
2025ലെ ലോക ഹാപ്പിനസ് റിപ്പോർട്ടും ലോക അസമത്വ റിപ്പോർട്ടും ലോക സാമൂഹിക റിപ്പോർട്ടും പുറത്തുവന്നിരിക്കുന്നു. 2012ല്‍ ആണ് ഐക്യരാഷ്ട്രസഭ സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കാൻ തുടങ്ങിയത്. ഈ റിപ്പോർട്ട് തയ്യാറാക്കൽ വലിയ സങ്കീർണതകള്‍ നിറഞ്ഞതായതിനാൽ, ഐക്യരാഷ്ട്രസഭയിൽ 193 രാജ്യങ്ങൾ അംഗങ്ങളാണെങ്കിലും 147 രാജ്യങ്ങളുടെ വിവരങ്ങൾ ശേഖരിക്കാന്‍ മാത്രമേ അവർക്ക് കഴിഞ്ഞുള്ളൂ. ഈ 147 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 118ആണ്. നമ്മുടെ അയൽരാജ്യങ്ങളായ പാകിസ്ഥാനും നേപ്പാളിനും താഴെയാണ് ഇന്ത്യയുടെ സ്ഥാനം എന്നത് ദയനീയമാണ്. സമഗ്രമായ പഠനത്തിന്റെയും ഗവേഷണത്തിന്റെയും നേരിട്ടുള്ള പരിശോധനയുടെയും അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളതെന്ന്, റിപ്പോർട്ട് പരിശോധിച്ചാൽ മനസിലാകും. കൃത്യമായ 17മാനദണ്ഡങ്ങളും ഉപമാനദണ്ഡങ്ങളും ഓരോ രാജ്യത്തെയും പ്രത്യേകമായ സ്ഥിതിവിശേഷങ്ങളും പരിഗണിച്ചാണ് ഓരോ വർഷവും ഈ റിപ്പോർട്ട് തയ്യാറാക്കുന്നത്. ദാരിദ്ര്യം, അസമത്വം, നിരക്ഷരത, ചികിത്സാദൗര്‍ലഭ്യം, സ്ത്രീകളുടെയും കുട്ടികളുടെയും അരക്ഷിതാവസ്ഥ മുതലായ സാഹചര്യങ്ങൾ മറികടക്കാൻ ഓരോ രാജ്യവും സ്വീകരിച്ച നടപടികളും അതിന്റെ നേട്ടങ്ങളും മാനദണ്ഡങ്ങളിൽ പ്രധാനപ്പെട്ടവയാണ്. ആയുർദൈർഘ്യം, രാജ്യത്ത് നിലനിൽക്കുന്ന ജനാധിപത്യ പ്രക്രിയ, സ്വാതന്ത്ര്യം, തെരഞ്ഞെടുപ്പിലെ സുതാര്യത, മാധ്യമസ്വാതന്ത്ര്യം, മനുഷ്യാവകാശ സംരക്ഷണം, ശാസ്ത്രവിജ്ഞാനത്തിന്റെ പ്രയോഗം, സിവിൽ സർവീസിന്റെ പ്രവർത്തനം, ആളോഹരി വരുമാനം, സാമൂഹ്യക്ഷേമം, വയോജന സമൂഹത്തിന്റെ പരിരക്ഷ, തൊഴിൽസുരക്ഷിതത്വം, പരിസ്ഥിതി സംരക്ഷണം, ക്രമസമാധാന പാലനം, സാമ്പത്തികവളർച്ച, ഗതാഗതസൗകര്യങ്ങൾ, പരസ്പരസഹകരണം ഇക്കാര്യങ്ങളെല്ലാം വിലയിരുത്തിയാണ് സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കുന്നത്. നിലനിൽക്കുന്ന ജാതിവ്യവസ്ഥ, വർഗീയത, അന്ധവിശ്വാസങ്ങൾ, സവർണ വിഭാഗങ്ങളിലെ സമ്പത്തിന്റെ കേന്ദ്രീകരണം, അഴിമതി, തെരഞ്ഞെടുപ്പിലെ ജാതിയുടെയും പണത്തിന്റെയും സ്വാധീനം തുടങ്ങിയ ധാരാളം കാര്യങ്ങൾ കൂടി പ്രത്യേകമായി വിലയിരുത്തിയാണ് ഇന്ത്യയുടെ സ്ഥാനം നിർണയിച്ചിട്ടുള്ളത്. ലോകത്ത് ഏറ്റവും കൂടുതൽ സന്തോഷം അനുഭവിക്കുന്ന രാജ്യങ്ങളിൽ മുന്നിൽ നിൽക്കുന്നത് ഫിൻലാൻഡ്, ഡെന്മാർക്ക്, ഐസ്‌ലാന്റ്, സ്വീഡൻ, നെതർലൻഡ്, നോർവേ എന്നീ രാജ്യങ്ങളാണ്. 