16 March 2025, Sunday
KSFE Galaxy Chits Banner 2

വടക്കൻപാട്ടിന്റെ വാമൊഴിത്താളം

അനില്‍കുമാര്‍ ഒഞ്ചിയം
March 16, 2025 7:00 am

പൂമാതെ പൊന്നമ്മ പാട്ട്വാട്യാല്
പൂവിനുമണമുണ്ടാം തേനുണ്ടാവും
പൂമാതെ പൊന്നമ്മ പാട്ട്വാട്യാല്
ഏക്കംകൊരമാറും ബീക്കം ചായും
പൂമാതെ പൊന്നമ്മ പാട്ട്വാട്യാല്
കണ്ണില് നെറയല്ലോ കണ്ണുനീര്
മാറത്തൊഴുകുന്നത് ചോരത്തുള്ളി
പൂമാതെ പൊന്നമ്മ പാട്ട്വാട്യാല്
പൊത്തിലെ പാമ്പും തലമടക്കും
കരയുന്ന കുഞ്ഞൻ മണിഞ്ഞൊറങ്ങും
ഉണക്ക് മരംപൊട്ടി പാലൊഴുകും
പൂമാതെ പൊന്നമ്മ പാട്ട്വാട്യാല്
പച്ചമരത്തിന്റിലപൊഴിയും
വെങ്ങലത്ത് പാറയലിഞ്ഞുപോകും…

പൂമാതൈ പൊന്നമ്മ എന്ന അടിയാളപ്പെണ്ണിന്റെ ഹൃദ്യമായ പാട്ടിനെ ഇത്തരത്തിൽ പ്രകീർത്തിച്ചുകൊണ്ടാണ് ‘പൂമാതൈ പൊന്നമ്മ’ എന്ന വടക്കൻപാട്ട് ആരംഭിക്കുന്നത്. ഒരുകാലത്ത് വടക്കൻ മലബാറിൽ നോക്കെത്താ ദൂരത്തോളം വ്യാപിച്ചുകിടന്ന വയലേലകളിൽ രാപകൽ ജോലിചെയ്തിരുന്ന കർഷകത്തൊഴിലാളികൾ അവരുടെ ജോലിക്കിടെ നീട്ടിപ്പാടിയിരുന്ന ഇത്തരം വായ്പ്പാട്ടുകൾ ഇന്ന് പുതുതലമുറയ്ക്ക് അന്യമാണ്. എന്നാൽ കാലങ്ങൾക്കതീതമായി പോയകാലത്തിന്റെ സ്മരണകളുണർത്തി വടക്കൻപാട്ടുകൾ ഇന്നും പഴയതലമുറകളിൽപ്പെട്ടവരുടെ മനസുകളിൽ അലയടിക്കുന്നു. 

വായ്മൊഴികളുടെ നിലയ്ക്കാത്ത പ്രവാഹമാണ് വടക്കൻ പാട്ടുകൾ. പോയകാലത്തെ ഒരു ജനതയുടെ ആത്മനാദമായിരുന്നു അവ. പാട്ടുകാരുടെ നാവിൻ തുമ്പത്ത് വിരിയുന്ന ഗ്രാമ്യ ഭാഷാ പദങ്ങൾ കോർത്തിണക്കി അടിയാളർ പാടിയ വടക്കൻ പാട്ടുകൾ പക്ഷെ കേവലം വാക്കുകളെ വികാരങ്ങളിൽ ചാലിച്ചെടുത്തവ മാത്രമായിരുന്നില്ല, മറിച്ച് തങ്ങളുടെ ആത്മാംശത്തിലൂടെ പാട്ടിന് പ്രാണൻ പ്രദാനം ചെയ്തവയായിരുന്നു. അതുകൊണ്ടാണ് വടക്കൻ പാട്ടുകൾ മണ്ണിന്റെ ഗന്ധമുള്ള ഗാനങ്ങളായിത്തീർന്നത്. വടക്കൻ പാട്ടുകളെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. പുത്തൂരം പാട്ടുകൾ, തച്ചോളി പാട്ടുകൾ, ഒറ്റ പാട്ടുകൾ എന്നിവയാണവ. പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന യോദ്ധാക്കൾക്ക് പേരുകേട്ട പുത്തൂരം വീട്ടുകാരെ പറ്റിയുള്ളവയാണ് പുത്തൂരം പാട്ടുകൾ. വടക്കൻ പാട്ടുകളിലെ പുത്തൂരം പാട്ടുകളും തച്ചോളി പാട്ടുകളും കടത്തനാടിന്റെ സ്വന്തമാണ്. വടക്കേ മലബാറിലെ കടത്തനാട്, കോലത്തുനാട്, വയനാട് തുടങ്ങിയ പ്രദേശങ്ങളിലെ കളരി അഭ്യാസങ്ങൾക്ക് പേരുകേട്ട പുത്തൂരം, തച്ചോളി തുടങ്ങിയ തറവാടുകളിലെ അഭ്യാസികളുടെ ജീവചരിത്രവും അവരെ പ്രകീർത്തിക്കലും വടക്കൻ പാട്ടുകളിൽ ദർശിക്കാം. 

