റൂട്ടില്‍ 500 കിലോ മീറ്ററില്‍ 6.25, സെക്കന്തരാബാദ് — വിശാഖപട്ടണം 699 കിലോ മീറ്ററില്‍ 7.5 മണിക്കൂര്‍ വീതമെടുത്താണ് യാത്ര പൂര്‍ത്തിയാക്കുന്നത്. ഇതില്‍ നിന്ന് നമ്മുടെ തീവണ്ടിപ്പാതകള്‍ മെച്ചപ്പെടുത്താതെ വന്ദേ ഭാരതിന് യഥാര്‍ത്ഥ വേഗതയില്‍ ഓടാന്‍ സാധിക്കില്ലെന്ന് വ്യക്തമാകുന്നു. കേരളമാണെങ്കില്‍ പാതാ വികസനത്തിന്റെയും മറ്റ് സൗകര്യങ്ങളുടെയും കാര്യത്തിലുള്ള അവഗണനയുടെ ഫലമായി പിന്നാക്കം നില്ക്കുകയാണ്. ദീര്‍ഘദൂര — അതിവേഗ തീവണ്ടികള്‍ ഓടിക്കുന്നതിന് പാതകളുടെ നവീകരണവും പുതിയ പാതകളുടെ നിര്‍മ്മാണവും നടത്തണമെന്ന് കാലങ്ങളായി ആവശ്യപ്പെടുന്നുവെങ്കിലും കേന്ദ്രം അതിന് താല്പര്യം കാട്ടുന്നില്ല. അതുകൊണ്ടുതന്നെ സംസ്ഥാനത്ത് ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടികള്‍ പോലും അനുവദനീയ വേഗതയില്‍ സഞ്ചരിക്കുന്നതിന് സാധിക്കുന്നില്ല.


ഇതുകൂടി വായിക്കു;ബിജെപിയുടെ ക്രൈസ്തവ പ്രീണനവും ആലഞ്ചേരിയുടെ മോഡീ പ്രണയവും


പോത്തന്നൂര്‍ — പാലക്കാട് — കോഴിക്കോട് — മംഗലാപുരം റൂട്ടില്‍ മാത്രമാണ് നിലവില്‍ 110 കിലോമീറ്റര്‍/മണിക്കൂര്‍ എന്ന വേഗത സാധ്യമായിട്ടുള്ളത്. ഷൊര്‍ണൂര്‍ — നിലമ്പൂര്‍ 75, പാലക്കാട് ജങ്ഷന്‍ — പാലക്കാട് 100, തിരുവനന്തപുരം ഡിവിഷനു കീഴില്‍ 70 മുതല്‍ 110 വരെ കിലോമീറ്റര്‍/മണിക്കൂര്‍ എന്ന നിലയിലാണ് തീവണ്ടികളുടെ വേഗത നിശ്ചയിച്ചിരിക്കുന്നത്. അതുകൊണ്ടുകൂടിയാണ് സംസ്ഥാനത്ത് ഇപ്പോള്‍ ഓടുന്ന തീവണ്ടികളുടെ യാത്രാ സമയം കൂടി നില്ക്കുന്നത്. പുതിയ വന്ദേഭാരത് തീവണ്ടിക്ക് തിരുവനന്തപുരം — കണ്ണൂര്‍ റൂട്ടില്‍ 480 ലധികം കിലോമീറ്റര്‍ താണ്ടുന്നതിന് ഏഴ്-ഏഴര മണിക്കൂര്‍ വേണ്ടിവരുമെന്നാണ് നിഗമനം. അതുതന്നെ അഞ്ചോ ആറോ സ്റ്റോപ്പുകള്‍ മാത്രം അനുവദിക്കുന്നതുകൊണ്ട്. സംസ്ഥാനത്ത് വേഗത മണിക്കൂറില്‍ 130 കിലോമീറ്ററെങ്കിലും സാധിക്കുന്ന വിധത്തില്‍ നവീകരണവും നിര്‍മ്മാണവും നടത്തണമെന്ന് സംസ്ഥാനം നിരന്തരം ആവശ്യപ്പെടുന്നുവെങ്കിലും റയില്‍വേ അതിന് തയ്യാറാകുന്നില്ല. ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പകരം വന്ദേഭാരത് അനുവദിച്ചത് ബിജെപി രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണ്.

ഇത് കെ റയിലിന് പകരമാണെന്ന അവകാശവാദവും വസ്തുതാപരമല്ല. ദൂരത്തിന്റെയും വേഗതയുടെയും കാര്യത്തില്‍ മാത്രമല്ല നിരക്കിന്റെ കാര്യത്തിലും സാധാരണക്കാരായ സ്ഥിര യാത്രക്കാര്‍ക്ക് ഉപയോഗിക്കുവാന്‍ സാധിക്കുന്നതായിരിക്കില്ല വന്ദേ ഭാരത്. 1500 രൂപയ്ക്ക് മുകളിലാണ് ചുരുങ്ങിയ യാത്രാ നിരക്കെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. ഉയര്‍ന്ന ക്ലാസില്‍ അത് 2500 രൂപയ്ക്ക് മുകളിലുമാണ്. വന്ദേ ഭാരതിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരും റെയില്‍വേ മന്ത്രാലയവും സ്വീകരിക്കുന്ന നിലപാടുകള്‍ സംസ്ഥാന സര്‍ക്കാരിനെ പൂര്‍ണമായും ഇരുട്ടില്‍ നിര്‍ത്തുന്ന വിധത്തിലാണെന്നുള്ളതും പ്രതിഷേധാര്‍ഹമാണ്. ഓരോ തവണ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തുമ്പോഴും റെയില്‍വേ വികസനം നടപ്പിലാക്കണമെന്നും അതിവേഗ തീവണ്ടികള്‍ അനുവദിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെടുന്നുണ്ട്. സംസ്ഥാനത്തിന് വന്ദേ ഭാരത് അനുവദിക്കണമെന്ന ആവശ്യം നേരത്തെ മുതല്‍ ഉന്നയിക്കുന്നതുമാണ്. അത് മറച്ചുവച്ച് ഇത് കേന്ദ്രവും ബിജെപിയും സംസ്ഥാനത്തിന് നല്കുന്ന ഔദാര്യമാണെന്ന നിലയിലുള്ള പ്രചരണം അല്പത്തമാണ്. കാരണം കേരളവും ഇന്ത്യയുടെ ഭാഗമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.