5 December 2025, Friday

സച്ചിക്ക് ജയന്റെ ഗുരുദക്ഷിണ

സി രാജ
November 30, 2025 3:06 am

“സിനിമ അതതു ദിവസത്തെ പാക്കേജാണ്. നമ്മളതിന്റെ പാര്‍ട്ടാകുന്നില്ല അതെത്ര ദിവസമെന്ന് പറയാവുന്ന കളിയല്ല. പക്ഷേ കലയും രാഷ്ട്രീയവും സമൂഹവുമൊക്കെയുള്ള നല്ല സിനിമകള്‍ ഉണ്ടാകാന്‍ ഇപ്പോള്‍ പറ്റും. വിജയം കൊണ്ടുള്ള ചെറിയൊരു ഗുണം അതാണ്.” എഴുത്തിലെ വ്യത്യസ്തത കൊണ്ടും സംവിധാന മികവുകൊണ്ടും മലയാളിയെ അത്ഭുതപ്പെടുത്തിയ കെ ആര്‍ സച്ചിദാനന്ദന്‍ എന്ന സച്ചി ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന്റെ വിജയത്തിനുശേഷം പറഞ്ഞ വാക്കുകളാണിവ. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കവെ മരണം കാര്‍ന്നെടുത്ത പ്രതിഭാശാലി. മരണത്തിലേക്ക് നടന്നടുക്കുമ്പോഴും സച്ചിക്ക് ഒരു കരുതലുണ്ടായിരുന്നു, ഒരു സ്വപ്നമുണ്ടായിരുന്നു. തുടക്കം മുതല്‍ തന്നോടൊപ്പം കൂടിയ സന്തതസഹചാരിയായ ചെറുപ്പക്കാരനെ കൈപിടിച്ചുയര്‍ത്തണമെന്ന്, തന്റെ കൈപ്പടയിലൂടെ അയാളും മലയാള സിനിമയുടെ ചരിത്രത്തില്‍ ഇടം പിടിക്കണമെന്ന്.പട്ടാമ്പിയിലെ തിരുമിറ്റക്കോട് എന്ന ഗ്രാമത്തില്‍ നിന്നും സിനിമയെ ഇഷ്ടപ്പെട്ട്, ഫോട്ടോഗ്രാഫിയെ സ്നേഹിച്ച ഒരു യുവാവ്. പഠനശേഷം പൂനെയില്‍ ഛായാഗ്രഹണം പഠിക്കാന്‍ വണ്ടി കയറി. പഠനം പൂര്‍ത്തിയാക്കാനായില്ല. തിരുവനന്തപുരത്തെത്തി ഛായാഗ്രഹണത്തെക്കുറിച്ച് കൂടുതല്‍ പഠിച്ചു.

 

