
സമൂഹത്തിന്റെ പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരെയും വിസ്മൃതിയിലാകുന്ന കലയെയും കലാകാരൻമാരെയും അറബിക്കടലിനോട് ചേർന്ന അദൃശ്യമാകുന്ന ചരിത്രനഗരങ്ങളുടെ ശേഷിപ്പുകളെയും തേടിയുള്ള ഒരു ഫോട്ടോഗ്രാഫറുടെ അന്വേഷണം. വരയും വർണവും ശില്പവും വായനയും സിനിമയും ലോകക്ലാസിക്കുകളും നിറഞ്ഞാടിയബാല്യം. സമത്വസുന്ദരമായ നവലോക സൃഷ്ടിക്ക് വേണ്ടി വലിയ അക്ഷരങ്ങൾക്ക് നിറംപകർന്ന ചുവന്ന യൗവനം. കുടുംബ സദസ്സുകൾ ഇരും കയ്യും നീട്ടി സ്വീകരിച്ച ‘തുടരും’ സിനിമയുടെ കഥയും തിരക്കഥയും എഴുതിയ കെ ആർ സുനിൽ കലയും സർഗാത്മകതയും ഇഴചേർന്ന ജീവിതവഴിയിലേക്ക് സ്വന്തം ക്യാമറ തിരിച്ചുപിടിക്കുന്നു…
കൊടുങ്ങല്ലൂരിലെ പൊലീസ് സ്റ്റേഷനുമുന്നിൽ കൂട്ടിയിട്ട വാഹനങ്ങളിലൊന്നിലേക്ക് നിൽക്കുന്നൊരു മനുഷ്യന്റെ മുഖം ഉള്ളിൽ തട്ടിയത് പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പാണ്. ഒരു കഥയുടെ സ്പാർക്കായിരുന്നു അത്. പിന്നീടുള്ള യാത്രകളിൽ അയാളൊരു കഥയായി ഉളളിൽ പരിണമിച്ചു. ടാക്സി ജീവിതംകൊണ്ട അയാൾക്കൊരു പേരും വീണു, ഷൺമുഖം.
ചിന്തകളിൽ അയാളിലൊരു സിനിമയുടെ അനന്ത സാധ്യത തെളിഞ്ഞു. അങ്ങനെയാണ് രഞ്ജിത്തേട്ടനിലേക്കെത്തിയത്. അതോടെ ആ കഥയ്ക്ക് വലിപ്പം വെച്ചു. ചെറിയതോതിലല്ല, മോഹൻലാലിനോളം വലിപ്പം.

ആദ്യം കഥ കേട്ടത് മൂന്ന് പേരായിരുന്നു. മോഹൻലാൽ, രഞ്ജിത്ത് രജപുത്ര, ആന്റണി പെരുമ്പാവൂർ. തികച്ചും സാങ്കല്പികമായ കഥയുടെചുരുളഴിക്കൽ. ഒരിക്കലും കണ്ടിട്ടില്ലാത്ത ഷൺമുഖത്തെ പക്ഷെ, അവർക്ക് മൂന്ന്പേർക്കും നന്നായി അറിയാമായിരുന്നു. ജീവിതത്തിനും ചിത്രീകരണത്തിനുമിടയിലുള്ള യാത്രകളിൽ പലയിടങ്ങളിൽ വച്ചും ഷൺമുഖത്തെ പോലെ ഡ്രൈവറെ പലവട്ടം കണ്ടിട്ടുണ്ടായിരുന്നു. സിനിമ സംഭവിക്കാൻ മറ്റു കാരണങ്ങളൊന്നും വേണ്ടിവന്നില്ല. ഈ യാത്രയിൽ പല കാലങ്ങളിലായി ചേർന്നു നിന്ന അനേകം മനുഷ്യരുടെ അധ്വാനത്തിന്റെയും കാത്തിരിപ്പിന്റെയും ഫലം കൂടിയാണ് ഈ സിനിമ.

