8 December 2025, Monday

തിരുനയിനാർകുറിച്ചി മാധവൻ നായരുടെ ‘ആത്മവിദ്യാലയം’

വലിയശാല രാജു
August 3, 2025 2:45 am

കാലം ഒരു നദിയെന്നോണം ഒഴുകി നീങ്ങുന്നു. ആ നദിയുടെ തീരങ്ങളിൽ ചില മനുഷ്യർ മായാത്ത കാൽപ്പാടുകൾ അവശേഷിപ്പിച്ച് യാത്രയാകുന്നു. അങ്ങനെയൊരാളായിരുന്നു, മലയാളത്തിന്റെ ആദ്യകാല സിനിമാ ഗാനശാഖയ്ക്ക് തന്റേതായൊരു കയ്യൊപ്പ് ചാർത്തിയ തിരുനയിനാർകുറിച്ചി മാധവൻ നായർ. “ആത്മവിദ്യാലയമേ…” എന്ന ഗാനം മലയാളിയുടെ ഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയപ്പോഴും, ആ അനശ്വര വരികൾ കുറിച്ച തൂലികയുടെ ഉടമ വിസ്മൃതിയിലായി എന്നതാണ് കാലത്തിന്റെ ക്രൂരമായ വിധി. അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞിട്ട് അറുപത് വർഷം പിന്നിട്ടിരിക്കുന്നു.
കവി, അധ്യാപകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച തിരുനയിനാർകുറിച്ചി മാധവൻ നായർ, 1916‑ൽ കന്യാകുമാരി ജില്ലയിലെ തിരുനയിനാർകുറിച്ചി ഗ്രാമത്തിലാണ് ജനിച്ചത്. വാക്കുകളെ ഈണങ്ങളാക്കി മാറ്റിയ ഈ മഹാപ്രതിഭ, 1951 മുതൽ 1965 വരെയുള്ള കാലഘട്ടത്തിൽ ഇരുനൂറിലധികം ഗാനങ്ങൾക്ക് ജീവൻ നൽകി. ഹരിശ്ചന്ദ്രയിലെ “ആത്മവിദ്യാലയമേ…” എന്ന മനോഹര ഗാനവും ഭക്തകുചേലയിലെ “ഈശ്വരചിന്തയിതൊന്നേ…” എന്ന ഭക്തിസാന്ദ്രമായ രചനയും അദ്ദേഹത്തെ കേരളത്തിന് സുപരിചിതനാക്കി. കാലമെത്ര കഴിഞ്ഞാലും മലയാളികളുടെ മനസിൽ നിന്ന് മായാതെ നിൽക്കുന്ന വരികളാണിവ.

