22 June 2024, Saturday

Related news

June 20, 2024
June 20, 2024
June 20, 2024
June 19, 2024
June 19, 2024
June 12, 2024
June 12, 2024
June 12, 2024
June 12, 2024
June 12, 2024

ജസ്പ്രീത് ബുംറ വീഴ്ത്തി; പാക്കിസ്ഥാന് ഇന്ത്യയ്ക്കെതിരെ തോല്‍വി

Janayugom Webdesk
ന്യൂയോര്‍ക്ക്
June 10, 2024 12:15 am

ബാറ്റിങ് ദുഷ്കരമായ നാസൗ കൗണ്ടി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്ത്യ 119 റണ്‍സിന് ഓള്‍ഔട്ടായതോടെ ക്രിക്കറ്റ് നിരൂപകരും എതിരാളികളും ജയം പാകിസ്ഥാനൊപ്പമാണെന്ന് ഉറപ്പിച്ചു. മറുപടി ബാറ്റിങ്ങില്‍ 14 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സുമായി പാകിസ്ഥാന്‍ മുന്നേറുമ്പോള്‍ പാക് ആരാധകര്‍ വിജയാഘോഷം തുടങ്ങിയിരുന്നു. മത്സരത്തിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്പോര്‍ട്സ് ഈ സമയം വിജയസാധ്യത പ്രവചിക്കുന്ന വിന്‍ പ്രഡിക്ടറില്‍ ഇന്ത്യക്ക് എട്ട് ശതമാനവും പാകിസ്ഥാന് 92 ശതമാനവും ആയിരുന്നു. പിന്നീട് നടന്നത് ചരിത്രം. വിധിയെപോലും മാറ്റിയെഴുതിയ നിമിഷമായിരുന്നു ന്യൂയോര്‍ക്കിലെ സ്റ്റേഡിയത്തില്‍ കണ്ടത്.
15–ാം ഓവറിൽ ജസ്പ്രീത് ബുംറ പന്തെറിയാനെത്തുമ്പോൾ 36 പന്തിൽ വെറും 40 റൺസായിരുന്നു പാകിസ്ഥാന്റെ ലക്ഷ്യം. മുഹമ്മദ് റിസ്‌വാൻ (43 പന്തിൽ 31) ക്രീസിലുണ്ടായിരുന്നു. പക്ഷേ ബാറ്ററുടെ കണക്കൂട്ടലുകൾ തെറ്റിച്ച് പറന്ന ഒരു ഇൻസ്വിങ്ങിറിലൂടെ ബുംറ ആദ്യം റിസ്‌വാന്റെ വിക്കറ്റ് വീഴ്ത്തി. റിസ്‌വാന്റെ സ്റ്റമ്പിളക്കിയപ്പോള്‍ അതുവരെ മൂകമായിരുന്ന നാസൗ കൗണ്ടി സ്റ്റേഡിയം അക്ഷരാര്‍ത്ഥത്തില്‍ പൊട്ടിത്തെറിച്ചു. തുടർന്നുള്ള അഞ്ച് പന്തുകളിൽ വിട്ടുനിൽ‌കിയത് മൂന്ന് റൺസ് മാത്രം. 

ഇതോടെ വിജയമാഘോഷിക്കാനിരുന്ന പാകിസ്ഥാന്‍ ശരിക്കും വിറച്ചുതുടങ്ങിയിരുന്നു. റിസ്‌‌വാന്‍ പുറത്തായതിന് പിന്നാലെ പാകിസ്ഥാന്‍ ബാക്ക് ഫൂട്ടിലായതോടെ വിന്‍ പ്രഡിക്ടറിലും മാറ്റം വന്നു. ഇന്ത്യയുടെ സാധ്യത 16 ശതമാനമായി. പിന്നീട് പടി പടിയായി 18-ാം ഓവറെത്തുമ്പോഴേക്കും ഇന്ത്യയുടെ സാധ്യത 42 ശതമാനമായി. ബുംറയെ 19–ാം ഓവറിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ വീണ്ടും പന്തേല്പിച്ചു. രണ്ട് ഓവറിൽ 21 റൺസായിരുന്നു അപ്പോൾ പാകിസ്ഥാന്റെ ലക്ഷ്യം. ഒടുവില്‍ അര്‍ഷ്ദീപ് സിങ്ങിന്റെ അവസാന ഓവറില്‍ ജയിക്കാന്‍ 18 റണ്‍സ് വേണ്ടിയിരുന്ന പാകിസ്ഥാന്‍ ആറ് റണ്‍സകലെ വീണപ്പോള്‍ കളിയുടെ ഗതി തിരിച്ചത് ജസ്പ്രീത് ബുംറയായിരുന്നു.
പാകിസ്ഥാനെ ഈ ലോകകപ്പിൽ പ്രതിസന്ധിയുടെ കയത്തിലേക്ക് തള്ളിയിട്ട ഇന്ത്യൻ വിജയം ബൗളർ മാർ തുന്നിയ വിജയമെന്ന് ഉറപ്പിക്കുമ്പോഴും ബുംറയ്ക്കൊപ്പവും ഹാർദിക്കിനൊപ്പവും വിജയത്തിന്റെ ക്രെഡിറ്റ് നൽകേണ്ട താരമാണ് റിഷഭ് പന്ത്. ഒരറ്റത്ത് കൃത്യമായ ഇടവേളയിൽ തുടരെ വിക്കറ്റുകൾ നഷ്ടമായി കൂട്ടാളികളില്ലാതെയാകുമ്പോഴും തന്റെ തനത് ശൈലിയിൽ ബാറ്റ് വീശി 42 റൺസ് നേടിയ പന്ത് ഇന്ത്യയുടെ വിജയത്തിൽ നിര്‍ണായക സംഭാവന തന്നെയാണ് നല്‍കിയത്. വിക്കറ്റിന് പിന്നിലും പന്ത് മൂന്ന് ക്യാച്ചുകളുമായി തിളങ്ങി. 