സിനിമയെ സ്നേഹിച്ചുള്ള ആ യാത്രയില്‍ തേടിയെത്തിയ വേഷം സഹസംവിധായകന്റേതായിരുന്നു. വയലാര്‍ മാധവന്‍ കുട്ടിയുടെ സീരിയലില്‍ സഹസംവിധായകനായി. തുടര്‍ന്ന് ജിയെന്‍ കൃഷ്ണകുമാറിനൊപ്പം സിനിമയില്‍. കോളജ് ഡേയ്സ്, ടിയാന്‍, കാഞ്ചി തുടങ്ങിയ സിനിമകളില്‍. അതിനുശേഷം ഒഴിമുറി, ഇതിഹാസം, 100 ഡെയ്സ് ഓഫ് ലവ്, കരിങ്കുന്നം സിക്സ്സ് ലൂസിഫര്‍, ബ്രോ ഡാഡി, പണി ഇങ്ങനെ മറ്റു പല സിനിമകളിലും സംവിധാനത്തിന് ഭാഗഭാക്കായി. പക്ഷേ ജയന്‍ നമ്പ്യാര്‍ എന്ന ചെറുപ്പക്കാരന്റെ ജീവിതത്തെയും സിനിമാ കാഴ്ചപ്പാടുകളെയും മാറ്റിമറിച്ചത് സച്ചി എന്ന പ്രതിഭയുമായുള്ള കൂടിക്കാഴ്ചയായിരുന്നു.
2015–2016 വേളയില്‍ അനാര്‍ക്കലിയുടെ പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ കൊച്ചിയില്‍ നടക്കുന്ന സമയം. അവിടെവച്ചാണ് ജയന്‍ നമ്പ്യാര്‍ സച്ചിയെ ആദ്യമായി പരിചയപ്പെടുന്നത്. പരിചയപ്പെട്ട് രണ്ടാമത്തെ ദിവസം സച്ചി ഒരു വാക്ക് പറഞ്ഞു. നിന്റെ ആദ്യ സിനിമ എഴുതാന്‍ പോകുന്നത് ഞാനാണെന്ന്. അത് വെറും വാക്കായിരുന്നില്ല. സിനിമകളിലേക്കുള്ള യാത്രയില്‍ വര്‍ഷങ്ങള്‍ കടന്നുപോയപ്പോള്‍ ജയന്‍ സച്ചിയുടെ ജീവിതത്തിന്റെ തന്നെ ഭാഗമായി. “നീ വേറെ സിനിമകള്‍ക്ക് ട്രൈ ചെയ്യരുത്, എന്നോടൊപ്പം ഉണ്ടാവണം. നിനക്കുള്ള കഥയും ആര്‍ട്ടിസ്റ്റുകളെയുമൊക്കെ ഞാന്‍ തരും.” സച്ചിയുടെ വാക്കുകള്‍ ഒരിക്കലും വെറും വാക്കുകളല്ല എന്നിയാവുന്ന ജയന് അത് പ്രതീക്ഷയുടെ പച്ചതുരുത്തായിരുന്നു.