കൂട്ടായ്മയുടെ സംഗീതം
*********************
വിതയും കൊയ്ത്തും നാട്ടുവയലുകൾക്ക് ഇന്ന് അന്യമാണ്. എൺപതുകൾവരെ കേരളത്തിൽ നെൽക്കൃഷി മുഖ്യമായിരുന്നു. രാപകൽ പാടത്ത് പണിചെയ്തിരുന്ന കർഷകർ തങ്ങളുടെ ജോലിക്ക് ആശ്വാസം കിട്ടാനായി പാടിയിരുന്ന വടക്കൻപാട്ടുകൾ അക്കാലത്ത് കല്യാണ വീടുകളിലും അതേ ഈണത്തിൽ പാടിയിരുന്നു. രണ്ടുവട്ടം പൊലിപ്പിച്ച് പാടുന്ന പാട്ട് കേൾവിക്കാരെ ഏറെ ആകർഷിച്ചു. ഒരാൾ പാട്ടിന്റെ വരികൾ ആദ്യം മുൻപാട്ടായി പാടും. കൂടെയുളളവരെല്ലാം അതേറ്റുപാടും. അവർ അത് രണ്ടുവട്ടം പാടണം. മുൻപാട്ടുകാർ പാടുന്ന അതേ വരികൾതന്നെ പിൻപാട്ടുകാർ രണ്ടുവട്ടം പൊലിപ്പിച്ചു പാടുന്നു. വിവാഹം പോലുള്ള ചടങ്ങുകൾക്ക് ഒരുകാലത്ത് അമ്മിയിലായിരുന്നു തേങ്ങയരച്ചിരുന്നത്. സ്ത്രീകൾ കൂട്ടമായി അരക്കുമ്പോൾ നാട്ടിപ്പാട്ടിന്റെ അതേ ഈണത്തിൽ പാടും. പത്തും നാല്പതും കർഷകത്തൊഴിലാളികൾ ഒന്നിച്ച് ഒരേ ഈണത്തിൽ പാടുന്നത് അക്കാലത്ത് വടക്കൻ മലബാറിലെ പതിവ് കാഴ്ചയായിരുന്നു. വടക്കൻപാട്ട് കൂട്ടായ്മയുടെ സംഗീതമാണ്. വായ്മൊഴിയായി പകർന്നുകിട്ടിയ വടക്കൻ പാട്ടുകൾ പാണൻമാരാണ് പാടിയതെന്നത് തെറ്റായ നിഗമനമാണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. തൊഴിൽപരമായ പാട്ടുകളുടെ ഗണത്തിൽപ്പെടുന്നവയാണ് വടക്കൻപാട്ടുകളിൽ അധികവും. 

