
ഒരു നാടിന്റെ മുഴുവൻ ഇച്ഛാശക്തി കൊണ്ട് എഴുതപ്പെട്ട ജീവചരിത്ര ഗ്രന്ഥമാണ് വള്ളികുന്നം രാജേന്ദ്രന്റെ ‘നാട്യപ്രകാശം — എൻ എസ് പ്രകാശ് നാടകവും ജീവിതവും.’ ആകാരസൗഷ്ഠവം കൊണ്ടും പ്രതിഭാവിലാസം കൊണ്ടും വള്ളികുന്നത്തെ കലാസാംസ്കാരികവേദികളിൽ എൻ എസ് പ്രകാശ് നിറഞ്ഞുനിന്നു. അനുഗൃഹീതനായ അഭിനേതാവും നാടകകൃത്തും സംവിധായകനുമായിരുന്നു അദ്ദേഹം. ഭരണം, കാവ്യം, ദൗത്യം തുടങ്ങിയ ഒന്നാം തരം നാടകങ്ങൾ രചിക്കുകയും തകഴി ശിവശങ്കരപ്പിള്ളയുടെ ചെമ്മീൻ, ഏണിപ്പടികൾ, അനുഭവങ്ങൾ പാളിച്ചകൾ എന്നീ വിഖ്യാത നോവലുകൾക്ക് കൊല്ലം തൂലിക നാടകരൂപം നല്‍കിയപ്പോൾ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച് അരങ്ങു കീഴടക്കുകയും ചെയ്ത ആ മഹാനടന്റെ ജീവിതരേഖയാണ് പ്രഭാഷകനും സാഹിത്യനിരൂപകനുമായ വള്ളികുന്നം രാജേന്ദ്രൻ തയ്യാറാക്കിയിരിക്കുന്നത്. അവതാരികയിൽ കെ പ്രകാശ് ബാബു സൂചിപ്പിക്കുമ്പോലെ സാമൂഹികപുരോഗതിയാണ് കലയുടെ ലക്ഷ്യമെന്ന് തോപ്പിൽ ഭാസിയെപ്പോലെ എൻ എസ് പ്രകാശും വിശ്വസിച്ചു. നാടകരചനയുടെയും സംവിധാനത്തിന്റെയും രീതീശാസ്ത്രവും പുരോഗമന രാഷ്ട്രീയം എങ്ങനെ നാടകത്തിൽ ഉള്ളടക്കം ചെയ്യണമെന്ന രസതന്ത്രവും എൻ എസ് സ്വായത്തമാക്കിയത് തോപ്പിൽ ഭാസിയിൽ നിന്നാണ്.
എൻ എസ് പ്രകാശിലെ അഭിനേതാവിനെയും നാടകകൃത്തിനെയും മാത്രമല്ല, പ്രഭാഷകനെയും സാഹിത്യപ്രണയിയായ നല്ല വായനക്കാരനെയും എല്ലാ വിഭാഗീയതകൾക്കും അപ്പുറം മാനവികതയെ ഉയർത്തിപ്പിടിച്ച പച്ച മനുഷ്യനെയും പരിചയപ്പെടുത്താൻ ഈ ജീവചരിത്ര ഗ്രന്ഥത്തിൽ വള്ളികുന്നം രാജേന്ദ്രനു കഴിഞ്ഞിട്ടുണ്ട്. അതോടൊപ്പം എൻ എസിന്റെ ‘ഭരണം’ നാടകത്തിന് സന്തോഷ് സുകുമാരൻ തയ്യാറാക്കിയ ആസ്വാദനവും പ്രമോദ് പയ്യന്നൂരിന്റെ ‘നാടകാന്തം ഉജ്ജയിനി’ എന്ന ഹൃദയസ്പർശിയായ ഓർമ്മക്കുറിപ്പും(മരണത്തിനു തൊട്ടു മുമ്പ് ഒഎൻവി യുടെ ഉജ്ജയിനിയെന്ന ഖണ്ഡകാവ്യത്തെ അവലംബമാക്കി രചിച്ച നാടകം രംഗാവിഷ്കാരം കാത്തിരിക്കുന്ന എൻഎസിന്റെ മാസ്റ്റർപീസാണ്. ) പിതാവിന്റെ ഓർമ്മയ്ക്കു മുമ്പിൽ സ്നേഹാ പ്രകാശ് നടത്തുന്ന ബാഷ്പാവിലമായ അർച്ചനയും ഈ പുസ്തകത്തെ കൂടുതൽ ധന്യമാക്കുന്നു.
നാട്യപ്രകാശം
എന്‍ എസ് പ്രകാശ് നാടകവും ജീവിതവും
(ജീവചരിത്രം)
വള്ളികുന്നം രാജേന്ദ്രന്‍
പ്രഭാത് ബുക്ക് ഹൗസ്
വില: 240 രൂപ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.