എഴുത്തുകാരന്‍ ജി ആര്‍ ഇന്ദുഗോപന്റെ നോവല്‍ സിനിമയാക്കണമെന്ന ആഗ്രഹം സച്ചിക്ക് നേരത്തെ ഉണ്ടായിരുന്നു. 2017ല്‍ ‘അമ്മിണിപ്പിള്ള വെട്ടുകേസ്’ എന്ന ഇന്ദുഗോപന്റെ കഥ മാതൃഭൂമി ആഴ്ചപതിപ്പില്‍ വന്നപ്പോള്‍ അത് കഥയാക്കാന്‍ സച്ചി ഇന്ദുഗോപനെ വിളിച്ചിരുന്നു. എന്നാല്‍ ഇന്ദുഗോപന്‍ അത് മറ്റൊരാള്‍ക്ക് നല്‍കിയിരുന്നു. 2020ല്‍ ‘അയ്യപ്പനും കോശിയും’ ഹിറ്റായ വേളയില്‍ ഇന്ദുവിനു വീണ്ടും സച്ചിയുടെ വിളി വന്നു. മറയൂരിലെ മലമുകളില്‍ ഒരു ഗുരുവും കൊള്ളക്കാരനായ ശിഷ്യനും തമ്മില്‍ ഒരു അപൂര്‍വമായ ചന്ദനമരത്തിനുവേണ്ടി നടത്തുന്ന പോരാട്ടത്തിന്റെ കഥ പറയുന്ന ‘വിലായത്ത് ബുദ്ധ’ എന്ന ഇന്ദുവിന്റെ നോവല്‍ സിനിമയാക്കണമെന്ന ആഗ്രഹത്തോടെയായിരുന്നു ആ കോള്‍. മറുതലയ്ക്കല്‍ നടന്‍ പൃഥ്വിരാജുമുണ്ടായിരുന്നു. നിര്‍മ്മാതാവ് സന്ദീപ് സേനനോടും സംസാരിച്ചിട്ടായിരുന്നു ആ വിളി. ഇന്ദുഗോപന്‍ സമ്മതം മൂളുന്നതോടെ ‘വിലായത്ത് ബുദ്ധ’ സച്ചിയുടെ സ്വപ്നമാകുന്നു. ഇതേസമയം തന്നെ താന്‍ കൂടപ്പിറപ്പിനെപോലെ കരുതിയ ജയനുവേണ്ടി പൃഥ്വിരാജിനെ തന്നെ നായകനാക്കി സച്ചി മറ്റൊരു തിരക്കഥ എഴുതി തുടങ്ങിയിരുന്നു.
സച്ചി വിട പറഞ്ഞ് അഞ്ചുവര്‍ഷങ്ങള്‍ക്കിപ്പുറം സച്ചിയുടെ രണ്ടു സ്വപ്നങ്ങളും ഒരുമിച്ച് സാക്ഷാത്കരിക്കപ്പെട്ടു. സച്ചി സംവിധാനം ചെയ്യണമെന്ന് ആഗ്രഹിച്ച ‘വിലായത്ത് ബുദ്ധ’ ഇന്ന് തിയേറ്ററുകള്‍ കീഴടക്കുകയാണ്. തന്റെ തിരക്കഥയില്‍ ജയന്‍ നമ്പ്യാര്‍ സ്വതന്ത്ര സംവിധായകനാവണമെന്ന ആഗ്രഹം സഫലമായില്ലെങ്കിലും സച്ചിയുടെ സ്വപ്നമായ ‘വിലായത്ത് ബുദ്ധ’ കാലം ജയന് വേണ്ടി കരുതിവച്ചിരുന്ന സിനിമയായിരുന്നു. ഗുരുവിനുളള ഗുരുദക്ഷിണ.
‘വിലായത്ത് ബുദ്ധയെ’ക്കുറിച്ചും സച്ചിയെക്കുറിച്ചും സംവിധായകന്‍ ജയന്‍ നമ്പ്യാര്‍…

