22 December 2024, Sunday
KSFE Galaxy Chits Banner 2

മയിലമ്മ പകര്‍ന്ന പോരാട്ട വീര്യം

പി സുനിൽകുമാർ
ഓര്‍മ
August 7, 2022 3:34 am

കഷ്ടിച്ച് ഒരു വർഷം മാത്രമേ മയിലമ്മ സ്കൂളിൽ പോയിട്ടുള്ളൂ. പിന്നെ തന്റെ മാതാപിതാക്കളുടെ ആവശ്യപ്രകാരം ഇളയ സഹോദരിയെ നോക്കാനായി വീട്ടിൽ തന്നെ നിൽക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ മുതലാളിക്ക് പുല്ലറുക്കാൻ വേണ്ടി പോവേണ്ടി വന്നു. അന്നൊക്കെ മഴ കൃത്യമായി പെയ്തില്ലെങ്കിലും വെള്ളത്തിന് ബുദ്ധിമുട്ട് ഇല്ലായിരുന്നു. വർഷത്തിൽ രണ്ട് തവണ നെൽകൃഷി ഉണ്ടായിരുന്നു. പാവങ്ങൾക്ക് അന്ന് ജോലി ഉണ്ടായിരുന്നു. അയ്യൻ എന്ന് മയിലമ്മ വിളിക്കുന്ന അച്ഛൻ രാമനും അമ്മ കുറുമാണ്ടയും മക്കളെ ഒപ്പം നിർത്തി ജോലികൾ ചെയ്യുമ്പോൾ പറഞ്ഞത്, ജൈവപ്രകൃതിയെപ്പറ്റി ആയിരിക്കണം. പ്രകൃതിയുടെ സ്വാഭാവികതയ്ക്ക് കോട്ടം തട്ടാതെ ജീവിക്കാൻ ഓരോ ആദിവാസിയെപ്പോലെയും അവർ മകളെ ശീലിപ്പിച്ചിരിക്കണം. 

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിന്റെ തിരിച്ചറിവുകളുമായി മയിലമ്മ കാടകങ്ങളിൽ നിന്ന് ജീവിതത്തിലേക്ക് ഇറങ്ങിവന്നു. അവരുടെ ജീവിതം അങ്ങനെയാണല്ലോ, പ്രകൃതിയോട് യോജിച്ച്, വൈവിധ്യങ്ങളിൽ ചേർന്നു നിന്ന്… വിദ്യാഭ്യാസത്തിന്റെ പ്രാഥമിക പാഠങ്ങളിൽ കൂടി പോലും കടന്ന് പോകാത്ത ഒരു ആദിവാസി സ്ത്രീ പിന്നീട്‌ ലോകമാകെ ശ്രദ്ധ നേടിയ ഒരു കോർപ്പറേറ്റ് വിരുദ്ധ സമരത്തിന്റെ നായികയായി മാറുകയായിരുന്നു, കാലം പോകെ. പരിഷ്കൃതരും വിദ്യാസമ്പന്നരുമെന്ന മൂടുപടമണിഞ്ഞ നഗര പരിഷ്കാരികൾ പറയാൻ മടിച്ച കാര്യങ്ങൾ തന്റെ തമിഴ് മലയാളം കലർന്ന നാടൻ ഭാഷയിൽ ചിരിച്ചുകൊണ്ട് പാടിയും പറഞ്ഞും ലോകത്തെ ബോധ്യപ്പെടുത്തി. മണ്ണിനോടൊട്ടി നിന്നവർ അതിജീവനത്തിന്റെ പോരാട്ടങ്ങളിലേക്ക് താനേ നടന്നു വരുന്നത് ലോകം കണ്ടു. അതിന്റെ തെളിമ അത്രമേല്‍ ശ്രേഷ്ഠമായിരുന്നു. മുതലമടയിൽ നിന്ന് പെരുമാട്ടിയിലേക്ക് മാരിമുത്തുവിന്റെ പെണ്ണായി വരുമ്പോൾ മയിലമ്മയ്ക്ക് വയസ്സ് 14. ബഹുരാഷ്ട്ര കുത്തകയ്ക്കെതിരായ വലിയ സമരത്തിന് അവർ നേതൃത്വം നൽകിയത് തന്റെ സാമൂഹ്യ ബോധത്തിൽ നിന്നാണ്. അല്ലാതെ ഔപചാരികമായി നേടിയ ക്ലാസ് മുറി പഠനത്തിലൂടെയല്ല. 

