2025 ഡിസംബർ 25, ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി കർമ്മപഥത്തിൽ മഹത്തായ നൂറു വർഷങ്ങൾ പൂർത്തിയാക്കുന്നു. വിപ്ലവകരമായ ഗതകാലത്തിലും ചടുലമായ വർത്തമാനത്തിലും മാനവരാശിയുടെ സമ്പൂർണ മോചനം കാണുന്ന ഭാവിയിലും സദാജ്വലിക്കുന്ന തുടർ പ്രക്രിയയുടെ ഭാഗമാണത്. നീണ്ടുനിന്ന ജനകീയ സമരങ്ങളിലൂടെ, അധികാരത്തോടെയും അധികാരമില്ലാതെയും എക്കാലവും ജനങ്ങൾക്കൊപ്പം മുന്നേറുകയാണ് പാർട്ടി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വിവിധ ഘട്ടങ്ങളിലെ ചരിത്രം ചൂഷണ ശക്തികൾക്കെതിരെയുള്ള പോരാട്ടവും ശാസ്ത്രീയ തത്വങ്ങളിൽ അധിഷ്ഠിതമായി പുതിയ സമൂഹം കെട്ടിപ്പടുക്കുന്നതിനായുള്ള പരിശ്രമങ്ങളും ഇഴചേർന്നിരിക്കുന്നു. കൊളോണിയലിസത്തിന്റെ കാലത്തും പിന്നീടും സാമ്രാജ്യത്വത്തിനും ഫാസിസത്തിനുമെതിരെ രക്തവും മാംസവും നൽകി പോരാട്ടം ശക്തമാക്കി. വെടിയുണ്ടകളുടെ തീജ്വാലയിൽ കനലായി ഉയർന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ എഴുപതുകളുടെ ആരംഭത്തിൽ, കൊൽക്കത്തയിൽ നിന്നുള്ള ഒരു സംഘം (അവർ ആരെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല) ലണ്ടനിലെ ഇന്റർനാഷണൽ വർക്കിങ് മെൻസ് അസോസിയേഷന്റെ ജനറൽ കൗൺസിലിന് ഒരു കുറിപ്പ് എഴുതി “ജനങ്ങൾക്കിടയിൽ വലിയ അസംതൃപ്തി നിലനിൽക്കുന്നു. നികുതി അമിതമാണ്. ചെലവേറിയതാണ് ഔദ്യോഗിക വ്യവസ്ഥിതി. ഇതിന്റെ നിലനിൽപ്പിനായി വരുമാനം പൂർണമായും ചെലവഴിക്കേണ്ടിവരുന്നു. അധ്വാനിച്ച് സമ്പത്ത് സൃഷ്ടിക്കുന്ന തൊഴിലാളികൾ ദയനീയമായ അവസ്ഥയിലാണ് ജീവിക്കുന്നത്.” ഇക്കാര്യത്തിൽ സഹായിക്കാൻ രാജ്യത്തു സംഘടനയുടെ ഒരു വിഭാഗം ആരംഭിക്കാൻ ഇന്റർനാഷണലിനോട് കത്തിൽ അഭ്യർത്ഥിച്ചു.
രണ്ടാഴ്ചയ്ക്കുശേഷം, ജനറൽ കൗൺസിൽ ഓഫ് ദി ഇന്റർനാഷണൽ കാൾ മാർക്സിന്റെ അധ്യക്ഷതയിൽ ഒരു യോഗം നടത്തി. കൊൽക്കത്തയിൽ ഒരു ഘടകം തുറക്കുന്നതിനുള്ള ആശയം അംഗീകരിച്ചു. ” ഇന്ത്യയിലെ തൊഴിലാളിവർഗത്തിന്റെ അഭിലാഷങ്ങൾക്കനുസൃതമായ ഒരു സംഘടനയാണ് ഇന്റനാഷണൽ. അത് വിവിധങ്ങളായ വംശങ്ങളെയും വിഭാഗങ്ങളെയും ഒരു ഏകീകൃത മാനത്തിൽ കൂട്ടിച്ചേർക്കുകയും തൊഴിലാളികളെ ഒന്നിപ്പിക്കാൻ സഹായിക്കുകയും ചെയ്യും”. മഹാനായ മാർക്സ് ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ, വർഗ വിഭജിത സമൂഹത്തിന്റെ സ്ഥാപിത വ്യവസ്ഥയെ ധിക്കരിച്ച്, ഘടകങ്ങൾ രൂപീകരിക്കപ്പെട്ടു. തൊഴിലാളികളുടെ പണിമുടക്കുകളും സമരങ്ങളും