‘വിലായത്ത് ബുദ്ധ’യിലേക്ക്

‘അയ്യപ്പനും കോശിയും’ കഴിഞ്ഞ വേളയില്‍ എനിക്കായി ഒരു കഥയെഴുതുമ്പോള്‍ തന്നെയാണ് ‘വിലായത്ത് ബുദ്ധ’യിലേക്കും സച്ചിയേട്ടന്‍ കടക്കുന്നത്. ”നിന്റെ സിനിമ കഴിഞ്ഞിട്ട് എന്റെ സിനിമ” അങ്ങനെയായിരുന്നു പറഞ്ഞിരുന്നത്. എന്നോട് മറയൂരില്‍ പോയി നിന്ന് ലൊക്കേഷന്‍ ഒക്കെ പഠിച്ച് ഫുട്ടേജ് ഒക്കെ എടുത്തിട്ടുവാ എന്ന പറഞ്ഞു. ‘വിലായത്ത് ബുദ്ധയെ‘ക്കുറിച്ച് അദ്ദേഹത്തിന് മനസില്‍ വ്യക്തമായ ധാരണകളുണ്ടായിരുന്നു. അപ്പോഴാണ് കോവിഡ് വരുന്നത്. ആ സമയത്ത് ലോക്ഡൗണ്‍ ആയി. എനിക്ക് പോകാനും പറ്റിയില്ല. ഈ വേളയിലാണ് സച്ചിയേട്ടന്‍ ആശുപത്രിയിലാവുന്നതും സര്‍ജറി കഴിഞ്ഞ് വിട്ടുപിരിയുന്നതും.
സച്ചി ഏട്ടന്റെ വിയോഗം ജീവിതത്തില്‍ ഇരുട്ടുമൂടിയതുപോലായിരുന്നു. എന്തു ചെയ്യണമെന്ന് ഒരു രൂപവും കിട്ടാത്ത അവസ്ഥ. സച്ചി എന്ന മനുഷ്യനുമായി ഒരു സഹസംവിധായകന്‍ എന്ന ബന്ധമായിരുന്നില്ല എനിക്ക്. എനിക്ക് ഏട്ടനാണോ, സുഹൃത്താണോ, അച്ഛനാണോ എന്നൊന്നും അറിയാത്ത ഒരു ബന്ധം. തിരിച്ചും അങ്ങനെയായിരുന്നു. ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാവുമെങ്കിലും വച്ചുപുലര്‍‍ത്തില്ല. ഒരു കെട്ടിപ്പിടിക്കലില്‍ പിണക്കങ്ങള്‍ അവസാനിക്കും. അദ്ദേഹത്തെ എല്ലാവര്‍ക്കും അങ്ങനെ നിയന്ത്രിക്കാനാവില്ല. ചില ശീലങ്ങളും ഉണ്ടായിരുന്നു. ഞാനത് എതിര്‍ക്കുമ്പോള്‍ പറയും, നീ എന്റെ അച്ഛനാവണ്ടെന്ന്. ഞങ്ങള്‍ക്കിടയില്‍ അതിര്‍വരമ്പുകള്‍ ഇല്ലായിരുന്നു. ”നീ എഴുതാന്‍ ശ്രമിക്കുകയോ മറ്റൊരാളുടെ തിരക്കഥ തേടി നടക്കേണ്ടതോ ഇല്ല. ഞാന്‍ എഴുതിത്തരും. എന്റെ തിരക്കഥ നീ സിനിമയാക്കുന്നതോടെ നിനക്ക് കാലും നീട്ടി ഇരിക്കാം. ഇരുന്നിട്ട് കാലു നീട്ടേണ്ട ആവശ്യമില്ല.” ആ വാക്കുകള്‍, അതൊരു വലിയ തണലായിരുന്നു, സംരക്ഷണമായിരുന്നു. ആ പിന്‍ബലത്തില്‍ എന്റേതായ കഥകളും ചിന്തകളും ഞാന്‍ ഉപേക്ഷിച്ചപ്പോള്‍ ആയിരുന്നു ആ വിയോഗം. പൃഥ്വിരാജാണ് അന്ന് ആശ്വാസമായി എത്തിയത്. എന്നെ വിളിച്ച് “സച്ചിയേ പോയിട്ടുള്ളൂ… നീ എന്റെയും അസിസ്റ്റന്റ് ആണ്… എന്താവശ്യത്തിനും വിളിക്കാം. നമുക്ക് മറ്റൊരു പ്രൊജക്ട് നോക്കാം” എന്നു പറഞ്ഞു. ആ വാക്കുകള്‍ ധൈര്യം പകര്‍ന്നു.
ഇനി എന്തെന്ന് ആലോചിക്കുമ്പോഴാണ് എഴുത്തുകാരന്‍ ഇന്ദുഗോപന്‍ സുജിത് വാസുദേവ് വഴി എന്നെ അന്വേഷിച്ചെത്തുന്നത്. സച്ചി ഏട്ടന്റെ അവസാന ഇന്റര്‍വ്യൂവിലും എന്നെ വച്ച് ഒരു സിനിമയെടുക്കണമെന്നത് സൂചിപ്പിച്ചിരുന്നു. അത് കണ്ടാണ് ‘വിലായത്ത് ബുദ്ധ’ ഞാന്‍ ചെയ്യട്ടേയെന്ന് അവര്‍ തീരുമാനിച്ചത്. അതൊരു നിയോഗമായിരുന്നു.

