
പകരച്ചുങ്കത്തിന് പിന്നാലെ ഇന്ത്യൻ പ്രൊഫഷണലുകളെ ഗുരുതരമായി ബാധിക്കുന്ന മറ്റൊരു പ്രഖ്യാപനമാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ വിസാ നയം. എച്ച്1 ബി വിസയുടെ ഫീസ് 1,00,000 ഡോളറായി (88 ലക്ഷം രൂപ) വർധിപ്പിക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു. യുഎസിലെ ഇന്ത്യൻ തൊഴിലാളികളെ പ്രത്യേകിച്ച് ഐടി രംഗത്ത് ജോലി ചെയ്യുന്നവരെ ഗുരുതരമായി ബാധിക്കുന്ന തീരുമാനമാണിത്. എച്ച്1 ബി വിസയിൽ ജോലി ചെയ്യുന്ന മലയാളികളെയുള്‍പ്പെടെ ഇത് ബാധിക്കും. അമേരിക്കയില്‍ 3.2 ദശലക്ഷം ഇന്ത്യക്കാരുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. അന്നാട്ടിലെ മൊത്തം കുടിയേറ്റക്കാരുടെ ആറ് ശതമാനമാണിത്. 11 ദശലക്ഷം പേരുള്ള മെക്സിക്കോ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കുടിയേറ്റം ഇന്ത്യയില്‍ നിന്നാണ്. എച്ച്1 ബി വിസക്കാരില്‍ 71% ഇന്ത്യയില്‍ നിന്നുള്ളവരാണ്. ഐടി മേഖലയിൽ എച്ച്1 ബി വിസയുമായി എത്തുന്നവരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായിട്ടുണ്ടെന്നും 20 വര്‍ഷം കൊണ്ട് ഇത് ഇരട്ടിയായെന്നുമാണ് യുഎസ് സിറ്റിസൺഷിപ്പ് ആന്റ് ഇമിഗ്രേഷൻ സർവീസ് വിശദീകരിക്കുന്നത്. യുഎസിലെ കമ്പ്യൂട്ടർ സയൻസ് ബിരുദധാരികൾക്കിടയിൽ തൊഴിലില്ലായ്മ വർധിക്കുന്നതും 6.1 ശതമാനമായി തൊഴിലില്ലായ്മ ഉയർന്നതും നിയന്ത്രണത്തിലേക്ക് നയിച്ചെന്നും വിശദീകരണമുണ്ട്. എച്ച്1 ബി പദ്ധതി, അമേരിക്കൻ പൗരന്മാരുടെ തൊഴിൽ നഷ്ടപ്പെടുത്താൻ ബോധപൂർവം ദുരുപയോഗം ചെയ്യപ്പെട്ടുവെന്ന് ട്രംപ് ആരോപിക്കുന്നു. അതുകൊണ്ടുതന്നെ കുടിയേറ്റ നയങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടിയെന്നുറപ്പ്.
അമേരിക്കക്കാർ ചെയ്യാത്ത മേഖലകളിലേക്ക് ഉയർന്ന വൈദഗ്ധ്യമുള്ള താൽക്കാലിക തൊഴിലാളികളെ പ്രവേശിപ്പിക്കാനാണ് എച്ച്1 ബി വിസ സമ്പ്രദായം ഏർപ്പെടുത്തിയത്. എന്നാല്‍ സ്വദേശി ജീവനക്കാരെ പിരിച്ചുവിടുമ്പോഴും പല കമ്പനികളും എച്ച്1 ബി വിസക്കാരെ നിയമിക്കുന്നുവെന്നാണ് വൈറ്റ് ഹൗസ് കണക്ക് നിരത്തുന്നത്. ആമസോണാണ് എറ്റവും കൂടുതൽ എച്ച്1 ബി വിസക്കാർക്ക് ജോലി നൽകുന്നത്. ഗൂഗിളും, മൈക്രോസോഫ്റ്റും തൊട്ടുപിന്നിലുണ്ട്. സ്പോൺസർ ചെയ്യുന്ന കമ്പനികളാണ് എച്ച്1 ബി വിസയുടെ പണം നൽകുന്നത്. ഫീസ് ഇത്രയധികം വർധിച്ച സാഹചര്യത്തിൽ കമ്പനികൾ ഇന്ത്യക്കാരടക്കമുള്ള