കഥ പറയലിനുശേഷം പല കാരണങ്ങളാൽ സിനിമ വൈകി. അതിനിടയിൽ പലരും വന്നുപോയി. പല സാധ്യതകളിലേക്ക് നീങ്ങി. ഒടുവിൽ രഞ്ജിത്തേട്ടൻ വഴിയുള്ള തരുൺ മൂർത്തിയുടെ വരവ് വലിയൊരു വഴിത്തിരിവായി. സഹപ്രവർത്തകന്റെ റോളുപേക്ഷിച്ച് സഹോദരനായി കയറി വന്ന് ഉള്ളിലിടം പിടിക്കുകയായിരുന്നു തരുൺ. എഴുത്തിലെ തരുണിന്റെ സൂക്ഷ്മമായ ഇടപെടൽ തിരക്കഥയ്ക്ക് വീറ്കൂട്ടി. ആ മികച്ച സംവിധായകനിലൂടെ തുടരും പുതിയകാലത്തിന്റെ ജനപ്രിയസിനിമയായി.

കാലങ്ങളോളമായി മലയാള സിനിമയിലെ മറക്കാൻ കഴിയാത്ത ഒരപൂർവ കൂട്ടുകെട്ടാണ് ഇരുവരും. എത്രയെത്ര കഥാപാത്രങ്ങൾ. നാടോടികാറ്റ് പോലെ മനസിൽ തങ്ങി നില്‍ക്കുന്ന നിരവധി സിനിമകൾ. തുടരും അനൗൺസ് ചെയ്തപ്പോഴാണ് മലയാളികൾ എത്രമാത്രം ഈയൊരു കൂടിചേരലിന് കാത്തിരിക്കുന്നുവെന്ന് മനസിലായത്. ഈ സിനിമക്ക് ലഭിച്ച പ്രചുര പ്രചാരം ഞങ്ങളൊരിക്കലും ഉയർത്തികാട്ടിയതല്ല.
ഒരിടവേളക്ക് ശേഷം ഇവരുടെ കൂട്ടുകെട്ട് സംഭവിച്ചപ്പോൾ അതൊരു പ്രതീക്ഷയായി മാറി. തിയേറ്ററിൽ പോകാത്ത കുടുംബങ്ങൾ പോലും തുടരും കാണാൻ നിമിത്തമായത് ഈ താരജോഡികൾതന്നെയാണ്.
കുടുംബ പശ്ചാത്തലമായതുകൊണ്ടുതന്നെ അതിന്റെ മനോഹരമായ പല സീനുകളും തികഞ്ഞ തൻമയത്തത്തോടെയും വളരെ കയ്യൊതുക്കത്തോടെയും ചെയ്യുന്നത് പലപ്പോഴും മോണിറ്ററിന്റെയും ക്യാമറയുടെയും പിറകിലിരുന്ന് ആസ്വദിക്കുകയും ചെയ്തു. വർഷങ്ങളോളം മനസിൽ കൊണ്ടുനടന്ന കഥാസന്ദർഭങ്ങൾ മോഹൻലാലിലൂടെയും ശോഭനയിലൂടെയും മുന്നിലവതരിക്കപ്പെട്ട ചില നേരങ്ങളിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷത്തിൽ വികാരാധീനനായി.