വടക്കൻ പാട്ടിലെ വീരനായകൻമാർ
**********************************
രേഖപ്പെടുത്തപ്പെട്ടതിനേക്കാൾ എത്രയോ കൂടുതലാണ് നമ്മുടെ നാടിന്റെ എഴുത്തപ്പെടാത്ത ചരിത്ര സത്യങ്ങൾ. മനുഷ്യപരിണാമ ചരിത്രങ്ങളിൽ പോലും ഈ അപൂർണത ദർശിക്കാം. നാടിന്റെ നൻമയ്ക്കും സാമൂഹ്യനീതിക്കുംവേണ്ടി പോരാടി ജീവിതം ഹോമിച്ച എത്രയോ മഹാരഥൻമാർ. ഇവരിൽ പലരും ഇന്നും ചരിത്രത്തിന് പുറത്താണ്. കേരളത്തിലും ഇത്തരത്തിലുള്ള നിരവധി പേർ. നാടിനും നാട്ടുകാർക്കുംവേണ്ടി ജീവിച്ച ഇത്തരം വീരൻമാർ പലരും പിന്നീട് വായ്മൊഴിപ്പാട്ടുകളിലൂടെ ജീവിച്ചു. അവരുടെ വീര സാഹസിക കഥകൾ വായ് മൊഴിയായി തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. ഇത്തരത്തിൽ വടക്കൻ മലബാറിലും ഒട്ടേറെ ചരിത്ര പുരുഷൻമാർമാരും വീരാംഗനകളുമുണ്ട്. നാട്ടിൽ നടക്കുന്ന അനീതികൾക്കും അക്രമങ്ങൾക്കുമെതിരെ പടപൊരുതി വീരചരമം പ്രാപിച്ച അവരെ തലമുറകളിലൂടെ ജനം നെഞ്ചേറ്റി. ഇത്തരത്തിൽ പുകൾപെറ്റ വീരൻമാരുടെ കഥകളാണ് വടക്കൻപാട്ടുകളിലൂടെ ഇന്നും നാട് സ്മരിക്കുന്നത്. തച്ചോളി ഒതേനനും പയ്യംവെള്ളി ചന്തുവും ഉണ്ണിയാർച്ചയും മതിലേരിക്കന്നിയും ആരോമലും മതിലൂർ ഗുരിക്കളുമെല്ലാം ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്നത് ഇത്തരം വടക്കൻ പാട്ടുകളുടെ ചാരുതയിലൂടെയാണ്. ഇത്തരം വീര നായകരിൽ പലരും പിന്നീട് തെയ്യങ്ങളായി രൂപാന്തരം പ്രാപിച്ചിട്ടുമുണ്ട്. ജനങ്ങൾക്ക് അവരോടുള്ള വീരാരാധനയാണ് ഇതിലൂടെ വെളിപ്പെടുന്നത്. തച്ചോളി ഒതേനനും ചന്തുവുമെല്ലാം തെയ്യങ്ങളായി മാറി. വടക്കൻപാട്ടിലൂടെ ശ്രദ്ധേയമായ ലോകനാർകാവും തച്ചോളി മാണിക്കോത്ത് ക്ഷേത്രവുമെല്ലാം ഇത്തരം വീരനായകൻമാരുടെ സ്മരണകളുണർത്തുന്നവയാണ്. 