പ്ലാച്ചിമട. അപൂർവമായേ അവിടെ മഴ പെയ്യാറുള്ളൂ. സമൃദ്ധമായ ശുദ്ധഭൂജല സമ്പത്താണ് പ്ലാച്ചിമടയിലെ ഫലഭൂയിഷ്ഠമായ മണ്ണിനുള്ളത്. സന്തോഷത്തോടെ ജീവിച്ച ജനത. പാരമ്പര്യമായി ചെയ്യുന്ന കൃഷി. അതിലൂടെ ജീവിതമാർഗം കരുപ്പിടിപ്പിക്കാൻ കഴിയുന്ന സാഹചര്യം. നാഗരികതയുടെ കളങ്കമേശാത്ത ജനത. 27 വയസ്സാകുമ്പോഴേക്കും മയിലമ്മയ്ക്ക് ഭർത്താവ് നഷ്ടപ്പെട്ടു. പിന്നെ മക്കളെ വളർത്താൻ അവർ നന്നായി പണിയെടുത്തു. അത്താഴപ്പട്ടിണിക്കാരായ മനുഷ്യർ വസിക്കുന്ന ഇടത്തേക്ക് തൊഴിൽ ലഭ്യതയുടെ പ്രതീക്ഷകളുമായി ഒരു കമ്പനി വരുന്നു. പ്രതീക്ഷകൾ അവരിൽ മൊട്ടിട്ടു. നാട് പുരോഗമിക്കാൻ പോകുന്നു. എന്താണ് അവർ നിർമ്മിക്കുന്നത് എന്നോ, മറ്റ് കാര്യങ്ങളോ ഒന്നും പ്രദേശവാസികൾക്കറിയില്ലായിരുന്നു. കമ്പനി പ്രവർത്തനം തുടങ്ങി ആറു മാസം കഴിയുമ്പോഴേക്കും കിണറുകളിലെ വെള്ളത്തിന്റെ നിറം മാറിത്തുടങ്ങി. പിന്നെ പതുക്കെ ജലനിരപ്പ് താഴ്ന്ന് തുടങ്ങി. ഒരു വർഷം ആകുമ്പോഴേക്കും സാധാരണ ജനങ്ങൾ പൊറുതിമുട്ടിത്തുടങ്ങി. മറ്റ് മാർഗങ്ങളില്ലാത്ത മനുഷ്യർ സമരത്തിനിറങ്ങി. അവർ പഠിച്ച ജലപാഠങ്ങൾ പാരമ്പര്യമായി കൈമാറിക്കിട്ടിയവയായിരുന്നു. സാങ്കേതികവും ഭരണപരവുമായ നൂൽക്കെട്ടുകളിൽ പതിവ് പോലെ അവരുടെ പരിദേവനങ്ങൾ കുടുങ്ങിപ്പോയി. ജലം മലിനമായി, കൃഷിനാശം വന്നു തുടങ്ങി. ആഹാരം പാകം ചെയ്യാൻ തുടങ്ങുമ്പോൾ തിളയ്ക്കുന്ന വെള്ളത്തിന് കട്ടി കൂടിത്തുടങ്ങി. ആളുകൾക്ക് ചർമ്മരോഗങ്ങൾ വന്ന് തുടങ്ങി.

