
പ്രശസ്ത ജ്യോതിശാസ്ത്രജ്ഞനും ശാസ്ത്രപ്രചാരകനുമായ ഡോ. ജയന്ത് വിഷ്ണു നാർലികർ (86) അന്തരിച്ചു. പൂനെയിലെ വസതിയിലായിരുന്നു അന്ത്യം. ഏറെനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. 1938 ജൂലൈ 19ന് മഹാരാഷ്ട്രയിലെ കോലാപ്പൂരിലാണ് ജനനം. ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്ന് ബിരുദ പഠനം പൂർത്തിയാക്കിയ അദ്ദേഹം കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി നേടി. കോസ്മോളജിയിലെ പഠനങ്ങളിലൂടെ ജയന്ത് നാർലികർ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ നേടി. കേംബ്രിഡ്ജ് സർവകലാശാലയിൽ സർ ഫ്രെഡ് ഹോയ്‌ലിനൊപ്പം ജ്യോതിശാസ്ത്രത്തിലും കോസ്മോളജിയിലും പ്രധാനപ്പെട്ട പല ഗവേഷണങ്ങളില്‍ പങ്കാളിയായി. ഇവര്‍ മുന്നോട്ടുവച്ച ഹോയ്ൽ‑നാർലികർ ഗുരുത്വാകർഷണ സിദ്ധാന്തം ആഗോളതലത്തിൽ സ്വീകാര്യത നേടി. ബിഗ് ബാങ് സിദ്ധാന്തത്തിന് ബദൽ മാതൃക നൽകുകയും പ്രപഞ്ചത്തിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള പഠനത്തിൽ പുതിയ വഴികൾ തുറക്കുകയും ചെയ്ത ഈ സിദ്ധാന്തത്തിന്റെ പേരിലാണ് നാര്‍ലികര്‍ അറിയപ്പെടുന്നത്.
ഇന്ത്യയിൽ കോസ്മോളജി ഗവേഷണത്തിന് തുടക്കമിടുന്നതിന് വഴികാട്ടിയായി പ്രവർത്തിച്ചു. പൂനെയിൽ ഇന്റർ‑യൂണിവേഴ്സിറ്റി സെന്റർ ഫോർ ആസ്ട്രോണമി ആന്റ് ആസ്ട്രോഫിസിക്സ് (ഐയുസിഎഎ) സ്ഥാപിച്ചു. 2003ല്‍ വിരമിക്കുന്നതുവരെ അദ്ദേഹം ഐയുസിഎഎ ഡയറക്ടറായിരുന്നു. ശാസ്ത്ര ഗവേഷണത്തിനുപുറമേ പുസ്തകങ്ങള്‍, ലേഖനങ്ങള്‍, റേഡിയോ/ടിവി പ്രോഗ്രാമുകള്‍ എന്നിവയിലൂടെ ശാസ്ത്ര പ്രചാരണ രംഗത്തും ശ്രദ്ധനേടി. പത്മഭൂഷൺ, പത്മവിഭൂഷൺ, കലിംഗ സമ്മാനം, പ്രിക്സ് ജൂൾസ് ജാൻസെൻ, മഹാരാഷ്ട്ര ഭൂഷൺ, സാഹിത്യ അക്കാദമി അവാർഡ് തുടങ്ങിയ നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ട്. നിരവധി ദേശീയ, അന്തർദേശീയ ശാസ്ത്ര അക്കാദമികളിൽ അംഗവുമായിരുന്നു. 1994 മുതൽ 1997 വരെ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയന്റെ കോസ്മോളജി കമ്മിഷന്‍ പ്രസിഡന്റായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.