19 December 2025, Friday

മരിച്ചവർ നിശബ്ദരാണ്

Janayugom Webdesk
May 18, 2025 5:00 am

സർക്കാർ അടുത്തിടെ പുറത്തിറക്കിയ പുതിയ കോവിഡ് മരണ കണക്കുകള്‍, മഹാമാരി കാലത്ത് ഭയപ്പെട്ടിരുന്ന കാര്യങ്ങൾ സ്ഥിരീകരിക്കുകയും സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ‌കെടുകാര്യസ്ഥത വെളിപ്പെടുത്തുകയും ചെയ്യുന്നു. മേയ് ഏഴിന് പ്രസിദ്ധീകരിച്ച സിവിൽ രജിസ്ട്രേഷൻ സിസ്റ്റം (സിആര്‍എസ്) നിന്നുള്ള പുതിയ ഡാറ്റ കാണിക്കുന്നത്, 2020നെ അപേക്ഷിച്ച്, കോവിഡ് വകഭേദമായ ഡെൽറ്റ തരംഗമുണ്ടായ 2021ൽ ഏകദേശം 21 ലക്ഷം മരണങ്ങൾ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ്. ഈ സംഖ്യ ഔദ്യോഗിക കോവിഡ് ‌മരണക്കണക്കിന്റെ ആറിരട്ടിയാണ്. 2021ൽ സർക്കാർ നൽകിയ ഡാറ്റ 3.32 ലക്ഷം മരണമായിരുന്നു. മോഡി സർക്കാർ എങ്ങനെയാണ് കുറ്റകരമായ അനാസ്ഥ കാണിച്ചതെന്ന് പുതിയ വെളിപ്പെടുത്തൽ കാണിക്കുന്നു. “മനുഷ്യരാശിയെ രക്ഷിക്കുമെന്ന്” വീമ്പിളക്കിയെങ്കിലും മോഡി സർക്കാര്‍ കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ ദയനീയ പരാജയമായിരുന്നുവെന്ന് വീണ്ടുംവീണ്ടും വ്യക്തമാവുകയാണ്. വിവിധ തലത്തിലുള്ള ഡാറ്റകള്‍ കൈമാറുന്നതില്‍ മോഡി സർക്കാരിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ചുള്ള സംശയം പുതിയ വെളിപ്പെടുത്തലിലൂടെ കൂടുതല്‍ സജീവമായി. ഹിന്ദുത്വ ഭരണകൂടം സ്ഥാപിക്കുക എന്ന തങ്ങളുടെ അജണ്ടയ്ക്ക് സൗകര്യമൊരുക്കാന്‍ ചില മേഖലകളിലെ ഡാറ്റകള്‍ സര്‍ക്കാര്‍ മറച്ചുവച്ചു എന്നത് വ്യക്തമാണ്. ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന ആരോപണങ്ങളും അവർ നേരിടുന്നുണ്ട്. രാജ്യത്തെ ജിഡിപിയുടെ കാര്യം തന്നെയാണ് ഉദാഹരണം. മോശം വാർത്തകൾ മറച്ചുവയ്ക്കുകയും പ്രതിച്ഛായ ഉയർത്തിക്കാട്ടുന്നതിനുള്ള വാർത്തകള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ മുൻഗാമികളെക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചുവെന്ന് സ്ഥാപിക്കാൻ മോഡി സർക്കാർ പ്രയോഗിക്കുന്ന മറ്റാെരു മാർഗമുണ്ട്. സാധാരണക്കാര്‍ മാത്രമല്ല, പെരുപ്പിച്ച മാധ്യമ വിവരണങ്ങള്‍കൊണ്ട് വിദഗ്ധരെപ്പോലും ആകർഷിക്കുന്ന സമർത്ഥമായ തന്ത്രമാണിത്. 

