
ഗാർഹിക വരുമാനത്തിലെ തകർച്ചയും സാമ്പത്തിക പ്രതിസന്ധിയും കാരണം ജനതയിൽ 95 ശതമാനത്തിനും എന്തെങ്കിലും മിച്ചം കണ്ടെത്താനോ പണം സമ്പാദിക്കാനോ കഴിയുന്നില്ല എന്ന വസ്തുത ഭയപ്പെടുത്തുന്നതാണ്. ഇതിൽ നിന്നും ഗാർഹിക സമ്പാദ്യത്തിലുണ്ടായിരിക്കുന്ന ഗുരുതരമായ ശൂന്യത വ്യക്തമാകുന്നു. 100 രൂപയിൽ അഞ്ച് എന്നതാണ് നിലവിൽ സമ്പാദ്യ അനുപാതത്തിലെ മികച്ച തോത്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലെ ഏറ്റവും മോശമായ അവസ്ഥയാണിത്. നിശബ്ദവും എന്നാൽ ഗുരുതരവുമായ ഈ വീഴ്ചയിൽ, ഗാർഹിക സമ്പാദ്യ നിരക്ക് 5.1 % ആയി കുറഞ്ഞു. ഇതാകട്ടെ കഴിഞ്ഞ 47 വർഷങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. വായ്പാ നിരക്കുകൾ കുതിച്ചുയരുമ്പോൾ സാധാരണക്കാരന് സമ്പാദ്യം അസാധ്യമാകുന്നു. വരുമാനത്തിന് ആനുപാതികമായി സമ്പാദ്യം ഉണ്ടായിരുന്ന 1970 – 90കളിലെ മുൻ തലമുറകളുമായി താരതമ്യം ചെയ്താൽ ദയനീയമാണ് വർത്തമാനം. കടബാധ്യതകൾ ചിന്തിക്കാൻ പോലും കഴിയാത്ത ഉയരങ്ങളില്‍ എത്തിയിരിക്കുന്നു. വസ്ത്രങ്ങൾ, കാറുകൾ, ആഡംബരം എന്നിവയ്ക്കായി കൂടുതൽ പണം ചെലവഴിക്കപ്പെടുന്നു. വരുമാനത്തെക്കാൾ ഉപഭോഗം വർധിക്കുന്നതാണ് കടം കൂടാൻ കാരണം. മൊത്തം ഗാർഹിക കടം 120 ലക്ഷം കോടിയായി ഉയർന്നിരിക്കുന്നു. ഒരു പതിറ്റാണ്ട് മുമ്പ് ചിന്തിക്കാൻ പോലും കഴിയാത്ത കണക്കാണിത്. മുമ്പ് ദീർഘകാല ആസ്തികൾ വാങ്ങുന്നതിനായിരുന്നു കുടുംബങ്ങൾ വായ്പയെടുത്തിരുന്നത്. എന്നാൽ ഇന്ന്, കാറുകൾ, ഫോണുകൾ, വസ്ത്രങ്ങൾ, പലചരക്ക് സാധനങ്ങൾ, എന്തിന് വിനോദയാത്രകൾക്ക് വരെ വായ്പ ഉപയോഗിക്കുന്നു. വരുമാനത്തെക്കാൾ അധികമാകുന്നു ഉപഭോഗം. അത്തരം വിടവുകൾ വായ്പകൾ കൊണ്ടാണ് നികത്തുന്നത്.
ഒരു പ്രതിസന്ധി മറ്റൊന്നിലേക്ക് നയിക്കുന്നു. ക്രെഡിറ്റ് കാർഡുകളുടെ സമ്മർദം കടുത്തതാണ്. നിലവിൽ ഇത് മൂന്ന് ലക്ഷം കോടിയാണ്. 28% ഉപഭോക്താക്കളും തിരിച്ചടവിൽ വീഴ്ച വരുത്തുന്നു. ശരാശരി ക്രെഡിറ്റ് ബാക്കി 33,000 രൂപയും ദേശീയ ശരാശരി ശമ്പളം 25,000 രൂപയും എന്നതാണ് അവസ്ഥ. ഇതുളവാക്കുന്ന മാനസിക സമ്മർദം വലുതാണ്. രാജ്യത്ത് പെരുകുന്ന ആത്മഹത്യകളിൽ 19% എങ്കിലും സാമ്പത്തിക പ്രശ്നങ്ങൾ കാരണമാണ്. അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് പ്രതിസന്ധിയെ കൂടുതൽ രൂക്ഷമാക്കുന്നു. 2025 ജനുവരി — ഡിസംബർ കാലയളവിൽ യുഎസ് ഡോളറിനെതിരെ 4.3 ശതമാനത്തിന്റെ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ഏഷ്യയിൽ ഏറ്റവും മോശം അവസ്ഥയിലുള്ള കറൻസിയായി ഇന്ത്യൻ രൂപ മാറിയെന്നാണ് ഫോറെക്സ് വിശകലന വിദഗ്ധരുടെ മുന്നറിയിപ്പ്. യുഎസുമായുള്ള വ്യാപാര കരാർ ഉടൻ നടപ്പിലായില്ലെങ്കിൽ രൂപയുടെ മൂല്യം ഡോളറിന് 90 രൂപ എന്ന നിലയില്‍ നിന്നും താഴ്ന്നേക്കാം. വാസ്തവത്തിൽ, ആഭ്യന്തര ഘടകങ്ങളെക്കാൾ, രൂപയുടെ ഗതി ഇപ്പോൾ ആഗോള ഡോളർ കരുത്തിനെ ആശ്രയിച്ചിരിക്കുന്നു. കറന്റ് അക്കൗണ്ട് അനുകൂലമാണെങ്കിലും, മൂലധനം പുറത്തേക്ക് ഒഴുകുന്നതിനാൽ രൂപ മാസങ്ങളായി മൂല്യത്തകർച്ച നേരിടുകയാണ്. ഇന്തോനേഷ്യൻ റുപ്പിയ (2.9%), ഫിലിപ്പൈൻ പെസോ (1.3%) എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ രൂപ ഈ വർഷം നാല് ശതമാനം ഇടിഞ്ഞു. അതേസമയം, ചൈനീസ് യുവാൻ ഉൾപ്പെടെയുള്ള മറ്റ് ഏഷ്യൻ കറൻസികൾ മികച്ച പ്രകടനം കാഴ്ചവച്ചു. നവംബർ 21ന് യുഎസ് ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപ കൂടുതൽ താഴ്ന്ന നിലയിലെത്തി. ആർബിഐ പിടിച്ചുനിർത്തിയിരുന്ന 88.8 നിലവാരം കടന്ന് സ്പോട്ട് മാർക്കറ്റിൽ 89.66 വരെ എത്തി. പിന്നീട് 90 കടന്നു.