പ്രധാനമായും തൊടുപുഴയായിരുന്നു ലൊക്കേഷൻ. ഷൺമുഖത്തിന്റെ വീട് അവിടെയായിരുന്നു. തികച്ചും ഗ്രാമീണാന്തരീക്ഷം. ഒരു പാട് സിനിമകൾ ഷൂട്ട് ചെയ്ത സ്ഥലമായതുകൊണ്ട് ആളുകളുടെ ബാഹുല്യം ഒന്നുമുണ്ടായിരുന്നില്ല. മോഹൻലാലിനെ കാണാൻ ആളുകൾ വന്നുകൊണ്ടിരുന്നു. വളരെ സ്വസ്ഥമായി സമാധാനത്തോടെ ഷൂട്ട് ചെയ്യാൻ കഴിഞ്ഞു. മോഹൻലാൽ എന്ന മഹാനടനോടൊപ്പം ചെലവഴിക്കാൻ കഴിഞ്ഞത് ഒരു വലിയ ഭാഗ്യമായി. അദ്ദേഹത്തിന്റെ അനുഭവങ്ങൾ പലതും ഷൂട്ടിങ്ങിനിടയിൽ പങ്കുവയ്ക്കുക മാത്രമല്ല എന്റെ ജീവിതം കേൾക്കാനും ആ വലിയ മനസ് താല്പര്യം കാണിച്ചു. നല്ലൊരു കേൾവിക്കാരനായിരുന്നു അദ്ദേഹം. ലോകത്ത് എങ്ങുമുള്ള മലയാളികൾ ഇഷ്ടപ്പെടുന്ന ഒരു ആർടിസ്റ്റ് എന്നതിനപ്പുറം ഒരു മനുഷ്യൻ എന്ന നിലയിൽ അദ്ദേഹത്തെ അടുത്തറിഞ്ഞ സന്ദർഭം കൂടിയായിരുന്നു അത്. മാത്രമല്ല പ്രൊഡ്യൂസറായ രജപുത്ര രഞ്ജിത്ത്, ആന്റണി പെരുമ്പാവൂർ, ആർട്ട് ഡയറക്ടർ ഗോകുൽദാസ്, ക്യാമറാമാൻ ഷാജി കുമാർ, തരുണിന്റെ അസിസ്റ്റന്റുമാർ, പ്രധാന സഹായി ബിനു പപ്പു, വില്ലനായ ലോകം അറിയുന്ന പരസ്യ സംവിധായകനും ആർട്ട് ഫിലിം മേക്കറും സുഹൃത്തുമായ പ്രകാശ് വർമ്മ, വേഷം ചെയ്ത ഫറാൻ ഫാസിൽ ഇവരോടൊല്ലാം കൂടെയുള്ള ഒരു പാട് ദിനങ്ങൾ ഹൃദയ ഐക്യത്തിന്റെ നാളുകളായിരുന്നു.


തൃശൂർ ഫൈനാർട്സ് കോളജിൽനിന്ന് ശില്പകലയാണ് പഠിച്ചത്. അജയൻ ചാലിശേരി, ഗോകുൽ ദാസ് എന്നിവർ സഹപാഠികളായിരുന്നു. അവർ പിന്നീട് സിനിമയിലെ കലാസംവിധായകരായി. കല പഠിക്കുന്നതിനോടൊപ്പം ഒരു പാട് നല്ല സിനിമകൾ കാണുമായിരുന്നു. ഫിലിം സൊസൈറ്റികളിലൂടെ ലോക ക്ലാസിക്കുകളെ അടുത്തറിഞ്ഞു. അങ്ങനെയാണ് സിനിമ സിരകളിൽ പടരുന്നത്. മലയാളത്തിലെ കെ ജി ജോർജ്, സത്യൻ അന്തിക്കാട്, കമൽ, പ്രിയദർശൻ എന്നിവരുടെ സിനിമകൾ വളരെയേറെ അനുഭവിച്ചു.


ഫൈനാർട്സ് പഠനത്തിനുശേഷം ഫോട്ടോഗ്രാഫി പ്രധാന മേഖലയായി സ്വീകരിച്ചു.
ഫൈനാർട്സ് പഠന കാലത്ത് ഫിലിം സൊസൈറ്റി പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരുന്ന കൊടുങ്ങല്ലൂർകാരനായ കൃഷ്ണകുമാറാണ് ഫോട്ടോഗ്രാഫിയിലേക്ക് വഴിതിരിച്ചുവിട്ടത്. അറിയപ്പെടുന്ന വലിയ ഫോട്ടോഗ്രാഫറായിരുന്ന അദ്ദേഹത്തെ ഗുരുതുല്യനായി കാണുന്നു.
നല്ല വായനക്കാരനായ അദേഹം വരുത്തിയിരുന്ന വിദേശ ഫോട്ടോഗ്രാഫി മാഗസിനുകൾ സ്വാധീനിച്ചു. ഫോട്ടോഗ്രാഫിയിലൂടെ മനുഷ്യജീവിതം അടുത്തറിയാം. അത്തരം മനുഷ്യർ അവരുടെ കഥകളും ജീവിതവും പറയാൻ ഒരു മടിയും കാണിക്കാറില്ല. ഉള്ളിലെ മനുഷ്യനെ തിരഞ്ഞ് പോകാനും അവരുടെ ജീവിതത്തിലേക്കുള്ള അടുപ്പം ഉടലെടുത്തതുമെല്ലാം
ഫോട്ടോഗ്രാഫുകളാണ്. മറ്റു സർഗാത്മക പ്രവർത്തനങ്ങളിലേക്കുള്ള വഴികാട്ടി കൂടിയാണ് അത്തരം ഫോട്ടോഗ്രാഫുകൾ. അങ്ങനെയാണ് പല കഥകളിലേക്കും പ്രവേശിച്ചത്. ക്യാമറയുമായുളള സഞ്ചാരങ്ങൾക്ക് കിട്ടുന്ന സ്വീകാര്യതയുടെ ഫ്രെയിം മനസിൽ എന്നുമുണ്ടാവും.