മരിച്ചവർക്ക് പ്രത്യേക നേട്ടം ഉദ്ഘോഷിക്കുന്നതിന് ശബ്ദമില്ലല്ലോ. 2025 മേയ് വരെ രാജ്യത്തെ ഔദ്യോഗിക കോവിഡ് മരണസംഖ്യ ഏകദേശം 5,33,665 ആണ്. ഈ കണക്ക് യഥാർത്ഥ മരണങ്ങളെക്കാള്‍ വളരെക്കുറവാണ്. അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ട് ഓൺ മെഡിക്കൽ സർട്ടിഫിക്കേഷൻ ഓഫ് കോസ് ഓഫ് ഡെത്ത്, 2021 അനുസരിച്ച് ആകെ മരണങ്ങൾ മഹാമാരിക്ക് മുമ്പുള്ള അവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോൾ 21 ലക്ഷത്തിലധികം വർധിച്ചുവെന്ന് സൂചിപ്പിക്കുന്നു. അവയിൽ അഞ്ച് ലക്ഷം മാത്രമേ ഔദ്യോഗികമായി കോവിഡ് മരണമായി അംഗീകരിച്ചിട്ടുള്ളൂ. 2021ൽ രേഖപ്പെടുത്തിയ മൊത്തം അധിക മരണങ്ങളുടെ 5.2 ശതമാനം മാത്രമാണ് ഔദ്യോഗിക കോവിഡ് മരണസംഖ്യ. സംസ്ഥാനങ്ങളിലെ പൊരുത്തക്കേടും ഔദ്യോഗിക കണക്കുകളെക്കാൾ വളരെക്കൂടുതലാണെന്നാണ് ഇപ്പോഴത്തെ വെളിപ്പെടുത്തല്‍. ചില സംസ്ഥാനങ്ങൾ, പ്രത്യേകിച്ച് വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ, ഗണ്യമായ കുറവാണ് കോവിഡ് മരണത്തില്‍ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 

ഒരു സാധാരണ (പകർച്ചവ്യാധി രഹിത) വർഷത്തിൽ രാജ്യത്തെ മരണങ്ങളുടെ എണ്ണം പ്രതിവർഷം ഏകദേശം 1–2 ശതമാനം മാത്രമേ വർധിക്കാറുള്ളൂ. ഈ ചെറിയ വർധനവിന് കാരണം ക്രമാനുഗതമായ ജനസംഖ്യാ വളർച്ചയും വാർധക്യം പോലുള്ള ജനസംഖ്യാ വ്യതിയാനങ്ങളുമാണ്. ആരോഗ്യ സംരക്ഷണത്തിലെ പുരോഗതിയും മരണനിരക്കിലെ കുറവും ഇത് നികത്തുന്നു. 2021ൽ രജിസ്റ്റർ ചെയ്ത മരണങ്ങളിലെ 26 ശതമാനം കുതിച്ചുചാട്ടം അസാധാരണമാണ്. പകര്‍ച്ചവ്യാധികളോ ദുരന്തങ്ങളോ പോലുള്ള അസാധാരണ സംഭവങ്ങളെ ഇത് ഓര്‍മ്മിപ്പിക്കുന്നു. 2007നും 19നും ഇടയിൽ, ഇന്ത്യയിലെ ശരാശരി വാർഷിക മരണങ്ങൾ 8.1 ദശലക്ഷത്തിൽ നിന്ന് 8.6 ദശലക്ഷമായി. പ്രതിവർഷം ശരാശരി 83.5 ലക്ഷം മരണങ്ങൾ. 2022ൽ പുറത്തിറക്കിയ ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് 2020ലും 21ലും ഇന്ത്യയിൽ അധികമരണങ്ങളുടെ എണ്ണം ഏകദേശം 47 ലക്ഷമാണെന്ന് പറയുന്നു. ആ രണ്ട് വർഷങ്ങളിലെ ഔദ്യോഗിക കണക്കായ 4.8 ലക്ഷത്തിന്റെ ഏകദേശം 10 മടങ്ങ്. വലിയ സംസ്ഥാനങ്ങളായ മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തർപ്രദേശ് തുടങ്ങിയവയില്‍ മരണസംഖ്യ വളരെ കുറവായിരുന്നു. അവിടങ്ങളില്‍ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് മരണങ്ങളുടെ എണ്ണം മഹാമാരി മൂലമുണ്ടായ യഥാർത്ഥ ജീവഹാനിയുടെ ചെറിയഭാഗം മാത്രമാണ്. ഉദാഹരണത്തിന്, മധ്യപ്രദേശിൽ 2020നെ അപേക്ഷിച്ച് 21 ൽ 1,78,000 മരണങ്ങളുടെ വർധനവുണ്ടായി. എന്നാൽ ഔദ്യോഗികമായി കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചത് 10,788 മാത്രമാണ്, അതായത് ഔദ്യോഗിക മരണസംഖ്യ മൊത്തം അധികമരണങ്ങളുടെ ഏകദേശം 65 മടങ്ങ് കുറവ്. ഉത്തർപ്രദേശിൽ 2021ൽ 4,78,682 അധികമരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ ഔദ്യോഗികമായി കോവിഡ് മരണങ്ങൾ 23,743 മാത്രമാണ്. എത്ര മരണങ്ങൾ തരംതിരിക്കാതെ പോയി, അല്ലെങ്കിൽ മറ്റ് കാരണങ്ങളാലെന്ന് രേഖപ്പെടുത്തി എന്ന് ഇത് കാണിക്കുന്നു. 