ഘടകനിർമ്മിതിക്ക് കാരണമായി. തുണിമില്ലുകളിലും, കൊൽക്കത്തയിലെ ചണമില്ലുകളിലും പണിയെടുക്കുന്നവർ, ദിശ കൈമോശം വന്ന വിപ്ലവകാരികൾ, ഖിലാഫത്ത് പോരാളികൾ, തൊഴിലാളികൾ, കർഷകർ, വിദ്യാർത്ഥികൾ, യുവാക്കൾ എന്നിവരെല്ലാം ഘടകനിർമ്മിതികളിൽ പങ്കാളികളായി. സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്വ ശക്തിക്കെതിരെ ദേശീയ പ്രസ്ഥാനം ഉയർന്നു. എല്ലാ ജനവിഭാഗങ്ങളും ചേർന്ന് ലോകത്തിലെ ഏറ്റവും വലിയ ബഹുജനസമരങ്ങളിലൊന്നായി അത് രൂപാന്തരപ്പെട്ടു. കൊളോണിയൽ ശക്തികൾ ഉയർത്തുന്ന വെല്ലുവിളികൾക്കനുസരിച്ച് ജനകീയ നിലപാടുകൾ അതിന്റേതായ സ്വഭാവം കൈവരിച്ചു. ഭാഗികമായി അവസാനിക്കുന്ന ഒരു ‘സൈനിക കലാപ’ത്തിനല്ല, മറിച്ച് ഒരു ‘ദേശീയ കലാപ’ത്തിനായിരുന്നു അവർ ഒരുങ്ങിയത്.
“ഇന്ത്യയിൽ ഗുരുതരമായ സങ്കീർണതകളാണ് ബ്രിട്ടീഷ് സർക്കാരിനെ കാത്തിരിക്കുന്നത്. ഇംഗ്ലീഷുകാർ വർഷംതോറും ഇന്ത്യയിൽ നിന്ന് അപഹരിക്കുന്നത് ഇന്ത്യയിലെ 60 ദശലക്ഷം കാർഷിക, വ്യാവസായിക തൊഴിലാളികളുടെ മൊത്തം വരുമാനത്തേക്കാൾ കൂടുതലാണ്”. സാമ്രാജ്യത്വത്തിന്റെ അടിസ്ഥാനസ്വഭാവമായ ചൂഷണത്തിന്റെ ഗാഥകൾ വെളിച്ചത്തുവന്നുകൊണ്ടേയിരുന്നു. ചരിത്രധാരയെ അവസരമാക്കി ചരിത്രപരമായ സാഹചര്യങ്ങൾ പാകമായതിന് ശേഷമായിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ രൂപീകരണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഘടകങ്ങൾ പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ, അറസ്റ്റും പീഡനവും വ്യാപകമായി.
1974ൽ ഡോ. ജി അധികാരി സമാഹരിച്ച, പീപ്പിൾസ് പബ്ലിക്കേഷൻ ഹൗസ് പ്രസിദ്ധീകരിച്ച ‘ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്ര രേഖകൾ’ (വാല്യം രണ്ട്, 1923–25), എന്ന ഗ്രന്ഥത്തില്‍ “കമ്മ്യൂണിസ്റ്റുകൾ ഭിന്നിക്കുമ്പോൾ” എന്ന എസ് എ ഡാങ്കെയുടെ പുസ്തകത്തിൽ നിന്ന് ചില വാക്യങ്ങൾ ഉദ്ധരിക്കുന്നു. 1924‑ലെ കാൺപൂർ ഗൂഢാലോചനാ കേസിലുള്ള ശിക്ഷാവിധിയെ തുടർന്ന് ചുറ്റും കൂടിയവരോട് കമ്മ്യൂണിസ്റ്റുകളുടെ ഒരു സമ്മേളനം നടത്താനും രാജ്യത്തിനകത്ത് ശരിയായ രീതിയിൽ രൂപീകരിച്ച പാർട്ടിയും കേന്ദ്രകമ്മിറ്റിയും സ്ഥാപിക്കാനും ഞങ്ങൾ നിർദേശിച്ചു. തുടർന്ന് 1925‑ൽ കോൺഗ്രസിന്റെ കാൺപൂർ സമ്മേളനം നടക്കുന്ന സമയത്ത് മറ്റൊരു സമ്മേളനം കൂടി നടന്നു. ഇരുപതാം നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തിൽ 1925 ഡിസംബർ 26നായിരുന്നു കാൺപൂരിലെ സമ്മേളനം. തടസങ്ങൾക്കിടയിലും പ്രസ്ഥാനം