21 November 2024, Thursday
KSFE Galaxy Chits Banner 2

ജീവിത യാഥാർത്ഥ്യങ്ങൾക്കുനേരെ പിടിച്ച ‘കണ്ണാടി’

അനില്‍കുമാര്‍ ഒഞ്ചിയം
November 7, 2021 3:48 am

മതവും രാഷ്ട്രീയവും കൂടിക്കുഴയുന്ന വർത്തമാനകാല സാമൂഹികാവസ്ഥയിൽ നിന്നുള്ള മോചനത്തിന് സൗഹൃദവും സ്നേഹ ബന്ധങ്ങളും മാത്രമാണ് പോംവഴിയെന്ന് വിളിച്ചുപറയുകയാണ് ‘കണ്ണാടി’ എന്ന ചലച്ചിത്രം. മതമല്ല മനുഷ്യനാണ് വലുതെന്ന സന്ദേശം എക്കാലത്തും ഉയർന്നുവരാറുണ്ടെങ്കിലും പലപ്പോഴും സങ്കുചിതമായ നേട്ടങ്ങൾക്കായി മനുഷ്യൻ മതത്തെ ഉപയോഗപ്പെടുത്തുകതന്നെയാണ്. ഇവിടെയാണ് മതത്തിനതീതമാണ് മാനവസ്നേഹമെന്ന സന്ദേശം പകർന്നുനൽകുന്ന കണ്ണാടി ശ്രദ്ധേയമാകുന്നത്. നവാഗതനായ എ ജി രാജൻ സംവിധാനം ചെയ്ത ഈ ചിത്രം മലയാളികളുടെ പുതിയകാലത്തിന്റെ കാഴ്ചകളിലേക്കും കാഴ്ചപ്പാടുകളിലേക്കും തുറന്നുവെച്ച നേരിന്റെ കണ്ണാടിയാണ്.

ഒരു ഹിന്ദു പെൺകുട്ടി റംസാൻ നോമ്പ് നോൽക്കുന്നതുമായി ബന്ധപ്പെട്ട് സമുദായത്തിലും സമൂഹത്തിലും ഉണ്ടാവുന്ന പ്രശ്നങ്ങളും അതിനെ മുഹമ്മദ് എന്ന അധ്യാപകൻ നേരിടുന്നതും മനുഷ്യത്വത്തിന്റെ പ്രതിരൂപമായി അദ്ദേഹം മാറുന്നതുമെല്ലാമാണ് ഈ ചിത്രം പറഞ്ഞുവെയ്ക്കുന്നത്. പൗരത്വ ബില്ല് ഉൾപ്പെടെയുള്ള കാലിക പ്രശ്നങ്ങളും ഇതിൽ ചർച്ചയാവുന്നുണ്ട്.
നാട്ടിൽ സർവ്വ സമ്മതനും മാതൃകാധ്യാപകനുമാണ് മുഹമ്മദ്. അദ്ദേഹത്തിന്റെ സഹപ്രവർത്തകയായ സുമിത്ര ടീച്ചർക്ക് സ്ഥലംമാറ്റം ലഭിക്കുന്നു. അവർ പോകുന്നതിനു മുമ്പ് കോളേജ് വിദ്യാർത്ഥിനിയായ മകൾ പാർവ്വതിയെ മുഹമ്മദിന്റെ വീട്ടിൽ നിർത്തുന്നു. മുഹമ്മദിന്റെ മകൾ ആമിനയുടെ കൂട്ടുകാരിയായ പാർവ്വതിയെ വീട്ടിൽ നിർത്തുന്നതിൽ മാഷിന്റെ ഭാര്യ ജമീല ഉമ്മയ്ക്കും വലിയ സന്തോഷമാണ്. വിവാഹ മോചനം നേടിയില്ലെങ്കിലും ഭർത്താവുമായി അകന്നു കഴിയുന്ന സുമിത്ര ടീച്ചർക്ക് മുഹമ്മദിന്റേയും കുടുംബത്തിന്റേയും കരുതൽ വലിയ തണലാകുന്നു.

നോമ്പുകാലം തുടങ്ങുന്നു. മുഹമ്മദ് മാഷിന്റെ വീട്ടിൽ എല്ലാവരും നോമ്പ് എടുക്കുമ്പോൾ പാർവതിക്ക് മാത്രം ഭക്ഷണമുണ്ടാക്കേണ്ട കാര്യം ജമീല ഉമ്മ മാഷിനോട് സംസാരിക്കുന്നത് പാർവ്വതി കേൾക്കുന്നു. വീട്ടുകാർക്കൊപ്പം താനും നോമ്പ് നോൽക്കുമെന്ന് പാർവ്വതി ശഠിക്കുന്നു. പാർവ്വതിയുടെ വാശിക്കുമുമ്പിൽ അവർ വഴങ്ങുന്നു. ഒരു ഹിന്ദു പെൺകുട്ടി റംസാൻനോമ്പെടുക്കുന്ന കാര്യം നാട്ടിൽ ചർച്ചയാവുന്നു. ഈ വിഷയം നാട്ടിലെ പൗരമുഖ്യർ തന്ത്രപൂർവ്വം വർഗീയ ചർച്ചയാക്കി മാറ്റുന്നു. പാർവ്വതിയെ മതപരിവർത്തനം ചെയ്യാനുള്ള നീക്കമായി ഇതിനെ ചിത്രീകരിക്കുന്നു. ആമിനയുടെ വിവാഹശേഷം പാർവ്വതിയെ മുഹമ്മദ് മാഷും ജമീലയും മകളുടെ സ്ഥാനത്താണ് കാണുന്നത്. അവർക്ക് അവളെ പിരിയാൻ പറ്റാത്ത വൈകാരിക തലത്തിലേക്ക് അവരുടെ ബന്ധം വളരുന്നു. തുടർന്ന് ഈ സംഭവം മുഹമ്മദിന്റെ കുടുംബത്തിലും നാട്ടിലുമുണ്ടാക്കുന്ന കോളിളക്കങ്ങൾ വർത്തമാനകാല സാഹചര്യത്തിൽ ഏറെ തൻമയത്വത്തോടെയാണ് ‘കണ്ണാടി‘യിൽ ചിത്രീകരിച്ചിരിക്കുന്നത്.