“ആത്മവിദ്യാലയമേ” എന്ന ഗാനം കമുകറ പുരുഷോത്തമൻ എന്ന അതുല്യ ഗായകന്റെ ശബ്ദത്തിലൂടെയും തിക്കുറിശി സുകുമാരൻ നായരുടെ അഭ്രപാളിയിലെ അഭിനയത്തിലൂടെയും അനശ്വരമായപ്പോൾ, അതിനു പിന്നിലെ ശില്പിയായ മാധവൻ നായർ വേണ്ടത്ര അംഗീകാരം ലഭിക്കാതെ പോയി എന്നത് ഒരു ദുഃഖസത്യം.
മലയാളം വിദ്വാൻ പരീക്ഷയിൽ ഉന്നത വിജയം നേടിയ ശേഷം, തമിഴ്‌നാട്ടിലെ കുളച്ചൽ, തിരുവട്ടാർ എന്നിവിടങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ച തിരുനയിനാർകുറിച്ചി, ജീവിതത്തിന്റെ മറ്റൊരു വഴിത്തിരിവിലേക്ക് കടന്നു. 1948‑ൽ ട്രാവൻകൂർ റേഡിയോ നിലയത്തിന്റെ സ്ഥാപക പ്രവർത്തനങ്ങളിൽ അദ്ദേഹത്തിന് നിർണായക പങ്കുണ്ടായിരുന്നതായി പറയപ്പെടുന്നു. ഈ നിലയം പിന്നീട് ആകാശവാണിയായി മാറിയപ്പോഴും, ഒരു കേന്ദ്രസർക്കാർ ജീവനക്കാരനായി അദ്ദേഹം അവിടെത്തന്നെ തുടർന്നു. വിവിധ ഭാഷകളിൽ പ്രാവീണ്യമുള്ള മാധവൻ നായർ, ആകാശവാണിയിലെ ഔദ്യോഗിക തിരക്കിനിടയിലും തന്റെ ഗാനരചനാ പാടവം പരിപോഷിപ്പിച്ചു. ‘ആത്മസഖി’ എന്ന ചിത്രത്തിനുവേണ്ടി അദ്ദേഹം കുറിച്ച “കന്നിക്കതിരാടും നാൾ…” എന്ന ഗാനമാണ് ചലച്ചിത്ര ലോകത്തേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ ചുവടുവെപ്പ്. ഈ ചിത്രത്തിൽ ഒരു അഭിനേതാവായും അദ്ദേഹം വെള്ളിത്തിരയിൽ തെളിഞ്ഞു.
മെരിലാന്റിന്റെ ഇഷ്ടഗാന രചയിതാവായിരുന്നു മാധവൻ നായർ. കേരളത്തിലെ രണ്ടാമത്തെ ചലച്ചിത്ര നിർമ്മാണശാലയായ മെരിലാന്റ് സ്റ്റുഡിയോയുടെ ആദ്യ ചിത്രമായിരുന്നു ‘ആത്മസഖി.’ മെരിലാന്റിന്റെ സ്ഥാപകനായ പി സുബ്രഹ്മണ്യവുമായി ഹൃദയബന്ധം സ്ഥാപിച്ച തിരുനയിനാർകുറിച്ചി, പിന്നീട് ആ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച നിരവധി ചിത്രങ്ങൾക്ക് ഗാനങ്ങൾ രചിച്ചു. പാടാത്ത പൈങ്കിളി, പൊൻകതിർ, അവകാശി, ആന വളർത്തിയ വാനമ്പാടി തുടങ്ങിയ ചിത്രങ്ങളിലെ മനോഹര ഗാനങ്ങൾ അദ്ദേഹത്തിന്റെ തൂലികയിൽ നിന്ന് പിറന്നവയാണ്. 26 ചലച്ചിത്രങ്ങളിലായി 241 ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു. ഈ ഗാനങ്ങളിൽ പലതിനും ബ്രദർ ലക്ഷ്മണൻ ഈണം പകരുകയും ഭൂരിഭാഗം ഗാനങ്ങളും കമുകറ പുരുഷോത്തമൻ ആലപിക്കുകയും ചെയ്തു.

കുറച്ചുകാലം ‘മുരളി’ എന്ന തൂലികാനാമത്തിലും ഗാനങ്ങൾ എഴുതിയിരുന്നു. ദേശഭക്തി തുളുമ്പുന്ന നിരവധി ഗാനങ്ങളും അദ്ദേഹത്തിന്റെ സംഭാവനയായി മലയാളത്തിന് ലഭിച്ചു. കേന്ദ്രസർക്കാരിന്റെ ഗാനമുരളി അവാർഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഉമ്മിണിത്തങ്ക, കണ്ണുനീരിന്റെ കാവ്യം തുടങ്ങിയ കാവ്യസമാഹാരങ്ങളും കൈരളിക്കു കാഴ്ചവെച്ചു. കറുത്ത കൈ, കാട്ടുമൈന എന്നീ ചിത്രങ്ങൾക്ക് തിരക്കഥയും രചിച്ചിട്ടുണ്ട്.
അമ്മാവന്റെ മകളായ സ്നേഹലതയായിരുന്നു തിരുനയിനാർകുറിച്ചിയുടെ ആദ്യ ഭാര്യ. പിന്നീട് പൊന്നമ്മ എന്ന സ്ത്രീയെ അദ്ദേഹം വിവാഹം കഴിച്ചു. ജയശ്രീയാണ് മകൾ. 1965 ഏപ്രിൽ ഒന്നിന്, കാൻസർ രോഗബാധയെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ വച്ച് തിരുനയിനാർകുറിച്ചി മാധവൻ നായർ അന്തരിച്ചു. അന്ന് അദ്ദേഹത്തിന് 49 വയസ്സ് മാത്രമായിരുന്നു പ്രായം. മലയാളത്തിന് ഒരുപാട് സംഭാവനകൾ നൽകാൻ ശേഷിയുണ്ടായിരുന്ന ഒരു പ്രതിഭയുടെ അകാല വിയോഗം ഒരു തീരാനഷ്ടമായി.

Kerala State - Students Savings Scheme

TOP NEWS

December 8, 2025
December 8, 2025
December 8, 2025
December 8, 2025
December 8, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.