വടക്കൻപാട്ടുകളുടെ വീണ്ടെടുപ്പ്
******************************
വടക്കൻപാട്ടുകളുടെ വീണ്ടെടുപ്പിനായി ഒട്ടേറെപ്പേർ കാലങ്ങളായി പ്രയത്നിച്ചിട്ടുണ്ട്. അജ്ഞാതകർതൃകൃതമായ വടക്കൻപാട്ടുകൾ വായ്മൊഴിയായി ഹൃദിസ്ഥമാക്കിയവരിൽ പലരും ഇന്ന് മൺമറഞ്ഞുപോയി. ഇങ്ങനെ പല പാട്ടുകളും തിരിച്ചുകിട്ടാത്തവിധം നഷ്ടപ്പെട്ടിട്ടുമുണ്ട്. വടക്കൻപാട്ടിന്റെ കുലപതിയായി അറിയപ്പെടുന്ന ടി എച്ച് കുഞ്ഞിരാമൻ നമ്പ്യാർ, വടക്കൻപാട്ട് സമ്പാദകൻ എം കെ പണിക്കോട്ടി, കടത്തനാട്ടിന്റെ പ്രിയകവി വി ടി കുമാരൻ മാസ്റ്റർ, ജി ഭാർഗവൻ പിള്ള, മൂടാടി ദാമോദരൻ മാസ്റ്റർ തുടങ്ങിയവരുടെ പ്രയത്നത്താൽ ഒട്ടേറെ വടക്കൻ പാട്ടുകൾ ശേഖരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇങ്ങനെ ശേഖരിക്കാൻ കഴിഞ്ഞവയിൽ പ്രസിദ്ധമായവ മാത്രമല്ല, അധികമാരും അറിയപ്പെടാത്തതും ഏറെയുണ്ട്. കഴിഞ്ഞ അരനൂറ്റാണ്ടുകാലമായി വടക്കൻപാട്ട് എന്ന കലയുടെ വീണ്ടെടുപ്പിനായി പ്രയത്നിക്കുകയാണ് ഒഞ്ചിയം പ്രഭാകരൻ എന്ന കലാകാരൻ. വടക്കൻ പാട്ട് അവതാരകനും പ്രഭാഷകനുമെല്ലാമായി കടത്തനാട്ടിലും കേരളത്തിലുടനീളവും അദ്ദേഹം സജീവമാണ്. 1984 മുതൽ കോഴിക്കോട് ആകാശവാണി, തിരുവനന്തപുരം ദൂരദർശൻ കേന്ദ്രം എന്നിവിടങ്ങളിൽ ഉൾപ്പെടെ വടക്കൻ പാട്ടുകൾ അവതരിപ്പിച്ചുവരുന്നു. വടക്കൻ പാട്ടുകൾ അതിന്റെ തനത് ശൈലിയും ഈണവും ചോരാതെയാണ് അവതരിപ്പിക്കുന്നത്. മറ്റു നാടൻ പാട്ടുകളിൽ നിന്നും വ്യത്യസ്തമായി ഒഞ്ചിയം പ്രഭാകരന്റെ വടക്കാൻ പാട്ടുകൾക്ക് കോഴിക്കോട് ആകാശവാണി നിലയം അരമണിക്കൂർ അവതരണാനുമതി അനുവദിച്ചതും ആദ്യമായാണ്. വടക്കൻ പാട്ടുകളുടെ തുടക്കം പൊതുവേദികളിലൂടെയായിരുന്നു. പ്രാദേശിക വേദികൾക്കു പുറമെ കോഴിക്കോട് ഗാന്ധിഗൃഹം, ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയം തുടങ്ങിയ വേദികളിലെല്ലാം വടക്കൻപാട്ടുകൾ അവതരിപ്പിച്ച് ജനശ്രദ്ധ പിടിച്ചുപറ്റി.
വടക്കൻ പാട്ടുകൾ അതിന്റെ തനത് ശൈലി കൈവിടാതെ പാട്ടിലെ വായ്മൊഴി വരികൾക്ക് കൂടുതൽ വ്യക്തത കൈവരിച്ചുകൊണ്ടും ചെകിടടപ്പൻ സംഗീതോപകരണങ്ങളുടെ അകമ്പടി ഇല്ലാതെയും എന്നാൽ പുതുതലമുറയ്ക്കുപോലും സ്വീകാര്യമാകുന്ന തരത്തിലുള്ള അവതരണ രീതി അവലംബിച്ചുകൊണ്ടുമാണ് ഒഞ്ചിയം പ്രഭാകരൻ വടക്കൻ പാട്ടുകൾ അവതരിപ്പിക്കുന്നത്. പാടിപ്പതിഞ്ഞ ഒട്ടേറെ വടക്കൻ പാട്ടുകൾ ഇതിനകം കാസറ്റ് രൂപത്തില്ലും ഓഡിയോ- വീഡിയോ സീഡികളിലൂടെയും പുറത്തിറക്കിയിട്ടുണ്ട്. തച്ചോളി ഒതേനൻ, മതിലേരിക്കന്നി, കുഞ്ഞിത്താലു എന്നിവയുടെ ഓഡിയോ സിഡികളും തച്ചോളി ഒതേനൻ പൊന്ന്യം പടയ്ക്കു പോകുന്ന ഭാഗം വടക്കൻ പാട്ട് (ഡോക്യുമെന്ററി) ഓഡിയോ വിഷ്വൽ സിഡിയും മലയാളികൾ സഹർഷം സ്വീകരിച്ചു. വടക്കൻ പാട്ടിന്റെ പിൻബലത്തോടെ കളരിയുടെ മഹത്വം, വടക്കൻ പാട്ടുകളുടെ പ്രസക്തി എന്നിവ വാനോളം ഉയർത്തിയ ഒരു ഹ്രസ്വ ചിത്രമായിരുന്നു ഒഞ്ചിയം പ്രഭാകരൻ സംവിധാനം ചെയ്ത് 2018 ൽ പുറത്തിറങ്ങിയ ‘പൊയ്ത്ത്.’ ആയുസ് ആയുധത്തലപ്പിൽ ഹോമിച്ച വീരനായകൻമാർക്കുംനായകനായ തച്ചോളി ഒതേനന്റെ പൊന്ന്യം പടയൊരുക്കമായിരുന്നു ഇതിന്റെ ഇതിവൃത്തം. ഏറ്റവും നല്ല ഹ്രസ്വ ചിത്രം, മികച്ച സംവിധായകൻ, മികച്ച ബാലനടൻ എന്നിവ ഉൾപ്പെടെ നാല് സംസ്ഥാന അവാർഡുകളും സീബ്ര ഇന്റർ നാഷണൽ ഫിലിംഫെസ്റ്റിവെലിൽ അഞ്ച് ദേശീയ പുരസ്കാരങ്ങളും പൊയ്ത്ത് കരസ്ഥമാക്കി.
കേരള കൾച്ചറൽ ഹെറിറ്റേജ് ഫോറത്തിന്റെ സാംസ്കാരിക പൈതൃക പുരസ്കാരം-2018, ആയോധനകലയുടെ കീർത്തി ലോകത്തിനു മുന്നിൽ എത്തിച്ച ഹ്രസ്വ ചലച്ചിത്രകാരൻ എന്ന നിലയിൽ 2019ലെ പൊന്ന്യത്തങ്കം പരിപാടിയിൽ കേരള ഫോക് ലോർ അക്കാദമിയുടെ ആദരം എന്നിവ ലഭിച്ചു. വടക്കൻ പാട്ട് രംഗത്തെ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് കേരള ഫോക് ലോർ അക്കാദമി കഴിഞ്ഞ വർഷം ഗുരുപൂജാ പുരസ്കാരം സമ്മാനിച്ച് അദ്ദേഹത്തെ ആദരിച്ചു. ഒഞ്ചിയം പ്രഭാകരൻ രചിച്ച ‘വടക്കൻ പാട്ടുകളിലെ ചരിത്ര സ്വാധീനം’ എന്ന സമഗ്ര പഠന ഗ്രന്ഥവും ഫോക് ലോർ അക്കാദമി പ്രസിദ്ധീകരിച്ചിട്ടുണ്ട്. വടക്കൻ പാട്ടുകളെ ആധാരമാക്കിയുള്ളതുൾപ്പെടെ 12 നാടകങ്ങൾ വടകര രംഗശ്രീയുടെ ബാനറിൽ ഒഞ്ചിയം പ്രഭാകരൻ സംവിധാനം ചെയ്തിട്ടുണ്ട്. കുഞ്ഞിത്താലു, ലോകനാർ കാവിലമ്മ സാക്ഷി, കടത്തനാട്ട് തമ്പുരാൻ എന്നിവ ഈ നാടകങ്ങളിൽ ഉൾപ്പെടുന്നു. കുഞ്ഞിത്താലു എന്ന വടക്കൻപാട്ടിന്റെ നാടകാവിഷ്കാരം നിർവ്വഹിച്ചതും ഒഞ്ചിയം പ്രഭാകരനാണ്. 