യാത്രകൾ ഒരു പാട് ചെയ്യാറുണ്ട്. അതും കലാ സാംസ്കാരിക ഇടപെടലാണ്. യാത്രകളിൽ നിന്നാണ് പലപ്പോഴും ഫോട്ടോഗ്രാഫിക്കും സിനിമക്കുമുള്ള വിഭവങ്ങൾ വീണുകിട്ടാറ്. പബ്ലിക് ട്രാൻസ്പോർട്ടാണ് യാത്രക്ക് ഉപയോഗിക്കാറ്. അത്തരം യാത്രകളിൽ നിന്ന് വേറിട്ട മനുഷ്യരെ കണ്ടെത്താനും അവരുമായി ഇടപെടാനും കഴിയുന്നു. അവരുമായി സംസാരിക്കുമ്പോഴാണ് അവരുടെ ഉള്ളിലെ കഥകളിലേക്ക് എത്തുന്നത്. മനസ് തുറന്നിരുന്ന് കണ്ടെത്തണം. അങ്ങനെയെത്രയോ മനുഷ്യരുടെ കഥകൾ കേട്ടിട്ടുണ്ട്. നിറയെ കഥകളുമായാണ് ഓരോ യാത്രയും അവസാനിപ്പിക്കാറ്.


അച്ഛൻ സിപിഐയുടെ നാട്ടിലെ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്നു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ലോകം കണ്ടും കേട്ടും വളർന്നുവന്നതാണ് കുട്ടിക്കാലം. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വളക്കൂറുളള മണ്ണ്. സിപിഐ നേതാവും മുൻമന്ത്രിയുമായിരുന്ന വി കെ രാജൻ അച്ഛന്റെ പ്രിയസഖാവും സഹപ്രവർത്തകനുമായിരുന്നു. ആർട്ടിസ്റ്റായതുകൊണ്ട് തന്നെ സിപിഐക്കുവേണ്ടി എത്രയോ ചുമര് എഴുതിയിട്ടുണ്ട്, ബോർഡുകളും ബാനറും എഴുതിയിട്ടുണ്ട്. പിന്നീട് സിപിഐയുടെ നേതാവായി ഉയർന്നുവന്ന കെ ജി ശിവാനന്ദനൊക്കെ രാത്രികളിൽ ചുമര് എഴുതുമ്പോൾ സഹായികളായി കാവൽ നിന്നത് ഓർത്തുപോകുകയാണ്.
ജീവിതത്തിലാദ്യമായി മനുഷ്യരുമായി അടുപ്പമുണ്ടായ കാലമാണത്. പിന്നീട് തൃശൂർ കേരളവർമ്മ കോളജിലെ എഐഎസ്എഫ് പ്രവർത്തനം. ഒരു പാട് സഖാക്കളുമായി ഹൃദയ ബന്ധങ്ങളുണ്ടായി. മുൻ മന്ത്രി വി എസ് സുനിൽകുമാറും ഇപ്പോഴത്തെമന്ത്രി കെ രാജനുമൊക്കെ അടുത്തസുഹൃത്തുക്കളായി. വിവിധ ഇടങ്ങളിൽ നിന്ന് വരുന്നവരുമായി ഇടപെടാൻ കഴിഞ്ഞു. ജീവിതത്തിലെ തിരിച്ചറിവുകളുടെ കാലമാണത്. പുസ്തകങ്ങളിൽ നിന്ന് കിട്ടാത്ത വലിയൊരുപാഠമാണ് പാർട്ടിയിലൂടെ ലഭിച്ചത്. ആ രാഷ്ട്രീയ ബോധം തന്നെ എപ്പോഴുമുണ്ട്.