2012ല്‍ അമേരിക്കയുടെ സ്ഥാനം 11 ആയിരുന്നത് ഇപ്പോൾ 24ലേക്ക് താഴുകയുണ്ടായി. ചൈനയുടെ സ്ഥാനം 68 ആണ്. ഓരോ വർഷവും ചൈനയുടെ സ്ഥാനം മുന്നോട്ടുപോവുകയാണ്. അവർ ശക്തമായ പുരോഗതിയുടെ പാതയിലാണ്. എന്നാൽ വ്യക്തിസ്വാതന്ത്ര്യത്തിലെ കുറവ് അവരുടെ പരിമിതിയാണ്. ലോകത്തെ മൊത്തം ജനങ്ങളിൽ 60%ല്‍ അധികം പേര്‍ പലരീതിയിൽ ദുരിതങ്ങൾ അനുഭവിക്കുന്നവരാണെന്നാണ് വേൾഡ് സോഷ്യൽ റിപ്പോർട്ടില്‍ പറയുന്നത്. ഏഷ്യയിലെയും ആഫ്രിക്കയിലെയും രാജ്യങ്ങളിലാണ് ഈ സ്ഥിതി ഭയാനകമായി നിലനിൽക്കുന്നത്. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ കണക്കാക്കിയാൽ ലോകത്തുതന്നെ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നവരുള്ള രാജ്യം ഇന്ത്യയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
കഴിഞ്ഞ 11 വർഷംകൊണ്ട് രാജ്യം കൈവരിച്ച പുരോഗതിയെക്കുറിച്ചാണ് മോഡി സർക്കാർ തുടർച്ചയായി പറഞ്ഞുകൊണ്ടിരിക്കുന്നത്. അതിൽ ചില കാര്യങ്ങൾ വസ്തുതയാണെന്ന് ലോക അസമത്വ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. രാജ്യത്ത് സമ്പത്തുല്പാദനത്തിൽ വർധനവുണ്ടായിട്ടുണ്ടെന്നും സൗജന്യ ഭക്ഷ്യവിതരണം ദാരിദ്ര്യത്തിന്റെ തീവ്രത കുറച്ചിട്ടുണ്ടെന്നും വിവിധ സംസ്ഥാനസർക്കാരുകളുടെ ക്ഷേമപ്രവർത്തനങ്ങൾ ആശ്വാസകരമായിട്ടുണ്ടെന്നും ഈ റിപ്പോർട്ടിലുണ്ട്. എന്നാൽ രാജ്യത്തിന്റെ സമ്പത്തുല്പാദന ത്തിലെ പുരോഗതിയുടെ സിംഹഭാഗവും കോടീശ്വരന്മാരിലാണ് എത്തിച്ചേരുന്നത് എന്നതിനാൽ ഇത് ജനജീവിതത്തിൽ കാര്യമായ സ്വാധീനം ചെലുത്തുന്നില്ല. തുല്യത, സമത്വം, സോഷ്യലിസം എന്നീ വാക്കുകൾ ഉപയോഗിക്കുന്നതുപോലും അരോചകമായി കാണുന്ന ഒരു അവസ്ഥയാണ് രാജ്യത്തുള്ളത്. ഇപ്പോൾ ഈ വാക്കുകൾ ഉപയോഗിക്കുന്നത് കമ്മ്യൂണിസ്റ്റുകാർ മാത്രമാണെന്നും ഈ വാക്കുകളും കമ്മ്യൂണിസവും തന്നെ കാലഹരണപ്പെട്ടു എന്നും പറയാൻ ബിജെപിക്കാർക്ക് മാത്രമല്ല, കോൺഗ്രസുകാർക്കും ഒരു മടിയുമില്ല. ഇന്ത്യയിലെ മഹാഭൂരിപക്ഷം മാധ്യമങ്ങളും കോർപറേറ്റുകളുടെ നിയന്ത്രണത്തിലായതോടുകൂടി സമത്വത്തെക്കുറിച്ചുള്ള പ്രയോഗങ്ങൾതന്നെ ഇല്ലാതായിരിക്കുന്നു. ഈ വാക്കുകളെ പരമപുച്ഛത്തോടു കൂടിയാണ് കോർപറേറ്റ് മാധ്യമങ്ങൾ കാണുന്നത്. ഇന്ത്യയിലെ ജനങ്ങളിൽ 90%ത്തില്‍ അധികവും പാവപ്പെട്ടവരും സാധാരണക്കാരും ആണെങ്കിലും ഇന്ത്യൻ പാർലമെന്ററിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവരിൽ 80%ല്‍ അധികവും കോടീശ്വരന്മാരാണ്. പാർലമെന്റ് പാസാക്കുന്ന നിയമങ്ങളിൽ കോർപറേറ്റ് സ്വാധീനം പ്രകടമാകാൻ കാരണം ഇതുതന്നെ. സാധാരണക്കാർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനോ ജയിക്കാനോ കഴിയാതെ വന്നിരിക്കുന്നു. ഇന്ത്യൻ സമ്പത്തിന്റെ സിംഹഭാഗവും കോർപറേറ്റുകളുടെ കൈവശമാണെന്ന് പറഞ്ഞാൽ മാത്രം പോരാ, ഇത് 10% ല്‍ താഴെവരുന്ന സവർണരുടെ കൈവശമാണെന്ന് കൂടി പറയണം. അതാണ് വസ്തുത. മുമ്പ് ഫലപ്രദമായ ഒരു സിവിൽ സർവീസും പൊതുമേഖലയും രാജ്യത്തുണ്ടായിരുന്നു. എന്നാൽ ഇതിനെ ബോധപൂർവം ബിജെപി സർക്കാർ തകർത്തിരിക്കുന്നു. കേന്ദ്രത്തിലും കേരളം ഒഴികെ മറ്റ് സംസ്ഥാനങ്ങളിലുമായി 44 ലക്ഷത്തിലധികം സ്ഥിരം തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. പട്ടികജാതി-പട്ടികവർഗ‑പിന്നാക്ക സമുദായങ്ങൾക്ക് സംവരണവ്യവസ്ഥയിലൂടെ ലഭിക്കുന്ന നിയമനങ്ങൾ പകുതിക്ക് താഴെയായി. മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് തന്നെ അപ്രസക്തമായി മാറി. ദാരിദ്ര്യം, അസമത്വം, നിരക്ഷരത, ചികിത്സ കിട്ടാതെ മരിക്കുന്ന അവസ്ഥ, തൊഴിലില്ലായ്മ ഇക്കാര്യങ്ങളിലെല്ലാം ഇന്ത്യയുടെ സ്ഥിതി ഇന്നും ദയനീയമാണ്. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള വേർതിരിവും അടിച്ചമർത്തലും കൊലപാതകങ്ങളും, സ്ത്രീപീഡനങ്ങളും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്നും ശക്തമാണ്. ജാതിയും മതവും വർഗീയതയും അന്ധവിശ്വാസവും ഭൂരിപക്ഷം ജനങ്ങളിൽ ശക്തമായതിനാൽ ബിജെപിക്ക് അവരിൽ വലിയ സ്വാധീനം ചെലുത്താൻ കഴിയുന്നു. അത് കോർപറേറ്റുകൾക്കും വരേണ്യവർഗത്തിനും ഗുണകരമായി മാറുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളും നിസഹായരാണ്. സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ സാഹചര്യങ്ങൾ, വ്യക്തികൾക്കും സമൂഹങ്ങൾക്കും ഇടയിലുള്ള അസമത്വങ്ങൾ, വിവരത്തിലും വിജ്ഞാനത്തിലുമുള്ള അകലങ്ങൾ, ഭൂമിയുടെ അവകാശത്തിലുള്ള അസന്തുലിതാവസ്ഥ എന്നിവയെയാണ് അസമത്വം എന്നു പൊതുവായി പറയുന്നത്. വരുമാനത്തിലെ വിടവുകൾ, ലിംഗപരമായ വേർതിരിവുകൾ, ജാതീയമായ വിവേചനങ്ങള്‍ ഇവയെല്ലാം ചേർന്നാണ് അസമത്വം ദൃഢമാക്കുന്നത്.