നടൻ സിദ്ദിഖാണ് മുഹമ്മദ് എന്ന കരുത്തുറ്റ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. മുഹമ്മദിന്റെ ആത്മ സുഹൃത്തായ കൃഷ്ണനായി വിജയരാഘവനും വേഷമിടുന്നു. മുഹമ്മദിന്റെ മകൻ റിയാസായി യുവനടൻ രാഹുൽ മാധവും പാർവതിയായി മാർഗരറ്റ് ആന്റണിയുമെത്തുന്നു. റോഷൻ ബഷീർ, അമൃത, മനുപിള്ള, ആനന്ദ ജ്യോതി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. കൂടാതെ സുധീർ കരമന, മാമുക്കോയ, മജീദ്, ഷാജു ശ്രീധർ, രചന നാരായണൻകുട്ടി, അംബിക മോഹൻ, ദീപിക, സുരേഷ് കനവ് തുടങ്ങി വലിയ താരനിരതന്നെയുണ്ട്. സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ അസിസ്റ്റന്റായിരുന്ന മുഹമ്മദ്കുട്ടിയാണ് കഥയും തിരക്കഥയും സംഭാഷണവും രചിച്ചത്. നടുവട്ടം പ്രൊഡക്ഷൻസിന്റെ ബാനറിൽ ആന്റണി നടുവട്ടം നിർമ്മിക്കുന്ന കണ്ണാടിയുടെ ഛായാഗ്രഹണം ഉത്പൽ വി നായനാരാണ് നിർവഹിച്ചിരിക്കുന്നത്.

ശ്രീകുമാരൻ തമ്പിയും പി കെ ഗോപിയും മുരുകൻ കാട്ടാക്കടയും എഴുതിയ വരികൾക്ക് സതീഷ് വിനോദ് സംഗീതം പകരുന്നു. ജയചന്ദ്രൻ, വി ടി മുരളി, സിത്താര, ശാന്താ ബാബു എന്നിവർക്കൊപ്പം നടൻ സിദ്ദിഖും ഈ ചിത്രത്തിൽ ഒരു ഗാനം ആലപിച്ചിരിക്കുന്നു. പാലക്കാട്, കൊല്ലങ്കോട്, ചിറ്റൂർ എന്നിവിടങ്ങളിലായാണ് ‘കണ്ണാടി‘യുടെ ചിത്രീകരണം പൂർത്തിയാക്കിയത്.
മിമിക്രിയും നാടക രചനയും സംവിധാനവും അഭിനയവുമെല്ലാമായി കലാരംഗത്ത് സജീവമായ എ ജി രാജൻ ‘കണ്ണാടി‘യിലൂടെ സിനിമാ സംവിധാനരംഗത്തേക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.

കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴി സ്വദേശിയായ രാജൻ യുവകലാ സാഹിതി സംസ്ഥാന കമ്മിറ്റി അംഗം ഇപ്റ്റ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചുവരുന്നു. അമേച്വർ, തെരുവ് നാടകങ്ങളിൽ സജീവമായിരുന്ന രാജൻ ആകാശവാണിക്കുവേണ്ടിയും നിരവധി നാടകങ്ങൾ രചിച്ചിട്ടുണ്ട്. ചലച്ചിത്ര സംവിധായകൻ രഞ്ജിത്താണ് നാടകഗുരു. പ്ലാന്റേഷൻ കോർപ്പറേഷൻ ജീവനക്കാരനായ എ ജി രാജൻ പ്ലാന്റേഷൻ കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ (എഐടിയുസി) സംസ്ഥാന വൈസ് പ്രസിഡന്റാണ്. ഭാര്യ: റീന രാജൻ. മക്കൾ: ഗോവിന്ദ് രാജ്, ശിവാനി.കണ്ണാടിയുടെ പ്രിവ്യു കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നു. താരങ്ങൾക്കും സാങ്കേതിക പ്രവർത്തകർക്കുമൊപ്പം മന്ത്രി ജി ആർ അനിലും ചടങ്ങിൽ പങ്കെടുത്തു.

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.