നേരത്തെ ഒരോവര്‍ ബാക്കിനില്‍ക്കെയാണ് 119 റണ്‍സില്‍ ഇന്ത്യ കൂടാരത്തില്‍ തിരിച്ചെത്തിയത്. 42 റണ്‍സെടുത്ത റിഷഭ് പന്തിന്റെ ഇന്നിങ്‌സ് ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ 100 റണ്‍സ് പോലും തികയ്ക്കില്ലായിരുന്നു. 31 പന്തുകള്‍ നേരിട്ട പന്ത് ആറു ഫോറുകളടിച്ചു. നാലാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്യപ്പെട്ട അക്സര്‍ പട്ടേല്‍ (20), നായകന്‍ രോഹിത് ശര്‍മ്മ (13) എന്നിവരാണ് രണ്ടക്കത്തിലെത്തിയ മറ്റുള്ളവര്‍. വിരാട് കോലി (4) ഒരിക്കല്‍ക്കൂടി ഓപ്പണിങ് റോളില്‍ പരാജയമായപ്പോള്‍ സൂര്യകുമാര്‍ യാദവ് (7), ശിവം ദുബെ (3), ഹാര്‍ദിക് പാണ്ഡ്യ (7), രവീന്ദ്ര ജഡേജ (0), അര്‍ഷ്ജദീപ് സിങ് (9), ജസ്പ്രീത് ബുംറ (0), മുഹമ്മദ് സിറാജ് (7*) എന്നിവര്‍ക്കൊന്നും കാര്യമായ സംഭാവന നല്‍കാനായില്ല. ഇന്ത്യന്‍ നിരയില്‍ ഏഴ് താരങ്ങളാണ് ഇരട്ടയക്കം കാണാതെ പുറത്തായത്. ഇതില്‍ രണ്ട് താരങ്ങള്‍ ഗോള്‍ഡന്‍ ഡക്കുമായിരുന്നു. 

രവീന്ദ്ര ജഡേജയും ജസ്പ്രീത് ബുംറയുമാണ് ഫസ്റ്റ് ബോള്‍ ഡക്കായി മടങ്ങിയത്. മുഹമ്മദ് ആമിറിന്റെ പന്തില്‍ ഇമാദ് വസീമിന് ക്യാച്ച് നല്‍കി ജഡേജ മടങ്ങിയപ്പോള്‍ ഹാരിസ് റൗഫിന്റെ പന്തിലാണ് ബുംറ പുറത്തായത്. ഇമാദ് വസീം തന്നെയാണ് ഇത്തവണയും ക്യാച്ച് കൈപ്പിടിയിലൊതുക്കിയത്. പാകിസ്ഥാനായി നസീം ഷായും ഹാരിസ് റൗഫും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ മുഹമ്മദ് ആമിര്‍ രണ്ടും ഷഹീന്‍ അഫ്രിദി ഒരു വിക്കറ്റും നേടി. 120 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമാണ് പാകിസ്ഥാന് ഇന്ത്യ നല്‍കിയത്. മറുപടിയില്‍ ഉജ്വല ബൗളിങ്ങിലൂടെ പാക് പടയെ ഇന്ത്യ വരിഞ്ഞുകെട്ടി. ഏഴു വിക്കറ്റിനു 117 റണ്‍സെടുക്കാനേ പാകിസ്ഥാന് കഴിഞ്ഞുള്ളൂ. 31 റണ്‍സെടുത്ത ഓപ്പണറും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് റിസ്‌വാനാണ് പാക് ടീമിന്റെ ടോപ്‌സ്‌കോററായത്. മറ്റാരെയും 15ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല.

Eng­lish Summary:
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.