പ്രൊഫ. എം എൻ വിജയൻ തലശേരിയിൽ നിന്ന് കൊടുങ്ങല്ലൂരിൽ സ്ഥിര താമസമാക്കിയകാലം. മാഷുടെ സ്ഥിര സന്ദർശകനായിരുന്നു. നല്ല അടുപ്പം. മാഷ് പറയുന്ന
കൊടുങ്ങലൂരിന്റെ പ്രാദേശിക ചരിത്രകഥകൾക്ക് നല്ലൊരു കേൾവിക്കാരനായി. ജീവതത്തിൽ കണ്ടുമുട്ടിയ ഉള്ളുഉള മനുഷ്യൻമാരിൽ ഒരാളായിരുന്നു വിജയൻ മാഷ്. സാംസ്കാരിക പ്രവർത്തകനും ആക്ടിവിസ്റ്റുമായിരുന്ന ടി എം ജോയ്, പിന്നെ സിനിമാ സംവിധായകൻ കമൽ, അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന ലാൽ ജോസ്, മധു സി നാരായണൻ എന്നിവരും.
കൂടാതെ തുടരും സിനിമയുമായി ബന്ധപ്പെട്ട സൗഹൃദങ്ങളും.

2016ലെ കൊച്ചിൻ മുസരീസ് ബിനാലെയിൽ പങ്കെടുത്തു. പൊന്നാനിയുടെ മായുന്ന ജീവിതലോകങ്ങൾ എന്ന ഫോട്ടോഗ്രാഫി സീരിയസാണ് പ്രദർശിപ്പിച്ചത്. പൊന്നാനിയെന്ന തുറമുഖ നഗരത്തിലെ മനുഷ്യരെക്കുറിച്ചായിരുന്നു അത്. അതൊരു ഇന്റർനാഷണൽ രംഗത്തേക്കുള്ള കവാടം തുറന്നിട്ടു. വർക്കുകളുമായി വിദേശങ്ങളിൽ പോകാനും പ്രദർശിപ്പിക്കാനും വിറ്റു പോകാനും കാരണമായി. അതുവഴി ലോകസൗഹൃദങ്ങളാണ് കലാകാരന് നല്‍കുന്നത്. വിലമതിക്കാനാവാത്ത സൗഭാഗ്യമാണ് ഒരു ആർട്ടിസ്റ്റിന് അതുവഴി ലഭിക്കുന്നത്. അതിലൂടെ കലയുടെ വേറിട്ട ലോകത്തിലേക്ക് നടന്നുനീങ്ങാൻ കഴിഞ്ഞു.


മുംബൈ, ഗോവ, എന്നിവിടങ്ങളിൽ വരാനിരിക്കുന്ന ഫോട്ടോഗ്രാഫി എക്സിബിഷനുകളുടെ തയ്യാറെടുപ്പിലേക്ക് നീങ്ങുകയാണ്. അതോടൊപ്പം സിനിമയ്ക്കുള്ള കഥകളുടെ ആലോചനയിലും. ഒന്നിലും ധൃതി കാണിക്കാറില്ല. എല്ലാം സാവാകാശത്തിൽ. ഇപ്പോൾ തുടരും സിനിമയുടെ വിജയാരവത്തിലൂടെ കടന്നുപോകുകയാണ്


അവിവാഹിതനാണ്. അച്ഛൻ രാമകൃഷ്ണൻ, അമ്മ ശാന്ത. കൊടുങ്ങല്ലൂർ എടവിലങ്ങാണ് നാടും വീടും. വിവാഹിതരായ സഹോദരനും സഹോദരിയുമടങ്ങിയതാണ് കുടുംബം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.