1968 മുതൽ ആരംഭിച്ച അമേച്വർ നാടക സംവിധാനത്തിനു പുറമെ ഒട്ടേറെ തെരുവുമൂല നാടകങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ഓർക്കാട്ടേരി ഗവ. ഹൈസ്കൂളിലെ നാടകത്തിൽ ഏറ്റവും നല്ല നടനുള്ള പുരസ്കാരം നേടിയായിരുന്നു നാടക രംഗത്തേക്കുള്ള ചുവടുവയ്പ്. ഓർക്കാട്ടേരി കൈരളി കലാനിലയത്തിലൂടെ കലാരംഗത്ത് ചുവടുറപ്പിച്ച ഒഞ്ചിയം പ്രഭാകരൻ തുടർന്ന് നാടക നടനായും സംവിധായകനായും കലാ-സാംസ്കാരിക മേഖലകളിൽ സജീവമായി. അമേച്വർ നാടകങ്ങൾ അരങ്ങുവാണ എൺപതുകളിൽ വടകര താലൂക്കിലെ നിരവധി കലാസമിതികൾക്കുവേണ്ടി അദ്ദേഹം നാടകങ്ങൾ സംവിധാനം ചെയ്തു. ഓർക്കാട്ടേരി കൈരളി കലാനിലയം, കുന്നുമ്മക്കര ഗ്രാമീണ കലാസമിതി, വെള്ളികുളങ്ങര കലാസമിതി, ഒ പി ഏ സി ഒഞ്ചിയം, ഒഞ്ചിയം രക്തസാക്ഷി സ്മാരക കലാസമിതി, കലാ കക്കാട് തുടങ്ങിയ പ്രാദേശിക സമിതികളിലൂടെ നൂറുകണക്കിന് നാടകങ്ങളാണ് ഇങ്ങനെ പിറവിയെടുത്തത്. 

പടം.…
ഒഞ്ചിയം പ്രഭാകരൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.