ആഗോള ഭീമനായ കമ്പനിയുടെ ജല ചൂഷണം പതുക്കെ പതുക്കെ വെളിയിലേക്ക് കൊണ്ടുവരാൻ മയിലമ്മയ്ക്കും സംഘത്തിനും കഴിഞ്ഞു. അപ്പോഴും കോളക്കമ്പനിയിൽ നിന്നും വിഷാംശമടങ്ങിയ വെള്ളം പുറത്തേക്ക് ഒഴുകുകയായിരുന്നു. ചവർപ്പ് കലർന്ന വെള്ളം കുടിച്ച് അവർ സമരത്തിനിറങ്ങി. കമ്പനി പലതും വെച്ചു നീട്ടി. അവർ വേണ്ടെന്ന് വച്ചു. ജലം ദേശീയ സമ്പത്താണ് അതിന്മേൽ അവകാശം എല്ലാവർക്കും ഉണ്ടെന്ന് ആദിവാസികൾക്ക് അറിയില്ലായിരുന്നു. പക്ഷെ ജീവിതം മുന്നോട്ട് പോകാൻ വെള്ളം കൂടിയേ കഴിയൂ എന്ന് അവർക്കറിയാമായിരുന്നു. അത് സംരക്ഷിക്കണമെന്നും. ശുദ്ധമായ ജലം കുടിച്ചു വളർന്ന സമൂഹം തങ്ങൾക്ക് ആ പൈതൃകം നഷ്ടപ്പെടുന്നത് നോക്കി നിന്നു. നിസ്സഹായരായ അവരെ സഹായിക്കാൻ ആദ്യം ആരും വന്നില്ല. പിന്നെ ആ സമരം കേരളത്തിന്റെ ശ്രദ്ധയിലേക്കും ലോകത്തിന്റെ തന്നെ ശ്രദ്ധയിലേക്കും വന്നു. അന്ന് കേന്ദ്രം ഭരിച്ചവർ ഛത്തീസ്ഗഡിൽ നദികൾ വിൽക്കാൻ ശ്രമിച്ചതും അതിനെതിരെ ശിവ്നാഥ്‌ നദിക്കരയിൽ നടന്ന കൂട്ടായ്മകൾ, നർമ്മദാ നദിക്കരെ നടന്ന പ്രക്ഷോഭങ്ങളും എല്ലാം കൂടി ഒരു ജലാവബോധം ഇന്ത്യയാകമാനം പരുവപ്പെട്ടു വരുകയായിരുന്നു. ബിബിസിയും വാർത്താ ഏജൻസികളും എല്ലാം വന്നു ചേർന്നു. സമരങ്ങൾക്ക് മുന്നിൽ ചിരിച്ചു കൊണ്ട് മയിലമ്മ തോൾ വിരിച്ചു നിന്നു, ഒരു നാടിന്റെ പ്രതീകമായി.

സാങ്കേതിക വിദ്യയുടെ സംഭാവനകൾ പാർശ്വവത്കരിക്കപ്പെട്ട ഒരു സമൂഹത്തെ എങ്ങനെ വീണ്ടും നശിപ്പിക്കാനുപയോഗിക്കുന്നു എന്നതിന്റെ തെളിവാണ് പ്ലാച്ചിമട. സാറ്റലൈറ്റ് നിരീക്ഷണത്തിലാണ് വെള്ളത്തിന്റെ ലഭ്യത കമ്പനി മനസ്സിലാക്കിയത്. വളരെ ചുരുങ്ങിയ ചെലവിൽ സൗജന്യമായി കിട്ടുന്ന ശുദ്ധജലത്തെ ലാഭകരമായ ഉല്പന്നമാക്കി മാറ്റാമെന്ന് ആധുനിക സാങ്കേതിക വിദ്യകൾ കമ്പനിയെ പഠിപ്പിച്ചു. അതിർ വരമ്പുകൾ ഇല്ലാതെ ദേശങ്ങൾ കടന്ന് വന്ന കോർപ്പറേറ് മൂലധനം എല്ലാത്തിനും മീതെ പറക്കാൻ തുടങ്ങി. കണ്ണഞ്ചുന്ന പരസ്യ മാർഗങ്ങളിലൂടെ കോള പാനീയം ലക്ഷക്കണക്കിന് ജനങ്ങളെ ആകർഷിച്ചു. കോള പാനീയം നിറച്ച വണ്ടികൾ പാഞ്ഞു തുടങ്ങി. ക്രിക്കറ്റ് മത്സരങ്ങൾക്ക് കമ്പനി സ്പോണ്‍സർമാരായി.