നാലുവര്‍ഷം, നേരിട്ട പ്രതിസന്ധികള്‍

ഏതൊരു സിനിമയായാലും ഒരു ആറുമാസക്കാലയളവില്‍ ഒരൊറ്റ ഷെഡ്യൂളില്‍ തീരുന്നതാണ് ആ സിനിമയ്ക്ക് ഗുണം എന്നു കരുതുന്നു. നാലുവര്‍ഷം മുമ്പുള്ള പ്രേക്ഷകരെ മനസില്‍ കണ്ടെടുത്ത സിനിമയാണ് ‘വിലായത്ത് ബുദ്ധ.’ പല കാരണങ്ങള്‍ കൊണ്ടും സിനിമ വൈകി. അതിലൊട്ടും പ്രതീക്ഷിക്കാത്തത് ഷൂട്ടിങ്ങിനിടെ പൃഥ്വിരാജിനുണ്ടായ അപകടമായിരുന്നു. ബസിനുള്ളില്‍ വച്ച് ഒരു സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് രാജുവേട്ടന് അപകടം സംഭവിക്കുന്നത്. ഓടുന്ന ബസിലേക്ക് ചാടിക്കയറി ഒരു സ്റ്റണ്ട് രംഗം പൂര്‍ത്തിയാക്കിയശേഷം ബസില്‍ നിന്നും ചാടിയിറങ്ങുന്നതായിരുന്നു ഷോട്ട്. ബസ് വേഗത കുറച്ചപ്പോള്‍ ചാടിയിറങ്ങിയെങ്കിലും എങ്ങനെയോ കാല്‍മടങ്ങി വീണു. കാലിന് ശസ്ത്രക്രിയ വേണ്ടിവന്നു. ഒന്നരവര്‍ഷം കഴിഞ്ഞാണ് രാജുവേട്ടന് വീണ്ടും സെറ്റില്‍ എത്താനായത്. ഡബിള്‍ മോഹനന്‍ എന്ന ചന്ദനക്കടത്തുകാരന്റെ വേഷമായിരുന്നു രാജുവേട്ടന്റേത്. അന്ന് മറയൂരിലെ പലരെയും പഠിച്ചശേഷം അദ്ദേഹത്തിനായി ഒരു ‘ഗെറ്റ് അപ്പ്’ നിശ്ചയിച്ചിരുന്നു. അപ്പോഴാണ് ‘പുഷ്പ’സിനിമയുടെ വരവ്. അതിനാലും‍ സമാനമായി ചന്ദന കടത്തുകാരന്റെ വേഷം. അതോടെ കഥാപാത്രത്തിന്റെ ‘ഫ്രഷ്നെസ്’ നഷ്ടപ്പെട്ടു. എങ്കിലും ഗുരുവും ശിഷ്യനും തങ്ങളുടെ ആഗ്രഹ പൂര്‍ത്തീകരണത്തിനുവേണ്ടി നടത്തുന്ന പോരാട്ടവും അവര്‍ക്കിടയിലെ ആത്മബന്ധവുമൊക്കെ കഥാതന്തുവായതിനാല്‍ ആ ധൈര്യമുണ്ടായിരുന്നു. കഥയുടെ വൈകാരിക ഘടനയ്ക്കുപരിയായി വാണിജ്യസാധ്യത കണക്കിലെടുത്ത് ‘വിലായത്ത് ബുദ്ധയില്‍’ ചില മാറ്റങ്ങളും വരുത്തി. അത് പൂര്‍ണമായും വിജയിച്ചില്ല.
മറയൂരും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് ഷൂട്ടിങ് അധികവും നടന്നത്. കാലാവസ്ഥ പലപ്പോഴും വില്ലനായി. കനത്ത മഴമൂലം ഒമ്പത് ദിവസം വരെ ഷൂട്ടിങ് നിര്‍ത്തേണ്ട സാഹചര്യവുമുണ്ടായി.

ഷമ്മി തിലകന്‍ ഭാസ്കരന്‍ മാഷായത്

മറ്റൊരു നടനെയായിരുന്നു ആ വേഷം അവതരിപ്പിക്കാന്‍ ആദ്യം നിശ്ചയിച്ചത്. ചില സാങ്കേതിക കാരണങ്ങള്‍കൊണ്ട് അത് നടക്കാതെപോയി. അപ്പോഴാണ് ഷമ്മി തിലകന്‍ ചേട്ടന്‍ മനസിലേക്കെത്തുന്നത്. ഏത് സിനിമയിലും അദ്ദേഹം അവതരിപ്പിക്കുന്ന ഒരു ചെറിയ വേഷമായാലും ആ വേഷം ശ്രദ്ധിക്കപ്പെടാറുണ്ട്. തിലകന്‍ എന്ന മഹാനടന്റെ മകനാണ്. ആ പൊട്ടന്‍ഷ്യല്‍ അദ്ദേഹത്തിനുണ്ട്. ഭാസ്കരന്‍ മാഷിന്റേത് ശക്തമായ കഥാപാത്രമാണ്. അത് ഭംഗിയാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