വിദേശികളെ റിക്രൂട്ട് ചെയ്യുന്നത് കുത്തനെ കുറയ്ക്കും. ചെറുകിട — ഇടത്തരം കമ്പനികളെയാണ് തീരുമാനം കൂടുതൽ ബാധിക്കുക. ഇതില്‍ ഇന്ത്യന്‍ കമ്പനികളുമുള്‍പ്പെടും. അമേരിക്കക്കാരെത്തന്നെ നിയമിക്കാനായാൽ അതാകും അ വര്‍ക്ക് ലാഭം. തൊഴില്‍തേടി അമേരിക്കയിലേക്ക് പോകാന്‍ കാത്തിരിക്കുന്ന ഇ ന്ത്യന്‍ പ്രൊഫഷണലുകളുടെ സ്വപ്നങ്ങളാണ് കെട്ടുപോവുക. ഫീസ് വർധനയിലൂടെ 100 ദശലക്ഷം ഡോളറിന്റെ അധിക വരുമാനം ലഭിക്കുമെന്നാണ് ട്രംപ് ഭരണകൂടം വിലയിരുത്തുന്നത്. യുഎസ് പൗരന്മാരുടെ തൊഴിൽ സംരക്ഷിക്കുന്നതിനും ട്രഷറി വരുമാനം കൂട്ടുന്നതിനും വേണ്ടിയാണ് ഫീസ് വർധനവെന്ന ന്യായവുമുയര്‍ത്തുന്നു. എന്നാല്‍ പുതിയ നയം അമേരിക്കയ്ക്ക് തന്നെ തിരിച്ചടിയാണെന്ന വിലയിരുത്തലുമുണ്ട്. അതിന്റെ സൂചനകള്‍ ട്രംപിന്റെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ പുറത്തുവന്നിട്ടുണ്ട്.
അമേരിക്കയിലേക്ക് പഠിക്കാൻ പോകുന്ന വിദേശ കുട്ടികളുടെ എണ്ണം ഗണ്യമായി കുറയും എന്നതാണ് പ്രധാന തിരിച്ചടി. പഠനം കഴിഞ്ഞാൽ ഒരു വർഷം ജോലി ചെയ്യാമെന്നല്ലാതെ തുടർച്ചയായി ജോലി ചെയ്യാനുള്ള അവസരമില്ലെങ്കിൽ എന്തിന് ഇത്രയും പണം മുടക്കി അമേരിക്കയിൽ പോകണം എന്ന ചോദ്യം സ്വാഭാവികമാണ്. സർവകലാശാലകൾ അടക്കമുള്ള അമേരിക്കൻ സ്ഥാപനങ്ങൾക്ക് ഇത് ദോഷം ചെയ്യും. എച്ച്1ബി വിസകൾക്ക് മേലുള്ള നിയന്ത്രണം മറികടക്കാൻ വിദേശ രാജ്യങ്ങളിൽ ഓഫിസ് തുറക്കാൻ കമ്പനികൾ തീരുമാനിച്ചാൽ അതും അമേരിക്കയ്ക്ക് തിരിച്ചടിയാകും. കമ്പനികൾ നിയർഷോറിങിനെ (അയൽ രാജ്യങ്ങളിൽ കമ്പനികൾ തുടങ്ങി അവിടെ നിയമിക്കുന്ന രീതി) ആശ്രയിക്കുമെന്ന സൂചനയുണ്ട്. പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് അമേരിക്കൻ ജോലി അപ്രാപ്യമായാൽ ഇന്ത്യൻ തൊഴിൽ മേഖലയിൽ മത്സരം കൂടും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കുതിച്ചുയരുന്ന തൊഴിലില്ലായ്മയ്ക്കിടയിലാണ് പുതിയ പ്രതിസന്ധി ഉടലെടുക്കുക. രാജ്യത്തിനുള്ളില്‍ ആവശ്യത്തിന് അവസരങ്ങളുണ്ടാക്കാൻ പറ്റുമോ എന്നതാണ് ഭരണകൂടത്തിന് മുന്നിലുള്ള ചോദ്യം. അമേരിക്ക അവരുടെ തൊഴിലില്ലായ്മയ്ക്ക് പരിഹാരമുണ്ടാക്കാന്‍ കൊണ്ടുവന്ന നിയന്ത്രണം നമ്മുടെ രാജ്യത്ത് തൊഴില്‍ സാധ്യത കൂട്ടാനുള്ള അവസരമാക്കണമെങ്കില്‍ അധികാരികള്‍ക്ക് ഇച്ഛാശക്തിയുണ്ടാകണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.