ദൃശ്യ മാധ്യമങ്ങൾ അവർക്കൊപ്പം നിന്നു. പിന്നെ കാലങ്ങൾക്ക് ശേഷം ജനരോഷത്താൽ അവർ പതിയെ തിരിച്ചു വന്നു. അതിനൊക്കെ ധാരാളം സമയമെടുത്തു. മയിലമ്മയ്ക്കും കൂട്ടർക്കും സഹനസമരം തുടരേണ്ടി വന്നു. മേധാ പട്കർ, വന്ദന ശിവ തുടങ്ങിയവർ പിന്തുണയുമായി എത്തി. സോഷ്യൽ മീഡിയ വ്യാപിച്ചിട്ടില്ലാത്ത കാലം. എന്നിട്ടും സമരം ജനം ഏറ്റെടുത്തു. മയിലമ്മ സമൂഹത്തിന്റെ മുന്നിലേക്ക് ഒരു പ്രതീകമായി ഉയർന്നു. കേരള നിയമസഭ 2011 ഫെബ്രുവരി നാലിന് പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണൽ രൂപീകരിക്കാൻ നിയമം കൊണ്ടു വന്നു. പിന്നെയും ധാരാളം പ്രതിസന്ധികൾ… കമ്പനി പിന്നീട് പ്രവർത്തനം നിർത്തി. എങ്കിലും കമ്പനി പുറംതള്ളിയ രാസാവാശിഷ്ടങ്ങൾ ഉണ്ടാക്കുന്ന ഭീഷണി ഇപ്പോഴുമുണ്ട്. 

പിന്തള്ളപ്പെട്ടുപോയവരുടെ ഇടയിൽ നിന്നൊരു വനിത, സാധാരണ ഗതിയിൽ അവരുടെ സമരം അംഗീകരിക്കപ്പെടാതെ പോകുകയാണ് പതിവ്. എന്നാൽ മയിലമ്മയുടെ ജീവിതം ആഗോളവൽക്കരണം വിതയ്ക്കുന്ന കെടുതികൾക്കെതിരെയുള്ള സമരമായിരുന്നു എന്ന തിരിച്ചറിവ് ലോകത്തിന് മുന്നിലുണ്ട്. ജനങ്ങളുടെ സമരം വിജയിച്ചെങ്കിലും ഇനിയും പല പ്രശ്‌നങ്ങളും പരിഹരിക്കേണ്ടതായിട്ടുണ്ട്. പാരിസ്ഥിതിക ദുരന്തം വിതച്ച മണ്ണിൽ പോരാട്ടം നടത്തിയ മയിലമ്മ, 2007 ജനുവരി ആറിന് തന്റെ ആരോഗ്യം ക്ഷയിച്ച കാരണത്താൽ ലോകത്തു നിന്ന് യാത്രയായി. അവർ നൽകിയ സന്ദേശങ്ങളും ലോകത്തെ ഓർമ്മിപ്പിച്ച ജീവന്റെ നിലനിൽപ്പിനുള്ള ആശയങ്ങളും വെറുതെയാകുന്നില്ല, അവ ഏറ്റെടുക്കാൻ ലോകമാകമാനം പരിസ്ഥിതി പ്രവർത്തകർ മുന്നോട്ടു വരുകയാണ്…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.