അരവിന്ദ് കശ്യപിന്റെ ഛായാഗ്രഹണം

കാന്താരയുടെ ട്രെയിലര്‍ കാണാനിടയായപ്പോഴാണ് അരവിന്ദ് കശ്യപ് മനസിലേക്കെത്തുന്നത്. അന്ന് കാന്താര ഇറങ്ങിയിട്ടില്ല. ബന്ധപ്പെട്ടപ്പോള്‍ ലാല്‍ മീഡിയയില്‍ 777ചാര്‍ലിയുടെ വര്‍ക്കുമായി ബന്ധപ്പെട്ട് അദ്ദേഹമുണ്ടായിരുന്നു. ചെന്നുകണ്ട് കഥ പറഞ്ഞു. ഇഷ്ടപ്പെട്ടു. പുള്ളിക്ക് മലയാള സിനിമ ചെയ്യാന്‍ താല്പര്യമുണ്ടായിരുന്നു.

പകരംവയ്ക്കാനില്ലാത്ത സച്ചി

സച്ചി എന്ന തിരക്കഥാകൃത്തിനും സംവിധായകനും പകരംവയ്ക്കാന്‍ മറ്റൊരാള്‍ ഉണ്ടാവില്ല. ഒരുപാട് ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയ ഒരു മനുഷ്യന്‍. ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ അദ്ദേഹത്തിന് ആ അനുഭവങ്ങള്‍ ഏറെ ശക്തി പകര്‍ന്നിട്ടുണ്ട്. നാടക പശ്ചാത്തലം, കവിത എഴുത്ത്, ഹൈക്കോടതിയിലെ വക്കീല്‍ ജീവിതം, ജീവിതത്തില്‍ മിന്നിമറയുന്ന ഓരോ അനുഭവങ്ങളെയും കഥാപാത്രങ്ങളിലേക്ക് സന്നിവേശിപ്പിക്കാന്‍ അദ്ദേഹത്തിന് പ്രത്യേക കഴിവായിരുന്നു. സ്വയം തിരുത്തലിന് വിധേയനാകുന്ന മനുഷ്യന്‍. അത് ജീവിതത്തിലായാലും സൃഷ്ടിയുടെ കാര്യത്തിലായാലും. അദ്ദേഹത്തിന്റെ ക്രാഫ്റ്റ് മറ്റൊരാള്‍ക്കും പകര്‍ത്താന്‍ കഴിയില്ല. സ്വന്തം സൃഷ്ടിയെ വീണ്ടും പൊളിച്ചെഴുതി ഇത്രയും പോളിഷ് ചെയ്തെടുക്കാന്‍ മറ്റാര്‍ക്കും കഴിയില്ല. വിജയത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ തമിഴും ഹിന്ദിയുമടക്കം പത്തോളം സിനിമ അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്നു. അദ്ദേഹം ഉണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ ഇന്ന് പാന്‍ ഇന്ത്യ സിനിമയില്‍ തന്റേതായ ഇടം സൃഷ്ടിക്കപ്പെടുമായിരുന്നു.

തിരക്കഥാകൃത്ത്

തിരക്കഥാകൃത്ത് എന്ന നിലയില്‍ അറിയപ്പെടാന്‍ തീര്‍ച്ചയായും ആഗ്രഹമുണ്ട്. 2015ല്‍ സച്ചി ഏട്ടനെ കാണുമ്പോള്‍തന്നെ ചില കഥകള്‍ പറഞ്ഞിട്ടുണ്ടായിരുന്നു. ഉടനുണ്ടാവില്ല.

സച്ചി ജയനുവേണ്ടി എഴുതിയ ആദ്യസിനിമ

ഇനി അത് നടക്കുമോയെന്നറിയില്ല. സച്ചി ഏട്ടന്‍ മനസില്‍ കാണുന്ന തിരക്കഥ അദ്ദേഹത്തിന് മാത്രമേ പൂര്‍ത്തിയാക്കാനാവൂ. എങ്കില്‍ മാത്രമേ അതിനൊരു പൂര്‍ണതയുണ്ടാവൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.