കഴിഞ്ഞ രണ്ട് മാസത്തിനിടെ യുഎസ് ഡോളറിന്റെ മൂല്യം 3.6% വർധിച്ചത് ഇന്ത്യൻ രൂപയുൾപ്പെടെയുള്ള മിക്ക കറൻസികളിലും സമ്മർദം ചെലുത്തിയിട്ടുണ്ട്. യുഎസ് തീരുവകളും ഉയർന്ന ലോഹ വിലകളുമെന്ന ഇരട്ട ആഘാതമാണ് ഇന്ത്യ നേരിടുന്നത്. യുഎസ് ഭരണകൂടം ഇന്ത്യക്കുമേൽ 50% തീരുവ ചുമത്തിയത് കയറ്റുമതിയെ ബാധിക്കുകയും ഒക്ടോബറിൽ 4,170 കോടി ഡോളറിന്റെ റെക്കോഡ് വ്യാപാരക്കമ്മിക്ക് കാരണമാവുകയും ചെയ്തു. ഈ വർഷം വിലയിലുണ്ടായ കുതിച്ചുചാട്ടം സ്വർണ നിക്ഷേപത്തിൽ വലിയ വർധനവിന് വഴിയൊരുക്കി. ഒക്ടോബറിൽ സ്വർണ ഇറക്കുമതി 1,472 കോടി ഡോളറിലെത്തിയിരുന്നു. ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപകർ പണം പിൻവലിച്ചതും രൂപയുടെ മൂല്യത്തകർച്ചയ്ക്ക് ആക്കം കൂട്ടി. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറിലെ കാലതാമസവും തിരിച്ചടിയായി. വ്യാപാരം അനുകൂലമായാൽ രൂപ തിരിച്ചുവന്നേക്കാം. എന്നാൽ നിലവിലെ സാഹചര്യം 90 രൂപയിലേക്ക് ഇടിയാൻ സാധ്യതയാണ് സൂചിപ്പിക്കുന്നത്. കയറ്റുമതിയിലെ കുറവും ഇറക്കുമതിയിലെ വർധനവും ഒക്ടോബറിൽ 4,170 കോടി ഡോളറിന്റെ റെക്കോഡ് വ്യാപാരക്കമ്മിക്ക് വഴിയൊരുക്കിയിരുന്നു. ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി 2025 സാമ്പത്തിക വർഷത്തിലെ 0.6 ശതമാനത്തിൽ നിന്ന് 2026ൽ ജിഡിപിയുടെ 1.2 ശതമാനം ആയി വർധിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു. തീരുവകളിലെ അനിശ്ചിതത്വവും യുഎസിലെ എഐ വിപണി നീക്കങ്ങളും കാരണം വിദേശ നിക്ഷേപത്തിന്റെ വരവ് കുറഞ്ഞു. സാമ്പത്തിക വർഷം 26ന്റെ ആദ്യ പാദത്തിൽ 570 കോടി ഡോളർ നിക്ഷേപം വന്നുവെങ്കിലും രണ്ടാം പാദത്തിൽ അത് 190 കോടി ഡോളറിലേക്ക് ചുരുങ്ങി. അതായത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥ ഒട്ടും ആശാവഹമല്ല. അന്താരാഷ്ട്ര നാണയ നിധി തങ്ങളുടെ വാർഷിക അവലോകനത്തിൽ ഇന്ത്യയുടെ ജിഡിപി വിവരങ്ങൾക്ക് ‘സി’ ഗ്രേഡ് ആണ് നൽകിയിരിക്കുന്നത്. ഇതിനർത്ഥം രാജ്യത്തിന്റെ സാമ്പത്തിക കണക്കുകൾ വിശ്വസനീയമല്ല എന്നുതന്നെയാണ്. ലഭ്യമായ വിവരങ്ങളിലെ അവ്യക്തതകളും പോരായ്മകളും സമ്പദ്‌വ്യവസ്ഥയുടെ കൃത്യമായ ചിത്രം അസാധ്യമാക്കുകയും ചെയ്യുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.