സന്തോഷമുള്ള രാജ്യങ്ങളിൽ മുന്നിൽ നിൽക്കുന്നതൊന്നും സോഷ്യലിസ്റ്റ് രാജ്യങ്ങളല്ല. കോർപറേറ്റ് സ്വാധീനം അവിടെ സജീവമാണുതാനും. എന്നാൽ ആ രാജ്യങ്ങൾ ചെയ്യുന്ന നിരവധി പ്രവർത്തനങ്ങളുണ്ട്. ഏതാനും സാമൂഹിക നിയന്ത്രണങ്ങളോടെ സമ്പത്തുല്പാദനത്തെ അവർ പ്രോത്സാഹിപ്പിക്കുന്നു. അങ്ങനെ ലാഭം ഉണ്ടാക്കുന്നവരിൽ നിന്നും 30–35% വരെ കോർപറേറ്റ് നികുതി ഈടാക്കുന്നു. ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇത് വന്‍ തുകയാണ്. ഈ തുക മുഖ്യമായും ചെലവഴിക്കുന്നത് ഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണ്. മിക്കവാറും യൂറോപ്യന്‍ രാജ്യങ്ങളും വികസിത രാജ്യങ്ങളുമെല്ലാം സഞ്ചരിക്കുന്നത് ഈ വഴിയിലാണ്. ഐക്യരാഷ്ട്രസഭ മാനദണ്ഡമായി സ്വീകരിച്ചിട്ടുള്ള 17 കാര്യങ്ങളും അതോടൊപ്പം ഓരോ രാജ്യത്തിന്റെ പ്രത്യേകതയുടെ അടിസ്ഥാനത്തിലുള്ള കാര്യങ്ങളും അവർ നടപ്പിലാക്കുന്നത് ഇങ്ങനെയാണ്. അപ്പോള്‍ ജീവിതനിലവാരം മെച്ചപ്പെടുന്നു. സംഘര്‍ഷങ്ങള്‍ കുറയുന്നു, ശാന്തിയും സമാധാനവും ശക്തിപ്പെടുന്നു, ജീവിതത്തിൽ സന്തോഷം വർധിക്കുന്നു, കൂടുതൽ കാലം സന്തോഷത്തോടെ ജീവിക്കുന്നു. കൂടുതൽ സന്തോഷമുള്ള രാജ്യങ്ങൾ നന്മചെയ്യുന്നത് ആ രാജ്യങ്ങൾക്ക് മാത്രമല്ല, ലോകത്തിനു കൂടിയാണ്. കാരണം അവർ പരിസ്ഥിതി സംരക്ഷിക്കുന്നു. ആയുധങ്ങൾ വാങ്ങി ശേഖരിക്കുന്നില്ല. സമാധാനത്തിന്റെ പാതയിൽ സഞ്ചരിക്കുന്നു. എന്നാൽ മിക്കവാറും ഇതിന്റെയെല്ലാം വിപരീത ദിശയിലാണ് ഇന്ത്യ സഞ്ചരിക്കുന്നത്. ലോകത്തെ ഭൂരിപക്ഷം രാജ്യങ്ങളും 35% വരെ കോർപറേറ്റ് ടാക്സ് ഈടാക്കുമ്പോൾ ബിജെപി സർക്കാർ രാജ്യത്ത് വര്‍ഷങ്ങളായി നിലവിൽ ഉണ്ടായിരുന്ന 30% കോർപറേറ്റ് നികുതി 22% ആയി വെട്ടിക്കുറച്ചത് ഒരുദാഹരണം മാത്രം. ഈ രാജ്യം ഇന്നത്തെ നയങ്ങളും പരിപാടികളും ആസൂത്രണവുമാണ് പിന്തുടരുന്നതെങ്കിൽ ഇനി 25 വർഷം കഴിഞ്ഞാലും ലോകത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഇന്ത്യ, ലോകത്തെ സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ 50ന് അടുത്തെങ്കിലും എത്തിച്ചേരാനുള്ള ഒരു സാധ്യതയും മുന്നിൽ കാണുന്നില്ല. ഇത്തരം മൗലികമായ വിഷയങ്ങള്‍ കേരളത്തില്‍ പോലും ചര്‍ച്ചയാകുന്നില്ല എന്നതാണ് ദുഃഖകരമായ വസ്തുത.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.