അതിന്റെ വേഗതയോടെ മുന്നേറി. പണിമുടക്കിലൂടെയും സമരങ്ങളിലൂടെയും വീര്യമേറി. ബോംബെയിലെ തുണിമില്ലുകളിലും, കൊൽക്കത്തയിലെ ചണമില്ലുകളിലും തൊഴിലാളികൾ ഭാഗമായി. വഴിമറന്ന വിപ്ലവകാരികൾ, ഖിലാഫത്തിന് ഭാഗമായവർ, കർഷകർ, വിദ്യാർത്ഥികൾ, യുവാക്കൾ എന്നിവർ എല്ലാവരും ശരിയുടെ പാതയിൽ ഒത്തുചേർന്ന് ദേശീയ പ്രസ്ഥാനം കെട്ടിപ്പടുത്തു. കൊളോണിയൽ ശക്തികൾ ഉയർത്തുന്ന വെല്ലുവിളികളും പോരാടുന്ന ജനവിഭാഗങ്ങൾ സ്വീകരിച്ച നിലപാടുകളും ഓരോ ഘട്ടത്തിലും വികാസം സാധ്യമാക്കി. ആവിയും ശാസ്ത്രവും തുണച്ചു. സാമ്രാജ്യത്വ ചൂഷണം വളർന്നു കൊണ്ടിരുന്നു. വികസിത സാമ്പത്തിക വ്യവസ്ഥയിൽ നിന്നുള്ള ബ്രിട്ടീഷ് ഭരണാധികാരികൾക്ക്, നിലവിലുള്ള സമൂഹത്തെയും അതിന്റെ സമ്പദ്‌വ്യവസ്ഥയെയും നശിപ്പിക്കാതെ സാമ്രാജ്യത്വ ലക്ഷ്യം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ല എന്ന് ബോധ്യപ്പെട്ടു.
ദരിദ്രരും പട്ടിണിക്കാരുമായ ജനതയ്ക്ക് പരമാധികാരം, സാംസ്കാരിക പൈതൃകം, ജനാധിപത്യ സാധ്യത, ആധുനികത എന്നിവ നിഷേധിക്കപ്പെട്ടു. അവർ സ്വന്തമെന്ന് വിളിക്കുന്ന എല്ലാം നിരസിച്ചു. പ്രതിരോധം ഉപേക്ഷിക്കാനുള്ള ഉൾക്കരുത്തിനെ ഒന്നിലധികം വഴികളിൽ ജനത വിലയിരുത്തി തുടങ്ങിയിരുന്നു.
ഒരു നാഗരികതയെ മുഴുവൻ തരംതാഴ്ത്തുന്നതിനെതിരെയുള്ള ചെറുത്തുനിൽപ്പും മറ്റൊരു അടിമത്തത്തിലേക്ക് വഴുതിവീഴാതിരിക്കുന്നതിനുള്ള കരുതലും ഉയർന്നു. അതേ വർഷം തന്നെ, സമ്മേളനത്തിൽ പാർട്ടി ഭരണഘടനയോടൊപ്പം പാർട്ടി കർമ്മ പരിപാടിയുടെ അടിസ്ഥാനകാര്യങ്ങൾ അവതരിപ്പിച്ചു. കൊൽക്കത്ത, ബോംബെ, മദ്രാസ്, പഞ്ചാബ് തുടങ്ങി നിരവധി സ്ഥലങ്ങളിൽ നിന്ന് ആദ്യകാലം മുതൽ സജീവമായ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളെ പ്രതിനിധീകരിക്കുന്ന എല്ലാ സഖാക്കളെയും പാർട്ടിക്ക് കൂട്ടിച്ചേർക്കാൻ കഴിഞ്ഞതാണ് സമ്മേളനത്തിന്റെ ഏറ്റവും തിളക്കമാർന്ന കാര്യം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഈ ഗ്രൂപ്പുകളെല്ലാം സ്വതന്ത്രരായിരുന്നു, എന്നാൽ തങ്ങളുടെ ലക്ഷ്യത്തിലും പ്രതിബദ്ധതയിലും അവർ ഒന്നാണെന്ന അർത്ഥത്തിൽ ഐക്യപ്പെട്ടു. അത് ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന തൊഴിലാളിവർഗ ലക്ഷ്യത്തോടുള്ള പ്രതിബദ്ധതയാണ്, കൂടാതെ ദേശസ്നേഹത്തോടെ രാജ്യത്തോടുള്ള കടമയുമാണ്. ഒരു വിപ്ലവ സമരത്തിന്റെ വൈരുദ്ധ്യാത്മക ഐക്യമാണ് ഇത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.