ഈ പൊരുത്തക്കേടുകൾ ഒറ്റപ്പെട്ടതല്ല. അവ കൃത്യമായി റിപ്പോർട്ട് ചെയ്യാത്തതിന്റെയും ദുര്‍ബലമായ ഡോക്യുമെന്റേഷന്റെയും ഗുരുതരാവസ്ഥ പ്രതിഫലിപ്പിക്കുന്നു. പ്രത്യേകിച്ച് 2021ലെ കോവിഡ് രണ്ടാംതരംഗത്തിൽ, ഇന്ത്യയുടെ പല ഭാഗങ്ങളും അഭിമുഖീകരിച്ച യാഥാർത്ഥ്യം. തികച്ചും ഭയാനകമായ ഈ സാഹചര്യത്തിലും കേരളം അതിന്റെ റിപ്പോർട്ടിങ്ങിൽ ഏറക്കൂറെ കൃത്യത കാണിച്ചു. 2021ൽ സംസ്ഥാനത്ത് മരണങ്ങളിൽ ഗണ്യമായ വർധനവുണ്ടായി. 3,39,648 മരണങ്ങൾ രജിസ്റ്റർ ചെയ്തു, 2020നെ അപേക്ഷിച്ച് 35.3 ശതമാനം വർധനവാണിത്. കോവിഡ് മൂലമുണ്ടായ ആകെ മരണങ്ങളുടെ എണ്ണം 72,139 ആയി. ഇതിനർത്ഥം കോവിഡ് മരണങ്ങൾ, മൊത്തം അധിക മരണങ്ങളിൽ ഗണ്യമായ പങ്കും, 2021ലെ മരണങ്ങളുടെ 21.2 ശതമാനവും ആയിരുന്നു എന്നാണ്. മരണ സർട്ടിഫിക്കറ്റിലും ആരോഗ്യ റിപ്പോർട്ടിങ്ങിലും കേരളത്തിന്റെ സുതാര്യതയാണ് പ്രകടമായത്. പ്രതിസന്ധി കൈകാര്യം ചെയ്ത രീതിയും മഹാമാരി മരണത്തിന്റെ മുഴുവന്‍ എണ്ണം ഔദ്യോഗിക രേഖകളിൽ ചേര്‍ത്തു എന്നതും ചില ഉദാഹരണങ്ങള്‍ മാത്രമാണ്.

Kerala State - Students Savings Scheme

TOP NEWS

December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.