14 December 2025, Sunday

Related news

December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 12, 2025
December 12, 2025
December 12, 2025
December 11, 2025
December 9, 2025

ഉറപ്പാണ്, നിലമ്പൂര്‍ എല്‍ഡിഎഫിനൊപ്പം

Janayugom Webdesk
June 13, 2025 4:54 am

കേരളം ഉറ്റുനോക്കുന്ന ഉപതെരഞ്ഞെടുപ്പിനാണ് നിലമ്പൂരില്‍ കളമൊരുങ്ങിയിരിക്കുന്നത്. “നാടിന്റെ വികസനപാത തെളിക്കുന്ന എൽഡിഎഫും വികസനം എന്ന വാക്കിനെ വെറുക്കുന്ന, അവസരവാദം ശീലമാക്കിയ യുഡിഎഫും തമ്മിലുള്ള മത്സരത്തിൽ വോട്ടർമാർ വികസനത്തിനൊപ്പം അണിനിരക്കുമെന്നതിൽ ഒരു സംശയവും വേണ്ട.” സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ വാക്കുകളാണിത്. പ്രചരണത്തിന്റെ ഭാഗമായി കുടുംബയോഗങ്ങളിലും ഗൃഹസദസുകളിലും പങ്കെടുക്കുന്നതിനിടെ ജനയുഗം റീജിയണൽ എഡിറ്റർ ജി ബാബുരാജുമായി നടത്തിയ അഭിമുഖം.

