18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 9, 2024
December 5, 2024
December 4, 2024
November 8, 2024
November 6, 2024
October 30, 2024
October 28, 2024
October 28, 2024
October 25, 2024

ജെ സി ഡാനിയേൽ അവാർഡ് ഷാജി എൻ കരുണിന്

Janayugom Webdesk
തിരുവനന്തപുരം
December 9, 2024 11:25 pm

മലയാള ചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2023ലെ ജെ സി ഡാനിയേൽ പുരസ്കാരത്തിന് സംവിധായകൻ ഷാജി എൻ കരുണിനെ തിരഞ്ഞെടുത്തതായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന ജെ സി ഡാനിയേൽ അവാർഡ്. 

2022ലെ ജെ സി ഡാനിയേൽ അവാർഡ് ജേതാവും സംവിധായകനുമായ ടി വി ചന്ദ്രൻ ചെയർമാനും ഗായിക കെ എസ് ചിത്ര, നടൻ വിജയരാഘവൻ എന്നിവർ അംഗങ്ങളും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് മെമ്പർ സെക്രട്ടറിയുമായ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.
ദേശീയ, അന്തർദേശീയതലങ്ങളിൽ മലയാള സിനിമയെ അടയാളപ്പെടുത്തിയ സംവിധായകനാണ് ഷാജി എൻ കരുൺ എന്ന് ജൂറി വിലയിരുത്തി. 

40 ഓളം ചിത്രങ്ങളുടെ ഛായാഗ്രാഹകനായ ഷാജി, ജി അരവിന്ദന്റെ കാമറാമാൻ എന്ന നിലയിൽ മലയാളത്തിലെ നവതരംഗ സിനിമയ്ക്ക് സർഗാത്മകമായ ഊർജം പകർന്നുവെന്ന് ജൂറി അഭിപ്രായപ്പെട്ടു. 70 ഓളം ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കപ്പെടുകയും 31 പുരസ്കാരങ്ങൾ നേടുകയും ചെയ്ത ‘പിറവി’, കാൻ ചലച്ചിത്രമേളയിൽ പാംദോറിന് നാമനിർദേശം ചെയ്യപ്പെട്ട ‘സ്വം’, കാനിൽ ഔദ്യോഗിക വിഭാഗത്തിൽ പ്രദർശിപ്പിച്ച ‘വാനപ്രസ്ഥം’ തുടങ്ങിയ ചിത്രങ്ങളിലൂടെ അന്തർദേശീയ തലത്തിൽ മലയാള സിനിമയ്ക്ക് അഭിമാനകരമായ അംഗീകാരങ്ങൾ നേടിത്തന്ന ഷാജി എൻ കരുൺ കേരള സർക്കാരിന്റെ പരമോന്നത ചലച്ചിത്രപുരസ്കാരത്തിന് ഏറ്റവും അർഹനാണെന്ന് ജൂറി അഭിപ്രായപ്പെട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.