എന്താണ് ഇടതുപക്ഷത്തിന്റെ പ്രധാന പ്രചാരണ വിഷയം?
ഒരു സംശയവും വേണ്ട, വികസന രാഷ്ട്രീയം തന്നെ. സമാനതകളില്ലാത്ത വികസനമല്ലേ നമ്മുടെ നാട്ടിൽ കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ നടന്നത്. നിലമ്പൂരിലുള്ളവരും അതെല്ലാം കണ്ടുകൊണ്ടിരിക്കുകയല്ലേ. ആരോഗ്യ, വിദ്യാഭ്യാസരംഗം മുതൽ ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തുന്നതിലും ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നതിലുമെല്ലാം ജനങ്ങൾക്ക് തൃപ്തികരമായ സമീപനമാണ് സർക്കാർ സ്വീകരിച്ചുവരുന്നത്. എന്നാൽ അപ്പുറത്തു നിൽക്കുന്നവർക്കാവട്ടെ വികസനം എന്നത് വെറുക്കപ്പെട്ട വാക്കാണ്. ഒളിഞ്ഞും തെളിഞ്ഞും അവരസരവാദ രാഷ്ട്രീയം കളിക്കുകയാണവർ. ജനം അതും കണ്ടുകൊണ്ടിരിക്കുകയാണ്.
നിലമ്പൂരിൽ എൽഡിഎഫ് വിജയം ഉറപ്പാണെന്നല്ലേ ഇപ്പറഞ്ഞതിനർത്ഥം?
തീർച്ചയായും. പല രാഷ്ട്രീയ നിരീക്ഷകരും കണക്കുകൂട്ടുന്നതിനപ്പുറമുള്ള ഭൂരിപക്ഷത്തിൽ എം സ്വരാജ് ഇവിടെ ജയിക്കും. മണ്ഡലത്തിൽ മത്സരിക്കുന്നവരിൽ ഏറ്റവും യോഗ്യൻ സ്വരാജാണെന്ന് വോട്ടർമാർ വിലയിരുത്തിക്കഴിഞ്ഞു. ഉന്നതമായ രാഷ്ട്രീയ, സാംസ്കാരിക മൂല്യങ്ങൾ മുറുകെ പിടിക്കുന്നതിനൊപ്പം എല്ലാത്തരം വർഗീയതയേയും എതിർക്കുന്ന സമീപനം സ്വീകരിച്ചുവരുന്നയാളുമാണ് സ്വരാജ്. സാങ്കേതിക ശാസ്ത്രത്തിന്റെ നവീന സാധ്യതകൾ മനസിൽ കൊണ്ടുനടക്കുന്ന യുവതലമുറയ്ക്കും പ്രിയപ്പെട്ടവനാണ് . രാഷ്ട്രീയത്തോട് പൊതുവെ നിസംഗത പുലർത്തുന്നവരാണ് ന്യൂ ജനറേഷനെന്ന് പറയാറുണ്ടെങ്കിലും ഇവിടെ അതല്ല സ്ഥിതി. സ്വരാജും എൽഡിഎഫും ഉയർത്തുന്ന നവീനാശയങ്ങൾക്കൊപ്പമായിരിക്കും പുതുതലമുറ. അങ്ങനെ പല ഘടകങ്ങളുമുണ്ട് വിജയപ്രതീക്ഷയ്ക്കു പിന്നിൽ.
ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ ഘടകമായ വെൽഫെയർ പാർട്ടി യുഡിഎഫിന് പരസ്യപിന്തുണ നൽകി കഴിഞ്ഞു. ഇത് വർഗീയ കൂട്ടുകെട്ടാണെന്ന് എൽഡിഎഫ് ആരോപിക്കുമ്പോൾ പ്രതിപക്ഷ നേതാവ് ബദൽ ആരോപണമാണ് ഉയർത്തുന്നത്. പിഡിപി ഇടതുമുന്നണിയെ പിന്തുണയ്ക്കുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം?
രണ്ടും രണ്ടായി കാണണം. ആർഎസ്എസിന്റെ ഇസ്ലാം പതിപ്പാണ് ജമാഅത്തെ ഇസ്ലാമി. രണ്ടുകൂട്ടരും ഉയർത്തുന്നത് മതരാഷ്ട്രവാദമാണ്. ഇരുകൂട്ടരുടെയും അടിത്തറ അന്ധമായ കമ്യൂണിസ്റ്റ് വിരോധവും. അതിനെ എങ്ങനെ പിഡിപിയുമായി കൂട്ടിക്കെട്ടും. പഴയ പിഡിപിയല്ലല്ലോ ഇപ്പോൾ ഉള്ളത്. തീവ്രവാദ മുദ്രാവാക്യങ്ങളോ പ്രവർത്തനശൈലിയോ ഒന്നും അവർക്കിപ്പോഴില്ല. സകല മനുഷ്യർക്കും അറിയാവുന്ന കാര്യമല്ലേ അത്. അവർ സ്വയം തീരുമാനിച്ച് എൽഡിഎഫിന് വോട്ടു ചെയ്യുമെന്ന് പറഞ്ഞാൽ എന്തിന് എതിർക്കണം. ജമാഅത്തെ ഇസ്ലാമിയുടെ കൂട്ടുകെട്ടിൽ അകപ്പെട്ടതിന്റെ ജാള്യത മറയ്ക്കാൻ യുഡിഎഫുകാർ ഉന്നയിക്കുന്ന വെറും ആരോപണമായി അതിനെ കണ്ടാൽ മതി.
ഉപതെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകുമോ?
ഈ ചോദ്യത്തെ എൽഡിഎഫ് ഭയക്കുന്നില്ല. കാരണം ഒമ്പത് വർഷത്തെ മഹത്തായ ഭരണനേട്ടങ്ങളാണ് ജനങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നത്. ജനം എല്ലാം വിലയിരുത്തും. വോട്ട് ഞങ്ങൾക്ക് തന്നെ ചെയ്യുമെന്ന കാര്യത്തിൽ എന്താണ് സംശയം.
പി വി അൻവർ ഇവിടെയൊരു ഘടകമാണോ?
അൻവർ കെട്ടുപോയ ചൂട്ടുകെട്ടാണ്. മാധ്യമങ്ങൾ എത്രയൊക്കെ ഊതിയാലും അതിനി കത്താൻ പോകുന്നില്ല. അൻവർ രാഷ്ട്രീയമായി വട്ടപൂജ്യമായി മാറിക്കഴിഞ്ഞു. അതാതു കാലത്തെ കമ്പോള നിലവാരം നോക്കിയുള്ള അവസരവാദ നിലപാടുകളാണ് അൻവർ സ്വീകരിച്ചുവരുന്നത്. അതിലൊന്നും ഞങ്ങൾക്ക് ഒരു ഭയവുമില്ല. അൻവർ ഇവിടെ ഒരു ഘടകമേയല്ല.
എല്ലാ കാലത്തും പറഞ്ഞുകേൾക്കുന്നതാണല്ലോ ബിജെപി- കോൺഗ്രസ് വോട്ടുകച്ചവടം. പോരാത്തതിന്, ഇവിടെ മനസില്ലാമനസ്സോടെയാണ് ബിജെപി ഒരു സ്ഥാനാർത്ഥിയെ നിർത്തിയതു തന്നെ. എന്താണ് അതെക്കുറിച്ചുള്ള അഭിപ്രായം?
മഹാത്മാഗാന്ധിയുടെ പാർട്ടി മുമ്പൊക്കെ ഗോഡ്സെയുടെ പാർട്ടിക്ക് വോട്ട് മാത്രമാണ് കൊടുത്തിരുന്നത്. ഇപ്പോൾ സ്ഥാനാർത്ഥിയെയും കൊടുക്കുന്ന സ്ഥിതിയായി. നോമിനേഷന്റെ തലേന്നുവരെ യുഡിഎഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ് നേതാവായിരുന്ന ആളല്ലേ ഇവിടെ ബിജെപിയുടെ സ്ഥാനാർത്ഥി. മത്സരത്തിന് ഇല്ലെന്ന് പറഞ്ഞ് മാറിനിന്നവരല്ലേ ബിജെപി. പിന്നെ എങ്ങനെ രംഗത്തുവന്നു. അതും ചിന്തിക്കണം. ബിജെപിക്ക് അത്യാവശ്യഘട്ടങ്ങളിൽ സ്ഥാനാർത്ഥികളെ കൊടുക്കുന്ന ഏജൻസിയായി കോൺഗ്രസ് അധഃപതിച്ചു കഴിഞ്ഞു. ഗോഡ്സേയുടെ രാഷ്ട്രീയത്തെ എതിർക്കുന്ന മതേതര, സാംസ്കാരിക മൂല്യങ്ങളിൽ വിശ്വസിക്കുന്ന കോൺഗ്രസുകാരുടെ പോലും പിന്തുണ എൽഡിഎഫിന് കിട്ടും. സ്വരാജ് എൽഡിഎഫിന്റെ മാത്രം സ്ഥാനാർത്ഥിയല്ല. നമ്മുടെ ഭരണഘടനയും മതേതര മൂല്യങ്ങളും ജനാധിപത്യവും നിലനിൽക്കണമെന്നാഗ്രഹിക്കുന്ന എല്ലാവരുടെയും സ്ഥാനാർത്ഥിയാണ് സ്വരാജ്.
മോഡി സർക്കാരിന്റെ ന്യൂനപക്ഷ, ജനാധിപത്യ വിരുദ്ധ നിലപാടുകൾ ഈ തെരഞ്ഞെടുപ്പിൽ ചർച്ചയാകുമോ?
ആയിക്കൂടെന്നില്ല. കാരണം, മോഡി സർക്കാരിന്റെ അത്തരം നയങ്ങൾക്കെല്ലാം പിന്തുണ നൽകുന്നവരാണ് കോൺഗ്രസുകാർ. സിഎഎ, എൻആർസി തുടങ്ങിയവ നടപ്പാക്കുന്ന ഘട്ടത്തിൽ തുറന്നെതിർത്തത് എണ്ണത്തിൽ കുറവാണെങ്കിലും ഇടത് എംപിമാർ മാത്രമായിരുന്നു. കേരളത്തിൽ നിന്നുള്ള ഒരാളടക്കം കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിലെ രണ്ടുപേർ മോഡിക്ക് നിത്യവും സ്തുതി പാടിക്കൊണ്ടിരിക്കുന്നവരാണ്. വോട്ടർമാർ എല്ലാം കണ്ടുകൊണ്ടിരിക്കുകയല്ലേ.

Kerala State - Students Savings Scheme

TOP NEWS

December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.